സൈനുദ്ദീൻ ഖുറൈഷി
ഫുജൈറ-
അറബ് സംസ്കാരത്തിന്‍റെ കമനീയതകള്‍ അണിഞ്ഞ് മലയാളത്തിന്‍റെ തനിമ മലയാളികളിലേക്ക് പകര്‍ന്ന് നല്‍കുന്ന പ്രകൃതിഘടനയാണ് ഫുജൈറക്ക് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ചുറ്റും ഉയര്‍ന്ന് നില്‍ക്കുന്ന ഗിരിനിരകളുടെ ചേതോഹരമായ കാഴ്ചകള്‍ മരുഭൂമിയുടെ ഊഷരതയിലും മനസ്സിനെ ഉര്‍വ്വരമാക്കാറുണ്ട്. പുലരിയോടൊപ്പം കലപില കൂട്ടുന്ന കാക്കകള്‍ മലയാളിയുടെ മനസ്സിലേക്ക് വിളിച്ച് വരുത്തുന്നത് ഒരു ജന്മത്തിന്‍റെ തന്നെ വിരുന്നുകാരെയാണ്. ഹരിതാഭമായ ഒരു നാടും അവിടുത്തെ മണ്ണിന്‍റെ മണമുള്ള ഓര്‍മ്മകളെയുമാണ്.ഇതൊക്കെയാണെങ്കിലും പരേതാത്മാക്കളുടെ പകരം വെക്കാനരുതാത്ത നിശ്ശബ്ദനോവുകള്‍ പോലെയാണ് ബന്ധങ്ങള്‍ പ്രവാസികള്‍ക്ക്. ഏകാന്തമാകുന്ന മാത്രകളില്‍ കണ്മുന്നില്‍ ജീവിക്കുന്ന പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ ഒരു ഞരക്കമോ മുരളലോ ചുമയോ അഗോചരമാക്കുന്നു. ജലനിരപ്പിലെ പ്രതിച്ഛായകള്‍ ഒരു കുഞ്ഞുകല്ലിനാല്‍ ഭഗ്നചീന്തുകളായി രൂപാന്തരപ്പെടുന്നത് പോലെ സ്മൃതിപഥത്തിലെ ചിത്രങ്ങളെല്ലാം അണുമാത്ര കൊണ്ട് നാനാപഥങ്ങളിലേക്ക് പുനഃപ്രയാണമാരംഭിക്കുന്നു. പ്രശാന്തതയുടെ അപൂര്‍വ്വതലത്തിലേക്ക് ശക്തിയോടെ പുനരാലേഖനം ചെയ്യപ്പെടാന്‍.
ഡ്യൂട്ടിയുടെ ഭാഗമായിട്ടാണ് ഫുജൈറയില്‍ വന്നത്.
ഭാര്യാസഹോദരനായ അന്‍സാറിനെ വിളിച്ചപ്പോള്‍ അവിടെ കയറാതെ പോകരുതെന്ന് നിര്‍ബന്ധിച്ചു. കുടുംബസമേതം കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി അന്‍സാര്‍ ഫുജൈറയില്‍ കഴിയുന്നു. പഴക്കമുണ്ടെങ്കിലും മതില്‍കെട്ടും മുറ്റവുമൊക്കെയുള്ള ഭംഗിയുള്ളൊരു വില്ല. മതില്‍കെട്ടിനകത്ത് വാഴയും മറ്റും നട്ട് പിടിപ്പിച്ചിട്ടുണ്ട്.
നല്ല നാളികേരം വറുത്തരച്ച മട്ടണ്‍ കറിയും പത്തിരിയും കഴിക്കുമ്പൊള്‍ കൊളസ്റ്റ്രോളിന്‍റെ ഭീകരാക്രമണം മനഃപ്പൂര്‍വ്വം വിസ്മരിച്ചു. സ്വകുടുംബം നാട്ടില്‍ സ്ഥിരമാക്കിയതിന് ശേഷം വളരെ അപൂര്‍വ്വമാണ് വളയിട്ട കൈകള്‍ കൊണ്ടുണ്ടാക്കിയ സ്വാദുള്ള ഭക്ഷണം. ഭക്ഷണസമയത്തും അതിന് ശേഷവും ഒട്ടേറെ വിശേഷങ്ങള്‍ പങ്ക് വെച്ച് സമയം പോയതറിഞ്ഞില്ല.
അന്‍സാറിന്‍റെ മക്കളെല്ലാം ഉറങ്ങിക്കഴിഞ്ഞിരുന്നു.
പ്രതിപത്തിയില്ലാത്ത വിഷയങ്ങള്‍ അന്‍സാറിന്‍റെ ഭാര്യ നദീറയേയും ഉറങ്ങാന്‍ പ്രേരിപ്പിക്കുന്നത് കണ്ടപ്പോള്‍ തത്കാലം സംസാരം നിര്‍ത്തി എഴുന്നേറ്റു. തെല്ല് ജാള്യതയോടെ നദീറയും പിടഞ്ഞെഴുന്നേറ്റു. രാത്രിയില്‍ യാത്ര വേണ്ടെന്നും ഇന്നത്തെ രാത്രി അവിടെ തങ്ങാമെന്നും ഇരുവരും നിര്‍ബന്ധിച്ചു. അവനവന്‍റെ താവളത്തിലെത്തി സ്വതന്ത്രമായി ഒതുങ്ങിക്കൂടാനുള്ള ഇഷ്ടം ആ നിര്‍ബന്ധത്തെ സ്നേഹപൂര്‍വ്വം അവഗണിക്കാന്‍ പ്രേരിപ്പിച്ചു.
റോഡില്‍ പൊതുവെ തിരക്ക് കുറവാണ്.
എങ്കിലും നിലക്കാത്ത പ്രവാഹം പോലെ റോഡുകള്‍ സദാ ഒഴുകിക്കൊണ്ടിരിക്കുന്നു. ഒരിക്കലുമൊടുങ്ങാത്ത ഓട്ടങ്ങള്‍…! ഒരു പ്രവാസിയുടെ ജീവിതം പോലെ. ...!!
ഒരു വശത്ത്, നിലാവ് പുതച്ചു കിടക്കുന്ന മണല്‍ കാട്. കണ്ണെത്തും ദൂരത്ത് ആഗ്രഹങ്ങളുടെ അതിര് പോലെ ഇരുട്ടിന്‍റെ നേര്‍ത്ത വര. അതിര്‍ രേഖയിലേക്ക് എത്തിയെന്ന് തോന്നുമ്പോള്‍ ദൂരം പിന്നെയും കൂടുന്നു- ആഗ്രഹങ്ങള്‍ പോലെ.
മറുവശം കറുത്തിരുണ്ട മലനിരകളാണ്. മലമടക്കുകളില്‍ പ്രണയവിവശരാം കാമുകരെ പോലെ വെള്ളിമേഘങ്ങളോട് ശൃംഗരിച്ച് നില്‍ക്കുന്ന ഒറ്റപ്പെട്ട വൃക്ഷങ്ങള്‍.
സ്റ്റ്രീറ്റ് ലൈറ്റിന്‍റെ അഭാവത്തില്‍ ഈ മലയിടുക്കുകളിലൂടെ ഒറ്റക്കുള്ള യാത്ര ചിന്തകള്‍ക്ക് അതീതമായിരുന്നു. മരുഭൂമിയുടെ വിജനതയിലും പര്‍വ്വതങ്ങളുടെ ഇരുണ്ട ഗുഹകളിലും അധിവസിക്കുന്ന ജിന്നുകള്‍ തങ്ങളിലേക്ക് വലിച്ചടുപ്പിച്ച എത്രയെത്ര മനുഷ്യജീവിതങ്ങളുടെ പഴയതും പുതിയതുമായ കഥകള്‍ കേട്ടിരിക്കുന്നു.
ഓടിക്കൊണ്ടിരിക്കുന്ന വണ്ടിക്ക് കൈ കാണിച്ച് നിര്‍ത്തുന്ന ആകര്‍ഷകത്വമുള്ള യുവതിയോ യുവാവൊ.! ഏതൊ അദൃശ്യപ്രേരണയാല്‍ വണ്ടി നിര്‍ത്തി ലിഫ്റ്റ് കൊടുത്ത് പരസ്പരം സംസാരിച്ച് കൊണ്ടിരിക്കെ കാളയുടെയൊ പോത്തിന്‍റെയൊ ഒട്ടകത്തിന്‍റേയൊ വന്യതയിലേക്ക് രൂപാന്തരപ്പെടുന്നത് കണ്ട് മരണത്തിലേക്ക് വണ്ടിയോടിച്ചു പോയ എത്രയെത്ര മനുഷ്യരുടെ കഥകള്‍…!
അറിയാതെ മനസ്സില്‍ പടര്‍ന്ന് കയറിയ ഭയം ഇല്ലാതാക്കാന്‍ റേഡിയൊ ഓണ്‍ ചെയ്തു.
“നിഴലായ്.. ഒഴുകിവരും…ഞാന്‍
യാമങ്ങള്‍ തോറും….കൊതി തീരുവോളം…
ഈ നീലരാവില്‍…..“
ഏഷ്യാനെറ്റിന്‍റെ അഹമതിയാണ്. പണ്ടാരമടങ്ങാന്‍. ഈ നട്ടപ്പാതിരായ്ക്ക് ഇങ്ങനത്തെ പാട്ടാണോ പ്ലേ ചെയ്യേണ്ടത്. ചാനല്‍ സ്കാന്‍ ചെയ്ത് ഖുര്‍ആന്‍ പാരായണം ഉച്ചത്തില്‍ വെച്ചു.
വിശ്രമമില്ലാത്ത ഓട്ടവും പുറത്തെ അത്യുഷ്ണവും വല്ലാതെ തളര്‍ത്തിയിട്ടുണ്ട്. അന്‍സാര്‍ പറഞ്ഞതനുസരിച്ച് ഇന്ന് അവിടെ തങ്ങാമായിരുന്നു.
പെട്രോള്‍ പമ്പില്‍ നിന്ന് വണ്ടിയില്‍ ഇന്ധനം നിറച്ച് ഷോപ്പില്‍ നിന്ന് ഒരു ചായയും വാങ്ങി പുറത്ത് വരുമ്പോള്‍ ഒരാള്‍ മുന്നില്‍. കന്തൂറയാണ് വേഷം. വെളുത്ത തുണി കൊണ്ട് തല മറച്ചിട്ടുണ്ട്. നേരിയ താടി അയാളുടെ മുഖത്തിന് നല്ല ഭംഗിയുണ്ടാക്കുന്നു എന്ന് മാത്രമല്ല. അതൊരു ഐശ്വര്യമായി പ്രകടമാവുന്നുമുണ്ട്.
“അസ്സലാമു അലൈകും“ അയാള്‍ മുഖാമുഖം നിന്ന് സലാം ചൊല്ലി.
തെല്ല് സങ്കോചത്തോടെ സലാം മടക്കി. “ വ അലൈക്കും സലാം..”
അയാളെ മറികടന്ന് മുന്നോട്ട് നടന്ന എനിക്ക് പിന്നില്‍ നിന്ന് അയാള്‍ വീണ്ടും പറഞ്ഞു.
“ഒരു ഉപകാരം ചെയ്യാമോ…?”
ആഹാ… മലയാളിയായിരുന്നോ….? എന്താ വേണ്ടത്…? “
ചായ ശ്രദ്ധയോടെ ഊതിക്കുടിക്കുന്നതിനിടയില്‍ ചോദിച്ചു.
“നിങ്ങള്..... അബുദാബിക്കാണോ….?“
“അതെ.“
“ബുദ്ധിമുട്ടാവില്ലെങ്കില്‍ എന്നെയും കൂട്ടാമൊ….?”
സത്യത്തില്‍ വളരെ അടുത്ത് അറിയുന്നവരെയല്ലാതെ അപരിചിതരെ ആരെയും വണ്ടിയില്‍ കൊണ്ട് പോകുന്ന പതിവ് പണ്ടെ ഇല്ല. ഈ നാട്ടിലെ നിയമങ്ങള്‍ പഠിപ്പിച്ച പാഠമാണത്. പക്ഷെ, ഇയാളുടെ ചോദ്യത്തിനു മുന്നില്‍ പറ്റില്ല എന്ന് പറയാന്‍ കഴിഞ്ഞില്ല.
മുന്‍ സീറ്റിലെ ഫയലുകളും കടലാസുകളും മാറ്റാന്‍ തുടങ്ങവെ അയാള്‍ പറഞ്ഞു.
“വേണ്ട. അതവിടെ ഇരുന്നോട്ടെ. ഞാന്‍ പുറകില്‍ ഇരുന്നൊളാം.“
“എന്തേ ഈ അസമയത്ത് അബുദാബിയിലേക്ക്…?”
തന്‍റെ ചോദ്യത്തിന് നേരെ അയാളൊന്ന് ചിരിച്ചു. പിന്നെ പറഞ്ഞു.
“ഞാന്‍ ഇവിടെ അടുത്തൊരു പള്ളീലെ ഖത്തീബാ…. ഇശാ നിസ്കാരം കഴിഞ്ഞ് ദിക്റും സ്വലാത്തും ഉണ്ടായിരുന്നു. അതാ വൈകീത്.”
അബുദാബിയില്‍ എന്തിന് പോകുന്നു എന്ന ചോദ്യം അനാവശ്യമാണെന്ന് തോന്നി. എഫ് എം റേഡിയോവിലെ ഖുറാന്‍ പാരായണത്തിലേക്കായി പിന്നത്തെ ശ്രദ്ധ.
“കുറേ കാലമായൊ യു.എ.ഇ യില്‍….?“
അയാളുടെ ചോദ്യം മൌനത്തിന് വിരാമമിട്ടു. എന്ത് ചോദിക്കണം എങ്ങനെ
തുടങ്ങണം എന്ന ഒരു വിചാരത്തിലായിരുന്നു താനുമെന്നോര്‍ത്ത് വെറുതെ ചിരിച്ചു.
“അതെ. കുറേ കാലമായി. ഒരു ഇരുപത്തിയാറ് വര്‍ഷം....”
“ആയുസ്സിന്‍റെ പകുതിയിലേറെ ഭാഗം… അല്ലേ….?“ അയാള്‍ ചിരിച്ച് കൊണ്ട് പറഞ്ഞു.
റിയര്‍-വ്യു മിറ,റിലൂടെ അയാളുടെ മുഖം വ്യക്തമായി കാണാമായിരുന്നു. എന്തൊരു തേജസ്സാണ് ഈ മനുഷ്യന് എന്ന് അത്ഭുതപ്പെടാതെയുമിരുന്നില്ല.
“താങ്കളുടെ പേരെന്താണെന്ന് പറഞ്ഞില്ല. “
അതിനും അയാള്‍ ഒന്ന് പുഞ്ചിരിക്കുകയാണ് ചെയ്തത്. പിന്നെ പതിയെ പറഞ്ഞു.
“ പേരിലല്ലല്ലോ പെരുമാറ്റത്തിലല്ലേ മതിപ്പുണ്ടാകേണ്ടത്…?”
“ഊം….അതും ശരിയാ….”
താത്പര്യമില്ലെങ്കില്‍ നിങ്ങള് പേര് പറയണ്ടപ്പാ…. എന്ന് മനസ്സിലും പറഞ്ഞു.
“മരുഭൂമികള്‍ക്ക് അനുയോജ്യമായ ചില സസ്യങ്ങളും വൃക്ഷങ്ങളുമുണ്ട്. അവ മാത്രമെ പരസഹായമില്ലാതെ ഈ ഋതുഭേദങ്ങളെ അതിജീവിക്കാറുള്ളൂ. അത് പോലെ ജീവികളും………“
അയാള്‍ ഒരു താത്വികനെ പോലെ സംസാരിച്ചു തുടങ്ങുന്നു. അത് ഈ മൊയ് ലാക്കന്മാരുടെ സ്ഥിരം പരിപാടിയുമാണ്. ആരെ കണ്ടാലും വയള് പറയാന്‍ തുടങ്ങും. ഒടുവില്‍ ചെന്ന് നില്‍ക്കുക ഒരു പിരിവിലും.
“എന്നാല്‍ മനുഷ്യരും വളര്‍ത്തു മൃഗങ്ങളും പരസ്പരം കൊണ്ടും കൊടുത്തും ജീവിക്കുന്ന ഒരു വ്യവസ്ഥിതിയുമാണ്. ഈ രണ്ട് ഗണത്തിലും ഉള്‍പ്പെടുത്താവുന്ന ഒരു ജൈവവിഭാഗമുണ്ട്. അറിയാമോ….?”
ചോദ്യം തന്നെ ഒന്ന് അമ്പരപ്പിച്ചു. അതേതാണപ്പാ…അങ്ങനെയൊരു വിഭാഗം..!!
അയാള്‍ ചിരിച്ചു. തലയിലെ തട്ടം ഒന്ന് കൂടി വൃത്തിയില്‍ വലിച്ചിട്ടു.
“ അതാണ് പ്രവാസികളായ മനുഷ്യര്‍. അവര്‍ ഒരേ സമയം മനുഷ്യരും വളര്‍ത്ത് മൃഗങ്ങളുമാണ്.“
ഇപ്പോള്‍ ശരിക്കും ബോധ്യപ്പെടുന്നുണ്ട് ഇയാളൊരു പിരിവ് മൌലവിയല്ല എന്ന്. സാകൂതം അയാളുടെ അടുത്ത കണ്ടെത്തലിനായി കാത്തു.
“ നാട്ടില്‍ സമ്പാദ്യമൊക്കെയുണ്ടോ….? ഇത്രയും കാലമായതല്ലേ ഇവിടെ..?”
ഹോ….സകല മൂഡും കളഞ്ഞല്ലോ…..!
ഈ ചോദ്യം പലരും പലരൂപത്തില്‍ അനായാസം ചോദിക്കുന്ന ചോദ്യമാണ്. ലാവയേക്കാള്‍ ചൂടാണിതിന്. കടന്നുപോകുന്ന വഴികളെല്ലാം കരിക്കുന്ന തീയുണ്ടതില്‍. ചോദിക്കുന്നവര്‍ക്ക് വളരെ എളുപ്പം. ഒരു ജന്മത്തിന്‍റെ ബാലന്‍സ് ഷീറ്റ് ആണ് ചോദിക്കുന്നത്.
അതും എഴുതി വെയ്ക്കാന്‍ സമയം കിട്ടാതെയും എഴുതാന്‍ അറിയാതെയും നഷ്ടപ്പെട്ട് പോയ കുറെ കണക്കുകളുടെ ആകെത്തുക. സ്വയം ഓര്‍മ്മിച്ചെടുക്കാന്‍ പോലും ത്രാണിയില്ലാത്ത അവശതയുടെ കൂനിലേക്ക് അതീവചതുരതയോടെ കുത്തിയിറക്കുന്ന ഒരു വാള്‍.
“ സമ്പാദ്യം….!! ഈ നീണ്ട കാലയളവില്‍ നല്ലൊരു കാലയളവ് ഭാര്യയോടും മക്കളോടുമൊത്ത് ഇവിടെ കഴിഞ്ഞു. അതാണ് വലിയ സമ്പാദ്യം. പിന്നെ ഉള്ളതില്‍ മിച്ചം വെച്ച് കഷ്ടപ്പെട്ട് ഒരു വീടുണ്ടാക്കി…..”
“ഇന്നത്തെ കാലത്ത് ഇത്രയും മതിയോ ജീവിക്കാന്‍…?“ അയാള്‍ വാള്‍മുന പിന്നെയും താഴ്ത്തുകയാണ്.
“പോര. എന്ന് കരുതി ജീവിതം ഹോമിച്ച് സമ്പാദിച്ചിട്ട് എന്തിനാ ഉസ്താദെ..?“
കണ്ണാടിയില്‍ അയാളുടെ ചിരിക്കുന്ന മുഖം പിന്നെയും.
“വളര്‍ത്തുമൃഗമായി ജീവിക്കുന്നതിലും നല്ലത് മനുഷ്യനായി മരിക്കുന്നതല്ലേ…?”
എന്‍റെ ചൊദ്യത്തില്‍ എനിക്ക് തന്നെ അഭിമാനം തോന്നി.
“ശരിയാണ്. പക്ഷെ, ഈ വീക്ഷണത്തെ ഭാര്യയും മക്കളും അംഗീകരിക്കുമോ..?”
അയാള്‍ വിടാനുള്ള ഭാവമില്ല.
“തീര്‍ച്ചയായും. അവരും ആഗ്രഹിക്കുന്നത് ഒരുമിച്ചുള്ള ജീവിതമാണ്.”
അയാള്‍ പൊട്ടിച്ചിരിച്ചു.
“അത് ആപേക്ഷികമല്ലേ…സുഹൃത്തെ….? ഭാര്യക്കായാലും മക്കള്‍ക്കായാലും പ്രായത്തിന്‍റെ സ്വാധീനം കൊണ്ട് തോന്നുന്ന ഒരു തരം ഭ്രമം മാത്രമാണത്. യുവത്വത്തിന്‍റെ ഉള്‍പ്രേരണകളില്‍ ശരീരതാപത്തിന്‍റെ പൊള്ളലുകളില്‍ വികാരത്തിന്‍റെ അര്‍ത്ഥമില്ലാത്ത തീരുമാനങ്ങളാണത് ഭാര്യക്ക്. വര്‍ണ്ണാഭമായ ആഹ്ലാദത്തിന്‍റെ നാളുകളില്‍ നാളെയെ കുറിച്ച് ചിന്തിക്കാന്‍ പാകപ്പെടാത്ത മനസ്സിന്‍റെ ചാപല്യങ്ങളും ഇഷ്ടങ്ങളുമാണ് കുട്ടികള്‍ക്കത്……“
“ ആയിക്കോട്ടെ….!! പ്രായാനുസാരിയായ് അതാത് സമയത്ത് തോന്നുന്ന വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കുമനുസരിച്ച് ജീവിക്കുകയും അതിലെ കേവലമെങ്കില്‍ കേവലമായ സുഖങ്ങള്‍ ആസ്വദിക്കുകയും ചെയ്യുകയല്ലെ യഥാര്‍ത്ഥജീവിതം….?”
ഉണ്ട്, ഈ ഉത്തരത്തില്‍ അയാള്‍ തെല്ലൊന്ന് തോറ്റിട്ടുണ്ട്. അല്പനേരം മൌനമായി ഇരുന്നതും അതാവാം. എന്നാലും അയാളുടെ മുഖകാന്തിക്ക് ഒരു കോട്ടവും ഇല്ല. അത് പൂര്‍ണ്ണചന്ദ്രനെ പോലെ തിളങ്ങി നില്ക്കുന്നു.
“ശരി. അപ്പോള്‍ താങ്കള്‍ സംതൃപ്തനാണ്. താങ്കളുടെ കുടുംബവും….!!”
“അതെയെന്ന് ഉറപ്പിച്ച് പറയാം. “
അല്പനേരത്തെ മൌനത്തിന് ശേഷം ഞാന്‍ തന്നെയാണ് വീണ്ടും തുടങ്ങിയത്. സംസാരിച്ച് കൊണ്ട് വണ്ടിയോടിക്കുമ്പോള്‍ ഉറക്കം വരുന്ന പ്രശ്നവുമില്ല. എമിറേറ്റ്സ് റോഡിലൂടെയാണ് വാഹനം ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്. റോഡിനിരുവശവും നിലാവും മഞ്ഞും ഇടകലര്‍ന്ന മരുഭൂമി വികാരവിവശയാമൊരു മിസ്റിപ്പെണ്ണിനെ പോലെ മലര്‍ന്ന് കിടക്കുന്നു.
“ ഗതകാലത്തെ കുറിച്ച് സംതൃപ്തിപ്പെടാനാവുന്നത് ഒരു മഹാഭാഗ്യമാണ്. മറിച്ച്, കഴിഞ്ഞതിനെ പറ്റി വ്യാകുലപ്പെട്ട് ശിഷ്ടകാലം ജീവിച്ച് തീര്‍ക്കേണ്ടി വരുന്നത് ഭൂമിയില്‍ തന്നെ നരകം ലഭിച്ചതിനു തുല്യവും. കണക്ക് കൂട്ടലുകള്‍ പിഴയ്ക്കുന്നത് ക്ഷയകാലത്തിന്‍റെ തരിശുനിലങ്ങളില്‍ വിതയ്ക്കാന്‍ വിത്തും കൊയ്യാന്‍ കതിരുമില്ലാതെ വരുമ്പോളാണ്…..”
“താങ്കള്‍ നന്നായി സംസാരിക്കുന്നു….!! ഒരു ദാര്‍ശനികനെ പോലെ….!”
അത് പറഞ്ഞ് അയാളെ നോക്കുമ്പോള്‍ അയാള്‍ തികഞ്ഞ ഏകാഗ്രതയോടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു.
“ ഉസ്താദ് പറഞ്ഞതില്‍ ശരിയില്ലാതെയില്ല. എന്നാല്‍ എല്ലാ ശരികളും എല്ലാവരിലേക്കും സന്നിവേശിക്കണമെന്നില്ലല്ലോ…?”
എന്ത് കൊണ്ട് നല്ല ഭാഷയില്‍ തനിക്കും സംസാരിച്ച് കൂടാ എന്നായിരുന്നു ഇത്രയും പറഞ്ഞപ്പോള്‍ എന്‍റെ ചിന്ത. അയാള്‍ പുഞ്ചിരിയോടെ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. തുടര്‍ന്നും പ്രതീക്ഷിക്കുന്നത് പോലെ.
“ഇല്ല ഉസ്താദേ….., എന്‍റെ ഭാര്യയും എന്‍റെ മക്കളും എന്നെ തള്ളിപ്പറയില്ല. അവര്‍ക്ക് ഞാന്‍ നല്‍കിയ അളവില്ലാത്ത സ്നേഹം അവര്‍ മനസ്സിലാക്കാതിരിക്കില്ല…”
“ ഊം….!! ഒരു ജീവിതത്തിന്‍റെ ആകെത്തുക സംതൃപ്തി എന്ന വാക്കിലൊതുക്കാന്‍ കഴിയുന്നുവെങ്കില്‍ ആ ജീവിതം ധന്യമാണ്…”
“ അല്‍ ഹംദുലില്ലാഹ്….!!! പരമകാരുണികനായ റബ്ബിന് സ്തുതി…”
എനിക്കപ്പോള്‍ അങ്ങനെ പറയാനാണ് തോന്നിയത്. അത് കേട്ടപ്പോള്‍ അയാളുടെ മുഖം കൂടുതല്‍ പ്രോജ്വലമാകുന്നത് കണ്ണാടിയിലൂടെ എനിക്ക് കാണാം. ഇയാള്‍ സിദ്ധനൊന്നുമായിരിക്കില്ലെങ്കി
“എന്തെങ്കിലും കരുതി വെച്ചിട്ടുണ്ടോ…. സ്നേഹമുള്ള മക്കള്‍ക്കും ഭാര്യക്കും വേണ്ടി….? “
അയാള്‍ പിന്നെയും ബാങ്ക് ബാലന്‍സിന്‍റെ കോളങ്ങളിലേക്കാണ് യാത്ര.
“ഇത് വരെ ഞാന്‍ അദ്ധ്വാനിച്ചതും എന്‍റെ ഹൃദയവും ഞാനവര്‍ക്ക് കൊടുത്തു. സ്നേഹം എന്നെ പഠിപ്പിച്ച പാഠങ്ങള്‍ ഞാനവര്‍ക്ക് പകര്‍ന്ന് കൊടുത്തിട്ടുണ്ട്…….. ഞാനില്ലാത്ത കാലത്ത്…..”
“അതെ….! അങ്ങനെയൊരു കാലത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ…? “
അയാള്‍ ആവേശത്തോടെ എന്‍റെ സംസാരത്തിനിടക്ക് കയറി ചോദിച്ചു. ഇപ്പോള്‍ ശബ്ദമില്ലാതായത് എനിക്കാണ്. അറിയാതെയെന്തിനോ കണ്ണുകള്‍ നിറഞ്ഞു.
മാനസിക വളര്‍ച്ചയില്ലാത്ത മകനേയും താഴെയുള്ള പെണ്മക്കളേയും കൂട്ടി എന്‍റെ പാവം ഭാര്യ എന്ത് ചെയ്യും., എങ്ങനെ ജീവിക്കും… എന്ന് ഒറ്റക്കാവുന്ന നിമിഷങ്ങളിലെല്ലാം ചിന്തിച്ച് വേദനിക്കാറുണ്ട്. തേങ്ങിക്കരയാറുമുണ്ട്. ഇന്നിതാ.. നേരിട്ടൊരാള്‍ അതേ ചോദ്യം ആവര്‍ത്തിക്കുന്നു.
ജീവിക്കണം. മരുഭൂമി ഉഷ്ണിച്ച് വിയര്‍ക്കുമ്പോള്‍ ഒപ്പം കരഞ്ഞും തണുത്തുറയുമ്പോള്‍ ചിരിച്ചും ഇനിയുള്ള കാലം ഒറ്റക്ക് കഴിയണം. ഇല്ലായ്മയിലും വല്ലായ്മയിലും ഉള്ളത് കഴിച്ച് അത്യാഹ്ലാദത്തോടെ പിന്നിട്ട നല്ല നാളുകളെ താലോലിച്ച് ഇനിയുള്ള കാലം ഒറ്റക്ക് കഴിയണം. ഞാനീ ഭൂമുഖത്ത് ഇല്ലാത്ത കാലത്ത് ഒന്നിനു വേണ്ടിയും എന്‍റെ പ്രിയപ്പെട്ട മക്കളും ഭാര്യയും ആരുടെ മുന്നിലും കൈ നീട്ടരുത്.
“ ശരിയാണ് ഉസ്താദേ…! അങ്ങനെയൊരു കാലത്തെ പറ്റി ചിന്തിക്കാറുണ്ട്. അതിന്‍റെ ഭാഗമാണ് ഈ ഒറ്റപ്പെടല്‍…”
“ ഇപ്പോള്‍ താങ്കള്‍ മുമ്പ് പറഞ്ഞ “ സംതൃപ്തിയില്‍ “ ഒരു ന്യൂനത അനുഭവപ്പെടുന്നുണ്ടൊ…? “
അയാള്‍ ഉറക്കെ ചിരിച്ചു. അല്പം നീരസം തോന്നിയത് മനസ്സില്‍ ഒതുക്കി.
“ ഒരിക്കലുമില്ല; ഇത്രയും കൂടി ചെയ്യാനായാല്‍ മരണത്തിലും സംതൃപ്തിയുണ്ടാവും…”
അയാള്‍ നിശ്ശബ്ദനായി എന്നെ ശ്രദ്ധിക്കുകയാണ്. പതിഞ്ഞ ശബ്ദത്തില്‍ വീണ്ടുമയാള്‍ ചോദിച്ചു. “ കടങ്ങള്‍ എന്തെങ്കിലും….? “
“ഉണ്ട്..!! ഒരു വലിയ കടം ബാക്കിയുണ്ട്…!! “
ഒരു നെടുവീര്‍പ്പോടെ അത് പറയുമ്പോള്‍ എന്‍റെ ശബ്ദം ഇടറുന്നത് ഞാനറിഞ്ഞു. അയാള്‍ ആകാംക്ഷയോടെ എന്നെ നോക്കുന്നത് കണ്ണാടിയിലൂടെ ഞാന്‍ കണ്ടു.
“ എന്‍റെ മകനോട്…!! ബുദ്ധിവളര്‍ച്ചയില്ലാത്ത എന്‍റെ മകനോട്….!!
അല്ലാഹു അവന് നല്‍കിയ വൈകല്യം തിരിച്ചറിയാതെ ഞാനവനെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്….. , നിരാശയും ദുഃഖവും എല്ലാം ചേര്‍ന്ന് അടക്കാനാവാത്ത ദേഷ്യമായി പരിണമിക്കുമ്പോള്‍ ശരിക്കൊന്ന് കരയാന്‍ പോലുമറിയാത്ത എന്‍റെ പൊന്നുമോനെ ഞാന്‍ ഉപദ്രവിച്ചിട്ടുണ്ട്…..”
കണ്ഠമിടറി, കണ്ണ് നിറഞ്ഞ് വാക്കുകള്‍ പാതി വഴിയില്‍ മുറിഞ്ഞു. കാറിന്‍റെ വേഗം കുറച്ചു. ടിഷ്യു എടുത്ത് കണ്ണ് തുടച്ചു.
എന്നെ സമാധാനിപ്പിക്കാനെന്നോണം അയാള്‍ പറഞ്ഞു. “ അത് സാധാരണ ഗതിയില്‍ ശിക്ഷിക്കലല്ലേ…..?”
“ അല്ല…!!! “ അല്പം ഉച്ചത്തിലാണത് പറഞ്ഞത്.
“അല്ല; ശിക്ഷയല്ല. ദ്രോഹം എന്ന പദം മാത്രമേ അതിനു ചേരൂ.”
ചങ്ക് തിങ്ങി വേദനിക്കാന്‍ തുടങ്ങി. പൊട്ടിക്കരഞ്ഞില്ലെങ്കില്‍ ഹൃദയം തന്നെ നിലച്ചു പോകാമെന്ന അവസ്ഥ.
“ എന്‍റെ മകനോടുള്ള ബാധ്യത. ഇനിയുള്ള കാലം അവനെ ആവോളം സ്നേഹിക്കണം, അവന്‍റെ കുറവുകള്‍ക്ക് ഞാന്‍ കൂട്ടാവണം….!! “
“സമയമാണ് പ്രശ്നം…!! “
കണ്ണാടിയില്‍ ഞങ്ങള്‍ മുഖാമുഖം നോക്കി.
“സമയാനുസാരിയായ് ചെയ്യേണ്ടത് മനുഷ്യര്‍ പലപ്പോഴും ചെയ്യില്ല. ചെയ്യാന്‍ ആഗ്രഹിക്കുമ്പോള്‍ സമയവും ഉണ്ടാവില്ല. ബാധ്യതകള്‍ തീര്‍ത്ത് കടന്ന് പോകാന്‍ ആര്‍ക്കാണ് കഴിയുക. സ്നേഹത്തിന്‍റെ കടങ്ങള്‍ പിന്നെയും ബാക്കിയുണ്ടാവും….”
അത്ഭുതത്തോടെ അയാളുടെ വാക്കുകള്‍ക്ക് കാത് കൊടുത്തു.
“നമ്മള്‍ ഇത്ര നേരം സംസാരിച്ചു. അറിയാന്‍ ആഗ്രഹമുണ്ട്. ആരാണ് താങ്കള്‍..?”
“ആര് എന്നതിലല്ല; താങ്കളോട് എങ്ങനെ വര്‍ത്തിക്കുന്നു എന്നതിലാണ് താങ്കള്‍ എന്നെ തിരിച്ചറിയുക….. ഈ യാത്ര അവസാനിക്കുമ്പോള്‍ നമ്മള്‍ പരസ്പരം കൂടുതല്‍ അറിയും. അത് പോരെ….? “
“ആവട്ടെ… “
ഒരു ചിരിയിലൂടെ അയാളും സമ്മതം പങ്ക് വെച്ചു.
“മനസ്സ് പറയുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു പാട് ചെയ്യാനുണ്ടെന്ന്. ചിലപ്പോള്‍ തോന്നും തിരക്കിട്ട ഒരു യാത്രയുടെ ഒരുക്കത്തിലാണെന്ന്. മക്കളുടെ പഠനം… വിവാഹം…. അങ്ങനെ പതതും…..!! മനക്കണക്കുകളുടെ ലോകത്താണ് പലപ്പോഴും….. പക്ഷെ ചിന്തകളെല്ലാം ചെന്ന് നില്‍ക്കുക ഒടുങ്ങാത്ത പ്രവാസത്തിന്‍റെ ഉഷ്ണകൂടാരങ്ങളിലാണ്…, അനന്തമായ മരുഭൂമിയുടെ അറ്റം തേടിയുള്ള നടത്തം…., അടുക്കും തോറും ആകാശസീമകള്‍ അകന്നു പോകുന്ന ഒരു യാത്ര. .....’
പിന്നെയുമെന്തൊക്കെയോ ഞാന്‍ പറഞ്ഞു കൊണ്ടിരുന്നു. പിന്നില്‍ നിന്ന് അയാളുടെ മൂളലോ സംസാരമോ കേള്‍ക്കാനുണ്ടായിരുന്നില്ല. കണ്ണാടിയില്‍ അയാള്‍ ഉണ്ട്. കൂടുതല്‍ പ്രശോഭിതമായ മുഖത്തോടെ.
അല്പം വിഷാദത്തോടെ അയാള്‍ ചോദിച്ചു.
“നമ്മുടെ ലക്ഷ്യം എത്താറായി അല്ലെ…? “
“ഇല്ല; ഇനിയും ഒന്നര മണിക്കൂറെങ്കിലും വണ്ടി ഓടണം… ! ഞാനധികം സ്പീഡിലല്ല ഓടിക്കുന്നത്…”
“ഇല്ല സുഹൃത്തെ. നമ്മുടെ വേഗാവേഗങ്ങള്‍ക്കല്ല പ്രാധാന്യം. നമ്മളെ ഓടിക്കുന്നവന്‍റെ വേഗമാണ് മുഖ്യം…..”
അയാള്‍ സീറ്റില്‍ ഒന്ന് നിവര്‍ന്നിരുന്നു.
“ക്ഷമിക്കുക. നമുക്ക് യാത്ര അവസാനിപ്പിക്കേണ്ടിയിരിക്കുന്നു
കടുപ്പമുള്ള ശബ്ദത്തിലാണ് അയാളുടെ വാക്കുകള്‍. എന്താണിയാള്‍ക്ക് ഇങ്ങനെയൊരു ഭാവമാറ്റം...!! ഇത്രയും നല്ല വര്‍ത്തമാനങ്ങള്‍ പറഞ്ഞ് കൂടെ സഞ്ചരിച്ച ഇയാള്‍ക്കിതെന്ത് പറ്റി റബ്ബേ….?
ഇടക്കിടെ അങ്ങുമിങ്ങും പായുന്ന ചില വാഹനങ്ങളല്ലാതെ ഈ വിജനതയില്‍ ഒരു മനുഷ്യക്കുഞ്ഞ് പോലുമില്ല. അല്പം ഭയം തോന്നാതിരുന്നില്ല. ധൈര്യം സംഭരിച്ച് പറഞ്ഞു.
“ഇല്ലന്നേ…. അബുദാബിക്ക് ഇനിയും ദൂരമുണ്ട്. “
“അബുദാബിയിലേക്കുള്ള ദൂരം സഞ്ചാരവേഗത്തിനൊത്ത് കൂടിയും കുറഞ്ഞുമിരിക്കും…. !! ഞാന്‍ പറഞ്ഞത് നമ്മുടെ യാത്രയെ പറ്റിയാണ്. അത് അവസാനിക്കാന്‍ ഇനി അധികം ദൂരമില്ല..”
കാര്‍ക്കശ്യത്തോടെയുള്ള അയാളുടെ മറുപടി തീരെ ഇഷ്ടപ്പെട്ടില്ല.
“ താങ്കള്‍ക്ക് വേണമെങ്കില്‍ ഇവിടെ ഇറങ്ങാമെന്നല്ലാതെ എന്‍റെ യാത്രയുടെ ദൂരമളക്കുന്നത് നിങ്ങളാണോ… ?“
അല്പം പരുഷമായി തന്നെയാണത് ചോദിച്ചത്. മറുപടിക്ക് വേണ്ടി കണ്ണാടിയില്‍ നോക്കിയപ്പോള്‍ അതില്‍ അയാളുടെ പ്രതിരൂപം ഇല്ലായിരുന്നു..!
ഭയാശങ്കകള്‍ മൂലം കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ. നടുക്കത്തോടെ തിരിഞ്ഞ് നോക്കുമ്പോള്‍ പിന്‍സീറ്റില്‍ അയാളില്ലായിരുന്നു. ഞെട്ടലില്‍ നിന്ന് മുക്തമാവുന്നതിനു മുന്‍പ് ഒരു വലിയ ശബ്ദം മാത്രം കാതുകളിലലച്ചു. വിസ്ഫോടനത്തിനു മുന്‍പ് നാവില്‍ നിന്ന് തെറിച്ച് വീണത് രണ്ടേ രണ്ട് വാക്കുകള്‍ മാത്രം. ......
യാ…. അല്ലാഹ്…..!! ന്റ്റെ….മക്കള്‍…..!!!
മേഘങ്ങളെ തൊട്ട്തൊട്ട് ഞാനുണ്ട്. എനിക്കിപ്പോള്‍ എല്ലാം കാണാം.
തെങ്ങോലകള്‍ക്കിടയിലൂടെ ഉറങ്ങിക്കിടക്കുന്ന എന്‍റെ വീട്….
വീട്ടില്‍ പുതച്ച് കിടന്നുറങ്ങുന്ന എന്‍റെ പ്രിയപ്പെട്ട മക്കള്‍…, എന്‍റെ വരവ് കാത്ത് സ്വപനം കണ്ടുറങ്ങുന്ന ഭാര്യ…..എല്ലാം കാണാം…
സ്ട്രീറ്റ്ലൈറ്റ് പോളില്‍ ഇടിച്ച് തകര്‍ന്ന് കിടക്കുന്ന എന്‍റെ കാറ്. സീറ്റില്‍ നിന്ന് തെറിച്ച് ഫ്ളോര്‍മാറ്റില്‍ കിടക്കുന്ന ആ മൊബൈല്‍ ഫോണ്‍ ഒന്നെടുക്കാനായെങ്കില്‍……!!
പഞ്ഞിക്കെട്ടുകള്‍ പോലുള്ള ഈ വെള്ളിമേഘങ്ങള്‍ക്കിടയിലും അയാള്‍ എന്നെ മുറുക്കി പിടിച്ചിരിക്കുകയാണ്.