സതീശൻ പയ്യന്നൂർ
ഒരു മൌനിയുണ്ട്!
വിസ്തരിക്കട്ടേ!
ചതുരത്തിൽ
രണ്ടു തട്ടുള്ള ആട്ടുകട്ടിലിൽ
സ്വപ്നം കണ്ടുറങ്ങാത്ത
മലർപ്പൊടിക്കാരൻ!
ഇക്കിളിയാക്കിയാലോ?
ചിരിക്കട്ടേ!
മുഖമടച്ചൊന്ന് കൊടുത്താലോ?
പ്രതികരിക്കട്ടേ!
സാന്ത്വനിപ്പിച്ചൊന്ന് നോക്കിയാലോ?
കരയട്ടേ!
മൌനിയായ് ഇനിയെത്ര നാൾ?
ഊഷരഭൂമിയുടെ ലഡു തിന്ന്
മധുമേഹം വന്നയാൾ!
പ്രവാസത്തിന്റെ കൊഴുപ്പു ഭക്ഷിച്ച്
ഹൃദയം തകർന്നയാൾ!
ബൾബിന്റെ പൊട്ടിയ ഫിലമെന്റ്
കൂട്ടി മുട്ടിച്ചപോലെ തെളിഞ്ഞു കത്തുന്നു!
നല്ല പ്രകാശമുണ്ട് ..ഇല്ലേ?
ജരാനര ബാധിച്ചിട്ടില്ല!
പുരുവിനോട് യയാതി
വാങ്ങിയ യൌവ്വനം പോലെ
ഏതോ കമ്പനി പ്രധാനം
ചെയ്ത യൌവ്വനം!
നാക്കിനു ചങ്ങലയുണ്ട്!
കാലിനു കാൽതളയുണ്ട്!
വെളിച്ചം കണ്ടപ്പോൾ
കെടുത്തണമത്രേ!
ചുണ്ടിൽ കൈ വെച്ച്
ശബ്ദിക്കരുതെന്ന് ആവശ്യപ്പെടുന്നു.
ശബ്ദം അലർജിയായതു കൊണ്ടാണോ?
കാതിൽ മന്ത്രിച്ചാൽ മതിയത്രെ!
ചുവരിനു പോലും കാതുണ്ടത്രെ!
“സ്വർഗ്ഗതുല്ല്യ ജീവിതം!
നിത്യം രാജഭോജനമാകും അല്ലേ?”
ആരോ ചോദിക്കുന്നുണ്ടോ.?
പരിഹാസമാണോ?
അതോ അറിവില്ലായ്മയോ?
മെല്ലേ സൂക്ഷിച്ചു നോക്കി!
രാജാവിന്റെ ഗാംഭീര്യമുദ്ര
ആരോ വെറുതെ പതിച്ചിരിക്കുന്നു!
അവശേഷിച്ച അമൂല്യനാണയ മൂല്ല്യമായ
കുബ്ബൂസ്സെടുത്ത്
റബ്ബറു പോലെ വലിച്ച് പറിച്ച്
ഇത്തിരിക്കറി കൂട്ടി
ചവച്ചു ചവച്ച് ചവച്ച്..!
ഇത്തിരി പച്ചവെള്ളം,
അമൃതു പോലെകുടിച്ച്,
ഏമ്പക്കമിട്ട്…
വീണ്ടും സ്വപ്നത്തിലേക്ക് കടന്നു പോകാൻ,
വേച്ചു വേച്ച് കട്ടിലിലേക്ക്…!