20 Apr 2012

ഫലമറിയാൻ നാളികേരം



പായിപ്ര രാധാകൃഷ്ണൻ

ലോകത്തെവിടെയുമുള്ളതുപോലെ കാർഷികമായ അനുഷ്ഠാന കർമ്മങ്ങൾ
കേരളത്തിലുമുണ്ടായിരുന്നു. പ്രാർത്ഥനാ പൂർവ്വമായിട്ടാണ്‌ കർഷകർ
വിളവിറക്കാൻ ആരംഭിക്കുന്നത്‌ തന്നെ. ഈ അനുഷ്ഠാന കർമ്മങ്ങളിൽ
നാളികേരത്തിന്‌ പ്രാധാന്യം ഉണ്ടായിരുന്നതായി കാണാം. കൃഷി ആരംഭത്തിനുള്ള
മുഹൂർത്തം നിശ്ചയിച്ച്‌ അതിൻപ്രകാരം കൃഷിഭൂമിയിൽ ഗണപതിപൂജ നടത്തും.  നല്ല
കാലാ വസ്ഥയ്ക്കും സമൃദ്ധമായ വിളവിനും വേണ്ടിയുള്ള പ്രാർത്ഥ നകൾക്ക്‌ ശേഷം
കൊഴുവിൻമേൽ നാളികേരമുടച്ച്‌ നാളികേരമുറികളുടെ വലിപ്പച്ചെറുപ്പം നോക്കി
ഫലം പറയുന്ന രീതിയുണ്ട്‌. രണ്ടു പകുതിയും സമമാണെങ്കിൽ ശരാശരി വിളവേന്നും,
 പിൻഭാഗം വലുപ്പം കൂടിയതാണെങ്കിൽ വിളവ്‌ അധികരിക്കുമെന്നും ഫലം.  വെള്ളം
തൂവി പോകുകയോ, കണ്ണിന്‌ പൊട്ടുവരികയോ ചെയ്താൽ ഫലം കഷ്ടകാലമെന്ന്‌
കണക്കാക്കണം. രണ്ടു മുറിയിലേയും നാളികേരവെള്ളത്തിൽ ഓരോ തുളസിയിലയിട്ട്‌
നോക്കും. തുളസിയില വലത്തോട്ട്‌ ചലിച്ചാൽ ശ്രേഷ്ഠമായ ഭാവിയും
മറിച്ചാണെങ്കിൽ വിപരീത ഫലവുമാകും.
പന്ത്രണ്ട്‌ വർഷമെങ്കിലും മൂപ്പുള്ള തെങ്ങിന്മേലുള്ള മൂപ്പെത്തിയ കുല
മെല്ലെ താഴെയിറക്കി വിത്ത്‌ പാകണം. പച്ചമഞ്ഞൾ മുളപ്പിച്ചതിന്നരികെ
കുഴികുത്തി മണലിട്ട്‌ ഉപ്പിട്ട്‌ തിരുവാതിര ഞാറ്റുവേലയിൽ തെങ്ങ്‌
വെയ്ക്കണ മെന്നാണ്‌ പഴമക്കാർ പറയുന്നത്‌.
"ഓരുതട്ടുന്ന ഭൂമിയിലേറ്റവും
പാരിക്കുന്നിതു കേരങ്ങളെത്രയും
പാരമില്ല ചിതലങ്ങു ഭൂമിയി-
ലോരു തട്ടുന്ന ദേശത്തു നിർണ്ണയം"
(കൃഷിഗീത)
തെങ്ങ്‌ വയ്ക്കുന്നത്‌ പുണ്യ കർമ്മമായിട്ടും കൃഷിഗീത ഉദ്ഘോഷിക്കു ന്നുണ്ട്‌.
"തെങ്ങ്‌ വെയ്ക്കുന്ന മാനുഷരെല്ലാരും
പൊങ്ങിടാതെയിരിക്കുന്നു സ്വർഗ്ഗത്തിൽ"
ഓരോ ഭവനവും ഒരുൽപാദന കേന്ദ്രവും ജീവിതത്തിന്റെ സ്വതന്ത്രശിൽപവും എന്ന
സങ്കൽപ മായിരുന്നു കേരളത്തിൽ നിലനിന്നിരു ന്നത്‌. ഓരോ വീട്ടിലെ
വിഭവങ്ങൾക്കും ഓരോ രുചി. ഓരോ വീട്ടിലെ അച്ചാറിനും, ചമ്മന്തിക്കും,
ഉപ്പേരിക്കും ഓരോ രുചി (ഇന്നിപ്പോൾ എല്ലായിടത്തേ യും രുചി മൾട്ടി നാഷണൽ
കോർപ്പറേറ്റ്‌ രുചിയാണ്‌!). ക്ഷാമ കാലത്തേയ്ക്ക്‌ കരുതിവെയ്ക്കേണ്ടതിൽ
വെളിച്ചെണ്ണ യ്ക്കും സ്ഥാനമുണ്ടാ യിരുന്നു.
"നല്ലെണ്ണ, വെളിച്ചെണ്ണ, പൂവത്തെണ്ണ
നല്ല കൊട്ടയെണ്ണായിവയൊക്കവേ
സംഭരിച്ച്‌ ഭരണിയിലാക്കണം
ശുഭവത്തായി സൂക്ഷിച്ച്‌ വെയ്ക്കണം...
പുരയൊക്കെ കെട്ടിമേഞ്ഞിട്ടുട-
നിരിക്കേണം സുഖിച്ചുടനേ വരും
സംഗ്രഹിക്കേണം സൂക്ഷിച്ചവയെല്ലാം
സംഗ്രഹചിത്തന്മാരെന്നറിഞ്ഞാലും."
(കൃഷിഗീത)
പരശുരാമൻ കേരള ബ്രാഹ്മണർക്ക്‌ കൃഷിയെക്കുറിച്ച്‌ ഉപദേശിച്ചു
കൊടുത്തതെന്ന്‌ കരുതപ്പെടുന്ന കൃഷിഗീത എന്ന മലയാളത്തിലെ ഏറ്റവും
പുരാതനമായ കൃഷി ശാസ്ത്ര ഗ്രന്ഥത്തിലാണ്‌ കേരസംബന്ധിയായ ഇത്തരം
പരാമർശങ്ങളുള്ളത്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...