20 Apr 2012

നിലാവിന്റെ വഴി

ശ്രീ പാർവ്വതി

നിങ്ങള്‍ പറയൂ, "എനിക്ക് ഭ്രാന്തുണ്ടോ? "


ഞാനൊരു ഭ്രാന്തിയാണെന്നു കേള്‍ക്കാന്‍ എനിക്കെന്തിഷ്ടമാണെന്നോ... കേള്‍ക്കുമ്പോള്‍ പലര്‍ക്കും നെറ്റിചുളിയുന്നുണ്ടാകാം, പക്ഷേ ഒന്നു സ്വയം സംസാരിച്ചു നോക്കൂ, നിങ്ങളിലേയ്ക്കു തന്നെ ഒന്നു നോക്കൂ, ഒരു ലേശം വട്ട് നിങ്ങള്‍ക്കുമിഷ്ടമല്ലേ... അതൊരു മനശാസ്ത്രമാണ്. ഭ്രാന്തുള്ളവരോട് നമുക്ക് ലേശം അനുകമ്പയുണ്ട്, ഒരു ഉള്‍പ്പേടിയും. പക്ഷേ എന്തിനെന്നറിയാത്തൊരിഷ്ടവും.
ഡിഗ്രിയ്ക്കു പഠിക്കുമ്പോള്‍ എന്‍റെ പുസ്തകച്ചുമരുകളിലും മുറികളിലും ഞന്‍ എഴുതി ഒട്ടിച്ചു വച്ചു, കിറുക്കികളുടെ രാജകുമാരിയുടെ കൊട്ടാരത്തിലേയ്ക്കു സ്വാഗതം. വെള്ളക്കളറുള്ള എന്‍റെ ഡയറിയില്‍ കുത്തിക്കുറിച്ചു, എന്‍റെ കിറുക്ക് എനിക്കിഷ്ടമാണ്. ഉറക്കത്തിനിടയില്‍ സ്വപ്നം കണ്ടു, ആപ്പിള്‍ മരങ്ങള്‍ക്കിടയിലൂടെ വയലറ്റ് ഫ്രോക്കുമിട്ട് ഒഴുകി നടന്ന് ഏതോ മാന്ത്രിക ലോകത്തേയ്ക്ക് പറന്നു. പക്ഷേ അവിടെയെങ്ങും എനിക്കു കൂട്ടായി ഒരു ഓര്‍മ്മ പോലുമുണ്ടായിരുന്നില്ല.
എന്തു രസമാണത്, ഓര്‍മ്മകളില്ലാതെ , ഒരു തൂവലിന്‍റെ ഭാരം പോലുമില്ലാതെ കാറ്റിലലിയാന്‍...
എന്‍റെ ഡയറിയ്ക്ക് നീല പുറം ചട്ടയായിരുന്നു, അതിലെ ഒരെഴുത്ത് ഇന്നും എന്നെ നോവിക്കും,
"എന്നെ ഭ്രാന്തെടുത്തിരുന്നെങ്കില്‍....
എനിക്കറിയില്ല എന്‍റെ ജീവിതം എങ്ങോട്ടാണ്, ഒഴുകുന്നതെന്ന്, നിലയില്ലാത്ത കയം പോലെയാണെന്നു തോന്നും ചിലപ്പോള്‍, മറ്റു ചിലപ്പോഴോ ഒത്തിരി സുഗന്ധമുള്ള പൂക്കള്‍ പോലെയും, പക്ഷേ എന്‍റെ കൂട്ട്.... ആരും കൂട്ടില്ലാതെ എത്ര നാള്‍ ഇങ്ങനെ ഒറ്റയ്ക്ക്.... വല്ലാത്ത ഏകാന്തത തോന്നുന്നു.....
ഒരു മോഹം.. വെറുതേ... വെറുതേ ഒരു മോഹം... എന്‍റെ ജീവിതം ഒരു ട്രാജഡി ആയിരുന്നെങ്കില്‍... ഒരുപാട് വേദനിക്കണം. ചങ്ക് നീറി നീറി ഇല്ലാണ്ടാകണം. ആ വേദനയില്‍ തളര്‍ന്ന് കിടന്ന് എനിക് ചിരിയ്ക്കണം...."
ഇന്നതു വായിക്കുമ്പോള്‍ എന്തിനോ എന്‍റെ ഉള്ളില്‍ കിടന്ന് ഒരു സങ്കടപ്പക്ഷി വെറുതേ കരയുന്നു.. കാരണങ്ങളൊന്നുമില്ലാത്ത ഒരു കരച്ചില്‍.
എനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു, അവള്‍ക്ക് ബൈപോളാര്‍ ഡിസോഡര്‍ ആണ്. സങ്കടത്തിന്‍റെ അറ്റങ്ങളും സന്തോഷത്തിന്‍റെ വക്കുകളും അവള്‍ക്കു മുന്നില്‍ വളരെ ലാഘവത്തോടെ കിടന്നു കളിച്ചു. അവളെ എനിക്കു കിട്ടിയതില്‍ ഞാന്‍ അതീവ സന്തോഷത്തിലായിരുന്നു കാരണം അവള്‍ ഞാന്‍ തന്നെ ആയിരുന്നു. പക്ഷേ ഒരു നിമിഷത്തെ വേലിയേറ്റത്തില്‍ അവളുടെ അസുഖം തന്നെ അവളുടെ കാഴ്ച്ച മറച്ചു, അന്നു മുതല്‍ ഞാനവള്‍ക്ക് അന്യയായി, എവിടെയിരുന്നാലും നീ സുഖമായിരിക്കുക, കൂട്ടുകാരീ, ഒരുപക്ഷേ എന്നെ ചതിച്ചത് അവളോ അവളുടെ നിറം മങ്ങിയ ഓര്‍മ്മയുടേ അലകളോ.. ഇന്നുമെനിക്കറിയില്ല..... പക്ഷേ അവളുടെ പങ്കു വയ്ക്കലുകളില്‍ ഒന്നെനിക്കു മനസ്സിലായി ഈ ലോകം ഭ്രാന്തന്‍മാര്‍ക്കുള്ളതല്ല. പക്ഷേ അതിലെ വൈരുദ്ധ്യം എന്നെ ആഹ്ലാദിപ്പിച്ചു, ഇവിടെ എല്ലാവര്‍ക്കും തന്നെ ഭ്രാന്തുണ്ട്.
അവനവനെ അറിയാതെ മറ്റുള്ളവനെ അറിയാന്‍ ശ്രമിക്കുന്നവനെ എന്തു പേരിട്ടാണ്, പിന്നെ വിളിക്കേണ്ടത്?
ഓര്‍മ്മകള്‍ ഇല്ലാതിരിയ്ക്കുക തന്നെ സുഖം.
ഇന്നെനിക്ക് എന്നെ രണ്ടായി കാണാം. മാധവിക്കുട്ടിയെ കടമെടുത്താല്‍, "എന്നില്‍ മറ്റൊരാള്‍ ജീവിക്കുന്നത് ഞാനറിയുന്നു, എന്‍റെ അപര..." ചിലപ്പോള്‍ അവള്‍ വികൃത മുഖം കാട്ടി എന്നെ ഭയപ്പെടുത്തും, ചിലപ്പോള്‍ പ്രണയത്തിന്‍റെ നേര്‍ത്ത വാതിലുകള്‍ തുറന്ന് പട്ടുമെത്ത കാട്ടിത്തരും, കൂടെ ഒരുപിടി കാരമുള്ളുകള്‍ ചങ്കിലേയ്ക്ക് കുത്തിയിറക്കും.
പക്ഷേ അവളെ എനിക്കിഷ്ടമാണ്, അവളാണല്ലോ എന്നെ ഞാനാക്കിയത്...
ഇനി നിങ്ങള്‍ പറയൂ , " എനിക്ക് ഭ്രാന്തുണ്ടോ?"

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...