രഘുനാഥ് പലേരി
തീവണ്ടി ഇറങ്ങി യാത്ര തുടരാനായി ഓട്ടോയില്‍ കയറിയതും ഓട്ടോ ഓടിക്കുന്ന ആള്‍ ഓടുന്നതിന്നു മുന്‍പെ ഒരു സമ്മതം ചോദിച്ചു.“ഇത്തിരി പതിയെ ഓടിക്കുന്നതില്‍ വിഷമം ഉണ്ടോ..?”
“ഒരു വിഷമവും ഇല്ല. പതിയെ ഓടിച്ചോളൂ..?” എന്ന് ഞാനും.
പക്ഷെ, ‘പതിയെ’ എന്ന് പറയുന്നതിനും ഒരു ചുരുങ്ങിയ വേഗത ഉണ്ടെന്ന കാര്യം അയാള്‍ മറന്നപോലെ വളരെ ഇഴഞ്ഞാണു ഓട്ടം. ഓരോ കുഴിയും വളരെ സൂക്ഷിച്ച് ഇറങ്ങി അതിന്നകത്തെല്ലാം പരിശോധന നടത്തി സാവകാശം കയറി വന്ന്‍ വീണ്ടും അടുത്തതില്‍ ഇറങ്ങി… അങ്ങിനെ പ്രാവ് നടക്കുന്നത്പോലെയാണ് നഗരത്തിരക്കില്‍ ആ ഓട്ടോ ഓടുന്നത്. എനിക്കൊപ്പം പുറപ്പെട്ടവരൊക്കെ വീട്ടില്‍ എത്തി പുതച്ച് മൂടി ഉറങ്ങിയെന്നു തോന്നിപ്പിക്കുന്ന അവസ്ഥ… ഒടുക്കം ഇറങ്ങേണ്ട സ്ഥലത്ത് എത്തി പണം നല്‍കവേ ഞാന്‍ ചോദിച്ചു.
ഓട്ടോക്ക് കുഴപ്പം ഉണ്ടെങ്കില്‍ അത് തീര്‍ത്തിട്ട് ഓടുന്നതല്ലേ നല്ലത്..?
അദ്ദേഹത്തിന്റെ ഉത്തരം എന്നെ വല്ലാതെ വേദനിപ്പിച്ചു.
“ഓട്ടോക്കല്ല. എനിക്കാണു സാറേ കുഴപ്പം. നടു അനക്കാന്‍ വയ്യ. പൊള്ളുന്ന വേദന. രാവിലെ കയറി ഇരുന്നതാ. ഇനി പോലീസ് പിടിച്ചാപോലും ഇറങ്ങാന്‍ പറ്റില്ല. അത്രക്കും വേദനയാ ചിലപ്പോ. വൈകീട്ട് വീട്ടില്‍ എത്തിയാല്‍ ഭാര്യ സഹായിക്കണം ഇറങ്ങാന്‍..”
അത് പറയുമ്പോള്‍ ആ മനുഷ്യന്റെ കണ്ണുകളില്‍ വേദനയുടെ തീ എരിയുന്നത് ഞാന്‍ കണ്ടു.
“സ്പീഡില്‍ ഓടിക്കാന്‍ വയ്യ. അതുകൊണ്ട് ആര് കയറിയാലും പതിയെ പോയാ പോരെ എന്ന് ചോദിക്കും. ചിലര്‍ക്ക് സമ്മതാവില്ല. അപ്പോള്‍ ആ ഓട്ടം വിടും. ചിലര്‍ വഴക്ക് പറയും. അവര്‍ക്ക് വേറെ ഓട്ടോ പിടിച്ചു കൊടുക്കും.”
“ഇങ്ങിനെ വേദനിച്ച് ഒടിക്കണോ…?”
“സഹിക്കാന്‍ പറ്റാതാവുമ്പോ പോയി ഒരിഞ്ചക്ഷന്‍ എടുക്കും.അല്ലാതെന്താ ചെയ്യ. ജീവിക്കണ്ടെ… ”
34 വയസ്സിന്നു താഴെയാണ് ആ മനുഷ്യന്‍. മുച്ചക്ര വാഹനം കുഴികളില്‍ ചാടിച്ചാടി ഓടിച്ചാവും അരക്കെട്ടിലെ നട്ടെല്ലില്‍ കശേരുക്കള്‍ തെന്നി വേദനയില്‍ പൊതിഞ്ഞു നില്‍ക്കുന്നത്. വേദനയുള്ള അയാള്‍ക്ക് ഈ ജോലി ഒരിക്കലും ഇനി ചേര്‍ന്നതല്ല. ചേരുന്ന ജോലി കണ്ടെത്തിയാലും വേദന അവിടെ ഇറക്കി വെക്കാന്‍ പറ്റില്ലല്ലോ…
വേദന.. ചില വേദനകളെയും വേദനിക്കുന്നവരെയും .. അവര്‍ക്കു മുന്നില്‍ വേദനയില്ലാതെ നില്‍ക്കുമ്പോള്‍ നമ്മള്‍ അറിയുന്നുപോലും ഇല്ല..