ടി.എ.ശശി
ഹരിതം അടർന്നു പോയാൽ
ഉള്ളു പൊള്ളി കിടക്കും ഭൂമി;
പിന്നെ കാലമെത്ര കഴിയണം
മരുഭൂമിയെന്ന മാറാപ്പേരുമായ്.
ചൂടു വമിക്കുന്നതിൻ കാഴ്ചയിൽ
തീരാത്ത കുടച്ചിലായ് കാറ്റും വരും,
ഇന്നത്തേതല്ല,
മറ്റേതോ കാലത്തി-
ലേതെന്നു തോന്നും
ഹരിതം മറഞ്ഞ
ഏതു മണ്ണു കാണുമ്പോഴും
പണ്ടത്രയും ഹരിതം
മുറ്റിയതിനാലാവണം
ഇപ്പോളിത്രയും
വെന്തുകിടക്കുന്നതെന്ന
തോന്നലും വരും.
ഹരിതമില്ലാതെ തണലെടുക്കുന്ന
ജീവിയായെങ്കിൽ മനുഷ്യൻ
എങ്കിലിത്രയും
മരുവെടുക്കില്ലല്ലൊ ജീവിതം.