19 May 2012

ചൂതാട്ടം/ബോദ് ലെയർ

 പരിഭാഷ: വി രവികുമാർ

ബോദ് ലെയർ
നിറം മങ്ങിയ കസേരകളിൽ പ്രായം ചെന്ന വേശ്യകൾ,
കറുപ്പിച്ച പുരികങ്ങൾ, മാരകവും ശാന്തവുമായ കണ്ണുകൾ;
അവരിളിയ്ക്കുമ്പോൾ, ചുളിഞ്ഞ കാതുകളിൽ നിന്നിറ്റുവീഴുന്നു,
മുക്കുപൊന്നിന്റെ കമ്മലുകളിളകുന്ന നേർത്ത കിലുക്കങ്ങൾ.

ചൂതാട്ടമേശകൾക്കു ചുറ്റും ചുണ്ടുകളില്ലാത്ത മുഖങ്ങൾ,
നിറമില്ലാത്ത ചുണ്ടുകൾ, പല്ലുകളില്ലാത്ത മോണകൾ,
ജ്വരത്തിന്റെ നരകപ്പിടുത്തത്തിൽ പിടഞ്ഞുപോയ വിരലുകൾ
ഒഴിഞ്ഞ കീശകൾ തപ്പുന്നു, നെഞ്ചുകളള്ളിപ്പിടിയ്ക്കുന്നു.

കരി പിടിച്ച മച്ചിൽ നിന്നു തൂക്കിയിട്ട കവരവിളക്കുകൾ,
കൂറ്റനെണ്ണവിളക്കുകൾ- അവയുടെ രൂക്ഷവെളിച്ചം തിളക്കുന്നു,
ചോര നീരാക്കിയതൊക്കെയുമിവിടെക്കൊണ്ടു തുലയ്ക്കുന്ന
വിശിഷ്ടരായ കവികളുടെ വിയർപ്പിറ്റുന്ന നെറ്റികൾ.

ഇതത്രേ, ഒരു രാത്രിയിൽ ഞാൻ കണ്ട സ്വപ്നത്തിൽ
എന്റെ ദീർഘദൃഷ്ടിയ്ക്കു മുന്നിൽ ചുരുളു നിവർന്ന ചിത്രം.
അവിടെ, ആ മടയുടെ പിമ്പുറത്തെന്നെയും ഞാൻ കണ്ടു:
കൈമുട്ടുകളിൽ മുഖം വച്ചും, മിണ്ടാതനങ്ങാതസൂയാലുവായും,

എനിക്കസൂയയായിരുന്നു, ആ മനുഷ്യരുടെ ദുരാശയോട്,
ആ കിഴട്ടുവേശ്യകളുടെ പുണ്ണു പിടിച്ച പ്രണയത്തോട്.
എല്ലാം മറന്നെന്റെ കണ്മുന്നിൽ വാണിഭം നടത്തുകയാണവർ,
ഒരാൾ തന്റെ പഴയ പ്രതാപം, ഒരുവൾ തന്റെ സൗന്ദര്യം.

വാ പിളർന്ന പടുകുഴിയിലേക്കവരിരച്ചുപായുമ്പോൾ
ആ പതിതരോടിത്രയുമസൂയയോ, നിനക്കു ഹൃദയമേ?
സ്വന്തം ചോരയൂറ്റിക്കുടിക്കുടിയ്ക്കുമ്പോഴുമവർക്കിഷ്ടം,
മരണത്തെക്കാൾ യാതനയെ, ശൂന്യതയെക്കാൾ നരകത്തെ!

(പാപത്തിന്റെ പൂക്കൾ - 97)

Gambling
In faded armchairs aged courtesans,
Pale, eyebrows penciled, with alluring fatal eyes,
Smirking and sending forth from wizened ears
A jingling sound of metal and of gems;
Around the gaming tables faces without lips,
Lips without color and jaws without teeth,
Fingers convulsed with a hellborn fever
Searching empty pockets and fluttering bosoms;
Under dirty ceilings a row of bright lusters
And enormous oil-lamps casting their rays
On the tenebrous brows of distinguished poets
Who come there to squander the blood they have sweated;
That is the black picture that in a dream one night
I saw unfold before my penetrating eyes.
I saw myself at the back of that quiet den,
Leaning on my elbows, cold, silent, envying,
Envying the stubborn passion of those people,
The dismal merriment of those old prostitutes,
All blithely selling right before my eyes,
One his ancient honor, another her beauty!
My heart took fright at its envy of so many
Wretches running fiercely to the yawning chasm,
Who, drunk with their own blood, would prefer, in a word,
Suffering to death and hell to nothingness!
— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...