20 May 2012

ഉപഭോഗമാണ്‌ കല


എം.കെ.ഹരികുമാർ

       ആധുനികയുഗത്തിൽ, മനുഷ്യൻ കണ്ണുതുറക്കുന്നതുതന്നെ, എന്തെങ്കിലും
വാങ്ങാനും ഉപഭോഗം എന്ന പ്രത്യേകസിദ്ധി നേടാനുമാണ്‌. വാങ്ങാൻ കഴിയാത്തവൻ,
ഈ സമൂഹത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാത്ത വ്യക്തിയാണ്‌.
ആവശ്യങ്ങളില്ലാത്തവൻ, സംസ്കാരത്തിന്റെ ലോകത്ത്‌ മൂല്യമില്ലാത്തവനാണെന്ന
ധ്വനി പടർന്നിരിക്കുകയാണ്‌. സാധനങ്ങൾ എണ്ണിയാൽ തീരാത്തപോലെ ഫാക്ടറികളിൽ
നിന്ന്‌ പുറന്തള്ളിക്കൊണ്ടിരിക്കുകയാണ്‌
. ഉറമ്പുകളുടെ നീണ്ട നിരയെ അതോർമ്മിപ്പിക്കുന്നു. ബൈക്കുകളും കാറുകളും നിത്യേനയെന്നോണം
പ്രവഹിക്കുകയാണ്‌. ഷോറൂമുകളിൽ ബൈക്കുകൾ നിരത്തിയിരിക്കുന്നതുതന്നെ
പുതിയൊരു സംസ്കാരത്തെപ്പറ്റി സൊ‍ാചനനൽകുന്ന വിധമാണ്‌. വേഗം, കാര്യക്ഷമത,
സൗന്ദര്യം, തൃപ്തി, ഏകാന്തമായ ലക്ഷ്യം തുടങ്ങിയ മൂല്യങ്ങൾ ഒത്തുവന്ന്‌
അത്‌ സംസ്കാരമായി പരിണമിക്കുകയാണ്‌. ഈ കാഴ്ചപ്പാടിൽ നോക്കുമ്പോൾ,
സംസ്കാരം, വാങ്ങാൻ ഒരുങ്ങിനിൽക്കുന്നവന്റെ ആവശ്യവും അവൻ അതിലൂടെ നേടുന്ന
പ്രത്യേക പദവിയും പരസ്പരം കൊടുക്കുന്ന അംഗീകാരവുമാണ്‌.

       പുസ്തകം വായിച്ചോ, ചിത്രപ്രദർശനം കണ്ടോ, കഥകളിപോലുള്ള പരമ്പരാഗത
കലകളുമായി അടുത്തിടപഴകിയോ ലഭിക്കുന്ന അറിവുകൾ സംസ്കാരത്തിന്റെ, അനുഭവത്തെ
പൂർണ്ണമായി പ്രതിഫലിപ്പിക്കുന്നില്ല. ഫ്രെഡറിക്‌ ജയിംസൺ പറഞ്ഞതുപോലെ,
മനുഷ്യമനസ്സ്‌ ഇന്ന്‌ സംസ്കാരത്തിന്റെ ഒരു ഉപകരണമാണ്‌. ഈ മനസ്സ്‌ തന്നെ
സംസ്കാരവൽക്കരിക്കപ്പെട്ടിരിക്കയാണ്‌. അത്‌ ബുക്കിഷ്‌ അറിവല്ല,
പരമ്പരാഗതമായ ഉപരിവർഗ ജ്ഞാനമല്ല; മേൽത്തരം കരകൗശലമല്ല; അപൂർവ്വമായ അറിവോ
വിരുതോ അല്ല. സംസ്കാരം ഓരോ വസ്തുവിന്റെയും ഉപയോഗത്തിലൂടെയാണ്‌.
ലഭിക്കുന്നത്‌. വസ്തു എന്നത്‌ സമകാലികമായ മൂല്യത്തിന്റെ പ്രതിനിധാനമാണ്‌.

അത്‌ വിലയുള്ള ഏത്‌ വസ്തുവുമാകാം. വിപണിയുടെ താത്പര്യമാകാം. വിപണി
പുതിയൊരു ബോധോദയം പ്രചരിപ്പിക്കുന്നുണ്ട്‌. ഇതു പക്ഷേ, വാങ്ങലിന്റെ
ലഹരിയിലേക്ക്‌ ഉണർന്നവരെ ബാധിക്കാനിടയുള്ള ബോധോദയമാണ്‌.ഇത്‌
വ്യാജബോധോദയവുമാണ്‌. കാരണം, ഈ ബോധോദയം, സാധനങ്ങൾ സ്വന്തമാക്കുമ്പോൾ
വ്യക്തിക്ക്‌ ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും
മിഥ്യാബോധം തന്നെയാണ്‌. വസ്തുവിന്റെ ഉടമസ്ഥാവകാശം ലഭിച്ചതുകൊണ്ട്‌
ഒരാൾക്ക്‌ ചുറ്റുപാടുമുള്ള 'കലാലോകത്ത്‌' അംഗീകാരം ലഭിക്കുമെന്ന
വ്യാജബോധമാണിത്‌. ഇതുപക്ഷേ, വ്യക്തിക്ക്‌ അനിവാര്യമായിത്തീരുകയും
ചെയ്യുന്നു. ആർക്കിടെക്റ്റുകൾ, ചെരുപ്പുനിർമ്മാതാക്കൾ, വസ്ത്രഡിസൈനർമാർ,
ഷേവിംഗ്‌ ഉപകരണങ്ങളുടെ ഉൽപാദകർ, മൊബെയിൽ ഫോൺ  കമ്പനികൾ, ലാപ്ടോപ്‌
കമ്പനികൾ തുടങ്ങിയവയെല്ലാം ഇന്നു സംസ്കാരത്തിന്റെ ദാദാക്കളാണ്‌. കാരണം, ഈ
നിർമ്മാതാക്കളുടെ സേവനം ഉപയോഗിക്കുന്നവരെല്ലാം ഉപയോക്താവിന്റെ
സ്വാതന്ത്ര്യവും മാനവികമായ ഉൽക്കർഷതയും വേണ്ടുവോളം സ്വന്തമാക്കുന്നു.
അവർക്ക്‌ ലഭിക്കുന്നത്‌ സാമൂഹിക അംഗീകാരമെന്ന്‌ വ്യാജബോധമാണ്‌. ഇതാകട്ടെ,
ഒരുകൂട്ടത്തിലെ എല്ലാവരും ഒരുപോലെ അനുഭവിക്കുകയും സമ്മതിക്കുകയും
ചെയ്യുന്ന ബോധമാണ്‌. ഈ വ്യാജബോധമില്ലെങ്കിൽ ജീവിതം പരാജയമാണെന്ന മറ്റൊരു
പ്രചാരണവും വിപണി ഒരുക്കുന്നുണ്ട്‌. ഉപഭോക്താവ്‌ ഇന്ന്‌ സംസ്കാരത്തിന്റെ
വലിയൊരു കേന്ദ്രമാണ്‌. ഓരോ ഉപഭോക്താവും കേന്ദ്രമാണ്‌. അയാൾ വെറുതെ
ഉപയോഗിക്കുന്ന പാവയല്ല. 'കലാകാരനാണ്‌.' ഉപഭോഗം എന്ന പ്രവൃത്തിയിലൂടെ അയാൾ
സ്വതന്ത്രമായ മാനസികാവിഷ്കാരം നടത്തുന്നു. സ്വയം ചിലതെല്ലാം
കണ്ടെത്തുന്നു. ഇഷ്ടപ്പെട്ട നിറം തിരഞ്ഞെടുക്കുക, ഇഷ്ടപ്പെട്ട പാട്ട്‌
പാടി കേൾക്കുക, പ്രിയപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുക, കമ്പ്യൂട്ടറിലും
മൊബെയിലിലും ഫോട്ടോകൾ ഇടുക, ആ ഫോട്ടോകൾ കൂടുതൽ പേരെ കാണിക്കുക,
സോഷ്യൽനെറ്റ്‌വർക്ക്‌ സൈറ്റുകളിൽ ഇഷ്ടമുള്ള ആശയം  പ്രചരിപ്പിക്കുക,
തുടങ്ങിയകാര്യങ്ങളിലെല്ലാം ഒരു കലാകാരനെന്ന നിലയിലുള്ള വ്യക്തി
സ്വാതന്ത്ര്യവും ആവിഷ്കാരവുമാണ്‌ അയാൾ നേടുന്നത്‌.

       കലാകാരനാവാൻ ക്യാമറയുമായി നടന്ന്‌ ഏതെങ്കിലും ചിത്രമെടുത്താലും
മതിയല്ലോ. ക്യാൻവാസിൽ ചിത്രം വരയ്ക്കാൻ താത്പര്യമുണ്ടായാൽ,
പരിശീലിപ്പിക്കാൻ ആളുണ്ട്‌. അതിനുശേഷം വരയ്ക്കുന്ന ചിത്രം, വ്യക്തി എന്ന
നിലയിലുള്ള ഒരാളുടെ അസ്തിത്വത്തിന്റെ ചെറിയ തോതിലെങ്കിലുമുള്ള ഒരാളുടെ
അസ്തിത്വത്തിന്റെ ചെറിയതോതിലുള്ള പ്രകാശനമാണ്‌. ഇതുതന്നെയാണ്‌, ഇന്നത്തെ
ഉപഭോക്താവും നേടുന്നത്‌. വലിയൊരു വാണിജ്യ മാളിലെ കൂറ്റൻ ഫുഡ്കോർട്ടുകൾ
ആരെയും ആകർഷിക്കും. നിറം പിടിപ്പിച്ച ഭിത്തികളും ഡിസൈൻ ചെയ്തെടുത്ത
ഫർണീച്ചറുകളും, വിശപ്പടക്കാനുള്ള ആഹ്വാനമല്ല. മുഴക്കുന്നത്‌;
ആത്മാവിഷ്കാരത്തിനുള്ള അവസരമൊരുക്കുകയാണ്‌. സമ്പൂർണ്ണമായും,
വിശ്രമത്തിലേക്കും ശാന്തിയിലേക്കും പ്രവേശിക്കാനുള്ള യോഗ്യത, പോക്കറ്റിലെ
പണമാണെങ്കിലും, അതിൽ ഒരുവന്റെ സംസ്കാരിക ജീവിയെന്ന നിലയിലുള്ള
തലയെടുപ്പുണ്ട്‌. പാട്ടുകേട്ടുകൊണ്ട്‌ ഒരു കരിമീൻ പൊള്ളിച്ചതിന്റെ
മറനീക്കുന്നത്‌ ഉപഭോക്താവ്‌ എന്ന നിലയിലുള്ള കലാപ്രവർത്തനമായിത്തീരുന്നു;
സാംസ്കാരിക അനുഭവവും.

       സാങ്കേതികശാസ്ത്രവും അതിന്റെ ചിട്ടയൊപ്പിച്ചുള്ള ഉൽപാദനരീതിയുമാണ്‌
സംസ്കാരം സൃഷ്ടിക്കുന്നതെന്ന്‌ പറയാം. വാർപ്പു മാതൃകകൾ
ഉപയോഗിച്ചിട്ടെന്നപോലെ, പുതിയ യന്ത്രസമാന ഉപകരണങ്ങൾ ചുരുങ്ങിയ
സമയത്തിനുള്ളിൽ എത്രവേണമെങ്കിലും നിർമ്മിച്ചെടുക്കാം. ഒരേസമയത്ത്‌
എത്രവേണമെങ്കിലും ഉൽപാദനം നടത്താം. എണ്ണയോ മറ്റു വസ്തുക്കളോ, ഉണ്ടാക്കി,
കുപ്പികളിൽ നിറച്ച്‌, അടപ്പിട്ട്‌ മുറുക്കി, പായ്ക്കറ്റിലാക്കി
പുറത്തേക്ക്‌ തരുന്ന യന്ത്രസമുച്ചയങ്ങൾ, പുതിയ സംസ്കാരജീവിതം തന്നെ
സൃഷ്ടിക്കുന്നു. വിപണിയിലെ ഉൽപന്നങ്ങൾ അതിന്റെ ഉപഭോക്താക്കളെ
കണ്ടെത്തുന്നു. ഉപഭോക്താക്കൾ ഉൽപന്നങ്ങളെ കണ്ടെത്തുകയല്ല. ഏതുതരം പുതിയ
ഉൽപന്നം ഉണ്ടാക്കിയാലും ആളുകൾ അതുവാങ്ങും. കാരണം, പുതിയത്‌ എന്ന
അർത്ഥത്തിൽ ഏതു ഉൽപന്നവും ആളുകളിൽ സാംസ്കാരികമായ പ്രലോഭനം ഇളക്കിവിടും.
ഉപയോഗിക്കുന്നതുപോലെ തന്നെ പ്രധാനമാണ്‌. മുമ്പ്‌ ഉപയോഗിച്ചിട്ടുള്ളതാണ്‌
എന്ന്‌ പറയാൻ കിട്ടുന്ന അവസരവും.

       ഉപഭോക്താവ്‌ എന്ന വ്യക്തി ആരാണെന്നത്‌ പ്രശ്നമേയല്ല. അവൻ മാർക്കറ്റിലെ,
വ്യവസായകാലത്തിലെ ഒരു പ്രതിബിംബമാണ്‌. അവൻ സാമൂഹ്യബന്ധങ്ങളിലെ
മുഖ്യകണ്ണിയാണ്‌. അവന്‌ പേരിലല്ല വലുപ്പം; സ്വഭാവത്തിന്റെ
ഏകത്വത്തിലാണ്‌. ഫ്രഞ്ച്‌ മാർക്സിസ്റ്റ്  സൈദ്ധാന്തികനായ ഗയ്‌
ഏണസ്റ്റ്‌ ദെബോ  സൂചിപ്പിച്ച  society of the spectacle എന്ന ചിന്തയ്ക്ക്‌ സമാനമാണത്‌. പുറമേയുള്ള പ്രദർശനമാണ്‌ സമൂഹം എന്ന്‌ തിരുത്തപ്പെട്ടിരിക്കുന്നു. പുറമേയുള്ളതെല്ലാം വസ്തുക്കളാണ്‌. വസ്തുക്കളെല്ലാം സംസ്കാരത്തെ നിശ്ചയിക്കുന്നു. വലിയ ഉൽപന്നവും ചെറിയ
ഉൽപന്നവും എല്ലാം ഒരുപോലെയാണ്‌. കഥകളി അവതരിപ്പിക്കുന്നതും
കെട്ടിടനിർമ്മാണത്തിനാവശ്യമായ ടെയിലുകൾക്ക്‌ ഡിസൈൻ ചെയ്യുന്നതും
സാംസ്കാരിക പ്രവർത്തനമാണ്‌. മൻജിത്ത്‌ ബാവയുടെ ചിത്രപ്രദർശനം കാണാൻ
പോകുന്നതിനെ സാംസ്കാരിക പ്രവർത്തനമായി കാണുന്നതിനോട്‌ പരമ്പരാഗത
വീക്ഷണമനുസരിച്ച്‌ എല്ലാവരും യോജിക്കുമെന്ന്‌ തോന്നുന്നു. എന്നാൽ ഇന്ന്‌
ടിവിയിൽ ഒരാൾ മത്സ്യം പാചകം ചെയ്യുന്നത്‌ കാണുന്നതും, അമ്യൂസ്‌മന്റ്‌
പാർക്കിൽ സ്ഥാപിച്ചിട്ടുള്ള പാളത്തിലൂടെ ഒഴുകി വെള്ളത്തിലേക്ക്‌
വീഴുന്നതും സാംസ്കാരിക പ്രവർത്തനമായി കാണണം. കാരണം രണ്ട്‌ കാര്യങ്ങളിലും
നമ്മുടെ മനസ്സിന്റെ സന്തോഷവും സ്വാതന്ത്ര്യവും ആവിഷ്കാരവും ഉണ്ട്‌.
വസ്തുവിന്റെ ഉടമസ്ഥരായല്ല സംസ്കാരം; വസ്തുവിനെ അനുഭവത്തിന്റെ
ഭാഗമാക്കലാണത്‌. വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക്‌ വേണ്ടത്ര
ഇടമുണ്ടാകുമ്പോഴാണ്‌ ഈ സംസ്കാരം യാഥാർത്ഥ്യമാകുന്നത്‌.
ചിത്രപ്രദർശനം കാണുമ്പോൾ നമ്മൾ ഒരാളുടെ ചിന്തയിലേക്ക്‌ എത്താനാണ്‌
ശ്രമിക്കുന്നത്‌. അത്‌ പരമ്പരാഗതമായ കാണി എന്ന നിലയിൽ നമ്മെ തളച്ചിടുകയും
ചെയ്യും. പാചകവിദ്യ കാണുമ്പോൾ, നമുക്ക്‌ കുറേക്കൂടി പങ്കാളിത്തം
ലഭിക്കും. വീട്ടിൽ ഒന്ന്‌ പരീക്ഷിക്കാനുള്ള സ്വാതന്ത്ര്യവും തരും. ആ
പാചകത്തിന്റെ ഉൽപന്നത്തെ, ചിത്രങ്ങളെന്നപോലെ എവിടെയും
പ്രദർശിപ്പിക്കേണ്ടതില്ലല്ലോ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...