ജീവിക്കാനുള്ള സമരങ്ങള്‍...


 ഷാജഹാന്‍ നന്മണ്ട.
പുറമ്പോക്കില്‍ നഗരം പുറംതള്ളിയ മാലിന്യക്കൂമ്പാരത്തിലേക്ക്  ആരോ വലിച്ചെറിഞ്ഞ സിഗരറ്റ്കുറ്റി എരിഞ്ഞ് ഉയര്‍ന്ന  പുകപടലത്തിലേക്കും, നഗരസഭയൊരുക്കുന്ന വമ്പന്‍  താരനിശയുടെ  പ്രചരണത്തിനായി ഉച്ചഭാഷിണിവാഹനം പറത്തിവിട്ട  കടലാസു നോട്ടീസ്സുകളിലേക്കും പെയ്ത മഴ പതിവ് ദുര്‍ഗന്ധത്തിനു മുകളില്‍  മറ്റൊരു അസഹ്യമായ ഗന്ധം അന്തരീക്ഷത്തില്‍  ലയിപ്പിച്ചു.

മകളുടെ നിദ്രയിലെ ഞരക്കവും കഫത്തിന്റെ കുറുകലുകളും അല്പം ശമിച്ചപ്പോള്‍ അവളുടെ പൊള്ളുന്ന  നെറ്റിയിലേക്ക് ഒരു തുണ്ടുതുണി നനച്ചിട്ട് അവള്‍  ഈ രാവ് ഉടനെ അവസാനിച്ചെങ്കില്‍ എന്ന് വൃഥാ മോഹിച്ച്‌ പ്രാര്‍ഥനയോടെ  മയക്കം കാത്തു കിടന്നു.

നഗരമാലിന്യങ്ങള്‍ പുറന്തള്ളുന്ന പുറമ്പോക്കിലെ നിസ്സഹായരായ താമസക്കാരുടെ  ദുര്‍ബ്ബലമായ  മുദ്രാവാക്യങ്ങളുയര്‍ന്ന സമരപ്പന്തലും പിന്നിട്ട്, രോഗ പീഡയില്‍ വാടിത്തളര്‍ന്ന  മകളെയും തോളിലേറ്റി അവള്‍ വേഗത്തില്‍ സര്‍ക്കാരാശുപത്രി ലക്‌ഷ്യം വെച്ചുനടന്നു.

ആശുപത്രിയിലെ  നീണ്ടനിരയിലെ അവസാനക്കാരിയായി  അവളും ചേരുമ്പോള്‍  കാലുകള്‍ വേച്ചുപോയിത്തുടങ്ങിയിരുന്നു

അത്യാസന്നരോഗികളെ  അഡ്മിറ്റ് ചെയ്യുന്ന എട്ടാംവാര്‍ഡില്‍ മരണം പതുങ്ങി നില്‍ക്കുന്നത്പോലെ തോന്നി  .രോഗികളുടെ ആധിക്യത്താല്‍ മരണത്തിനു കീഴടങ്ങുന്ന ഓരോ കട്ടിലിനു താഴെയും മറ്റുരോഗികള്‍  തങ്ങളുടെ ഊഴംകാത്തു കിടന്നു.

ചുരുക്കം ചിലര്‍മാത്രം മരണത്തെ അതിജീവിച്ചു  ജീവിതത്തിലേക്ക് തിരിച്ചുവന്നു .പുലര്‍ച്ചെ കൃത്യം അഞ്ചുമണിക്കായിരുന്നു തന്റെ മകള്കിടന്ന ഭാഗത്തെ കട്ടിലില്‍ കിടന്ന അഞ്ചുവയസ്സ് പ്രായംവരുന്ന ബാലനെ അന്ത്യമൊഴികളുടെ  സത്യവാചകം ചൊല്ലിക്കൊടുത്തു അവന്റെ പതിമൂന്നു വയസ്സോളംവരുന്ന സഹോദരനും  പിതാവുംകൂടി മരണത്തിലേക്ക്  യാത്രയാക്കിയത്.

ഒഴിഞ്ഞ കട്ടിലിലേക്ക് കയറിക്കിടക്കാന്‍  ശാഠ്യംപിടിച്ച മകളെ അനുനയിപ്പിക്കാന്‍ അവള്പാടുപെട്ടു.തങ്ങളുടെ ഊഴമാണെന്ന് നഴ്സ്  ഓര്‍മ്മിപ്പിച്ചപ്പോള്‍ ‍ തറയില്‍ തന്നെ കിടന്നോളാമെന്നു അറിയിച്ചു അവള്‍ ,പുറത്ത്‌ പുലരിമഞ്ഞില്‍ ഒരു പ്രതിഫലവും  ആഗ്രഹിക്കാതെ,  കൊടിയടയാളങ്ങളില്‍ വേര്തിരിക്കപ്പെടാത്ത   മാനുഷികപരിഗണന മാത്രംലക്ഷ്യംവെച്ചു ആശുപത്രി പരിസരം വൃത്തിയാക്കുന്ന ഏതോ പേരറിയാത്ത മനുഷ്യാവകാശ സംഘടനയുടെ   പ്രവര്‍ത്തകരുടെ ശുചീകരണപ്രവൃത്തികളിലേക്ക് കണ്ണു നട്ടു കിടന്നു.

തൂപ്പുകാരി വൃത്തിയാക്കിപ്പോയ തറയില്‍നിന്നും ഉയര്‍ന്ന ഡറ്റോളും   പലതരം  മരുന്നുകളും കുഴഞ്ഞ ഗന്ധം അവളെ ആലോസരപ്പെടുത്താതിരുന്നത് പുറമ്പോക്കിലെ ജീവിതമായിരുന്നു.മാറിവരുന്ന ഭരണത്തിന്റെ പ്രതിനിധികള്‍ക്ക്  പുറമ്പോക്കില്‍  നിക്ഷേപിക്കപ്പെടുന്ന  മാലിന്യങ്ങളാല്‍ ‍ ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളായിരുന്നില്ല പ്രധാനമെന്ന് അവളോര്‍ത്തു.
കുബേരജന്മങ്ങളുടെ ആഘോഷരാവുകള്‍ക്ക്‌ കൊഴുപ്പേകി വന്‍ താരനിശകളും  ഗസല്‍സന്ധ്യകളുമൊക്കെയായി  അവര്‍ ജനങ്ങളെ സേവിച്ചു.

ഒഴിഞ്ഞകട്ടിലില്‍ പകരം കിടത്തിയ വൃദ്ധന്റെ  ശ്വാസത്തിന്റെ നേര്‍ത്ത കുറുകല്‍മാത്രം  അന്തരീക്ഷത്തില്‍ ഉയര്‍ന്നപ്പോള്‍ മകള്‍ വീണ്ടും മയക്കം തുടങ്ങിയിരുന്നു.

വേനല്‍മഴ പെയ്തു വൃത്തിയായ  പാത ഒരു കറുത്ത പുഴപോലെയൊഴുകി.ആദിമുതല്‍ ജന്മാന്തരങ്ങള്‍തേടി പ്രയാണമാരംഭിച്ച  കാറ്റിന്റെ ശകലങ്ങള്‍  പലയിടത്തും പതുങ്ങിയും,മറ്റൊരിടത്ത് അലസമായും,ചിലയിടങ്ങളില്‍  ദുരന്തങ്ങള്‍ക്ക് മുന്നോടിയായി  എല്ലാം സംഹരിക്കാനെന്ന വണ്ണം ഘോരമായും വീശിക്കൊണ്ടിരുന്നു.

ശ്വാസത്തിന്റെ നേര്‍ത്ത കുറുകല്‍മാത്രം  അന്തരീക്ഷത്തില്‍ ഉപേക്ഷിച്ചു മരണത്തിന്റെ നിശ്ശബ്ദതീരങ്ങളിലേക്ക്  യാത്രയായ വൃദ്ധന്‍ കിടന്ന ശൂന്യമായ കട്ടിലിലേക്ക് നോക്കാന്‍ ശേഷിയില്ലാതെ മകളെയുമെടുത്തു ആശുപത്രി പടവുകളിറങ്ങുമ്പോള്‍  ,പുറത്ത്‌  ഉറച്ച മുദ്രാവാക്യങ്ങളോടെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രകടനം പുറമ്പോക്കിലെ സമരപ്പന്തലിലേക്ക് നീങ്ങുന്നുണ്ടായിരുന്നു.

നഗരസഭയൊരുക്കുന്ന താരനിശയുടെ അലങ്കരിച്ച പ്രചരണവാഹനം  മറി കടന്നു പ്രകടനത്തിലെ ഒരംഗമാകുമ്പോള്‍ അവളുടെ മുദ്രാവാക്യങ്ങള്‍ക്കും കരുത്തേറിയിരുന്നു..

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ