നിലയ്ക്കാത്ത ഗർജ്ജനം


വി.ദത്തൻ

പ്രചണ്ഡ വാതമായ്,മൃദു സമീരനായ്,
പ്രഹരമേല്പ്പിക്കും പെരിയ മാരിയായ്,
കുളിർമ്മയേകുന്ന ചെറിയ ചാറ്റലായ്,
മധുരമൂറുന്ന മധു കണങ്ങളായ്,
സകലതും ചുടും കൊടിയ വഹ്നിയായ്,
സമസ്ത സാരവും പകർന്നൊഴുകുന്ന
പുഴയായ്,വ്യോമത്തിൻ പരമസീമയും
കഴിഞ്ഞു പായുന്ന കടുത്ത മിന്നലായ്,
അഴകിന്നഗ്രമായ് പരിലസിക്കുന്ന
മഴവില്ലായ്,സൂര്യകിരണ ജാലമായ്,
ഇരുട്ടിനെ കീറി മുറിയ്ക്കും വജ്രത്തിൻ 
നിശിത സൂചിയായ്, പുളകച്ചാർത്തായി,
കടലലയുടെ കഠിന ഗർജ്ജന-
പ്പടഹമായ് വേദിയടക്കി വാണവൻ,
മറഞ്ഞു പോയ് കാല മഹാ പ്രവാഹത്തിൽ;
മനസ്സു നോവുന്നാ മഹാ വിയോഗത്തിൽ.

അറിവിന്നത്ഭുത കവാടമെത്രയോ
തുറന്നു തന്നു നീയരുമ ശിഷ്യർക്കായ്.
1 ‘അതു നീയാണെ’ന്ന മഹാ വചസ്സൃഷി-
യുപദേശിച്ചതു സ്വപുത്രനോടു താൻ.
കിടാങ്ങളില്ലാത്ത ഭവാനാ വാക്യത്തിൻ
പൊരുളു മാത്രമ,ല്ലനന്ത വേദാന്ത-
ക്കടലു തന്നെയും പകർന്നു തന്നതീ-
യറിവെഴാത്തതാം മഹാജനത്തിനായ്.

പൊതു ഖജനാവു കവരാൻ നോക്കുന്ന
ഭരണ തസ്ക്കരർക്കനല്പ ഭീതിയും
അവലംബമില്ലാത്തവശ ജന്മങ്ങൾ-
ക്കതുല വിശ്വാസമണയ്ക്കും ശക്തിയും
വിടുവായന്മാർക്കു പരിഹാസത്തിന്റെ
നെടിയ ചാട്ടവാറടിയുമായി നീ.

ഒളിയമ്പെയ്തവ,രപമാനിക്കുവാ-
നൊരുങ്ങി,യച്ചാരം കരസ്ഥമാക്കിയോർ,
കുടില സാനുവിൽ കുടികിടപ്പുകാർ,
അടുത്തുവന്നപ്പോൾ തികഞ്ഞ സ്നേഹത്താൽ
കരം ഗ്രഹിച്ചെല്ലാം പൊറുത്തതാം മഹാ-
മനസ്ക്കതയെത്ര മഹത്വ നിർഭരം.
2 “അതീവ നിസ്തുലമിവിടെക്കണ്ട”തെ-
ന്നവസാന വാക്യമുരച്ചകലവേ
അനന്യ ലബ്ധമാം വിശിഷ്ട സാന്നിദ്ധ്യ-
മിനിമേലില്ലെന്ന കറുത്ത വാസ്തവം
കൊടിയ നഷ്ടത്തിന്നഗധ ബോധത്തിൻ
കടുത്ത ചായങ്ങൾ നിറച്ചു നില്ക്കുന്നു.
പൊടിയും കണ്ണുനീർ മറയ്ക്കുന്നൂ കാഴ്ച
ഇടറും കണ്ഠത്തിൽ കുരുങ്ങുന്നൂ വാക്കും.

ഭയം ഗ്രസിക്കാത്ത മനസ്സു,മുന്നത
ശിരസ്സു,മത്ഭുത വചസ്സുമായ് സർവ്വം
ജയിച്ച നീ ജനഹൃദയ വ്യോമത്തിൽ
ജ്വലിച്ചു നിന്നിടുമനന്ത കാലവും.
...........................

1.“തത്ത്വമസി”
2.സുകുമാർ അഴീക്കോടിന്റെ ആത്മകഥയിലെ വിയോഗ വാക്യം

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ