വരയും വാക്കും.

രാജൻ സി.എം *വാളിനേക്കാള്‍ ശക്തി വാക്കിനാണെന്നു പഴംപുരാണം.
(വാള്‍ബലത്തെക്കാള്‍ ആള്‍ബലം കേമം എന്നുമുണ്ട്.)
വാഗ്ബലത്തെക്കാള്‍ കേമം, പക്ഷെ, വരബലം.
ആയിരം വാക്കുവേണ്ടിടത്തു ഒരു വര മതിയെന്ന്
വര വരപ്രസാദമായിക്കിട്ടിയവര്‍ പറയും.

വര നേര്‍വരയാകാതിരിക്കാന്‍ നോക്കണം.
വാക്കിനുപകരം ഒരു നോക്കായാലും മതി.
(പക്ഷെ, കണ്ണു കോങ്കണ്ണാകരുത്.)
നോക്കി നോക്കി വെള്ളമിറക്കുന്നവന് വാക്കെവിടെ വരാന്‍ ?

**വരയുടെ പരമശിവന്‍ വാസേവന്‍ നമ്പൂരിയാണെന്ന്
നരനാരായണന്‍ കുട്ടി പറഞ്ഞെങ്കിലും
ശൂദ്രരും മ്ലേച്ഛരും അത്ര മോശമൊന്നുമല്ല:
കുഞ്ഞമ്മാമന്‍ ഗഫൂര്‍
കോമണ്‍മാന്‍ ലക്ഷ്മണ്‍
കുഞ്ചുക്കുറുപ്പു യേശുദാസ്‌
ഗുരുജി അരവിന്ദന്‍
എ. എസ്സ്, കരുണാകരന്‍, ഉണ്ണി, കേശവ്, സുധീര്‍, സുഭാനി ...

നമ്പൂരി പരമശിവനായ്ക്കൊട്ടേ.
മറ്റുള്ളവര്‍ക്ക് ബ്രഹ്മാവോ വിഷ്ണുവോ ആകാമല്ലോ.
വര വഴി സൃഷ്ടിയും സംരക്ഷണവും സംഹാരവും നടന്നാല്‍ മതി.

വര, പക്ഷെ, പലപ്പോഴും വെള്ളത്തിലാണെന്ന കുറവുണ്ട്.
(വരക്കുന്നവര്‍ വെള്ളമടിക്കുന്നവരാണെന്ന ധ്വനിയില്ല.)
വരച്ചവര നിലനിര്‍ത്താന്‍ പ്രയാസം.
വരച്ച വരയില്‍ വാക്കു നില്‍ക്കില്ല.
വരനില്‍ക്കാന്‍ വാക്കു വേണേനും.
അപ്പോള്‍ വര വാക്കോടുകൂടിയിരിക്കട്ടെ.
പരമശിവന്‍ ശക്തിയോടു കൂടിയിരിക്കട്ടെ.
സൃഷ്ടി നടക്കട്ടെ.
 

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?