20 May 2012

നകുലൻ തന്ന പുസ്തകങ്ങൾ


പി.രവികുമാർ

ആധുനിക തമിഴ്‌ കവിതയിലും നോവലിലും വലിയ മാറ്റങ്ങൾ വരുത്തിയ
എഴുത്തുകാരനാണ്‌ നകുലൻ എന്ന പ്രോഫ. ടി.കെ. ദുരൈസ്വാമി (1921 ആഗസ്റ്റ്‌
2007 മേയ്‌).
       തമിഴിലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾ ഒന്നും തന്നെ നകുലന്റെ ഒരു രചനയും
പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ജനപ്രിയ സാഹിത്യത്തിലാണ്‌ തമിഴിലെ
മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾ പ്രാധാന്യം നൽകുന്നത്‌. നകുലൻ തന്റെ
രചനകളെല്ലാം തന്നെ ചെറിയ മാസികകളിലാണ്‌ പ്രസിദ്ധപ്പെടുത്തിയത്‌.
പുസ്തകങ്ങളിൽ ഏറെയും സ്വന്തമായി പുറത്തിറക്കുകയായിരുന്നു. കാലത്തിനു
മുമ്പേ നടന്ന നകുലന്റെ രചനകളെ ഒന്നാംകിട വായനക്കാർ മാത്രമാണ്‌ ആദ്യം
ശ്രദ്ധിച്ചതു.
       നകുലൻ ഇന്ന്‌ തമിഴിൽ 'എഴുത്തുകാരുടെ എഴുത്തുകാരൻ' എന്ന്‌
അറിയപ്പെടുന്നു. തമിഴിലെ പുതിയ എഴുത്തുകാരുടെയും നല്ല വായനക്കാരുടെയും
പ്രിയപ്പെട്ട എഴുത്തുകാരനാണ്‌ നകുലൻ. നകുലന്റെ 'നിന്നെവുപ്പാതെ' (1972)
എന്ന നോവൽ ക്ലാസിക്‌ കൃതിയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. അതിനെപ്പറ്റി
ചർച്ചകളും പഠനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. 'നിനൈവുപ്പാതൈ' പോലൊരു നോവൽ
മലയാളത്തിലോ മറ്റ്‌ ഇന്ത്യൻ ഭാഷകളിലോ എഴുതപ്പെട്ടിട്ടുണ്ടെന്നു
തോന്നുന്നില്ല. കഫ്കയുടെയോ ബക്കറ്റിന്റെയോ നോവലുകളുമായി മാത്രമേ
'നിനൈവുപ്പാതൈ'യെ താരതമ്യം ചെയ്യാനാവൂ.
നകുലൻ

       തമിഴ്‌ - മലയാളം എഴുത്തുകാരൻ മാ. ദക്ഷിണാമൂർത്തിയാണ്‌ ആദ്യമായി
നകുലനെപ്പറ്റി വളരെ വിശദമായി എന്നോടു സംസാരിക്കുന്നത്‌. തിരുവനന്തപുരത്തെ
കവടിയാറിലുള്ള നകുലന്റെ വീട്ടിലേക്ക്‌ എന്നെ ആദ്യമായി കൊണ്ടുപോകുന്നതും
ദക്ഷിണാമൂർത്തിയാണ്‌.
       ആദ്യകാഴ്ചയിൽതന്നെ ആ വലിയ എഴുത്തുകാരൻ എന്നെ ആഴത്തിൽ സ്വാധീനിച്ചു കഴിഞ്ഞിരുന്നു.
       നകുലന്റെ വീട്‌ പുരാതനമായ ഒന്നായിരുന്നു. ലോകത്തിന്റെ മായക്കാഴ്ചകളിൽ
നിന്ന്‌ അകന്നുമാറി ആ വീട്‌ ഏകാന്തമായി നിലകൊണ്ടു. ആ വീട്ടിൽ ഫോൺ,
റേഡിയോ, ടേപ്പ്‌ റെക്കോഡർ, ടിവി, കമ്പ്യൂട്ടർ അങ്ങനെയുള്ള ഒന്നും തന്നെ
ഉണ്ടായിരുന്നില്ല.
       ഞാൻ അദ്ദേഹത്തെ പതിവായി സന്ദർശിച്ചുകൊണ്ടിരുന്നു.
       രാവിലെ പോയാൽ ഉച്ചകഴിഞ്ഞാവും എന്റെ മടക്കം. അങ്ങനെ എത്രയോ നാളുകൾ.
എത്രയോ ഓർമ്മകൾ...
       ഒടുവിലൊടുവിൽ നകുലന്റെ ഓർമ്മ മെല്ലെമെല്ലെ മായാൻ തുടങ്ങി.
ആയിടെ ഒരുനാൾ പതിവുപോലെ ഉച്ചകഴിഞ്ഞ്‌ തിരിച്ചുപോരാൻ തുടങ്ങുമ്പോൾ,
അദ്ദേഹം പൊടുന്നനെ എന്റെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ച്‌ നിറഞ്ഞ
സ്നേഹത്തോടെ എന്റെ മുഖത്തേക്ക്‌ അൽപനേരം ഉറ്റുനോക്കിക്കൊണ്ടു നിന്നു.
പിന്നെ താഴ്‌ന്ന സ്വരത്തിൽ പറഞ്ഞു:
"വാഴ്‌വ്‌ ഒരു പെരിയ വേദനൈ" എന്നിട്ട്‌ അകത്തേയ്ക്കു പോയി രണ്ടു
പുസ്തകങ്ങളുമായി തിരിച്ചുവന്നു- 'പെരിയ ജ്ഞാനക്കോവൈ'യും പട്ടിനത്താർ
പാടലും'. പുസ്തകങ്ങൾ എന്റെ കൈകളിൽ വച്ചുകൊണ്ട്‌ പറഞ്ഞു: "ഇവ എന്നെ ഒരു
പാട്‌ സ്വാധീനിച്ച പുസ്തകങ്ങളാണ്‌. ഇതുരണ്ടും എനിക്കു പ്രിയപ്പെട്ടതാണ്‌.
ഇത്‌ ഇനി നിങ്ങളുടെ കൈയിലിരിക്കട്ടെ."
ഞാൻ തൊഴുത്‌ യാത്ര പറഞ്ഞിറങ്ങി.
വീടിന്റെ വിശാലമായ മുറ്റം പിന്നിട്ട്‌, കാട്ടരളിച്ചെടികൾ പൂത്തു
നിൽക്കുന്ന അതിർത്തിയിൽ എത്തി, തിരിഞ്ഞു നോക്കി.
       നകുലൻ തൊഴുകൈയുമായി നിൽക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...