എം.കെ.ഖരീം
ഞാനൊരു ഗാനത്തിന്റെ മൌനമായി മാറിയിരിക്കുന്നു. തുലാമഴ വഴി മാറുകയും. ഗാനത്തിന്റെ മൌനം വിരോധാഭാസം എന്നു നീ.
എന്റെ പ്രണയം ഹൃദയത്തിന്റെ അടിത്തട്ടില്‍ ഒതുങ്ങിപ്പോയൊരു ഗാനം. മഴമേഘത്തിനുള്ളില്‍ പെയ്യാന്‍ കൊതിക്കുന്ന തുള്ളിയുടെ മിണ്ടാ പ്രാര്‍ത്ഥന.
മൌനം കനക്കുമ്പോളൊരു പൊട്ടിത്തെറിയെന്ന് ആരറിയുന്നു.
മഴയൊഴിഞ്ഞ ചരല്‍പ്പാതയില്‍ കനക്കുന്ന വെയിലിന്റെ മണം എന്നെ ബാല്യത്തിലേക്ക് എറിയുന്നു. ചരലിന്റെ മണം, കല്‍പ്പൊടി മണം, പ്രണയത്തിന്റെയും... കോളാമ്പിപൂവിന്റെ മഞ്ഞപ്പ് തുറിച്ചു നോക്കുകയും. അക്കാലത്ത് നിനക്ക് മഞ്ഞ നിറം. ഇന്നോ നിറങ്ങള്‍ക്കിടയില്‍ മുങ്ങി നില്‍ക്കുന്ന നിനക്കൊരു നിറം കണ്ടെത്താന്‍ ക്ലേശിക്കുകയും.
ഹൃദയ തടാകത്തില്‍ പ്രണയ പക്ഷികള്‍ കൊക്കുകള്‍ ആഴ്ത്തി ദാഹമടക്കുന്നു. ചിറകു കുടഞ്ഞു നീരാട്ടു നടത്തുകയും.
മീരാ ഞാനെന്റെ കവാടം നിനക്കായി തുറന്നിട്ടിരിക്കുന്നു. അഹന്തയുടെ പാറാവുകാരെ ഒഴിപ്പിക്കുകയും. എപ്പോള്‍ വേണമെങ്കിലും വന്നു മടങ്ങാനുള്ള സ്വാതന്ത്ര്യത്തോടെ...
അധികാരമില്ലാത്ത ലോകത്ത് യഥേഷ്ടം സഞ്ചരിക്കുക.. അധികാരം മുള്‍ക്കിരീടമെന്നും സ്വാര്‍ഥതയുടെ വിളനിലമെന്നും അറിഞ്ഞത് പ്രണയത്തില്‍ ആയതില്‍പ്പിന്നെ.. ഞാനൊരു കൂട്ടത്തെ ഭരിക്കാന്‍ തുടങ്ങുന്നതോടെ ഞാന്‍ ഭരിക്കപ്പെടുന്നു എന്നും.
പ്രണയത്തിനു ആരെയും ഭരിക്കാനാവില്ല. പ്രണയത്തില്‍ യജമാനനോ വിധേയനോ ഇല്ല.
മഴ ഇനിയും പെയ്തേക്കാം.
ആ തുള്ളിയങ്ങനെ പെയ്യാതെ വിങ്ങുകയും...