21 Apr 2012

എന്റെ യാത്രകള്‍...

ഷാജഹാൻ നന്മണ്ടൻ

ഈയിടെയായി എന്റെ യാത്രകള് സ്വപ്നങ്ങളില് കൂടെയാവുന്നത് യാദൃശ്ചികമായിരുന്നു. പലസ്തീനും ഇറാക്കും മിസ്റും കടന്നു സമീര്ജിഹാഫിയെത്തേടി ഞാന് യമനിലേക്ക് യാത്ര തിരിച്ചു.

അവനെത്തേടി മുമ്പൊരു തവണ ഞാന് യമനിലേക്ക് യാത്രചെയ്തിരുന്നു എന്നാണോര്മ്മ. പക്ഷേ പാതിവഴിയില് ആദില്ശുഐബി എന്നെ കഥ പറയാന് നിര്ബന്ധിച്ചപ്പോള് ഞാന് തല്ക്കാലത്തേക്ക് യാത്ര അവിടെ അവസാനിപ്പിക്കുകയായിരുന്നു.കഥകളോടുള്ള ഭ്രമമെന്നെ യാത്ര നിര്ത്തുവാന് പ്രേരിപ്പിച്ചു എന്നതാണ് സത്യം.

മരുഭൂമി താണ്ടുമ്പോള് ഒറ്റയാവാതിരിക്കാനാവണം ഒരു കാറ്റ് എന്നെ അനുധാവനം ചെയ്തിരുന്നു.തണുപ്പിന്റെ ആരംഭത്തിനായി ഒരു കുഞ്ഞുമഴ പെയ്തുലര്ന്ന മരുഭൂമി ലാസ്യഭാവത്തോടെ മയങ്ങിക്കിടന്നു.

കാറ്റ് തെളിയിച്ചു തന്ന പാതയിലൂടെ ഞാന് തായിസും ,എബും ,ഹളറമൌത്തും കടന്നു സമീര് ജിഹാഫിയുടെ ഗ്രാമം തേടി യാത്ര തുടര്ന്നു.
പത്തിരുപതു വര്ഷങ്ങള്ക്കു മുമ്പായിരുന്നു അറേബ്യയില് ഞാനും സമീറും ആദില്ശുഐബിയും ഒരുമിച്ചു ജോലി ചെയ്തിരുന്നത്.

സിമന്റു ചാക്കുകള് അട്ടിയിട്ട ഗോഡൌണിന്റെ ഒഴിഞ്ഞ മൂലയിലിരുന്നു ഞാന് കഥ പറയുമ്പോള് ആദില്ശുഐബി ഉറക്കം തുടങ്ങാറാണ് പതിവ്. പകരം സമീര്ജിഹാഫി എന്റെ കഥകള് ജിജ്ഞാസയോടെ ശ്രവിക്കുകയും എന്നോട് പല ചോദ്യങ്ങളും ചോദിക്കുകയും ചെയ്യുമായിരുന്നു.

മരുഭൂമിയിലെ തണുപ്പേറിയ കനത്ത കാറ്റ് ഗോഡൌണിന്റെ തകരച്ചുവരുകളില് ഏല്പിച്ച താഡനമേറ്റ് ചുവരിന് ചാരിവെച്ച സിമന്റു ചാക്കുകള് കട്ടിയായിപ്പോയത് ആദില്ശുഐബി കണ്ടുപിടിച്ച വൈകുന്നേരമാണ് സമീര്ജിഹാഫി എനിക്ക് കഥകള് പറഞ്ഞുതരാന് ആരംഭിച്ചത്.

ഗൃഹാതുരതയും കുട്ടിക്കാലവും പ്രണയവും പറഞ്ഞു നിര്ത്തിയിടത്തു അല്പം നാണത്തോടെ വീണ്ടുമവന് തുടര്ന്നത് എന്റെ ജിഞാസകളെ ആകാശത്തോളം ഉയര്ത്തുകയും സദാചാരത്തിന്റെ അതിര്വരമ്പു ലംഘിക്കുന്ന വൃത്തികെട്ട സംസ്കാരത്തോട് ഒടുങ്ങാത്ത പുച്ഛവും എന്നില് അവശേഷിപ്പിക്കാനായിരുന്നു.

സമീര്ജിഹാഫിയുടെ ഉമ്മ വളര്ത്തുന്ന പെണ്കഴുതയെത്തേടി രാത്രികാലങ്ങളില് യുവാക്കള് വരുമത്രേ.ഉമ്മ എത്ര കരുതലോടെ ആല പൂട്ടിയിട്ടാലും പിറ്റേ ദിവസം പുലരുമ്പോളത് തകര്ത്തിരിക്കും.ഗ്രാമത്തില് പെണ്കഴുതകളെ വളര്ത്തുന്ന ഓരോ വീട്ടിലെയും സ്ഥിതി ഇതായിരുന്നത്രേ.

ഇത്രയും പറഞ്ഞു നിര്ത്തിയപ്പോള് ആദില്ശുഐബി ഓടിവന്നു സമീര്ജിഹാഫിയുടെ വായ പൊത്തിയപ്പോള് അവന്റെ കഥകള് മുറിഞ്ഞു.പിന്നെ അല്പം ഗാത്ത് വാങ്ങി വലതുചെള്ളയില് തിരുകിവെച്ച് മയങ്ങിത്തുടങ്ങി.
മഴ പതിച്ചിട്ട ചെറുകുന്നുകള്ക്കു മുകളിലെ ഇലകള്കാണാതെ വിരിഞ്ഞ മഞ്ഞപ്പൂക്കള് നിറഞ്ഞ പടരന്ചെടികളില് കാറ്റിന്റെ ശകലങ്ങള് പയ്യാരം പറഞ്ഞു കയറിയിറങ്ങി.
രാജ്യത്തെ ഉള്ഗ്രാമങ്ങളില് സുലഭമായി കൃഷി ചെയ്തുവരുന്ന ഗാത്ത് അനധികൃതമായി മറ്റൊരു രാജ്യത്തേക്ക് കടത്തുന്ന കണ്ണികളില് ഒരാളാണ് സമീര് ജിഹാഫിയെന്ന അറിവായിരുന്നെന്നു തോന്നുന്നു ഞങ്ങള് വഴിപിരിയാനുള്ള കാരണം.
വിളവെടുപ്പിനു പാകമായ ഗാത്ത്പാടങ്ങളിലേക്ക് നോക്കി വിതുമ്പിയ സമീര്ജിഹാഫിയുടെ ഉമ്മയുടെ മുഖത്തിന്റെ കരുവാളിപ്പ് പാടത്തിനു ഉച്ചിയില് കത്തിനിന്ന സൂര്യനു മങ്ങലേല്പിച്ചത് ഞാനറിഞ്ഞു.
അവനും ഞാനും വഴിപിരിഞ്ഞതിനും രണ്ട് വര്ഷങ്ങള്ക്കു മുമ്പാണ് ഉമ്മ അവനെ അവസാനമായി കണ്ടതെന്ന് തേങ്ങലിനിടെ എന്നോട് പറയുമ്പോള് എന്ത് പറയുമെന്നറിയാതെ ഞാനും തേങ്ങി.
സ്വപ്നവും യാധാര്ത്യവും തിരിച്ചറിയാനാവാതെ ഞാന് ഗാത്ത്പാടത്ത് സമീറിനെ കാത്തു കിടന്നു.മടക്കയാത്ര ആരംഭിക്കുമ്പോള് മരുഭൂമിയില് ഒരു പെണ് കഴുത അലയുന്നുണ്ടായിരുന്നു.
***************************************************************************************
ഗാത്ത്;- ലഹരി പകരുന്ന ഒരു തരം ചെടി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...