20 Apr 2012

ചിപ്സിന്റെ പെരിയ ചിന്നമ്മ


കെ.എസ്‌. സെബാസ്റ്റ്യൻ

കോട്ടയം ജില്ലയിലെ മോനിപ്പി ള്ളിയിൽ നിന്ന്‌ 1980ൽ കോത മംഗലത്തിനടുത്ത്‌
കുട്ടമ്പുഴയിൽ വന്ന്‌ താമസിക്കുകയും പിന്നീട്‌ 1996ൽ റബ്ബർ കൃഷിക്കായി
തൃശൂർ ജില്ലയിൽ ആമ്പല്ലൂരി നടുത്ത്‌ മുട്ടിത്തടിയിൽ
സ്ഥിരതാമസമാക്കിയതുമാണ്‌ ചിന്നമ്മ. 4 ഏക്കറോളം വരുന്ന തെങ്ങിലെ തേങ്ങ
വിൽക്കുവാൻ ഉണ്ടായ ബുദ്ധിമുട്ടാണ്‌ ചിന്നമ്മയെന്ന തനി വീട്ടമ്മയെ
തേങ്ങയുടെ മൂല്യ വർദ്ധനവിനെക്കുറിച്ച്‌ ചിന്തിപ്പിച്ചതു. ആദ്യമായി
പരീക്ഷിച്ച ഉൽപന്നം തേങ്ങാപ്പാലിൽ നിന്ന്‌ ഹണി (തേൻ) ആണ്‌.
സ്ക്വാഷായും ജാമായും ഉപയോഗിക്കാവുന്ന രീതിയിലായിരുന്നു ഉൽപന്നം
തയ്യാറാക്കിയിരുന്നത്‌. അതോടൊപ്പം തന്നെ തേങ്ങാവെള്ളത്തിൽ നിന്നും
വിനാഗിരിയും ഉണ്ടാക്കി വിപണിയിലിറക്കി. ഈ രണ്ട്‌ ഉൽപന്നങ്ങളും
അയൽവാസികൾക്കും അവരിലൂടെ അറിഞ്ഞുവരുന്നവർക്കു മാണ്‌ പ്രധാനമായും
കൊടുത്തിരുന്നത്‌. എന്നാൽ 2001ൽ ഈ ഉൽപന്നങ്ങളുമായി തൃശൂർ പൂരം
പ്രദർശനത്തിനുചെന്നപ്പോൾ അവിടെ കണ്ടുമുട്ടിയ കേന്ദ്രതോട്ടവിള ഗവേഷണ
സ്ഥാപനത്തിലെ ഉദ്യോഗസ്ഥരാണ്‌ താരതമ്യേന പുതിയ നാളികേര ഉൽപന്നമായ ചിപ്സിനെ
ചിന്നമ്മയ്ക്ക്‌ പരിചയപ്പെടുത്തിയത്‌. ചിന്നമ്മയിലെ വ്യവസായ സംരംഭകയെ ഈ
ഉൽപന്നത്തിന്റെ സാദ്ധ്യതകൾ പ്രലോഭിപ്പിച്ചുവേന്ന്‌ പറയാം.  പൂരം പ്രദർശനം
പൂർത്തിയാക്കി ഏതാനും ദിവസങ്ങൾക്കകം ചിന്നമ്മയും ഭർത്താവ്‌ ജോയിയും
കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനത്തിന്റെ പ്രാദേശിക ഗവേഷണ കേന്ദ്രമായ
കായംകുളത്ത്‌ ചിപ്സ്‌ നിർമ്മാണ പരിശീലനത്തിന്‌ ചേർന്നു. ആ ബാച്ചിൽ 90 പേർ
പരിശീലനം നേടിയെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ ഈ ഉൽപന്നം നിർമ്മിക്കാനും
വിപണനം നടത്താനും തുനിഞ്ഞത്‌ ചിന്നമ്മ മാത്രമാണ്‌. ചിന്നൂസ്‌ കോക്കനട്ട്‌
പ്രോഡക്ട്സിന്റെ ചരിത്രം ചിന്നമ്മയോടുതന്നെ ചോദിക്കാം.
ചിന്നൂസ്‌ കോക്കനട്ട്‌ പ്രോഡക്ട്സ്‌ എപ്പോഴാണ്‌ പ്രവർത്തനം ആരംഭിച്ചതു?
2002ൽ ചിന്നൂസ്‌ കോക്കനട്ട്‌ പ്രോഡക്ട്സ്‌ എന്ന സ്ഥാപനം ഭർത്താവ്‌
ജോയിയുമായി ചേർന്ന്‌, 8 ലക്ഷത്തോളം രൂപ മുടക്കി സ്ഥാപിച്ചു. കോക്കനട്ട്‌
ചിപ്സ്‌, ബർഫി, കോക്കനട്ട്‌ ബാൾസ്‌, വിനാഗിരി മുതലായവയായിരുന്നു പ്രധാന
ഉൽപന്നങ്ങൾ. തനി അടുക്കളക്കാരിയായ എന്റെ വ്യവസായ സംരംഭത്തെ ആദ്യമൊന്നും
അംഗീകരിക്കുവാൻ പല വാണിജ്യബാങ്കുകളും തയ്യാറായില്ലെങ്കിലും, സൗത്ത്‌
മലബാർ ഗ്രാമീൺ ബാങ്കിന്റെ ആമ്പല്ലൂർ ശാഖ നാല്‌ ലക്ഷം രൂപ പദ്ധതിക്ക്‌ ലോൺ
നൽകി സഹായിച്ചു. നാളികേര വികസന ബോർഡ്‌ നാളികേര ടെക്നോളജി മിഷൻ
പദ്ധതിയിൽപ്പെടുത്തി 1.85 ലക്ഷം രൂപ സബ്സിഡി നൽകിയിരുന്നു.
ഉൽപന്ന നിർമ്മാണത്തിൽ നിങ്ങളുടെ പ്രത്യേകതയെന്താണ്‌?
ഉൽപന്നങ്ങളെല്ലാം എന്റെ പരിപൂർണ്ണ മേൽനോട്ടത്തിൽ മാത്രമേ
ഉണ്ടാക്കുകയുള്ളൂ. ചിപ്സിന്‌ വാനില എസ്സൻസ്‌ ചേർക്കുന്നതും, പഞ്ചസാര
ലായനി തയ്യാറാക്കുന്നതും, ഓവൻ പ്രവർത്തിപ്പിക്കുന്നതും, ഉൽപന്നം
പായ്ക്ക്‌ ചെയ്യുന്നതും എല്ലാം എന്റെ മേൽനോട്ടത്തിലാണ്‌. ഇത്‌
ഉൽപന്നത്തിന്റെ ഗുണനിലവാരത്തിലും രുചിയിലും സ്ഥിരത നിലനിർത്തുവാൻ
സഹായിക്കുന്നു. 8 മാസം പ്രായമായ നാളികേരം മാത്രമേ ഞാൻ ചിപ്സ്‌
ഉണ്ടാക്കുവാൻ ഉപയോഗിക്കാറുള്ളൂ. അതിൽ കൂടുതൽ മൂപ്പുള്ള നാളികേരം
ഉപയോഗിച്ചാൽ ചിപ്സിന്റെ ഗുണം കുറയും.
8 മാസം പ്രായമായ നാളികേരം എങ്ങനെ സംഭരിക്കുന്നു?
പ്രധാനമായും സമീപപ്രദേശങ്ങളിൽ നിന്നുമാണ്‌ നാളികേരം സംഭരിക്കുന്നത്‌.
പ്രദേശവാസികൾക്ക്‌ ഞങ്ങളുടെ ആവശ്യം അറിയാവുന്നതിനാൽ ഞങ്ങൾക്ക്‌
ഉപയോഗിക്കുവാൻ പറ്റിയ നാളികേരം ബുദ്ധിമുട്ടില്ലാതെ ലഭിക്കുന്നുണ്ട്‌.
കൂടാതെ നാളികേര കച്ചവടക്കാരും, കൊപ്ര കച്ചവടക്കാരും അവർ സംഭരിക്കുന്നതിൽ
നിന്ന്‌ വിളവ്‌ കുറഞ്ഞ നാളികേരം നൽകാറുണ്ട്‌.
കരിക്കിനേക്കാൾ മൂപ്പ്‌ കുടിയതും എന്നാൽ വിളഞ്ഞ നാളികേരത്തേക്കാൾ മൂപ്പ്‌
കുറഞ്ഞതുമായ നാളികേരത്തിന്‌ എന്ത്‌ വിലയാണ്‌ നൽകി വരുന്നത്‌?
തൃശൂർ മാർക്കറ്റിലെ കൊപ്രവിലയുടെ മൂന്നിൽ ഒന്നാണ്‌ ഒരു കിലോ പൊതിച്ച
ഉരുളൻ നാളികേരത്തിന്റെ വിലയായി കണക്കാക്കുന്നത്‌. 10 കിലോ നാളികേരം
വാങ്ങുമ്പോൾ 9 കിലോയുടെ വില കൊടുക്കുന്നു. ഒരു കിലോ വെള്ളത്തിന്റെ
തൂക്കമായി കണക്കാക്കുന്നു. വടക്കൻ കേരളത്തിൽ പൊതുവേ കൊപ്രവിലയുടെ
മുപ്പത്‌ ശതമാനം പൊതിച്ച ഉരുളൻ നാളികേരത്തിന്റെ വിലയായി കണക്കാക്കുന്ന
രീതിയാണ്‌ അവലംബിക്കുന്നത്‌. അങ്ങനെ നോക്കുമ്പോൾ വിളഞ്ഞ നാളികേരത്തിന്റെ
വിലയും ചിപ്സിന്‌ ഉപയോഗിക്കുന്ന വിളവു കുറഞ്ഞ നാളികേരത്തിന്റെ വിലയും
തുല്യമാണ്‌. എന്നാൽ വിളവ്‌ കുറഞ്ഞ നാളികേരത്തിന്‌ ഭാരം അധികമായതിനാൽ
കർഷകർക്ക്‌ വിളഞ്ഞ നാളികേരം വിൽക്കുന്നതിനേക്കാൾ ലാഭകരം വിളയാത്ത
നാളികേരം ചിപ്സിനായി നൽകുന്നതാണ്‌.

യൂണിറ്റിന്റെ സ്ഥാപിതശേഷി എത്രയാണ്‌? ഇത്‌ മുഴുവൻ ഉപയോഗപ്പെടുത്തുന്നുണ്ടോ?
നാല്‌ ബാച്ചായി പ്രവർത്തിപ്പിച്ചാൽ ഒരു ദിവസം 100 കി.ഗ്രാം ചിപ്സ്‌
ഉത്പാദിപ്പിക്കുവാനുള്ള സ്ഥാപിതശേഷി ഞങ്ങളുടെ യൂണിറ്റിന്‌ ഉണ്ട്‌. 10
തേങ്ങയിൽ നിന്ന്‌ 1 കി.ഗ്രാം ചിപ്സ്‌ കിട്ടും. എന്നാൽ ഇപ്പോൾ ഒരു ദിവസം
25 കി.ഗ്രാം ചിപ്സ്‌ മാത്രമേ നിർമ്മിക്കുന്നുള്ളൂ. ഉൽപന്നത്തിന്റെ 70
ശതമാനം 1.5 കിലോഗ്രാം പാക്കറ്റിലാക്കി ഹോട്ടലുകൾക്കും മറ്റും ഇടനിലക്കാർ
വഴി വിൽക്കുകയും 30 ശതമാനം ചെറിയ പാക്കറ്റിലാക്കി (20 ഗ്രാം) സ്വന്തം
വ്യാപാരനാമത്തിൽ വിൽക്കുകയും ചെയ്യുന്നു.
സ്ഥാപിതശേഷി പൂർണ്ണമായും ഉപയോഗിക്കുവാൻ കഴിയാത്തത്‌ എന്തുകൊണ്ടാണ്‌?
മാർക്കറ്റിലെ നിലവിലുള്ള ഡിമാന്റ്‌ പൂർണ്ണമായി ഉപയോഗപ്പെടുത്തുവാൻ
കഴിയുന്ന ഒരു വിപണന സംവിധാനം ഏർപ്പെടുത്തുവാൻ
കഴിഞ്ഞിട്ടില്ലെന്നുള്ളതാണ്‌ ഏറ്റവും പ്രധാനപ്രശ്നം. തൊഴിലുറപ്പ്‌
പദ്ധതിയെത്തുടർന്ന്‌ സ്ത്രീ തൊഴിലാളികളുടെ ലഭ്യത കുറഞ്ഞത്‌ എന്റെ
യൂണിറ്റിന്റെ ശേഷി ഉപയോഗത്തെ കാര്യമായി ബാധിക്കുന്നു. വിപണിക്ക്‌ അധികം
പരിചയമില്ലാത്ത ഉൽപന്നമായതിനാൽ പല വ്യാപര സ്ഥാപനങ്ങളും വലിയ ലാഭശതമാനം
ആവശ്യപ്പെടുകയും ഉൽപന്നത്തിന്റെ വില രൊക്കം നൽകുവാൻ വിമുഖത കാണിക്കുകയും
ചെയ്യുന്നു. കടമായി വലിയ അളവിൽ ഉൽപന്നം നൽകുവാൻ സാധിക്കാത്തത്‌ വിപണി
വിപുലപ്പെടുത്തുന്നതിനെ കാര്യമായി ബാധിക്കുന്നുണ്ട്‌.
എങ്ങനെയാണ്‌ ഉൽപന്നം തയ്യാറാക്കുന്നത്‌?
തേങ്ങ ആദ്യം രണ്ടായി പൊട്ടിച്ചെടുക്കുന്നു. അതിനുശേഷം രണ്ടുമുറികളുടേയും
ചിരട്ട ചീളുകളായി പൊട്ടിച്ചെടുത്ത്‌ കാമ്പ്‌ വേർപെടുത്തുന്നു.
കാമ്പിന്റെ പുറംതൊലി കത്തി ഉപയോഗിച്ച്‌ കനം കുറച്ച്‌ ചെത്തികളഞ്ഞതിനുശേഷം
വെള്ളത്തിൽ ഇട്ടു നന്നായി കഴുകുന്നു. വെള്ളത്തിൽ നിന്നെടുത്ത്‌ കനം
കുറഞ്ഞ ചെറിയ കഷണങ്ങളായി അരിഞ്ഞ്‌ വീണ്ടും വെള്ളം നിറഞ്ഞ മറ്റൊരു
പാത്രത്തിലേക്കിടുന്നു. വെള്ളത്തിൽ നിന്നും വീണ്ടും കഴുകി വാരിയെടുത്ത്‌
തിളപ്പിച്ച വെള്ളത്തിലിട്ട്‌ അണുവിമുക്തമാക്കിയതിനുശേഷം പഞ്ചസാര ലായനിയിൽ
ഒരുമണിക്കൂർ സൂക്ഷിക്കുന്നു. 10 ലിറ്റർ വെള്ളത്തിൽ 5 കി.ഗ്രാം പഞ്ചസാര
ചേർത്താണ്‌ ലായനി തയ്യാറാക്കുന്നത്‌. ലായനിയിൽ വാനില എസ്സൻസും അൽപം
ഉപ്പും ചേർക്കുന്നു. ലായനിയിൽ നിന്നും അരിഞ്ഞ കഷണങ്ങൾ പുറത്തെടുത്ത്‌
ജലാംശം പൂർണ്ണമായി വാർന്നുപോകാൻ അനുവദിച്ചതിനുശേഷം ഓവനിൽ വെച്ച്‌ 5
മണിക്കൂർ ചൂടാക്കുന്നു. അതിനുശേഷം ഓവനിൽ നിന്നും ചിപ്സ്‌ പുറത്തെടുത്ത്‌
ചെറിയ ചൂടിൽതന്നെ പായ്ക്ക്‌ ചെയ്യുന്നു. അലുമിനിയം ഫോയിൽ പാക്കിംഗ്‌ ആണ്‌
അനുഭവത്തിൽ ഏറ്റവും അനുയോജ്യമായി കണ്ടത്‌. അലുമിനിയം ഫോയിൽ പാക്കിംഗ്‌
ഉപയോഗിക്കുകയാണെങ്കിൽ ചിപ്സ്‌ 6 മാസം വരെ കേട്‌ കൂടാതെയിരിക്കും.
ഹോട്ടലുകൾക്കായി നൽകുന്ന വലിയ പാക്കിംഗിന്‌ അലുമിനിയം ഫോയിൽ
ഉപയോഗിക്കുന്നില്ല.
ഉൽപന്നത്തിന്‌ എങ്ങനെയാണ്‌ വിപണി കണ്ടെത്തുന്നത്‌?
ആദ്യകാലത്ത്‌ പ്രധാനമായും വിപണനമേളകളിലും, പ്രദർശനങ്ങളിലും
പങ്കെടുത്തുകൊണ്ടായിരുന്നു ഉൽപന്നം വിപണനം ചെയ്തിരുന്നത്‌. സംസ്ഥാന
ത്തിനകത്തും പുറത്തുമായി ധാരാളം മേളകളിൽ പങ്കെടുത്തിരുന്നു.  നാളികേര
വികസന ബോർഡ്‌ പങ്കെടുത്ത എല്ലാ പ്രധാനപ്പെട്ട  മേളകളിലും ബോർഡിന്റെ
സ്റ്റാളിൽ ഞങ്ങളുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ട്‌. ഇന്ത്യയിലെ
എല്ലാ പ്രധാനപ്പെട്ട പട്ടണങ്ങളിലും ഞങ്ങൾ വിപണനമേളകളിൽ
പങ്കെടുത്തിട്ടുണ്ട്‌. പങ്കെടുത്ത എല്ലാ മേളകളിലും ഞങ്ങളുടെ ചിപ്സ്‌
ചൂടപ്പം പോലെ വിറ്റഴിയാറുണ്ട്‌. ഞങ്ങളുടെ  ഏറ്റവും വലിയ ആത്മ വിശ്വാസവും
അതുതന്നെയാണ്‌. ഒരു പാക്കറ്റ്‌ വാങ്ങിക്കുവാൻ വരുന്നവർ ഒന്നിലധികം
പാക്കറ്റുകൾ വാങ്ങി പോകുന്ന അനുഭവം ഞങ്ങൾക്ക്‌ എല്ലായ്പ്പോഴും
ഉണ്ടാകാറുണ്ട്‌. എന്നാൽ ഇങ്ങനെ നേടിയ ഉപഭോക്തൃ സ്വീകാര്യത നിലനിർത്തി
ക്കൊണ്ട്‌ പോകുവാൻ ഞങ്ങൾക്ക്‌ പലപ്പോഴും കഴിഞ്ഞിട്ടില്ല എന്നുള്ളത്‌
പരമാർത്ഥമാണ്‌. അങ്ങനെ കഴിഞ്ഞിരുന്നു വേങ്കിൽ നാളികേര ചിപ്സിന്റെ വിപണി
വിഹിതം ഇന്നത്തേതിന്റെ പതിന്മടങ്ങായി വികസിക്കു മായിരുന്നുവേന്ന്‌
നിസ്സംശയം പറയാം.
ഇത്രയും സാധ്യതയുള്ള ഉൽപന്നമായിട്ടുമെന്തേ, കൂടുതൽ സംരംഭകർ ചിപ്സ്‌
നിർമ്മാണത്തിലേക്ക്‌ കടക്കാത്തത്‌?
ധാരാളം പേർ ചിപ്സ്‌ നിർമ്മാണത്തിലേക്ക്‌ വരുന്നുണ്ട്‌. എന്നാൽ വരുന്നവർ
പലരും പെട്ടെന്ന്‌ തന്നെ പിൻവലിയുന്നതായാണ്‌ കാണുന്നത്‌. സ്ഥിരമായ
ഗുണനിലവാരം ഉൽപന്നത്തിന്‌ നൽകാൻ കഴിയാത്തതിനാൽ പലർക്കും ഈ രംഗത്ത്‌
പിടിച്ചുനിൽക്കുവാൻ കഴിയുന്നില്ല. തേങ്ങയുടെ തെരഞ്ഞെടുപ്പ്‌ മുതൽ ഉൽപന്നം
പായ്ക്ക്‌ ചെയ്യുന്നതുവരെ നല്ല ശ്രദ്ധയുണ്ടെങ്കിൽ മാത്രമേ നമ്മൾ
പ്രതീക്ഷിക്കുന്ന ഗുണനിലവാരം ഉൽപന്നത്തിന്‌ കിട്ടുകയുള്ളൂ. എന്റെ
യൂണിറ്റിൽ ഉത്പാദനത്തിന്റെ എല്ലാ ഘട്ടത്തിലും എന്റെ മേൽനോട്ടം ഞാൻ
ഉറപ്പാക്കാറുണ്ട്‌. ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങൾ കമ്പോളത്തിലിറക്കി
അതിവേഗം വിപണിയിൽ നിന്നും പിൻമാറുന്ന പലരും ഈ ഉൽപന്നത്തിന്റെ
വിപണനസാദ്ധ്യത നശിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌.
വൻകിട കമ്പനിക്കാർ എന്താണ്‌ ഈ മേഖലയിലേക്ക്‌ കടന്ന്‌ വരാത്തത്‌?
അസംസ്കൃത വസ്തുവിന്‌ ഇതിലും വിലക്കുറവിൽ ലഭിക്കുന്നതും, സുലഭമായ
ലഭ്യതയുള്ളതും, ലാഭത്തോത്‌ ഇതിലും ഉയർന്നതുമായ പല ഉൽപന്നങ്ങളും
വിപണിയിലിറക്കി ലാഭം കൊയ്യാനുള്ള അവസരങ്ങൾ ഉള്ളതുകൊണ്ടാകാം വൻകിടക്കാർ ഈ
രംഗത്തേക്ക്‌ ഇതുവരെ കടന്ന്‌ വരാത്തത്‌. എന്നാൽ അധികം വൈകാതെ ഇടത്തരം -
വൻകിട കമ്പനികൾ നാളികേര ചിപ്സ്‌ നിർമ്മാണത്തിലേക്ക്‌ കടന്ന്‌
വരുമെന്നാണ്‌ ഞാൻ പ്രതീക്ഷിക്കുന്നത്‌. ചെറുപ്പക്കാരുടെ ഇടയിൽ ഈ
ഉൽപന്നത്തിന്‌ വലിയ സാദ്ധ്യതകൾ ഞാൻ കാണുന്നുണ്ട്‌. ബാംഗ്ലൂർ പോലുള്ള
പട്ടണങ്ങളിൽ ഞങ്ങൾ വിപണനമേളകളിൽ പങ്കെടുക്കുമ്പോൾ ചെറുപ്പക്കാർ,
പ്രത്യേകിച്ച്‌ ഐടി മേഖലയിൽ പ്രവർത്തിക്കുന്ന യുവതികൾ ധാരാളമായി ചിപ്സ്‌
വാങ്ങിക്കുക പതിവാണ്‌. ഇവരിൽ പലരും ഒന്നിലധികം ചിപ്സ്‌ പായ്ക്കറ്റുകൾ
വാങ്ങിക്കുകയും തങ്ങളുടെ പട്ടണങ്ങളിൽ ചിപ്സ്‌ സ്ഥിരമായി
ലഭിക്കുന്നതിനുള്ള സാദ്ധ്യതകൾ ആരായുകയും ചെയ്യാറുണ്ട്‌. 2010 ജനുവരിയിൽ
നാളികേര വികസനബോർഡ്‌ ബാംഗ്ലൂരിൽ നടത്തിയ വിപണനമേളയിൽ പങ്കെടുത്ത ഞങ്ങളുടെ
സ്റ്റാളിൽ മൂന്ന്‌ ദിവസത്തേക്ക്‌ വിപണനത്തിനായി കൊണ്ടുവന്ന ചിപ്സ്‌
ആദ്യദിവസം ഏതാനും മണിക്കൂറുകൾക്കകം  തന്നെ വിറ്റുപോയ അനുഭവം ഉണ്ടായി.
ഈ മേഖലയിൽ മത്സരം ഭയപ്പെടുന്നുണ്ടോ?
തീർച്ചയായും ഇല്ല. സീസറിന്റേത്‌ സീസറിനും ദൈവത്തിന്റേത്‌ ദൈവത്തിനും
എന്നാണ്‌ എന്റെ ചിന്താഗതി. കൂടുതൽപേർ ഈ മേഖലയിലേക്ക്‌ കടന്നുവന്നാൽ
ഉൽപന്നത്തെക്കുറിച്ച്‌ അധികം ആളുകൾ അറിയുവാനും, വിപണി വികസിക്കുവാനും
സാദ്ധ്യതയേറെയാണ്‌. അങ്ങനെ വരുമ്പോൾ വിപണി പരിചയപ്പെടുത്തലിന്റെ
ചെലവില്ലാതെ തന്നെ ഞങ്ങൾക്ക്‌ ഉൽപന്നം യഥേഷ്ടം വിറ്റഴിക്കാമല്ലോ. ഇപ്പോൾ
സാമ്പത്തിക പരിമിതിമൂലം ദൃശ്യ-ശ്രവ്യ മാദ്ധ്യമങ്ങളിലൂടേയോ അച്ചടി
മാദ്ധ്യമങ്ങളിലൂടേയോ ഉള്ള വിപണി വികസനശ്രമങ്ങൾ ഞങ്ങൾ നടത്തുന്നതേയില്ല.
ഞങ്ങളുടെ ചിപ്സ്‌ ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ളവർ നൽകുന്ന പ്രചരണമാണ്‌
ഞങ്ങളുടെ നിലനിൽപ്പിന്റെ ആധാരം.
സംസ്ഥാനത്ത്‌ രൂപീകൃതമായിരിക്കുന്ന പല നാളികേര ഉത്പാദകസംഘങ്ങളും നാളികേര
ചിപ്സ്‌ നിർമ്മാണത്തിൽ ഏർപ്പെടുവാൻ താൽപര്യം കാണിക്കുന്നുണ്ട്‌. അവർക്ക്‌
നൽകുവാൻ എന്താണ്‌ ഉപദേശം?
മിതമായ മുതൽമുടക്കിൽ ചെയ്യാവുന്നതും, ന്യായമായ ലാഭം
പ്രതീക്ഷിക്കാവുന്നതുമായ ഒരു വ്യവസായ സംരംഭമാണ്‌ നാളികേര ചിപ്സ്‌
നിർമ്മാണം. എന്നാൽ നിർമ്മാണപ്രക്രിയയിൽ നല്ല ശ്രദ്ധ ചെലുത്തിയാൽ മാത്രമേ
ഉൽപന്നത്തിന്‌ നല്ല ഗുണനിലവാരം പുലർത്തുവാൻ കഴിയുകയുള്ളൂ. നാളികേര
ചിപ്സിന്‌ രാജ്യത്തിനുള്ളിൽ വിപുലമായ ഒരു വിപണി വികസിപ്പിച്ചെടുക്കുവാൻ
താരതമ്യേന എളുപ്പമാണെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. ധാരാളം
നാളികേരോത്പാദക സംഘങ്ങൾ ഈ രംഗത്തേക്ക്‌ കടന്ന്‌ വന്നാൽ അവയുടെ ഒരു
കൺസോർഷ്യം ഉണ്ടാക്കി ഒരു പൊതുവായ വ്യാപാര നാമത്തിൽ ഉൽപന്നം വിപണനം
ചെയ്യുവാനുള്ള  ശ്രമങ്ങൾ നടത്തുകയും രാജ്യവ്യാപകമായി ഉൽപന്നത്തിന്റെ
ലഭ്യത ഉറപ്പാക്കുകയും ചെയ്താൽ ആകാശം മുട്ടെ വളരുവാൻ ഈ മേഖലയക്ക്‌
കഴിയുമെന്നാണ്‌ ഞാൻ പ്രതീക്ഷിക്കുന്നത്‌. ഉത്പാദക സംഘങ്ങളോ അവയുടെ
ഫെഡറേഷനുകളോ നാളികേര സംസ്ക്കരണ പ്രക്രിയയിൽ ഏർപ്പെടുമ്പോൾ മൂപ്പ്‌ കുറഞ്ഞ
 നാളികേരം സംഭരിക്കേണ്ട അവസരങ്ങൾ ഉണ്ടാകുമെന്നുള്ളത്‌ ഉറപ്പാണ്‌. ഇത്തരം
യൂണിറ്റുകളോടനുബന്ധിച്ചോ, ഒന്നിലധികം യൂണിറ്റുകളോടനുബന്ധിച്ചോ ചിപ്സ്‌
നിർമ്മാണം ആരംഭിച്ചാൽ ചിപ്സ്‌ നിർമ്മാണത്തിന്‌ ഏറ്റവും അനുയോജ്യമായ
മൂപ്പ്‌ കുറഞ്ഞ നാളികേരത്തിന്റെ ലഭ്യത ഉറപ്പാക്കാനും മറ്റ്‌ നാളികേര
ഉൽപന്നങ്ങളുടെ ഉത്പാദന പ്രക്രിയയിൽ വിളവ്‌ കുറഞ്ഞ   നാളികേരം
ഉപയോഗിക്കുന്നതുമൂലമുണ്ടായേക്കാവുന്ന നഷ്ടസാദ്ധ്യതകൾ ഒരു
പരിധിവരെയെങ്കിലും ഒഴിവാക്കുവാനും കഴിയും.
തുടക്കത്തിൽ ഉപോൽപന്നമായ നാളികേരവെള്ളത്തിൽ നിന്ന്‌ വിനാഗിരി
നിർമ്മിച്ച്‌ വിപണനം ചെയ്യുന്നുണ്ടായിരുന്നുവല്ലോ. എന്നാലിപ്പോൾ
എന്തുകൊണ്ടാണ്‌ വിനാഗിരി നിർമ്മാണം തുടരാത്തത്‌?
നാളികേരചിപ്സ്‌ നിർമ്മാണ സ്ഥാപനങ്ങളുടെ ലാഭക്ഷമത ഉയർത്തുവാൻ വിനാഗിരി
നിർമ്മാണം വളരെയധികം ഉപകരിക്കുമെന്നുള്ളത്‌ ഉറപ്പാണ്‌. എന്നാൽ
വിനാഗിരിയുടെ നിയമാനുസൃത വിപണനത്തിന്‌ എഫ്പിഒ സർട്ടിഫിക്കേഷൻ
അത്യന്താപേക്ഷിതമാണ്‌. ഈ സർട്ടിഫിക്കറ്റ്‌ ലഭിക്കാൻ സംസ്ഥാന എക്സൈസ്‌
വകുപ്പിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്‌ നിർബന്ധമാണ്‌. എന്നാൽ
എന്നേപ്പോലെയുള്ള ചെറുകിട സംരംഭകർക്ക്‌ എക്സൈസ്‌ വകുപ്പിൽ നിന്നും നോ
ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്‌ ലഭിക്കുകയെന്നത്‌ ബാലികേറാമലയായി തോന്നിയതിനാൽ
ഞാൻ ആ വഴിക്ക്‌ വലിയ ശ്രമങ്ങൾ നടത്തിയില്ലെന്നതാണ്‌ സത്യം. പക്ഷേ
കേരളത്തിൽ നാളികേരവെളളത്തിൽ നിന്നും വിനാഗിരി ഉണ്ടാക്കുന്ന രണ്ടോ-മൂന്നോ
യൂണിറ്റുകൾക്ക്‌ എക്സൈസ്‌ വകുപ്പിന്റെ നോഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്‌
നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നാണ്‌ എന്റെ അറിവ്‌. നാളികേര വികസന
ബോർഡ്‌ നാളികേര ഉത്പാദക സംഘങ്ങളെ ഇത്തരം സർട്ടിഫിക്കറ്റുകൾ
നേടിയെടുക്കുവാൻ സഹായിച്ചാൽ കാര്യങ്ങൾ കുറേക്കൂടി എളുപ്പമാകുമെന്നാണ്‌
ഞാൻ കരുതുന്നത്‌.
കാർഷിക മേഖലയിൽ മൂല്യവർദ്ധനവിനായി പ്രവർത്തിക്കുന്ന ചെറുകിട സംരംഭകർക്ക്‌
സർക്കാർ ഏജൻസികളുടെ നിലവിലുള്ള സഹായ പദ്ധതികൾ പര്യാപ്തമാണെന്ന്‌
തോന്നുന്നുണ്ടോ?
നാളികേര സംസ്ക്കരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്‌ നാളികേര വികസന ബോർഡ്‌
നടപ്പിലാക്കുന്ന നാളികേര ടെക്നോളജി മിഷൻ പദ്ധതി ഒരു പരിധിവരെ
സഹായകരമാണ്‌. എന്നാൽ ഈ പദ്ധതിയിലൂടെ ഇപ്പോൾ നൽകുന്ന പദ്ധതി ചെലവിന്റെ 25
ശതമാനമെന്ന സഹായം 50 ശതമാനമായി ഉയർത്തിയാൽ ഈ മേഖലയിൽ ധാരാളം ചെറുകിട
വ്യവസായ സംരംഭകർ കടന്ന്‌ വരാൻ സാദ്ധ്യതയുണ്ട്‌.  കൂടാതെ ഈ മേഖലയ്ക്ക്‌
വായ്പ നൽകുവാൻ മടികാണിക്കുന്ന ബാങ്കുകളുടെ മന:സ്ഥിതി മാറ്റുവാൻ സർക്കാർ
ഏജൻസികൾ ശ്രമിക്കണം. വിപണി വികസനത്തിന്‌ സർക്കാർ ഏജൻസികൾക്ക്‌
പദ്ധതിയുണ്ടെങ്കിലും ചെറുകിടക്കാർക്കും, തുടക്കകാർക്കും ഈ പദ്ധതിയിലൂടെ
ആനുകൂല്യം ലഭിക്കുവാൻ വലിയ ബുദ്ധിമുട്ട്‌ നേരിടുന്നുണ്ട്‌.
തുടക്കകാർക്കും, പുതിയ ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നവർക്കും വിറ്റ്‌
വരവിന്റെ അടിസ്ഥാനത്തിൽ മാത്രം വിപണി വികസന സഹായം നൽകുന്ന രീതി തുടർന്നാൽ
അർഹരായ പലർക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകുവാൻ കഴിയാതെ വരും.
പുതുതായി നാളികേര സംസ്ക്കരണ മേഖലയിലേക്ക്‌ കടന്ന്‌ വരുന്ന ചെറുകിട
വ്യവസായ സംരംഭകർക്ക്‌ എന്ത്‌ ഉപദേശമാണ്‌ നൽകാനുള്ളത്‌?
ചിപ്സ്‌, വിനാഗിരി, കൊപ്ര, നാളികേരം എന്നിവ ഉപയോഗിച്ചുള്ള പലഹാരങ്ങൾ
ഒഴിച്ചുള്ള വ്യവസായങ്ങൾ തുടങ്ങുന്നതിന്‌ താരതമ്യേന ഉയർന്ന മുതൽമുടക്ക്‌
ആവശ്യമാണ്‌. അതിനാൽ നല്ല ഗൃഹപാഠം ചെയ്തതിനുശേഷമേ ചെറുകിട സംരംഭകർ അത്തരം
സംരംഭങ്ങളിലേക്കിറങ്ങാവൂ. ചിപ്സ്‌, വിനാഗിരി, നാളികേരം ഉപയോഗിച്ചുള്ള
വിവിധയിനം പലഹാര നിർമ്മാണം എന്നിവ സ്ത്രീ സംരംഭകർക്ക്‌ തികച്ചും
അനുയോജ്യമായ വ്യവസായ സംരംഭങ്ങളാണ്‌. എന്നാൽ ഇത്തരം സംരംഭങ്ങൾ തങ്ങളുടെ
ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിന്‌ കൺസോർഷ്യം പോലുള്ള സംവിധാനങ്ങൾ
ഏർപ്പെടുത്തിയില്ലെങ്കിൽ പ്രതീക്ഷിക്കുന്ന വിജയം കൈവരിക്കുവാൻ
കഴിഞ്ഞില്ലെന്ന്‌ വരാം, മറിച്ച്‌ വിപണനത്തിനായി രൂപീകരിക്കുന്ന കൺസോർഷ്യം
അംഗസംരംഭകരുടെ ഉൽപന്നങ്ങൾ ഒരു പൊതു വ്യാപാര നാമത്തിൽ വിപണനം ചെയ്യുകയും
വിപണി വികസനത്തിനുള്ള എല്ലാ അവസരങ്ങളും, മാദ്ധ്യമങ്ങളും യഥോചിതം
ഉപയോഗിക്കുകയും ചെയ്താൽ ഈ രംഗത്ത്‌ വിജയം ഉറപ്പായിരിക്കുമെന്നുള്ള
കാര്യത്തിൽ എനിക്ക്‌ സംശയമില്ല.
മേൽവിലാസം: വേങ്ങച്ചുവട്ടിൽ, മുട്ടിത്തടി പി.ഒ., ആലങ്ങോട്‌, തൃശൂർ ജില്ല,
0480 - 2658585.

അസിസ്റ്റന്റ്‌ മാർക്കറ്റിംഗ്‌ ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി-11.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...