20 May 2012

തറവാട്


സതീശൻ പയ്യന്നൂർ

ധർമ്മിഷ്ഠനാണെങ്കിൽ
മഹാധർമ്മിഷ്ഠന്റെ പാദുകം
തലയിൽ ചുമന്ന്
സിംഹാസനത്തിൽ വെച്ചാൽ മതി!
പുരാണ സത്യം.
ഭരിക്കാൻ കഴിവുണ്ടെങ്കിൽ
മൂത്തു നരച്ച മുത്തച്ഛനായാലും മതി!

സങ്കല്പം!


അഭിനയിപ്പിക്കാൻ കഴിവുണ്ടെങ്കിൽ
നല്ലൊരു പാവക്കൂത്തുകാരിയായാലും മതി!
അധുനിക സത്യം!

കാതു കൂർപ്പിക്കുന്നോന്റെ കാതിൽ
ഈയ്യമൊഴിച്ചും,
നാക്കു ചലിപ്പിക്കുന്നോന്റെ
നാവ് പിഴുതെടുത്തും,
ഒളിഞ്ഞു നോട്ടക്കാരനെ
അന്ധനാക്കിയും
കട്ടും, ചൂതുകളിച്ചും, ക്ലബ്ബിൽ
അഴിഞ്ഞാട്ടക്കാരികളോടൊപ്പം
നിറഞ്ഞാടിയും
മറ്റുള്ളവർക്കിരിക്കാം.
ഭരണം ബാലികേറാമലയല്ല
പരീശനും പട്ടക്കാരും ചാട്ടക്കാരും
മീശക്കാരും താടിക്കാരും തലക്കെട്ടുകാരും
നിയമം പറയും!
ശല്ല്യ കൊതുകുകൾ കടിക്കുമ്പോൾ
ബലിഷ്ഠ കരങ്ങളാൽ ഒരടി,
രക്തം ചിതറിച്ച് ചത്തു കിടന്നോളും!

ഇനി നമുക്കറിയേണ്ടത്
മുപ്പതു വെള്ളിക്കാശു
വാങ്ങിയവരെ കുറിച്ചാണ്!

അപരാധികൾക്ക് വിരിക്കേണ്ടത്
ചുവന്ന പരവതാനി ?
അതോ സ്വർണ്ണകിഴി നൽകി

യാത്രയയപ്പ്?

സംശയവും തർക്കവുമതാണ്!
 
ചത്തവൻ ചത്തു,
പെറ്റവർക്കും, പെറ്റുവീണവർക്കും
ജീവിക്കണമെന്നതാകാം
ചിലമുഖങ്ങളിൽ വല്ലാത്ത മ്ലാനത!

ഇരുമ്പഴി ഏസിയിട്ട്
അഞ്ചു ദിവസമൊറ്റയ്ക്ക്
പട്ടുമെത്തയിൽ
കിടന്നതു കണ്ടതാകണം
സ്വർണ്ണകരണ്ടിയുമായി
ജനിച്ച ബന്ധുക്കളുടെ ഏങ്ങൽ!

അതുകണ്ടവരുടെ

കണ്ണീരൊപ്പൽ!


ചിരട്ട കരണ്ടി പോലുമില്ലാത്തതാകാം
മരിച്ചവന്റെ ബന്ധുക്കൾ
അനുഭവിക്കുന്ന ശൂന്യത,
ചിലരിൽ ചിരി പടർത്തുന്നത്!

ജ്ഞാനിയായ ധനവാന്റെ
ധർമ്മത്തിലൂന്നിയ നീതിയിൽ
ഒട്ടിയ വയറുള്ളവൻ വയറ്റത്തടിച്ചു
നിലവിളിക്കുന്നത് അജ്ഞതയാലാകാം!

അതെ ആകാശം ഇരുണ്ടിരിക്കുന്നു.

അതു ജീവിതങ്ങളിലേക്ക് താഴ്ന്നു താഴ്ന്നു വരുന്നു
കുടിലു പുകയാൻ ഇനിയും , ഇനിയും
കൊതുമ്പു വള്ളങ്ങൾ
കടലിറക്കണം!


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...