പരിഭാഷ: എൻ.ബി.സുരേഷ്
പ്രഹേളിക.
പച്ചപിടിച്ചുനിൽക്കുന്ന കുന്നിന്റെ മുകളിൽ വിജനമായി കാണുന്ന ഒരു വെളുത്ത ഭവനമുണ്ട്. ഒരിക്കൽ മൂന്നുപേർ അതിലേക്ക് നോക്കിനില്പായി.
അതിലൊരുവൻ അഭിപ്രായപ്പെട്ടു.
“ അത് റൂത്ത് എന്ന പ്രഭ്വിയുടെ പാർപ്പിടമാണ്. പ്രായം വളരെയായ ഒരു മന്ത്രവാദിനിയാണവർ.”
രണ്ടാമൻ അതിനെ എതിർത്തു.
“വിഡ്ഡിത്തം പറയരുത്. റൂത്ത് സുന്ദരിയായ ഒരു യുവതിയാണ്. അവൾ ദിവ്യമായ സ്വപ്നങ്ങളിൽ മുഴുകി അവിടെ പാർക്കുകയാണ്.”
“നിങ്ങൾ രണ്ടുപേരും തെറ്റിദ്ധരിച്ചിരിക്കുന്നു.” മൂന്നാമൻ പറഞ്ഞു. “റൂത്ത് വിശാലമായ ഈ ഭൂമി ആകെയും കയ്യടക്കി വച്ചിരിക്കുന്നു. അവിടെ അവൾ സ്വന്തം അടിമകളുടെ ചോരയൊഴുക്കുന്നു.”
അങ്ങനെ റൂത്ത് എന്ന പ്രഭ്വിയെക്കുറിച്ച് തർക്കത്തിലേർപ്പെട്ടുകൊണ്ട് അവർ നടന്നു പോയി.
ഒരു നാൽക്കവലയിലെത്തിയപ്പോൾ അവർ വൃദ്ധനായ ഒരു മനുഷ്യനെ കണ്ടു. അവരിലൊരുവൻ അദ്ദേഹത്തോട് ചോദിച്ചു.“അവിടെ ആ കുന്നിൻമുകളിലുള്ള വെളുത്ത ഭവനത്തിൽ പാർക്കുന്ന റൂത്ത് എന്ന പ്രഭ്വിയെക്കുറിച്ച് ദയവായി ഞങ്ങൾക്ക് പറഞ്ഞുതരുമോ?”
വൃദ്ധനാകട്ടെ തലയൊന്നുയർത്തി അവരെ നോക്കി ചിരിച്ചു. പിന്നീടദ്ദേഹം പറഞ്ഞു.
“എനിക്ക് തൊണ്ണൂറ് വയസ്സുണ്ട്. ഞാൻ കൊച്ചുകുട്ടിയായിരിക്കുമ്പോഴുള് ള ഓർമ്മകളേ എനിക്ക് റൂത്തിനെക്കുറിച്ചുള്ളൂ. എൺപത് വർഷങ്ങൾക്ക് മുൻപ് റൂത്ത് മരണമടഞ്ഞു. ഇപ്പോൾ ആ വീട് ശൂന്യമാണ്.അവിടെ മൂങ്ങകൾ കൂട് കെട്ടിയിരിക്കുന്നു. അതൊരു പ്രേതഭവനമാണെന്ന് ആളുകൾ ചിലപ്പോഴൊക്കെ പറയാറുണ്ട്.”
ഖലിൽ ജിബ്രാൻ |
മെയ് മാസത്തിലെ ഒരു ദിനം സന്തോഷവും സങ്കടവും ഒരു തടാകക്കരയിൽ കണ്ടുമുട്ടി. അവർ പരസ്പരം അഭിവാദ്യം ചെയ്തു. ശാന്തമായ ജലാശയത്തിനരുകിൽ ഇരുന്ന് അവർ സംഭാഷണത്തിലേർപ്പെട്ടു.
സന്തോഷം ഭൂമിയിലുള്ള സൌന്ദര്യത്തെക്കുറിച്ച് വാചാലനായി. പർവ്വതങ്ങൾക്കിടയിലും വനതടങ്ങളിലും സംഭവിക്കുന്ന ജീവിതത്തിലെ നിത്യാത്ഭുതങ്ങളെക്കുറിച്ച് സംസാരിച്ചു.പുലരിയിലും അന്തിയിലും താൻ കേട്ട പാട്ടുകളെപ്പറ്റി പറഞ്ഞു.
സന്തോഷം പറഞ്ഞതിനെ അംഗീകരിച്ചുകൊണ്ടുതന്നെ സങ്കടം തന്റെ അനുഭവങ്ങൾ പങ്കുവച്ചു. സമയത്തിന്റെ മാന്ത്രികതയും സൌന്ദര്യവും സങ്കടവും അറിഞ്ഞിരുന്നു. കതിരുപാടങ്ങളിലും താഴ്വാരങ്ങളിലും വീണുകിടക്കുന്ന മെയ്മാസത്തെക്കുറിച്ച് പറഞ്ഞപ്പോൾ സങ്കടം ഏറ്റവും വശ്യമായി കാണപ്പെട്ടു.
ഏറെനേരം അവർ അങ്ങനെ വർത്തമാനത്തിൽ മുഴുകി. അവർ തിരിച്ചറിഞ്ഞ കാര്യങ്ങളിൽ പരസ്പരം യോജിപ്പിലെത്തി.
ആ നേരം തടാകത്തിന്റെ മറുകരയിൽ കൂടി രണ്ടു നായാടികൾ കടന്നുപോയി. അവർ തടാകത്തിലെ ജലത്തിലേക്ക് സൂക്ഷിച്ചുനോക്കി.
അതിലൊരുവൻ പറഞ്ഞു. “ അവിടെയിരിക്കുന്ന രണ്ടു വ്യക്തികളെയോർത്ത് എനിക്ക് അത്ഭുതം തോന്നുന്നു.”
അപരൻ “നീയെന്താ രണ്ടുപേരെക്കുറിച്ച് പറയുന്നത്.? ഞാൻ ഒരാളെ മാത്രമേ കാണുന്നുള്ളൂ.”
“അല്ല അവിടെ രണ്ടുപേർ ഉണ്ട്.” ഒന്നാമൻ പറഞ്ഞു.
“എനിക്ക് ഒരാളെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. തടാകത്തിൽ ഒരാളുടെ പ്രതിബിംബമേ കാണുന്നുമുള്ളൂ.” രണ്ടാമൻ ആവർത്തിച്ചു പറഞ്ഞു.
“തെറ്റ്. അവിടെ അവർ രണ്ടുപേരുണ്ട്. തടാകത്തിൽ വീഴുന്ന പ്രതിബിംബം രണ്ടുപേരുടേത് തന്നെയാണ്.” ഒന്നാമൻ ഉറപ്പിച്ചു പറഞ്ഞു.
“പക്ഷേ ഞാൻ ഒരാളെ മാത്രമേ കാണുന്നുള്ളൂ.” രണ്ടാമൻ വീണ്ടും വാദിച്ചു.
“എന്നാൽ എനിക്ക് വളരെ എളുപ്പത്തിൽ രണ്ടുപേരേയും കാണാൻ സധിക്കുന്നുണ്ട്.” ഒന്നാമൻ തറപ്പിച്ചു പറഞ്ഞു.
ഇപ്പോഴും ഒരു നായാടി ഒരു രൂപത്തെ മാത്രമേ കാണുന്നുള്ളൂ. മറ്റേയാൾ രണ്ടുപേർ. അപ്പോൾ അപരൻ പറയുന്നു.
“ എന്റെ കൂട്ടാളി മിക്കവാറും അന്ധനായിരിക്കുന്നു.”