20 Apr 2012

മനുഷ്യബോംബ്‌


ജനാർദ്ദനൻ വല്ലത്തേരി

കഞ്ഞിയിൽ പാറ്റ ചാടുന്നത്‌ വീടുകളിൽ നിത്യേന നടക്കുന്ന ഒരു സാധാരണ സംഭവം
മാത്രമാണ്‌. അതത്രയ്ക്ക്‌  വലിയൊരു അക്രമമായി ആരും കണക്കാക്കാറില്ല.
പക്ഷേ കഞ്ഞിയിൽ ചാടിയെന്നു പറയപ്പെടുന്ന ഒരു പാറ്റയുടെ
ദുർമരണത്തെത്തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങൾ, അതിദാരുണമായ ഒരു
കൊലപാതകത്തിലാണ്‌ ചെന്നവസാനിച്ചതു.
കലത്തിൽ കഞ്ഞി കൂടുതലുണ്ട്‌ എന്നു കണ്ടപ്പോൾ കെട്ടിലമ്മ, കുഞ്ഞമ്മയോട്‌
ഇത്തിരി കഞ്ഞികൂടി തരാൻ ആവശ്യപ്പെട്ടു. കെട്ടിലമ്മയ്ക്കു
വേണ്ടീട്ടൊന്നുമല്ല. കുഞ്ഞമ്മയുടെ പങ്ക്‌ കുറയുന്നിടത്തോളം കുറയട്ടെ എന്ന
സദുദ്ദേശം മാത്രമേയുള്ളു. കുഞ്ഞമ്മ പൊന്നും പണവുമായി വന്നുകേറിയ
മരുമോളാണ്‌. പോരെങ്കിൽ, അവൾക്കു കുളിയും മാറി. ഗർഭകാലത്ത്‌ കഞ്ഞീം ചോറും
അമിതമായി കഴിച്ചാൽ വയറ്റിൽ കിടക്കുന്ന കുഞ്ഞ്‌ വലിപ്പം വയ്ക്കുകയും
തൽഫലമായി പേറിന്‌ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും. കുഞ്ഞമ്മ കലത്തിൽ
ബാക്കിയുണ്ടായിരുന്ന കഞ്ഞി പാതിമുക്കലും കെട്ടിലമ്മയുടെ
പാത്രത്തിലൊഴിച്ചു കൊടുത്തു. അതിൽ പാതി കൂടി കഴിച്ചപ്പോഴേക്കും
കെട്ടിലമ്മയ്ക്ക്‌ തികട്ടിവന്നു. ഛർദ്ദിച്ചു പോവുമെന്നും തോന്നി. ഇനി ഒരു
പറ്റ്‌ ചെല്ലാനുള്ള ഇടം പോലും വയറ്റിലില്ല. അതുകൊണ്ട്‌ കുഞ്ഞമ്മ കാണാതെ
കെട്ടിലമ്മ ആ കഞ്ഞി കാടിപ്പാത്രത്തിൽ കമഴ്ത്തിക്കളഞ്ഞു. പാത്രം
കഴുകിവയ്ക്കുന്നതിനിടയിൽ, കലത്തിൽ എന്ത്വോരം കഞ്ഞി ബാക്കിയുണ്ടാവും
എന്ന്‌ കെട്ടിലമ്മ ഏറുകണ്ണിട്ടൊന്ന്‌ നോക്കുകയും ചെയ്തു.
പറ്റ്‌ കുറവാണെങ്കിലും കഞ്ഞീം വെള്ളോംകൂടി കുടിച്ചാൽ കുഞ്ഞമ്മയുടെ
വയറുകത്ത്‌ മാറാനുള്ളതുണ്ട്‌. ഇതെന്താ വല്ല അക്ഷയപാത്രമോ മറ്റോ ആണോ?
കുടിച്ചിട്ടും കളഞ്ഞിട്ടും ഇനീം കഞ്ഞികളത്തിലുണ്ട്‌! ഇത്രേം കഞ്ഞി
കുടിക്കാനുള്ള വയറ്‌ കുഞ്ഞമ്മയ്ക്കുണ്ടോ -- വയറ്റിൽ കൊച്ചുകിടക്കുകയല്ലേ.
ചോറുചെന്ന്‌ പള്ളയ്ക്കു കുത്തിയാൽ വയറ്റിലെ പിള്ളയ്ക്കു ശ്വാസംമുട്ടും.
തത്സമയത്താണ്‌, കഞ്ഞിക്കലത്തിനടുത്ത്‌ ഒരു പാറ്റചുറ്റിപ്പറ്റി
നിൽക്കുന്നത്‌ കെട്ടിലമ്മ കണ്ടത്‌. അതിൽക്കുടുതലെന്തു വേണം! കെട്ടിലമ്മ
പിന്നീടൊന്നും നോക്കാൻ പോയില്ല. ആ പാറ്റയെ തല്ലിക്കൊന്നു കലത്തിലെ
കഞ്ഞിയിലിട്ടു. കഞ്ഞിയൊന്നും അധികം കുടിക്കണ്ടാ എന്നുപദേശിച്ചാൽ,
കുഞ്ഞമ്മയ്ക്കു തോന്നും അമ്മായിയമ്മപ്പോരുകൊണ്ടു പറയുന്നതാണെന്ന്‌! അതു
വേണ്ടല്ലോ. കുഞ്ഞമ്മ പണിയൊക്കെ ഒതുക്കി കഞ്ഞി കുടിക്കാനിരുന്നപ്പോഴാണ്‌
കണ്ടത്‌-- കഞ്ഞിയിലൊരു ചത്ത പാറ്റ. അവളൊന്നും മിണ്ടാതെ ആ കഞ്ഞി
കൊണ്ടുപോയി കാടിക്കലത്തിൽ കമഴ്ത്തി. അതു കാണാൻ കണ്ണും കാതും
കൂർപ്പിച്ചിരുന്ന കെട്ടിലമ്മ ചോദിച്ചു. 'എന്ത്യേ മോളെ, കഞ്ഞി
കാട്ടിക്കളയുന്നേ?'
'കഞ്ഞീലൊരു പാറ്റ ചാടി'
'അയ്യോ, ഒള്ള കഞ്ഞീല്‌ പാറ്റേം ചാട്യോ. അല്ലെങ്കിത്തന്നെ രണ്ടുപറ്റും
വെള്ളോം മാത്രാകലത്തിലുണ്ടായെ'.
'അത്‌ സാരോല്യമ്മേ. ഒരു നേരം കഞ്ഞികുടിച്ചില്യാന്നുവെച്ച്‌ ചത്തൊന്നും
പോവാൻ പോണില്യാ'.
കുഞ്ഞമ്മയുടെ ആ പറച്ചിൽ കെട്ടിലമ്മയ്ക്ക്‌ വളരെ ഇഷ്ടമായി. കുഞ്ഞമ്മയ്ക്കു
വെശന്നു വയറുകത്തിയപ്പോൾ, കെട്ടിലമ്മയുടെ വയറു നിറഞ്ഞു. ഈ സംഭവം
കെട്ടിലമ്മയും കുഞ്ഞമ്മയും തമ്മിലുള്ള ഒരു
ഉൾപ്പോരായിത്തീരേണ്ടതായിരുന്നു. പക്ഷേ മനുഷ്യർ ചിന്തിക്കുന്നതുപോലല്ലല്ലോ
പാറ്റകൾ ചിന്തിക്കുന്നത്‌. പാറ്റകൾ ഈ പ്രശ്നം വളരെ ഗുരുതരമായി തന്നെ
എടുത്തു. അമ്മായിയമ്മ മരുമകളോടുള്ള പഴിതീർക്കുന്നത്‌ പാറ്റകളെ
കുരുതികൊടുത്തുകൊണ്ടാണോ? കെട്ടിലമ്മയുടെ കടുംകൈ കൊല്ലപ്പെട്ട പാറ്റയുടെ
പ്രിയപത്നി സ്വന്തം കണ്ണുകൊണ്ടുതന്നെയാണ്‌ കണ്ടത്‌. പാറ്റയെ
തല്ലിക്കൊന്നു കഞ്ഞിയിലിടുമ്പോൾ താൻ മറ്റൊരു പാറ്റയെ വിധവയാക്കിയെന്ന്‌
കെട്ടിലമ്മ അറിഞ്ഞില്ല. ഭർത്താവിന്റെ അറുംകൊലയ്ക്ക്‌ സാക്ഷി നിന്ന വിധവ,
മറ്റു പാറ്റകളുടെ കൂട്ടത്തിൽച്ചെന്നു കണ്ണീരൊഴുക്കി. ആ പതിവ്രത
നെഞ്ചത്തടിച്ച്‌ ഉഗ്രശപഥമെടുത്തു: 'ഇതിനു പ്രതികാരം ചെയ്യാതെ ഞാനിനി
ജീവിച്ചിരിക്കില്യാ. കൊലയ്ക്കു കൊല!'
'അതിന്‌ നമുക്കിപ്പോൾ എന്തുചെയ്യാൻ പറ്റും, മോളെ?' വിധവയായിത്തീർന്ന
മരുമോളുടെ പ്രഖ്യാപനം കേട്ടപ്പോൾ, അമ്മായിയമ്മപ്പാറ്റ, അതായത്‌
കൊല്ലപ്പെട്ട പാറ്റയുടെ അമ്മ ചോദിച്ചു: ചത്തത്‌ തന്റെ പാറ്റമോൻ
തന്നെയാണെങ്കിലും മരുമോളുടെ കണ്ണീരു കാണാൻ കഴിഞ്ഞത്‌ ഒരു
വലിയകാര്യമായിട്ടുതന്നെയാണ്‌ തള്ളപാറ്റകണക്കാക്കിയത്‌. ഇതേമാതിരി
മനസ്സറിഞ്ഞ്‌ ആനന്ദിക്കാൻ പറ്റിയ ഒരവസരം ഈ ജീവിതത്തിലിനി കിട്ടാനില്ല.
അതിനിടയാക്കിതന്ന കെട്ടിലമ്മയോട്‌ എന്തെന്നില്ലാത്ത അടുപ്പവും നന്ദിയും
തോന്നി. മനസ്സുകൊണ്ട്‌ അത്‌ കെട്ടിലമ്മയുടെകൂടെ നിൽക്കുകയും ചെയ്തു: '
‍്നമ്മൾ പാറ്റകൾ വിചാരിച്ചാൽ കെട്ടിലമ്മയെ എന്തുചെയ്യാൻ പറ്റും?'
'അതെനിക്കറിഞ്ഞുകൂടാ. നിങ്ങൾ കെട്ടിലമ്മയെ കൊന്നാലും വേണ്ടില്യാ.
തിന്നാലും വേണ്ടില്യാ. നേരത്തോടുനേമെത്തുന്നതിനുമുമ്പ്‌ ഇതിനൊരു പരിഹാരം
കണ്ടില്ലെങ്കിൽ ഞാൻ കെട്ടിലമ്മയുടെ ഉച്ചക്കഞ്ഞിയിൽ ചാടിച്ചാവും. ഇതു
സത്യം. മരിച്ചുപോയ എന്റെ മക്കടച്ഛനാണെ, സത്യം.' അശരണയായിതീർന്ന ആ പാറ്റ
മക്കളുടെ തലയിൽത്തൊട്ട്‌ സത്യം ചെയ്തു. ആ നിഗ്രഹക്രോധം മറ്റു
പാറ്റകളിലേക്കും പകർന്നു. പാറ്റകൾ ഇളകി. അമ്മയുടെ ചുറ്റും
കൂടിനിന്നുകൊണ്ട്‌ പാറ്റമക്കൾ കരഞ്ഞു. 'ഞങ്ങൾ, മക്കൾ ജീവിച്ചിരിക്കുമ്പോൾ
അമ്മ ആ പിശാചുമോറിത്തള്ളയുടെ ഉച്ചക്കഞ്ഞിയിൽ ചാടിമരിക്കുകയോ! എങ്കിൽ
പിന്നെ എന്തിനാണ്‌, ഞങ്ങൾ അമ്മയുടെ വയറ്റിൽ മക്കളായി പിറന്നത്‌? അച്ഛന്റെ
ചോരയ്ക്ക്‌ അമ്മേ, ഞങ്ങൾ പകരം ചോദിക്കും. അമ്മയാണെ, സത്യം.'
അങ്ങനെ ആ പാറ്റക്കുടുംബം ഒരുറച്ച തീരുമാനത്തിലെത്തി. കെട്ടിലമ്മയെ ഇനി
കഞ്ഞി കുടിപ്പിക്കില്ല, സത്യം.
ആ ഗോ‍ൂഢാലോചനയിൽ പങ്കെടുക്കാതെ ഒഴിഞ്ഞുമാറിനിന്ന ഏകപാറ്റ അമ്മായിയമ്മ
പാറ്റയാണ്‌. കൊല്ലപ്പെട്ട പാറ്റയുടെ അമ്മ. മോൻ ചത്തതിലല്ല ദു:ഖം,
മരുമോളുടെ കണ്ണീര്‌ തോരാതിരിക്കാനെന്തു വിദ്യ? അതു മാത്രമായി
തള്ളപാറ്റയുടെ വിചാരം. കെട്ടിലമ്മയ്ക്കെതിരെ പാറ്റകൾ നടത്തുന്ന
ഗോ‍ൂഢാലോചന എങ്ങനെ തകർക്കണം എന്നു ചിന്തിച്ചുകൊണ്ട്‌ ആ തള്ള പാറ്റ
ചുമരിലിരുന്നു. അതേ ചുമരും ചാരി നിന്നുകൊണ്ട്‌, കെട്ടിലമ്മയും
ചിന്തിച്ചതു അതേ വഴിക്കുതന്നെയാണ്‌. കാലത്ത്‌ കുഞ്ഞമ്മയുടെ
കഞ്ഞികുടിമുട്ടിച്ചു. ഇനി ഉച്ചയ്ക്കെന്തുചെയ്യും. അപ്പോഴാണ്‌ കെട്ടിലമ്മ
തന്റെ പക്ഷം ചേർന്നുകൊണ്ട്‌ ചുമരിലിരിക്കുന്ന അമ്മായിയമ്മപ്പാറ്റയെ
കണ്ടത്‌. അതും, തന്നെപ്പോലെ, മരുമോളെയോർത്ത്‌ തലപുകയ്ക്കുന്ന ഒരു
അമ്മായിയമ്മയാണെന്നറിയാതെ കെട്ടിലമ്മ കൈപ്പത്തികൊണ്ട്‌ ഒറ്റയടിയ്ക്ക്‌
അതിനെ കൊന്നെടുത്ത്‌ മടിയിൽവച്ചു. കെട്ടിലമ്മയ്ക്കു സമാധാനമായി. ഇതിനെ
കുഞ്ഞമ്മയുടെ ഉച്ചക്കഞ്ഞിയിലിടാം. ഇനി ആ നേരത്ത്‌ പാറ്റയെ പിടിക്കാൻ
ഓടിനടക്കണ്ടല്ലോ. ഒരു പാറ്റ കൈയിൽ സ്റ്റോക്കിരിക്കുന്നത്‌ എന്തുക്കൊണ്ടും
നല്ലതാണ്‌.
പാറ്റകുലത്തെയാകമാനം ഒറ്റിക്കൊടുക്കാൻ തരം നോക്കിയിരുന്ന ആ
അമ്മായിയമ്മപ്പാറ്റ, അതർഹിച്ചതുപോലെ തന്നെ, തീർത്തും ഹീനവും അപമാനകരവുമായ
രീതിയിൽ തന്നെ കൊല്ലപ്പെട്ട വിവരം മറ്റു പാറ്റകൾ അറിഞ്ഞതേയില്ല.
ഉച്ചയ്ക്ക്‌ ഊണു തയ്യാറായപ്പോൾ കെട്ടിലമ്മ കുഞ്ഞമ്മയോട്‌ പറഞ്ഞു. 'എന്റെ
ചോറ്‌, കഞ്ഞീം വെള്ള്വായിട്ട്‌ ഇഞ്ഞ്‌ തന്നേരേ മോളെ.'
കെട്ടിലമ്മ കഞ്ഞിയേ കുടിക്കൂ. ഇവർക്കെന്താണ്‌ ഈയിടെ
തിന്നെണീക്കുന്നതിനുമുമ്പേ വീണ്ടും വിശപ്പുകേറുന്നതെന്നാലോചിച്ചുകൊണ്ട്‌
കുഞ്ഞമ്മ കഞ്ഞിവിളമ്പി കെട്ടിലമ്മയുടെ മുമ്പിൽ വച്ചു കൊടുത്തു.
കെട്ടിലമ്മ കഞ്ഞിയിൽ ഉപ്പൊഴിച്ച്‌ ഒന്നിളക്കിയതേയുള്ളു. അപ്പോഴാണ്‌
ചുമരിന്റെ പഴുതിൽ കെട്ടിലമ്മയുടെ ഓരോ നീക്കവും സസൂക്ഷ്മം
വീക്ഷിച്ചുകൊണ്ടിരുന്ന പാറ്റകളുടെ ആത്മാഹുതി സംഘത്തിൽനിന്നൊരെണ്ണം
കെട്ടിലമ്മയുടെ കഞ്ഞിയിലേക്കു ചാടിയത്‌.
'അയ്യേ--- കഞ്ഞീ പാറ്റചാടി'
കെട്ടിലമ്മ പറഞ്ഞുതീരുന്നതിനുമുമ്പ്‌ രണ്ടു പാറ്റകൾ കൂടി പറന്നുവന്നു.
ഒന്ന്‌ കെട്ടിലമ്മയുടെ കൂട്ടാനിലും അതിനുപിന്നാലെ മറ്റൊന്നു
മല്ലിവെള്ളത്തിലും ചാടി.
'പാറ്റയോ?' എന്നു ചോദിച്ചുകൊണ്ട്‌ കുഞ്ഞമ്മ അടുക്കളയിൽനിന്നും
കടന്നുവന്നപ്പോഴേക്കും മൂന്നു പാറ്റകളും കൂടി കഞ്ഞിയിലും കൂട്ടാനിലും
കെടന്നൊന്നു പിടച്ചുപിടച്ചുകേറി വീണ്ടും പൊങ്ങി പറന്നുപോയി.
ബോംബിട്ടുകൊണ്ട്‌ ഇരച്ചുപോയ പോർ വിമാനങ്ങളെപ്പോലെ കഞ്ഞിയിൽ ചാടിയ പാറ്റകൾ
പറന്നകന്നതും നോക്കി കെട്ടിലമ്മ ഇരിക്കുമ്പോൾ കുഞ്ഞമ്മ കഞ്ഞിയിലും
കൂട്ടാനിലും ചത്ത പാറ്റയെ ചിക്കിതിരഞ്ഞുനോക്കി. പാറ്റയുടെ പൊടിപോലുമില്ല.
'ഇതിലെങ്ങും ഒരു പാറ്റേംകൂറേം ല്യാ, അമ്മയ്ക്കു തോന്നീതാവും.'
തനിക്കു തോന്നിയതല്ലെന്നു കെട്ടിലമ്മയ്ക്കുറപ്പാണ്‌. പോരെങ്കിൽ ചത്തു
ചീർത്ത ഒരു പാറ്റ മടിയിലിരിപ്പുണ്ടല്ലോ. തന്റെ കഞ്ഞികുടി കഴിഞ്ഞിട്ട്‌
അതിനെ മരുമോളുടെ ചോറിൽ കുഴിച്ചിടാമെന്നാണ്‌ കെട്ടിലമ്മ ഉദ്ദേശിച്ചതു. അതു
പൊളിഞ്ഞു.
'ഇനിയെന്തു ചെയ്യും? വേറെ കഞ്ഞീല്യല്ലോ, അമ്മേ.'
'അപ്പോ നിന്റെ ചോറെന്ത്യേ?'
'എന്റെ കഞ്ഞീല്‌ കാലത്ത്‌ പാറ്റചാടില്യേ. വെശന്നു പ്രാണൻ കത്തീട്ട്‌ ഞാൻ നേരത്തെ
ചോറുണ്ടു.'
എന്തൊരു പ്രഹരം. കെട്ടിലമ്മയുടെ വിശപ്പിനു തീപിടിച്ചു.
'നീയാളു കൊള്ളാലോ!' കെട്ടിലമ്മ കെറുവിച്ചു. 'നീയെന്നെ പട്ടിണിക്കിട്ടു
കൊല്ലാൻ പോവാണോ?'
'അതിന്‌ അമ്മേടെ കഞ്ഞീല്‌ പാറ്റ ചാടീതിന്‌ ഞാനെന്തു പെഴച്ചു. ഞാൻ പാറ്റയെ
തല്ലിക്കൊന്നിട്ടതൊന്ന്വല്ലല്ലോ.'
തന്റെ മടിയിലിരുന്ന്‌ ചത്ത പാറ്റ പിടയ്ക്കുന്നതുപോലെ കെട്ടിലമ്മയ്ക്കു
തോന്നിപ്പോയി, അതു കേട്ടപ്പോൾ. പാറ്റ പുറത്തുചാടുമോ എന്നു പേടിച്ച്‌
കെട്ടിലമ്മ മടി അടക്കിപ്പിടിച്ചു. ഉച്ചയ്ക്ക്‌ എന്തായാലും കെട്ടിലമ്മ
കരിം പട്ടിണിയായി. അതിനിനി നീക്കുപോക്കില്ല. ഗത്യന്തരമില്ലാതെ
കട്ടിലിൽക്കേറി മലങ്കിടപ്പു കിടന്നു. മടിയിൽ കൊന്നുവച്ചിരിക്കുന്ന
പാറ്റയുടെ ശവസംസ്ക്കാരം നടത്താൻ കഴിയാഞ്ഞതിലാണ്‌ കെട്ടിലമ്മയ്ക്ക്‌ ഏറെ
സങ്കടം. എന്നാലിനി ഇതിനെ അവളുടെ അത്താഴത്തിൽ കുഴിച്ചുമൂടിയിട്ടു തന്നെ
കാര്യം. അത്താഴം കാലായപ്പോൾ കെട്ടിലമ്മ പതിവിലും നേരത്തെ തന്റെ പങ്ക്‌
വിളമ്പിയെടുത്തുകൊണ്ട്‌ കലത്തിൽ ശേഷിച്ച ചോറിൽ പാറ്റയുടെ ശവം
സംസ്ക്കരിച്ചു: ഇന്ന്‌ രണ്ടും കൂടി, മോനും മരുമോളും കൂടി,
പൊത്തിപ്പിടിച്ചു പട്ടിണി കിടക്കട്ടെ.
പക്ഷേ, കെട്ടിലമ്മയെ അങ്ങനെ തീറ്റാൻ പാറ്റകൾ വിട്ടില്ല. പാറ്റകൾ അതിനകം
മൂന്ന്‌ ഗ്രൂപ്പായി തിരിഞ്ഞു. പെൺപാറ്റകൾ എല്ലാം കൂടി ഒരു നേരത്തെതന്നെ
ആത്മാഹൂതി സംഘം രൂപീകരിച്ചിരുന്നു. രക്തസാക്ഷിയായ പാറ്റയുടെ വിധവ അതിന്റെ
നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. കെട്ടിലമ്മയെ
കഞ്ഞികുടിപ്പിക്കാതിരിക്കാൻ വേണ്ടിവന്നാൽ കഞ്ഞിയിൽച്ചാടി
ആത്മഹത്യചെയ്യാനും ഒരോ പാറ്റയും തീരുമാനിച്ചു. ആൺപാറ്റകൾ ഒരു
കൊടുംഭീകരസംഘടനയുണ്ടാക്കി. തീവ്രവാദികളുടെ ഒരു പ്രത്യേക "പാറ്റ ബോംബ്‌
സ്ക്വാഡ്‌" കെട്ടിലമ്മയെ അന്നുരാത്രിതന്നെ നിഷ്കരുണം വധിക്കാനുള്ള പ്ലാൻ
തയ്യാറാക്കി. ഒരു നിമിഷം പോലും കെട്ടിലമ്മയെ ഇനി ജീവനോടെ ഈ ഭൂമുഖത്ത്‌
വച്ചേക്കാൻ പറ്റുകയില്ലെന്നു ഭീകരന്മാർ വാശിപിടിച്ചു. ചില പാറ്റകൾ
കെട്ടിലമ്മയെ ഒറ്റയടിക്കു കൊന്നുകളയാതെ, കൊല്ലാക്കൊല കൊന്നാൽ മതിയെന്നും
വാദിച്ചു. എങ്കിലും ഒരു കാര്യത്തിൽ മാത്രം എല്ലാ പാറ്റ ഭീകരന്മാരും
ഒന്നിച്ചു. കെട്ടിലമ്മയെ കൊല്ലണം. കഞ്ഞികുടി മുട്ടിച്ചിട്ടായാലും, ബോംബ്‌
വച്ചായാലും ഇഞ്ചിഞ്ചായിട്ടായാലും. ഇതൊന്നുമറിയാതെയാണ്‌ കെട്ടിലമ്മ
കഞ്ഞികുടിക്കാനിരുന്നത്‌. പാറ്റകളുടെ സൈഡിൽ നിന്നും അത്തരത്തിൽ
നിഷ്ഠൂരവും മനുഷ്യത്വരഹിതവുമായ ഒരു പ്രത്യാക്രമണം കെട്ടിലമ്മ
പ്രതീക്ഷിച്ചിരുന്നതേയില്ല. അത്രയ്ക്കു വലിയ അപരാധമൊന്നും അവർ
ചെയ്തിട്ടുമില്ലല്ലോ. പക്ഷേ, ഒരു പറ്റം പാറ്റകൾ എവിടെന്നൊക്കയോ
ചീറിപ്പാഞ്ഞുവന്ന്‌ കെട്ടിലമ്മയുടെ കഞ്ഞിപ്പാത്രത്തിലേക്കു ചാടിവീണു.
'പാറ്റ!
'പിന്നെയും പാറ്റയോ?'
കെട്ടിലമ്മയുടെ അലർച്ച കേട്ടപ്പോൾ കുഞ്ഞമ്മയും അവളെ കെട്ടിയിരുന്നവനും
ഓടിപ്പാഞ്ഞു വന്നു. ഇത്തവണ കെട്ടിലമ്മയുടെ ചുറ്റും പാറ്റകളുടെ ഒരു
പടതന്നെയുണ്ടെന്ന്‌ കുഞ്ഞമ്മ കണ്ടു. അവൾ പാറ്റകളെ തട്ടിമാറ്റിക്കൊണ്ടു
പറഞ്ഞു.
'അമ്മയ്ക്ക്‌ ഞാൻ വേറെ കഞ്ഞിതരാം.'
'എനിക്കു വേണ്ട.'
കെട്ടിലമ്മ കൈകുടഞ്ഞെണീറ്റു. ഇനി തരാൻ പോവുന്നതിലും പാറ്റ
ചത്തുകിടപ്പുണ്ടെന്ന്‌ കെട്ടിലമ്മയ്ക്കല്ലേ അറിയാവൂ. ചത്ത പാറ്റയുടെ
പൈന്തുണ തനിക്കുണ്ടെങ്കിലും ഈ ഭൂലോകത്തുള്ള മറ്റെല്ലാ പാറ്റകളും
മരുമോളുടെ കൂടെക്കൂടി തന്നെ തോൽപിക്കാനിറങ്ങിയിരിക്കുകയാണെന്നു
തോന്നിയപ്പോൾ കെട്ടിലമ്മ പാറ്റകളെ അടച്ചു പ്‌രാവി:
'ഇതേതാണ്ട്‌ കൂടോത്രാ!'
'പാറ്റകൾക്കെന്താ അമ്മയോടുമാത്രമിത്രവൈരാഗ്യം?' കാര്യത്തിന്റെ
ഉള്ളുക്കളികളൊന്നും അറിയാതെ മോൻ ചോദിച്ചു: 'അമ്മേടെ കഞ്ഞീലുമാത്രം പാറ്റ
ചാടാൻ?'
'അമ്മേടേല്‌ മാത്രോല്ലാ, നിന്റേലും ചാടും!'
അന്നുരാത്രി പാറ്റകൾ വീണ്ടും കെട്ടിലമ്മയെ ആക്രമിച്ചു. താൻ
പട്ടിണിയാണെങ്കിലും മറ്റുരണ്ടെണ്ണത്തിന്റെയും അത്താഴം മുടക്കാനെങ്കിലും
തനിക്കു കഴിഞ്ഞല്ലോ എന്ന ഒറ്റ ആശ്വാസംകൊണ്ടാണ്‌, കെട്ടിലമ്മ ഒന്നു
കണ്ണടച്ചതുതന്നെ. ആ തക്കത്തിന്‌ മൂന്ന്‌ പാറ്റകൾ കെട്ടിലമ്മയുടെ കിറിയും
ചുണ്ടും നക്കിക്കീറി. വായ തുറന്നുപിടിച്ചാണ്‌ കെട്ടിലമ്മ
കിടന്നിരുന്നത്‌. സ്വയം പാറ്റബോംബായി ഒരു ഭീകരൻ കെട്ടിലമ്മയുടെ
വായ്ക്കകത്തേക്കു നൂണ്ടുകേറി. അരംകൊണ്ടു രാവുന്നതുപോലെ ആ പാറ്റ
കെട്ടിലമ്മയുടെ വായ്ക്കകത്തെ തൊലി മുഴുവനും നക്കിപ്പൊളിച്ചു. വായ
നീറിയപ്പോഴാണ്‌ കെട്ടിലമ്മ ഞെട്ടി കണ്ണുതുറന്നത്‌.
എഴുന്നേൽക്കുന്നതിനിടയിൽ കെട്ടിലമ്മയുടെ വായകൂടിപ്പോയി;
വായ്ക്കകത്തകപ്പെട്ട ഭീകരൻ രക്ഷപ്പെടാനൊന്നും നോക്കാതെ നേരെ
കെട്ടിലമ്മയുടെ തൊണ്ടയിലേക്കിറങ്ങി. അണ്ണാക്കിലിരുന്ന്‌ പാറ്റ
പിടച്ചപ്പോൾ കെട്ടിലമ്മ അറിയാതെ വായ തുറന്നു-- തുമ്മാൻ! അതുവഴി മറ്റു
രണ്ടു പാറ്റകളും തന്റെ വായിലേക്ക്‌ കേറിപ്പോയത്‌ കെട്ടിലമ്മ അറിഞ്ഞു.
ശ്വാസനാളം അടഞ്ഞുപോയതുകൊണ്ട്‌ തുമ്മൽ പുറത്തുവന്നില്ല. അകത്തിരുന്നു
പുകഞ്ഞുപൊട്ടിയ ബോംബിന്റെ പ്രകമ്പനത്തിൽ കെട്ടിലമ്മ നിലത്തുവീണു പിടച്ചു.
ഉരുണ്ടു, പിറണ്ടു. മറ്റു രണ്ടുപാറ്റകൾ അന്നനാളം വഴി കെട്ടിലമ്മയുടെ
ചെറുകുടൽ മുതൽ വൻകുടൽ വരെ കരണ്ടു തുളച്ചു. എന്തൊക്കെയോ അപശബ്ദങ്ങൾകേട്ട്‌
മോനും മരുമോളും ഓടിയെത്തിയപ്പോൾക്കണ്ട കാഴ്ച ഈ മനുഷ്യജന്മത്തിലാരും കണ്ടു
കാണുകയില്ല.
'എന്ത്യേ അമ്മേ?'
'അതിനുത്തരമായി കെട്ടിലമ്മ അതിഘോരമായി ഓക്കാനിച്ചു. അന്നു രാത്രി
മുഴുവനും ഛർദ്ദിച്ചിട്ടും ഒറ്റപാറ്റപോലും പുറത്തുവന്നില്ല.
കെട്ടിലമ്മയുടെ വയറ്റിലേക്ക്‌ അതിക്രമിച്ചും ആക്രമിച്ചും കടന്ന ആ പാറ്റ
ഭീകരന്മാരെ പറ്റി പിന്നീടൊരു വിവരവുമില്ല. ഓക്കാനിച്ച്‌,
ഓക്കാനിച്ചോക്കാനിച്ച്‌ കെട്ടിലമ്മയ്ക്ക്‌ ഭ്രാന്തുപിടിച്ച മട്ടായി.
കൈകാലുകളും ചിറകുകളും മുറിച്ചിട്ട ഒരു പാറ്റയെപ്പോലെ കെട്ടിലമ്മ
തലകുത്തിമറിയുകയാണ്‌. മോനും മരുമോളുംകൂടി കൂട്ടടങ്ങലം പിടിച്ചിട്ടും
പിടികിട്ടാതെ കെട്ടിലമ്മ പിടയ്ക്കുകയോ, പെടുക്കുകയോ, കിടുങ്ങുകയോ,
കിടക്കുകയോ, ഇരിക്കുകയോ, നിൽക്കുകയോ, തുള്ളുകയോ, ചാടുകയോ, ഓടുകയോ,
കരയുകയോ, ചിരിക്കുകയോ എന്തൊക്കെയോ ചെയ്യുന്നുണ്ട്‌.
പക്ഷേ, ഒന്നും മിണ്ടുന്നില്ല.
സ്ഫോടനംപോലെ ഓക്കാനം മാത്രം.
പൊട്ടിച്ചീറുന്ന തുമ്മലുകൾ മാത്രം.
കെട്ടിലമ്മയുടെ മർമ്മം പിളരുന്നു.
കെട്ടിലമ്മ തകർന്നു തെറിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...