20 May 2012

ചരിത്രരേഖ


ഡോ.എം.എസ്‌.ജയപ്രകാശ്‌


തിരുഅത്താഴവും തിരുകേശവും തിരുമേനിപ്പാർട്ടിക്ക്‌ തിരിച്ചടിയായപ്പോൾ

       ഗതികെട്ടാൽ പുലി പുല്ലും തിന്നുമെന്നൊരു ചൊല്ലുണ്ടല്ലോ. ഇവിടെ
പരാമർശിച്ചിരിക്കുന്നത്‌ സാദാപുലിയല്ല, കടലാസുപുലിയുമല്ല, പ്രകാശ്‌
കാരാട്ട്‌ യേശുവിന്റെ സ്ഥാനത്തും, പാർട്ടി സഭയുടെ സ്ഥാനത്തുമെത്തി
നിൽക്കുന്ന സി.പി.എമ്മിലെ പുൽപുലികളെപ്പറ്റിയാണ്‌. അനുദിനം
ക്ഷയിച്ചുകൊണ്ടിരിക്കുന്ന സി.പി.എം എന്ന രാഷ്ട്രീയപ്രസ്ഥാനത്തിന്റെ
മരണമണി മുഴക്കമാണ്‌ ഇക്കഴിഞ്ഞ പാർട്ടി സമ്മേളനവേദികളിൽ ഉയർന്നത്‌.
അന്ത്യകൂദാശയ്ക്ക്‌ സമയമായി എന്ന്‌ പലർക്കും
തോന്നിത്തുടങ്ങിയിരിക്കുന്നു. ശവമഞ്ചം ഒരുങ്ങുംമുമ്പ്‌
നെയ്യാറ്റിൻകരയിൽനിന്നും ശെൽവരാജ്‌ മനസമ്മതവേദിയിലേയ്ക്ക്‌ ഓടിപ്പോയി.
യേശുവിനെ രക്ഷകനായി അവതരിപ്പിച്ചവർ പിറവത്ത്‌ ആറടിമണ്ണിൽ
കുഴിച്ചുമൂടപ്പെട്ട്‌ സ്ഥിതിയിലായി. മാർഗം കൂടലും മാർഗകല്യാണവും നടത്തി
രക്ഷപ്പെടാനുള്ള തന്ത്രങ്ങൾ തിരിച്ചടിച്ചു. ക്രൈസ്തവസഭകൾ പിശാചിനുനേരെ
കുരിശുകാണിച്ചതോടെ ക്രിസ്തുമാർഗം വെടിഞ്ഞ്‌ നബിവചനങ്ങളിൽ ചേക്കേറാൻ ശ്രമം
നടന്നു. അപ്പോഴാണ്‌ 'തിരുകേശം' കൈയ്യിൽ കിട്ടിയത്‌. തിരുകേശമല്ല,
തിരുപ്പനായാലും മതി എന്ന അവസ്ഥയിലാണ്‌ പിണറായി വിജയൻ എത്തിച്ചേർന്നത്‌.
'ഏതുമുടിയും കത്തും' എന്നായി വിജയൻ. മുടി, നഖം, വിയർപ്പ്‌ എന്നിവ
ബോഡിവേയ്സ്റ്റാണെന്ന 'വർഗമുടി സിദ്ധാന്തം' ഉരുവിടുകയും ചെയ്തു. പിറവത്തെ
'തിരുമേനി വിപ്ലവത്തിന്‌' തിരികൊളുത്താനായിരുന്നു മുടികത്തിച്ചതു.
പിറവത്ത്‌ സഖാക്കളുടെ മുടി കത്തുകയും നാറുകയും ചെയ്തു. അവിടെ ഒഴുക്കിയ
വിയർപ്പ്‌ ബോഡി വെയ്സ്റ്റായ സ്ഥിതിക്ക്‌ മുടിയും നഖവും വളർത്തി
ഹിമാലയസാനുക്കളിൽ തീർത്ഥാടനം നടത്തുന്നതാവും ഇനി നല്ലത്‌; ധ്യാനവുമാകാം.
അപ്പോൾ കാണാൻ കാൾമാർക്ക്സിനെപോലിരിക്കും. മാർക്ക്സിൽ നിന്നും
മഹർഷിയിലേയ്ക്ക്‌, മാർട്ടിൻ വഴി, എത്തിയതായും കരുതാം. താടിയും മീശയും
ബോഡിവെയ്സ്റ്റാണെങ്കിൽ ക്ലീൻഷേവ്‌ ചെയ്ത മുനിയായിരിക്കാം. ശുംഭൻ
(തിളങ്ങുന്നവൻ) എന്ന പേര്‌ സമ്പാദിക്കുകയും ചെയ്യാം. തിരുഅത്താഴവും,
തിരുകേശവും കൈയ്യിലെടുക്കുംമുമ്പ്‌ തിരുക്കുറൾ
രണ്ടുതവണവായിച്ചിരുന്നെങ്കിൽ ഈ അബദ്ധങ്ങൾ പറ്റുമായിരുന്നില്ല.
വെണ്ടോർപള്ളി അമ്പുതിരുനാളിന്‌ ആശംസനേർന്നു ഡി.വൈ.എഫ്‌.ഐയുടെ പോസ്റ്റർ
പതിച്ചതായി വാർത്ത വന്നിരുന്നല്ലോ. ഇനി അങ്ങോട്ട്‌ 'ദുഃഖവെള്ളിയാഴ്ച'കൾ
(ഗുഡ്ഫ്രൈഡേ) ആയിരിക്കുമെന്ന്‌ ഇക്കൂട്ടർക്ക്‌ അറിയാമെന്നു തോന്നുന്നു.
വേൽമുരുകാ ഹരോ ഹരാ! എന്നു ചൊല്ലി കാവടിയെടുക്കുന്നതും ശോഭനമായ
ഭാവിയ്ക്ക്‌ പറ്റിയ പരിപാടിയായിരിക്കും. "യേശുക്രിസ്തു ആരാണെന്ന്‌ പള്ളി
ഭക്തർക്ക്‌ അറിയില്ല" എന്നാണ്‌ വി.എസ്‌.അച്യുതാനന്ദൻ പറഞ്ഞിരിക്കുന്നത്‌.
നേരേ ചൊവ്വേ പള്ളിക്കൂടത്തിൽ പോയിരുന്നെങ്കിൽ ഈ വർത്തമാനം
പറയുമായിരുന്നില്ല. 'പ്രകാശ്കാരാട്ടാണ്‌ യേശുക്രിസ്തു' എന്നു പറയുന്ന
സഖാക്കളുടെ നേതാവായിരിക്കാൻ എന്തുകൊണ്ടും യോഗ്യൻ അച്യുതാനന്ദൻ തന്നെ!
അത്യുന്നതങ്ങളിൽ ജയരാജനു സ്തുതി! പാർട്ടി സമ്മേളനത്തിൽ പിണറായി വിജയൻ
അച്യുതാനന്ദന്‌  നൽകേണ്ടിയിരുന്നത്‌ ക്യാപിറ്റൽ പണീഷ്‌മന്റാകണമായിരുന്നു
എന്നാണ്‌ ചില സഖാക്കൾ ആവശ്യപ്പെട്ടത്‌. 'ക്യാപ്പിറ്റൽ' പിണറായിയുടെ
കൈയ്യിലും 'പണീഷ്‌മന്റ്‌' അച്ചുമാമനും ആയിരിക്കുന്ന സ്ഥിതിയ്ക്ക്‌ ഈ
ആവശ്യത്തിന്‌ പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല. സഖാക്കളുടെ മൂരിശൃംഗാരം
ഒപ്പിയെടുക്കാനുള്ള ഒളിക്യാമറവയ്ക്കാൻ പറ്റിയ വലിയ പുസ്തകം എന്ന നിലയിൽ
ദാസ്‌ ക്യാപിറ്റലിന്‌ പാർട്ടി ഓഫീസുകളിൽ സ്ഥാനമുണ്ടായിരിക്കും. 'കുറ്റവും
ശിക്ഷയും' എന്ന കൃതിയുടെ ടൈറ്റിൽ പേജ്‌ സൂക്ഷിക്കാനുള്ള ഏറ്റവും നല്ല
സ്ഥാപനം എ.കെ.ജി സെന്ററായിരിക്കും. സി.പി.എം സമ്മേളനത്തിലെ
പ്രദർശനത്തിന്റെ പേര്‌ 'മാർക്ക്സാണ്‌ ശരി' എന്നായിരുന്നു. സമ്മേളനവേദിയിൽ
വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്‌ 'അച്യുതാനന്ദൻ ശരിയല്ല' എന്നായിരുന്നു.
പുറത്ത്‌ ചർച്ച ചെയ്തത്‌ 'യേശുവാണ്‌ ശരി' എന്നായിരുന്നു.'നബിയുടെ
കേശമല്ല, വചനമാണ്‌ ശരി' എന്ന സുവിശേഷവുമുണ്ടായിരുന്നു. പിറവത്ത്‌
അച്യുതാനന്ദൻ വിചാരിച്ചതു ശരിയാകുകയും ചെയ്തു  അതിനാൽ ഇപ്പോൾ
'അച്യുതാനന്ദനാണ്‌ ശരി; പി.ശശിയാണെ സത്യം!!
       'തിരുത്താനാവാത്ത നേതാവ്‌' എന്ന മുദ്രയടിച്ച്‌ പാർട്ടിസമ്മേളനവേദിയിൽ
നിന്ന്‌ ഇറക്കിവിട്ട വി.ഏശിനെയാണ്‌ പിറവത്ത്‌ വിജയഭേരിമുഴക്കാനായി
പിണറായി ഉപയോഗിച്ചതു.'വേണ്ടത്‌ തെറ്റുതിരുത്തിയ വി.ഏശിനെ' എന്നും പിണറായി
പറഞ്ഞിരുന്നു. ഏതായാലും പിറവത്ത്‌ പിണറായിയുടെ തെറ്റുതിരുത്തിയ വി.ഏശിനെ
തന്നെയാണ്‌ ലഭിച്ചിരിക്കുന്നത്‌. മുഖ്യമന്ത്രി എന്ന നിലയിൽ
പരാജയപ്പെട്ടു, കൂട്ടുത്തരവാദിത്തമില്ലാതെ പ്രവർത്തിച്ചു. പാർട്ടി
ശത്രുക്കളുമായി ഗുഢലോചന നടത്തി, വി.എസ്‌ ഒറ്റുകാരനാണ്‌ എന്നിങ്ങനെയുള്ള
സ്ഥാനമാണങ്ങളാണ്‌ പാർട്ടി സമ്മേളനത്തിൽ അച്യുതാനന്ദനു കിട്ടിയത്‌.
കാലഹരണപ്പെട്ട പുണ്യാളനെന്നും കൂട്ടിൽ കിടന്നു വിസർജ്ജിക്കുന്ന
ജന്തുഎന്നും സ്വന്തം മുഖ്യമന്ത്രിയെ സാംസ്കാരിക ഗുണ്ടകളെകൊണ്ട്‌
വിളിച്ചവരുടെ കുറ്റപത്രമാണ്‌ മുകളിൽ പറഞ്ഞിരിക്കുന്നത്‌. ശംഖുമുഖം
കടപ്പുറത്തും ബക്കറ്റിലെ വെള്ളത്തിൽ വി.ഏശിനെ മുക്കിയെടുത്തതും നാം
കണ്ടതാണല്ലോ. ഇങ്ങനെ അടിമുടി നനഞ്ഞ വി.എസ്‌ കുളിച്ചുകയറിയ കാഴ്ചയാണ്‌
പിറവത്ത്‌ പിണറായിയും കൂട്ടരും കണ്ടത്‌. "കരയുന്നോ പുഴ ചിരിക്കുന്നോ"
എന്ന ചോദ്യവുമായി വി.എസ്‌. നെയ്യാറ്റിൻകരയിലുമെത്തും.
കൂട്ടിൽകിടന്നു വിസർജ്ജിക്കുന്ന ജന്തു' എന്ന്‌ വി.ഏശിനെ (മുഖ്യമന്ത്രി)യെ
വിളിച്ചതു സുകുമാർ അഴീക്കോടായിരുന്നു. അതേ അഴീക്കോടിന്റെ മറ്റൊരു
സുവിശേഷം ഇങ്ങനെയായിരുന്നു. "മനുഷ്യൻ അധഃപതിച്ചാൽ മൃഗമാകും, മൃഗം
അധഃപതിച്ചാൽ കമ്മ്യൂണിസ്റ്റാകും". പാർട്ടിയുടെ പത്രത്തിൽ സ്ഥിരമായി കോളം
എഴുതിക്കൊണ്ടിരുന്ന അഴീക്കോടാണ്‌ ഇങ്ങനെ പറഞ്ഞത്‌. അച്യുതാനന്ദനു മുമ്പ്‌
കൂട്ടിൽ കിടന്നു വിസർജ്ജിച്ചതു അഴീക്കോട്‌ മാഷുതന്നെയായിരുന്നു എന്നും
വ്യക്തമാകുന്നുണ്ടല്ലോ. വനമൃഗസംരക്ഷണനിയമം പാർട്ടിയുടെ
രക്ഷക്കുവരുമെന്ന്‌ കരുതാം. മനേകാഗാന്ധിയുടെ സഹായവും തേടാം.
       ഓരോ തിരഞ്ഞെടുപ്പ്‌ കഴിയുമ്പോഴും സി.പി.എം. ജനങ്ങളിൽ നിന്ന്‌
അകന്നുകൊണ്ടിരിക്കുന്നു. 545 അംഗങ്ങളുള്ള പാർലമന്റിൽ വെറും 16 പേരുള്ള
ദേശീയ പാർട്ടിയാണത്രെ സി.പി.എം! പ്രത്യയശാസ്ത്രം നഷ്ടപ്പെട്ട ഇക്കൂട്ടർ
അണ്ടികളഞ്ഞ അണ്ണാന്റെ കൂട്ടായി. "യേശുവിൽ വിശ്വാസം, കീശയിൽ ആശ്വാസം"
എന്നായിരുന്നു. എം.എ.ബേബി ക്രൈസ്തവകേന്ദ്രങ്ങളെ ആക്ഷേപിച്ചിരുന്നത്‌.
ഇപ്പോൾ പാർട്ടിക്ക്‌ "കീശയിൽ വിശ്വാസവും യേശുവിൽ ആശ്വാസവും" കാണേണ്ട
ഗതികെട്ടാൽ പുൽപുലി മുടിയും തിന്നുമെന്ന്‌ പറയേണ്ടിവന്നത്‌.
സാമ്രാജ്യത്വത്തെയും മുതലാളിത്തത്തെയും കടന്നാക്രമിക്കാറുള്ള പാർട്ടി
സഖാക്കൾ ഇപ്പോൾ പൊയ്മുഖമണിഞ്ഞ ആദർശവാദികളായി അധഃപതിച്ചിരിക്കുന്നു.
പ്രസ്ഥാനമെന്ന നിലയിലും വ്യക്തികളെന്ന നിലയിലും കോടീശ്വരന്മാരാണ്‌
ഇടതുനേതാക്കൾ. കോടികളുടെ ആസ്തിയുള്ള കോർപ്പറേറ്റ്‌ ഭീമന്മാരുടെ
മുൻനിരയിലാണ്‌ ഇന്ന്‌ കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയകമ്പനിയായ സി.പി.എം.
മണിമന്ദിരങ്ങൾ, റിസോർട്ടുകൾ, അമ്യൂസ്‌മന്റ്‌ പാർക്കുകൾ,
സ്വാശ്രയസ്ഥാപനങ്ങൾ എന്നിങ്ങനെ പോകുന്നു സഖാക്കളുടെ അഭയകേന്ദ്രങ്ങൾ.
സഖാക്കളിൽ ണല്ലോരുഭാഗം ശമ്പളംപറ്റി വിപ്ലവവീര്യം കഴിച്ച്‌ തമ്പുരാൻ
ചമയുന്ന നേതാക്കളുടെ 'അടിയാളരായി' സുഖിച്ചു ജീവിക്കുന്ന
സ്ഥിതിയാണുള്ളത്‌. ഈ സാഹചര്യത്തിൽ തങ്ങളുടെ കാലിനടിയിലെ മണ്ണ്‌
ഒലിച്ചുപോകാതെ നോക്കേണ്ട കഠിനപരിശ്രമത്തിലാണ്‌ നേതാക്കൾ
ഏർപ്പെട്ടിരിക്കുന്നത്‌. യേശു, നബിയുടെ മുടി, നാരായണഗുരു, അയ്യൻകാളി,
വൈകുണ്ഠസ്വാമികൾ എന്നിവരുടെ ആരാധകരായി ഇവർ അഭിനയിക്കാനും
പഠിച്ചിരിക്കുന്നു. പാർട്ടി പരസ്യങ്ങളിൽ 'ജാതിമതശക്തികളുടെ നേതാക്കളുടെ
ചിത്രങ്ങൾകൊണ്ട്‌ നിറഞ്ഞിരിക്കുന്നു. മാർക്ക്സും എംഗൽസും, ലെനിനുമെല്ലാം
മൂലയ്ക്ക്‌ ഒതുങ്ങുന്നു. സർവ്വരാജ്യ ജാതികളെ സംഘടിക്കുവിൻ എന്ന
സ്വത്വവാദം ഒളിഞ്ഞും തെളിഞ്ഞും ഉയർത്തിക്കഴിഞ്ഞു. നമ്മൾ 'കൊയ്ത
ജാതികളെല്ലാം' നമ്മുടേതാകും പൈങ്കിളിയെ എന്ന കിപ്ലവപാതയിലാണ്‌ സി.പി.എം.
(വിപ്ലവത്തിന്റെ വിപരീതപദമായി കിപ്ലവം ഉപയോഗിച്ചിരിക്കുന്നു). അഖിലകേരള
സി.പി.എം നായർ സമ്മേളനവും, ഈഴവ, പുലയ, അരയ, ബ്രാഹ്മണ സമ്മേളനവും ഉടനെ
വരും.
       ലെനിന്റെ പ്രതിമ നേരത്തേതന്നെ കെട്ടിയിറക്കുന്ന കാഴ്ച നാം കണ്ടുകഴിഞ്ഞു.
ഇപ്പോൾ മോസ്കോയിൽ നിന്നും കിഴക്കൻ ജർമ്മനിയിൽ നിന്നും പുതിയ വാർത്തകൾ
വന്നുകൊണ്ടിരിക്കുന്നു. സ്റ്റാലിന്റെ പ്രതിമ കെട്ടിയിറക്കാനുള്ള
തീരുമാനമായിക്കഴിഞ്ഞു. എന്നിട്ടും കേരളസ്റ്റാലിന്മാർക്ക്‌
സ്റ്റാലിനിസത്തിന്റെ കെട്ടുവിട്ടമട്ടില്ല. മാർക്ക്സിന്റെയും
ഏംഗൽസിന്റെയും പ്രതിമകൾ ബർലിനിൽ നിന്ന്‌ ഉടനെ മാറ്റാനുള്ള
തീരുമാനവുമായിക്കഴിഞ്ഞിരിക്കുന്
നു. ജർമ്മനികൾ ഒന്നാകുകയും ജനാധിപത്യം
വേരുറയ്ക്കുകയും ചെയ്തതിനു ശേഷവും എന്തിനീ പ്രതിമകൾ സ്ഥലം
മെനക്കെടുത്തുന്നു എന്നാണ്‌ അവിടത്തെ മന്ത്രി ചോദിക്കുന്നത്‌. പകരം
കന്യാമറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും പ്രതിമവയ്ക്കാൻ കാരാട്ടും
വൃന്ദയും ഉടനെ ആവശ്യപ്പെടാനും സാധ്യതയുണ്ട്‌. തിരുവനന്തപുരത്തെ ഇ.എം.എസ്‌
പ്രതിമയുടെ സ്ഥാനത്ത്‌ യേശുവിന്റെ ക്രൂശിത രൂപത്തിന്‌ ഇടം ലഭിക്കും.
എ.കെ.ജി സെന്ററിന്റെ വേഞ്ചരിപ്പ്‌ കാണാനും ഭാഗ്യമുണ്ടാകും !

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...