ജയചന്ദ്രന്‍ പൂക്കരത്തറ
തുമ്പതന്‍ തുമ്പത്തിരുന്നിടുവാന്‍
തമ്പുരാന്‍ കല്പന കേട്ടനേരം
തുമ്പി ചെന്നാമോദപൂര്‍വമല്ലോ
തുമ്പതന്‍ തുഞ്ചത്തമര്‍ന്നിരുന്നു.
വര്‍ണച്ചിറകുകള്‍ മന്ദമന്ദം
വിണ്ണിന്നു നേരേ ചെരിച്ചുവെച്ച്
ഗോട്ടിപോലുള്ളതാം കണ്‍കളാലേ
ചുറ്റും നിരീക്ഷിച്ചിരിയ്ക്കയായി.
തുമ്പതന്‍ പൂക്കളറുക്കുവാനായ്
കുമ്പിട്ടു കുട്ടികള്‍ വന്നനേരം
തുമ്പപ്പൂവേറെ നിറഞ്ഞ ദിക്കില്‍
തുമ്പിയിരിക്കുന്ന കാഴ്ച കണ്ടു.
ആരോ ചിറകു പിടിച്ചമര്‍ത്തി
ചോരച്ച തുമ്പിയെ സ്വന്തമാക്കി
അന്നവരുച്ചത്തില്‍ പാട്ടുപാടി
പൊന്നോണപ്പൂവിളം പാട്ടതല്ല;
“തുമ്പിയേ തുമ്പിയേ കല്ലെടുക്കൂ
തമ്പ്രാന്‍ പറഞ്ഞെടോ കല്ലെടുക്കാന്‍.”
----------