കോൺഗ്രസ്‌ എന്ന കടങ്കഥ


പി. സുജാതൻ

കേരളത്തിലെ കോൺഗ്രസിനെ ഇഷ്ടപ്പെടാതിരിക്കാൻ ഇപ്പോൾ ജനങ്ങൾക്ക്‌ അനേകം
കാരണങ്ങളുണ്ട്‌. അധികാരത്തിനു വെളിയിൽ നിൽക്കുമ്പോൾ കോൺഗ്രസിൽ
ശുഭ്രസുന്ദരമായ ഐക്യമാണ്‌. ഭരണത്തിലിരിക്കുന്ന ഇടതുമുന്നണിയെ വിമർശിച്ചാൽ
മാത്രം മതി. അതിനുള്ള ധാരാളം അവസരങ്ങൾ സി.പി.എമ്മും സി.പി.ഐയും
ആർ.എസ്‌.പിയും ഒരുക്കിക്കൊടുക്കും. കോൺഗ്രസ്‌ നേതാക്കൾ തങ്ങൾക്കിടയിലുള്ള
ഭിന്നതകളെല്ലാം മറന്ന്‌ ഏകകോദര സഹോദരങ്ങളെപ്പോലെ ഇടതുമുന്നണിയുടെ കന്നം
തിരുവുകൾ ഓരോന്ന്‌ എടുത്തുകാട്ടി ആക്രമിക്കും. എന്നാൽ യുഡിഎഫ്‌ ഭരണത്തിൽ
വന്ന്‌ അധികംനാൾ കഴിയുംമുമ്പ്‌ കോൺഗ്രസിന്റെ മട്ടു മാറുന്നു. ഇലക്ഷൻ
ജയിക്കുന്നതുവരെ പുറമേയെങ്കിലും കാട്ടിപ്പോന്ന ഐക്യമൊന്നും നേതാക്കളുടെ
വാക്കിലും പ്രവൃത്തിയിലും പിന്നെ കണ്ടെന്നുവരില്ല. കോൺഗ്രസുകാരനായ
മുഖ്യമന്ത്രിക്കെതിരെ കുതന്ത്രങ്ങളും കുറുവടിയുമായി ഇറങ്ങുന്നത്‌
കോൺഗ്രസുകാർ തന്നെയായിരിക്കും. ഇത്‌ മാറ്റമില്ലാത്ത ചരിത്രമായി
ആവർത്തിച്ചുകൊണ്ടിരിക്കുന്നു.
മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്തു പാതകമാണ്‌ കാണിച്ചതെന്ന്‌ ജനങ്ങൾക്ക്‌
വലിയ പിടിപാടൊന്നുമില്ല. ഈയിടെ നടന്ന മന്ത്രിസഭാ വികസനം കോൺഗ്രസിലും
യുഡിഎഫിലും ചർച്ച ചെയ്ത്‌ എഐസിസി നേതൃത്വത്തിന്റെ അനുമതിയോടെ
നടത്തിയതാണ്‌. പക്ഷേ അതു കഴിഞ്ഞപ്പോൾ സകലരും കടന്നൽക്കൂട്ടിൽ കല്ലേറ്‌
കൊണ്ടതുപോലെ ഇളകിയിരിക്കുന്നു. വരാൻപോകുന്ന നെയ്യാറ്റിൻകര
ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർത്ഥി തോറ്റാൽ അതിന്റെ മുഴുവൻ
ഉത്തരവാദിയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന ഒരേ ഒരാൾ
മാത്രമായിരിക്കുമെന്ന്‌ സകലരും പറയുന്നു. മുഖ്യമന്ത്രിയാകട്ടെ,
ഇപ്പോഴത്തെ വകുപ്പു വിഭജനത്തിലൂടെയും മന്ത്രിസഭാ വികസനത്തിലൂടെയും നഷ്ടം
നേരിട്ട ഒരു ഭരണാധികാരിയാണ്‌. അദ്ദേഹം ഭരിച്ചുപോന്ന ആഭ്യന്തരവകുപ്പ്‌
കൈയൊഴിഞ്ഞ്‌ ത്യാഗം ചെയ്തിരിക്കുകയാണ്‌. മുമ്പ്‌ കെ. കരുണാകരനാകട്ടെ,
വയലാർ രവിയിൽ നിന്ന്‌ ഭരണത്തിന്റെ ഇടവേളയിൽ ആഭ്യന്തര വകുപ്പ്‌
കവർന്നെടുക്കുകയാണ്‌ ചെയ്തത്‌. പോലീസ്‌ ഭരണത്തിന്റെ ഹരവും സുഖവും നന്നായി
അനുഭവിച്ചറിഞ്ഞ നേതാവായിരുന്നു കരുണാകരൻ. തന്റെ മന്ത്രിസഭയുടെ ഭാവിക്കും
സുഗമമായ പോക്കിനും ആഭ്യന്തരവകുപ്പ്‌ ത്യാഗം ചെയ്ത ഉമ്മൻചാണ്ടിയെ
സ്ഥാനഭ്രഷ്ടനാക്കാൻ കോൺഗ്രസിൽ വൻ ഗൂഢാലോചനയിലൂടെ നീക്കം നടക്കുന്നു
എന്ന്‌ പി.ടി. തോമസ്‌ എം.പി പ്രസ്താവിച്ചു. വെറുതെ പൂവെടി വച്ച്‌ പുകമറ
സൃഷ്ടിക്കുന്ന തമാശക്കാരനല്ല പി.ടി. തോമസ്‌. സാമൂഹിക ജീവിത ചലനങ്ങളെ
സസൂക്ഷ്മം നിരീക്ഷിക്കുന്ന സാംസ്കാരിക ഔന്നത്യമുള്ള കോൺഗ്രസുകാരനാണ്‌
ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗമായ തോമസ്‌. വായ്പോയ കോടാലിയെടുത്ത്‌
കാണുന്നിടത്തെല്ലാം വെട്ടുന്ന ഗവണ്‍മന്റ്‌ ചീഫ്‌ വിപ്പ്‌ പി.സി. ജോർജല്ല
കോൺഗ്രസുകാരനായ തോമസ്‌ എന്നു സാരം. അദ്ദേഹം പറയുന്നു: "മുഖ്യമന്ത്രി
ഉമ്മൻചാണ്ടിക്കെതിരെ കോൺഗ്രസിൽ നടക്കുന്ന ഗൂഢാലോചനയുടെ പ്രഭവസ്ഥാനം
കണ്ടെത്തണം." ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന്‌ തെറിപ്പിച്ച്‌
ആ കസേര തട്ടിയെടുക്കാൻ പറ്റിയ സന്ദർഭമാണിതെന്ന്‌ കരുതി കോൺഗ്രസിൽ
ആരൊക്കെയോ ശ്രമിക്കുന്നു എന്നു സാരം. അവർ ആരാകാം?
ഒരുകൊല്ലം തികഞ്ഞിട്ടില്ല ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ്‌
മന്ത്രിസഭ ചുമതലയേറ്റിട്ട്‌. അതിനിടെ ഭരണമുന്നണി നേരിട്ട ഏറ്റവും വലിയ
രാഷ്ട്രീയ വെല്ലുവിളി വിജയകരമായി അതിജീവിച്ചു. പിറവം ഉപതെരഞ്ഞെടുപ്പുവരെ
അസൂയാവഹമായ ഏകോപനം പുലർത്തിയ കോൺഗ്രസും യുഡിഎഫും ഇപ്പോൾ
വർഗ്ഗവൈരുദ്ധ്യങ്ങളെപ്പോലെ തെറ്റിപ്പിരിയുന്നതിന്റെ ആന്തര കാരണങ്ങൾ
സാധാരണ ജനങ്ങൾക്ക്‌ അത്രപെട്ടെന്ന്‌ ദഹിക്കുന്നതല്ല. കോൺഗ്രസിലെ ഭിന്നത
യാദൃച്ഛികമായി ഉരുൾപൊട്ടൽപോലെയോ സുനാമിത്തിരപോലെയോ പൊടുന്നനെ ഉണ്ടായതല്ല.
അധികാരത്തോട്‌ അടുക്കുമ്പോൾ കോൺഗ്രസ്‌ എന്നും കേരളത്തിൽ
ഇങ്ങനെയായിരുന്നു.
കോൺഗ്രസുകാരൻ നയിച്ച ആദ്യത്തെ കേരള മന്ത്രിസഭ തകർത്തിട്ടത്‌
കമ്യൂണിസ്റ്റുകാരല്ല. കോൺഗ്രസുകാരായിരുന്നു. 1964 ൽ ആർ. ശങ്കർ മന്ത്രിസഭ
വിദ്യാഭ്യാസം, ഭൂപരിഷ്ക്കരണം, കാർഷിക നവീകരണം തുടങ്ങിയ മേഖലകളിൽ
അർത്ഥവത്തും ആശാവഹവുമായ ചുവടുവയ്പുകൾ നടത്തി മുന്നേറുമ്പോഴാണ്‌ 23
കോൺഗ്രസ്‌ എം.എൽ.എമാർ ചേർന്ന്‌ ശങ്കർക്കെതിരെ അവിശ്വാസപ്രമേയം
കൊണ്ടുവന്നത്‌. അന്നത്തെ ആഭ്യന്തര മന്ത്രി പി.ടി. ചാക്കോയും മുഖ്യമന്ത്രി
ശങ്കറും തമ്മിൽ നല്ല മാനസിക ഐക്യമായിരുന്നു. പക്ഷേ ഇരുവരെയും തമ്മിൽ
തെറ്റിക്കാൻ കോൺഗ്രസിൽ തന്നെ ജഗജല്ലികളായ എം.എൽ.എമാരുണ്ടായി. പി.ടി.
ചാക്കോയുടെ ഔദ്യോഗിക കാർ തൃശൂർ സ്വരാജ്‌ റൗണ്ടിൽ ഒരു അപകടത്തിൽപെട്ടതും
അപ്പോൾ കാർ ഡ്രൈവ്‌ ചെയ്തിരുന്നത്‌ മന്ത്രി ചാക്കോ ആയിരുന്നു എന്ന്‌ ജനം
തിരിച്ചറിഞ്ഞതും കാറിൽ ഒരു സ്ത്രീ ഉണ്ടായിരുന്നു എന്നതും അവർ പീച്ചി
ഗസ്റ്റ്‌ ഹൗസിൽ തലേന്നു കഴിഞ്ഞിട്ടു വരുകയായിരുന്നു എന്നതും ചൂടുള്ള
വാർത്തയായി. ആഭ്യന്തരമന്ത്രിയെ മുഖ്യമന്ത്രിക്ക്‌ രക്ഷിക്കാനാവാത്ത
തരത്തിൽ കാട്ടുതീ പോലെ ആ സംഭവം കത്തിപ്പടർന്നു. ദൗർഭാഗ്യവശാൽ കണ്ണൂരിൽ
വച്ച്‌ ഏതാനും ദിവസങ്ങൾക്കുള്ളിൽ ചാക്കോ ഹൃദ്രോഗം മൂലം മരിച്ചു.
കോൺഗ്രസിൽ ചാക്കോ പക്ഷക്കാർ ശങ്കർക്കെതിരെ തിരിയുകയും മന്ത്രിസഭ തകരുകയും
ചെയ്തു. അന്ന്‌ കെ.എം. ജോർജിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ വിട്ട
എം.എൽ.എമാരും മറ്റ്‌ നേതാക്കളും കോട്ടയത്ത്‌ ചേർന്നു മന്നത്തു
പത്മനാഭന്റെ അനുഗ്രാശിസുകളോടെ രൂപീകരിച്ചതാണ്‌ കേരള കോൺഗ്രസ്‌.
വർഗ്ഗീയമായ ചേതോവികാരം കോൺഗ്രസിലെ ആ പിളർപ്പിന്റെ അന്തർധാരയായിരുന്നു.
അത്‌ നിഷേധിച്ചിട്ടു കാര്യമില്ല.
പതിമൂന്ന്‌ കൊല്ലം കഴിഞ്ഞാണ്‌ പിന്നീട്‌ കേരളത്തിൽ ഒരു കോൺഗ്രസ്‌
മുഖ്യമന്ത്രി ഉണ്ടായത്‌. 1977ൽ അടിയന്തരാവസ്ഥയുടെ പാപഭാരം പേറി
അധികാരത്തിൽ വന്ന കരുണാകരൻ മന്ത്രിസഭ 23-​‍ാം ദിവസം രാജൻ കേസിൽപ്പെട്ട്‌
ഉലഞ്ഞുവീണു. പിന്നാലെ അപ്രതീക്ഷിതമായി എ.കെ. ആന്റണി മുഖ്യമന്ത്രിയായി.
ചിക്കമംഗലൂർ ഉപതെരഞ്ഞെടുപ്പിൽ ദേവരാജ്‌ അരശ്‌ നയിച്ച കോൺഗ്രസ്‌
ഇന്ദിരാഗാന്ധിക്ക്‌ പൈന്തുണ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച്‌ ആന്റണി
മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. കോൺഗ്രസിലെ പിളർപ്പും ചേരിതിരിവും
അവസാനിപ്പിച്ച്‌ 1982 ൽ മുഖ്യമന്ത്രിയായി അധികാരമേറ്റ കരുണാകരൻ കാലാവധി
പൂർത്തിയാക്കിയ ആദ്യത്തെ കേരള മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവും എന്ന
ഖ്യാതിയോടെ 1987 ൽ പടിയിറങ്ങി. 1991 ൽ വീണ്ടും കരുണാകരൻ
മുഖ്യമന്ത്രിയായെങ്കിലും കോൺഗ്രസിൽ തിരുത്തൽവാദ പ്രസ്ഥാനം രൂപംകൊള്ളുകയും
ഇടക്കാലത്ത്‌ അദ്ദേഹത്തെ അധികാരഭ്രഷ്ടനാക്കുകയും ചെയ്തു. ആന്റണി വീണ്ടും
മടങ്ങിവന്നു. എന്നാൽ 2001 ൽ ആന്റണിയുടെ നേതൃത്വത്തിൽ രൂപീകൃതമായ യുഡിഎഫ്‌
മന്ത്രിസഭയ്ക്ക്‌ കാലാവധി പൂർത്തിയാക്കാനായില്ല. തുടർച്ചയായി മൂന്ന്‌
തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്‌ തോറ്റപ്പോൾ 2004 ൽ ആന്റണിക്ക്‌
രാജിവയ്ക്കേണ്ടി വന്നത്‌ കോൺഗ്രസിനുള്ളിലെ ചേരിതിരിവുമൂലമായിരുന്നു.
കരുണാകരൻ പഠിച്ച പണിയെല്ലാം നോക്കിയിട്ടും പിടിച്ചുനിന്ന ആന്റണി സ്വന്തം
പേരിൽ അറിയപ്പെട്ട ഗ്രൂപ്പിലെ നിഗോ‍ൂഢനീക്കങ്ങൾ കണ്ട്‌ തനിക്ക്‌
ഗ്രൂപ്പില്ലെന്ന്‌ പരസ്യമായി പ്രഖ്യാപിച്ച്‌ ഡൽഹിക്കു മടങ്ങി.
ഉമ്മൻചാണ്ടി ഇടക്കാല മുഖ്യമന്ത്രിയായി. ഭരണത്തിന്‌ വേഗതയും കാര്യക്ഷമതയും
കൈവന്നു. പക്ഷേ 2006 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ജയിപ്പിക്കാൻ
അദ്ദേഹത്തിനു കഴിഞ്ഞില്ല.
അച്യുതാനന്ദൻ സർക്കാർ ഭരണരംഗത്ത്‌ കേരളം കണ്ട ഏറ്റവും മോശപ്പെട്ട
പ്രകടനവുമായാണ്‌ കഴിഞ്ഞകൊല്ലം ഇറങ്ങിപ്പോയത്‌. എടുത്തുപറയാവുന്ന  ഒരു
സ്ഥാപനമോ ഒരു സേവനമോ ഇടതുസർക്കാരിന്റേതായി ജനങ്ങൾക്കു മുന്നിലില്ല. മുൻ
യുഡിഎഫ്‌ സർക്കാരിന്റെ പദ്ധതികളും ആശയങ്ങളും കാര്യമായ
മാറ്റങ്ങളൊന്നുമില്ലാതെ ആവർത്തിച്ചുകൊണ്ടിരുന്ന വി.എസ്‌. സർക്കാരിന്റെ
കാലത്ത്‌ ധനകാര്യവകുപ്പ്‌ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം
ഏകോപിപ്പിച്ച അപ്രായോഗിക നടപടിയിലൂടെ  കുപ്രസിദ്ധിനേടി. ഈയിടെ ബജറ്റ്‌
പ്രസംഗത്തിൽ മന്ത്രി മാണി ആ പരിഷ്ക്കാരം എടുത്തുദൂരെ എറിയുകയും ചെയ്തു.
അത്ര മോശപ്പെട്ട ഇടതുഭരണത്തെ തൂത്തെറിയാൻ ജനങ്ങൾ ഉത്സാഹപൂർവ്വം അവസരം
കാത്തിരുന്നെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു വേളയിൽ കോൺഗ്രസ്‌
അവസരോചിതമായി ഉയർന്നില്ല. സ്ഥാനാർത്ഥി നിർണ്ണയം പാടെ പാളി.
നിർജീവമായിരുന്ന ഗ്രൂപ്പ്‌ താൽപര്യങ്ങൾ തലപൊക്കി. നിഷ്പ്രയാസം
ജയിക്കേണ്ടിയിരുന്ന സീറ്റുകളിൽപ്പോലും യുഡിഎഫ്‌ തോറ്റു. നാമമാത്ര
ഭൂരിപക്ഷവുമായി ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ വന്നു. മുസ്ലിം ലീഗിന്റെ
അഞ്ചാം മന്ത്രി മഞ്ഞളാംകുഴി അലിയുടെ വരവാണ്‌ കോൺഗ്രസിൽ കലാപം
ഇളക്കിവിട്ടതെന്ന്‌ പുറമേ തോന്നാം. അത്‌ വെറുമൊരു കാരണം മാത്രം. ഇളകി
മറിയാൻ കോൺഗ്രസിൽ തൽപ്പര കക്ഷികൾ അവസരം പാർത്തിരിക്കുകയായിരുന്നു.
ഉമ്മൻചാണ്ടിക്ക്‌ ഇപ്പോൾ ആഭ്യന്തരവകുപ്പ്‌ നഷ്ടമായി. ഇനി മുഖ്യമന്ത്രിപദം
ഒഴിയേണ്ടി വന്നാൽ അതിനു കാരണം തീർച്ചയായും പ്രതിപക്ഷത്തുള്ള ഏതെങ്കിലും
കക്ഷിയോ നേതാവോ ആകില്ല. പി.ടി. തോമസ്‌ നിരത്തുന്ന ഗൂഢാലോചനാസിദ്ധാന്തം
പ്രയോഗക്ഷമമായാൽ ചരിത്രം ആവർത്തിക്കുന്നു എന്നു മാത്രമാണ്‌ അതിനർത്ഥം.
കോൺഗ്രസ്‌ മുഖ്യമന്ത്രിമാരുടെ പാലം വലിക്കുന്നത്‌ കോൺഗ്രസ്‌
നേതാക്കളല്ലാതെ മറ്റാരുമായിരിക്കില്ല. ഏതോ നിഗോ‍ൂഢ കഥയിലെ
കൂനാംകുരുക്കിൽപ്പെട്ട കുന്നായ്മ രഹസ്യമാണ്‌ കേരളത്തിൽ കോൺഗ്രസ്‌
പ്രസ്ഥാനം.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ