20 May 2012

നഷ്ടങ്ങൾ


അശോകൻ അഞ്ചത്ത്‌

റോഡിന്റെ അങ്ങേ ഓരത്ത്‌ വലിയ സിമന്റ്‌ പൈപ്പിനുള്ളിലും
തുണിവലിച്ചുകെട്ടിയ ഷെഡ്ഡിലുമായി തമ്പടിച്ചിരിക്കുന്ന നാടോടി കുടുംബത്തിൽ
നിന്നും ബഹളം കേട്ടപ്പോൾ അയാൾ അസ്വസ്ഥതയോടെ  എഴുന്നേറ്റു. വീടിന്റെ
ഇറയത്ത്‌ കസേരയിൽ വന്നിരുന്നാൽ, കമ്പിക്കാലിലെ അരണ്ട മഞ്ഞ
വെളിച്ചത്തിന്റെ പൊട്ടുകൾ അവിടേക്കു വീണു കിടക്കുന്നതുകൊണ്ട്‌ എല്ലാം
അവ്യക്തമായെങ്കിലും കാണാം.
       ഇതു പതിവു കാഴ്ചയാണ്‌. അയാളെന്തെങ്കിലും വായിച്ചോ എഴുതിയോ ഇരിക്കുമ്പോൾ
തുടങ്ങും. അപ്പോൾ എഴുത്തും വായനയും നിർത്തും.
       എല്ലാവരും പോയപ്പോഴും ഒരു കുടുംബം മാത്രം അവിടുന്നു പോയില്ല. അച്ഛൻ,
അമ്മ, ഏട്ടൻ, ഏട്ടത്തി, കൊച്ചനുജൻ...
       ചേട്ടനും, അനുജനും, സിമന്റ്‌ പൈപ്പിനുള്ളിലാണ്‌ കിടപ്പ്‌.
അവശേഷിക്കുന്നവർ ഷെഡ്ഡിലും.
       പകൽ തെളിഞ്ഞു വരുമ്പോൾ ഏട്ടൻ പോവുകയായി. കുറെക്കഴിഞ്ഞ്‌ കുടുംബനാഥനും,
അയാളുടെ കൈയ്യിൽ എന്തെങ്കിലും പണിയായുധം കാണാറുണ്ട്‌. പിന്നീട്‌ അമ്മയും,
ചേച്ചിയും, അനിയനും മാത്രമാകുന്നു. അമ്മയും ചേച്ചിയും വിറകൊടിക്കാൻ
പോകുമ്പോൾ അനിയൻ തനിയെ ആകുന്നു.
       വിഹ്വലത നിറഞ്ഞ അവന്റെ കണ്ണുകളെ അയാൾ നേരിടാറില്ല. അവനീ പടികടന്ന്‌
ഒരിക്കൽ വന്നപ്പോൾ ഒരുപത്തുരൂപ! നോട്ടുകൊടുത്തത്‌ അവന്റെ മുഖത്തു
നോക്കാതെയാണ്‌.
       കിട്ടിയപാടെ അവൻ ഊരിപോകുന്ന ട്രൗസറും മുറുക്കിപിടിച്ച്‌ പൈന്തിരിഞ്ഞോടി.
നേരെ പൈപ്പിനുള്ളിൽ കയറി. അതിനകത്തു സൂക്ഷിച്ചിരുന്ന പൈപ്പിനുള്ളിലേക്ക്‌
പത്തുരൂപാ നോട്ടുവച്ചു. എന്നിട്ട്‌ നിധിക്ക്‌ ഭൂതം കാവലിരിക്കുന്നതുപോലെ
കാവലിരുന്നു. അയാൾ തിണ്ണയിൽ നിന്നും എഴുന്നേറ്റുപോയില്ല.
       തലയിൽ വിറകുകെട്ടുമായി അമ്മയും ചേച്ചിയും വന്നപ്പോൾ അവൻ അവരെ പത്തുരൂപാ
നോട്ടുകാണിച്ചു. എന്നിട്ട്‌ അയാളുടെ വീട്ടിലേക്ക്‌ കൈചൂണ്ടി എന്തൊക്കെയോ
പറഞ്ഞു.
       പ്രൈമറി ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരഞ്ചുരൂപാ നോട്ടുകിട്ടിയത്‌ ഇളയച്ഛനിൽ
നിന്നായിരുന്നു. അച്ഛൻ ഒരിക്കലും ഈ കൈവെള്ളയിൽ ഒറ്റരൂപാ നാണയംപോലും
വച്ചുതന്നില്ല. അച്ഛന്‌ മകന്റെ ആഗ്രഹങ്ങളെക്കുറിച്ച്‌ ചിന്തിക്കാൻ
നേരമുണ്ടായിരുന്നില്ല.
       രാത്രി ഏറെ വൈകി ഷാപ്പിൽ നിന്നും വേച്ചുവേച്ചു വന്നുകയറുന്നു. അമ്മയുടെ
മുടിക്കുത്തിനു പിടിച്ച്‌ മർദ്ദിക്കുന്നു. ആക്രോശിക്കുന്നു. ഉറക്കം
തഴുകുന്ന മിഴികളോടെ എല്ലാം കണ്ടു കിടക്കും. ഒരിക്കൽ എഴുന്നേറ്റ്‌
അച്ഛന്റെ കാലുപിടിച്ചുവലിച്ചതാണ്‌. ആഞ്ഞൊരു ചവിട്ടായിരുന്നു തിരിച്ചു
കിട്ടിയത്‌. ഒഴിഞ്ഞു മാറിയതുകൊണ്ട്‌ ഒന്നുംസംഭവിച്ചില്ല. പിന്നീടൊക്കെ
അമ്മയുടെയും മകന്റെയും വിധി എന്നുവിചാരിച്ച്‌ കമിഴ്‌ന്നടിച്ചു കിടക്കും.
അമ്മയുടെ നിലവിളി ചുരുങ്ങി ചുരുങ്ങി തേങ്ങലാവുന്നു. അച്ഛന്റെ വായിൽ
നിന്നും അസഭ്യപദങ്ങൾ തുരുതുറെ വീഴുന്നു. ഇടയ്ക്ക്‌ ചെറിയച്ചന്റെ പേരും
കടന്നു വന്നു.
ഇപ്പോൾ നാടോടി കുടുംബത്തിന്റെ ഷെഡ്ഡിനുപുറത്ത്‌ ബഹളം കനംവയ്ക്കുന്നു.
അനിയനെ പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുവന്ന്‌ വടിയെടുത്ത്‌ കണങ്കാലിൽ
തല്ലുന്ന ഏട്ടൻ. ഊരിവീഴാൻപോകുന്ന ബട്ടൺസില്ലാതെ ട്രൗസർ മുറുക്കി
പിടിച്ച്‌ അവൻ ഏട്ടന്റെ കണ്ണുകളിൽ നോക്കി നിലവിളിക്കുന്നു. ഏട്ടന്റെ
വേലിപത്തലുകൊണ്ടുള്ള ഒരടിക്ക്‌ പ്രാണൻപോകുന്ന വേദനയാണ്‌.
അനിയന്‌ ഏട്ടനോടുള്ള നിശ്ശബ്ദമായ യാചനയെക്കുറിച്ച്‌ അയാളോർത്തു. അവന്റെ
കണ്ണുകളിൽ ഇനിതല്ലല്ലേ എന്ന ഭാവം! ഏട്ടൻ വീണ്ടും ആക്രോശിക്കുമ്പോൾ
അമ്മയും സഹോദരിയും ഓടി വരുന്നു. പുറത്തിരിക്കുന്ന അച്ഛന്‌
ഭാവഭേദങ്ങളില്ല. അയാൾ കഞ്ചാവിന്റെ ലഹരിയിലായിരിക്കും. ഏട്ടന്റെ കോപം
തീരുമ്പോൾ കാലിലെ തിണർത്ത പാടുകളുമായി അവൻ വെളിമ്പറമ്പിൽ മരത്തിന്റെ
ചുവട്ടിൽ പോയിരിക്കുന്നു. സഹോദരി അവന്‌ ഞളുങ്ങിയ പാത്രത്തിൽ ഭക്ഷണം
കൊണ്ട്‌ കൊടുക്കുമ്പോൾ അവൻ മുട്ടുകാലുകൾക്കുള്ളിൽ മുഖംതാഴ്ത്തി
മിണ്ടാതിരിക്കുന്നു.
മദ്യത്തിന്റെ കെട്ടിറങ്ങുമ്പോൾ അക്കാലത്ത്‌ അച്ഛനും ഇതുപോലെയായിരുന്നു.
പായയിൽ ചുരുണ്ടുകൂടി കിടക്കുന്ന തനിക്കരികെ വന്ന്‌ നെറുകയിലൊരുമ്മ,
കവിളിലൊരുമ്മ. മുടിയിഴകൾക്കിടയിലൂടെ തഴുകിയിറങ്ങുന്ന കനത്ത വിരലുകൾ.
മദ്യത്തിന്റെ രൂക്ഷഗന്ധം! ഒന്നും അറിഞ്ഞില്ലെന്ന മട്ടിൽ കണ്ണുകൾ
ഇറുകെയടയ്ക്കിടക്കും. ഉറക്കം വരാറില്ല. അടുക്കളപ്പുറത്ത്‌ അച്ഛന്റെയും
അമ്മയുടെയും പരിഭവപറച്ചിലുകൾ.
എന്തിനാ ഇങ്ങനെ വലിച്ചു കയറ്റണെ... ആരാ ഇന്ന്‌ സൽക്കരിച്ചതു..?
ഒരു കൂട്ടുകാരൻ
കൂട്ടുകാരനറിയില്ലല്ലോ എന്റെ ദുർവ്വിധികൾ...
ക്ഷമിക്കണം ശാന്തേ...
നിങ്ങൾ എന്തിനെന്റെ മോനെ വെറുതെതല്ലി. അവനെ നിങ്ങൾ
സ്നേഹിച്ചിട്ടുണ്ടോ...അവനെ പുറത്തുകൊണ്ടുപോയി ഇഷ്ടമുള്ളത്‌
വാങ്ങികൊടുത്തിട്ടുണ്ടോ..?
അച്ഛന്റെ മൗനം മഹാവൃക്ഷംപോലെ വളരുന്നു. പിറ്റേന്നോ, അതിന്റെ പിറ്റേന്നോ,
അതിന്റെ പിറ്റേന്നോ, ആവർത്തനങ്ങളുടെ അസ്വാസ്ഥ്യങ്ങൾ...
ചെറിയച്ഛൻ വരുന്ന ദിവസങ്ങളിൽ അച്ഛൻ കൂടുതൽ മദ്യപിക്കും. വന്നാൽ
ചെറിയച്ഛനധികസമയം നിൽക്കാറില്ല. പഠിപ്പിന്റെ വിശേഷങ്ങൾ ചോദിക്കും.
ചെറിയച്ഛൻ അമ്മയെ പേരെ വിളിക്കാറുള്ളു. ഏട്ടത്തിയമ്മേ എന്നു
വിളിക്കാറില്ല. അമ്മ ഒരിക്കൽ സ്വകാര്യമായി പറഞ്ഞു.
ചെറിയച്ഛനും ഞാനും ഒരേ പ്രായക്കാരാണ്‌. നിന്റെ സംശയം തീർന്നോ?
ഇന്റർമീഡിയറ്റിന്‌ നല്ല മാർക്കുണ്ടായിരുന്നു. അച്ഛന്റെ അഭിനന്ദനം
പ്രതീക്ഷിച്ചു. കിട്ടിയില്ല. അച്ഛൻ പലയിടത്തും വീണ്‌ കൈകാൽ മുട്ടുകൾ
ചോരയൊലിപ്പിച്ചായിരുന്നു വന്നിരുന്നത്‌.
ചെറിയച്ഛൻ സമ്മാനമായി ഒരുവാച്ച്‌ വാങ്ങിതന്നു. കൂടുതൽ പഠനത്തിനയക്കാൻ
അച്ഛൻ താൽപര്യപ്പെട്ടില്ല. അമ്മയാണ്‌ ആ ചെലവുകൾ കണ്ടെത്തിയത്‌. തറവാട്‌
ഭാഗം വയ്പിച്ച്‌ സ്വന്തം ഓഹരി വിറ്റു. ആപണം ബാങ്കിലിട്ട്‌ പലിശകൊണ്ട്‌
അമ്മ പഠിപ്പിച്ചു.
ഹോസ്റ്റലിൽ നിന്നു പഠിച്ചാൽ മതിയെന്ന്‌ അമ്മയാണ്‌ ഉപദേശിച്ചതു.
ഹോസ്റ്റലിലേക്ക്‌ അച്ഛൻ വല്ലപ്പോഴും വന്നു. കുട്ടികളുടെ ഇടയിൽ മോശപ്പെടാൻ
അവസരങ്ങളുണ്ടാക്കി. അച്ഛൻ വാർഡന്റെ മുറിയിൽ വീഴാൻപോയിരുന്നു.
പടിക്കെട്ടുകളിറങ്ങുമ്പോൾ ഛർദ്ദിച്ചു.
കാരണവര്‌ നല്ല ഫോമിലാണല്ലോ. കോമഡി സീരിയലിനുകൊള്ളാം. അയ്യപ്പൻ ബൈജുവിനെപ്പോലെ.
കമന്റുകൾ കേട്ട്‌ ചെവിപൊത്തി മുറിയിൽ പുസ്തകക്കെട്ടുകൾക്കിടയിൽ ഒളിച്ചു.
പിന്നീടൊരിക്കൽ ചെറിയച്ഛൻ വന്നു.
അച്ഛൻ തന്ന കാശ്‌ നീ വാങ്ങാത്തതിന്‌ അമ്മയ്ക്കാണ്‌ തല്ലുകിട്ടിയത്‌.
എനിക്കപ്പോ പണത്തിന്‌ ആവശ്യമില്ലായിരുന്നു. എ.ടി.എമ്മീന്ന്‌ എടുക്കാറുണ്ട്‌.
നീ വെക്കേഷന്‌ വീട്ടിൽ പോണില്ലേ...
എന്തിനാണ്‌ ചെറിയച്ഛാ...അമ്മയുടെ കണ്ണീരു കാണാനോ...?
ചെറിയച്ഛൻ ദൂരെയെവിടെയോ നോക്കിയിരുന്നു. മൗനത്തിന്റെ മതിൽ
രണ്ടുപേർക്കുമിടയിൽ വളർന്നുവരുമ്പോൾ ഒരുകാര്യം ഓർമ്മ വന്നപോലെ
അങ്ങോട്ടുചോദിച്ചു. ചെറിയച്ഛൻ എന്നും ഇങ്ങിനെ ഒറ്റയായി നടക്കാനാണോ
ഭാവം...? അച്ചമ്മയുടെ കാലം കഴിഞ്ഞാൽ ചെറിയച്ഛന്‌ ഭക്ഷണം വച്ചു തരാൻവരെ
ആരുണ്ടാവും...?
ചെറിയച്ഛൻ മിണ്ടിയില്ല.
ഞാൻ പോട്ടെടാ...എന്തെങ്കിലും ആവശ്യംണ്ടങ്കി വിളിക്കണം...
വിളിക്കാം...
കവലയിൽച്ചെന്ന്‌ ബസ്സ്‌ കയറിപോകണവരെ ചെറിയച്ഛനൊപ്പം നടന്നു.
പ്രോഫസർ ജോൺ സിറിയക്കിന്റെ ക്ലാസ്സിൽ ഷേക്സ്പിയറുടെ കഥാപാത്രങ്ങൾ വന്ന്‌
കരയുകയും, ചിരിക്കുകയും, തത്വശാസ്ത്രങ്ങൾ വിളമ്പുകയും ചെയ്തു.
കരിയിലകൾ കൊഴിഞ്ഞുവീഴുന്നതുപോലെ കൊഴിഞ്ഞുതീർന്ന കലാലയവർഷങ്ങൾ.
വീട്ടിലേക്കു കടക്കുമ്പോൾ അച്ഛൻ ഉമ്മറത്തിരുപ്പുണ്ടായിരുന്നു. ശരീരം
ക്ഷീണിച്ചിട്ടുണ്ട്‌. കൈകാലുകൾക്ക്‌ പഴയ ഊർജ്ജസ്വലത കണ്ടില്ല. അമ്മയോട്‌
സ്വകാര്യമായി ചോദിച്ചു.
ഇപ്പഴെങ്ങനെ? പണ്ടത്തെപോലെത്തന്നെയാണോ? ചന്ദ്രന്റെ കള്ള്‌ ഷാപ്പ്‌
മുഴുവനും അകത്താക്കാറുണ്ടോ?
കുറവില്ല. പക്ഷെ, എനിക്കുള്ള മർദ്ദനം കുറവുണ്ട്‌. എന്നാണ്‌ ഒന്നിച്ചു
കിട്ടുക എന്നറിയില്ല. അച്ഛൻ അങ്ങിനെയൊക്കെയാണ്‌ മോനെ...
രാത്രി അച്ഛൻ മുറിയിൽ വന്നിരുന്ന്‌ വഴുവഴുപ്പുള്ള അക്ഷരങ്ങളോടെ പറഞ്ഞു.
നിനക്കെന്നെ വേണ്ട...നീയെന്നെ അനുസരിക്കണില്ല...നിനക്കുപഠിപ്
പും പത്രാസും
ആയല്ലോ. ശാന്ത നിന്നെ എനിക്കെതിരാക്കി..
അമ്മ അച്ഛന്റെ പുറകിൽ വന്നു.
നിങ്ങളല്ല അവന്‌ ഒരച്ഛന്റെ സ്നേഹം കൊടുക്കാഞ്ഞത്‌. എന്നീട്ടിപ്പോ
കരയണു...ഇന്ന്‌ എത്ര കുപ്പി കഴിച്ചു...?
അച്ഛൻ അമ്മയോട്‌ ആക്രോശിച്ചു.
അവന്‌ നല്ല ക്ഷീണംണ്ടാവും...യാത്ര കഴിഞ്ഞ്‌ വന്നതല്ലേ...
അമ്മ അച്ഛനെ പിടിച്ചുവലിച്ചുകൊണ്ടുപോയി. മുറ്റത്ത്‌ ഓക്കാനിക്കുന്ന ശബ്ദം
കേട്ടു. അമ്മ വെള്ളം കൊണ്ടു കൊടുക്കുന്നു.
പത്രങ്ങളിൽ കണ്ട ജോലി ഒഴിവുകൾക്കൊക്കെ നിരന്തരം ആപ്ലിക്കേഷനുകളയച്ചു.
ഉത്തരേന്ത്യയിലെ കമ്പനിയിൽ നിന്നും ഇന്റർവ്യൂവിന്‌ കാർഡുവന്നു.
ആ പോക്കിലാണ്‌ അച്ഛൻ എന്നരൂപം അവസാനിച്ചില്ലാതായത്‌. ഇന്റർവ്യൂ കഴിഞ്ഞ്‌
തിരിച്ചുവന്നപ്പോൾ വീട്ടിൽ ശ്മശാനമൂകത. പോലീസ്‌ ജീപ്പ്പുകൾ ഇടയ്ക്കിടെ
വരുന്നു. രണ്ടു മൂന്നു തവണ അവരുടെ പേടിപ്പെടുത്തലുകളുണ്ടായി.
അച്ഛനും നീയ്യും വൈരാഗ്യത്തിലായിരുന്നില്ലേ...
അച്ഛനെ ഇല്ല്യാണ്ടാക്കണമ്ന്ന്‌ നീ വിചാരിച്ചിട്ടില്ലേ...സത്യം പറഞ്ഞോ..?
സത്യം എന്തെന്ന്‌ ആർക്കുമറിയാൻ കഴിഞ്ഞില്ല. ആഴത്തിലുള്ള തലയിലെ മുറിവാണ്‌
അച്ഛന്റെ മരണകാരണം എന്നറിഞ്ഞപ്പോൾ മുതലായിരുന്നു അവരുടെ പരക്കം
പാച്ചിലുകൾ.
അമ്മ ഒരു ദുഃഖശിലപോലെ തെക്കെ അറയിലെ ഇരുട്ടിൽ കുറെക്കാലം കിടന്നു.
ഇന്റർവ്യൂവിനു വിളിച്ച കമ്പനിയിൽ നിന്ന്‌ പിന്നീടൊരിക്കൽ
അപ്പോയിന്റ്‌മന്റ്‌ ഓർഡർ കിട്ടിയപ്പോൾ പോകാൻതന്നെ തീരുമാനിച്ചു.
റെയിൽവെസ്റ്റേഷനിലേക്ക്‌ യാത്രയയ്ക്കാൻ അമ്മയും, ചെറിയച്ഛനും വന്നു.
വണ്ടിക്കുള്ള കാത്തിരിപ്പിനിടയിൽ വാകമരച്ചുവട്ടിലെ സിമന്റ്‌
ബഞ്ചിലിരിക്കുമ്പോൾ അമ്മ മനസ്സുതുറന്നു.
മോനെ, ഇനി ഞാനൊന്നും ഒളിച്ചുവയ്ക്കണില്ല. നിന്റച്ഛന്റെ മരണത്തിനു
ഞങ്ങളാരും ഉത്തരവാദിയല്ല...അച്ഛനെപ്പോലും ചെറിയച്ഛനെ സംശയമായിരുന്നു.
അതിനു കാരണമുണ്ട്‌. മോനെല്ലാം ശ്രദ്ധിച്ചുകേൾക്കണം. എന്നെ പെണ്ണുകാണാൻ
വന്നത്‌ ഇളയച്ഛനും, കൂട്ടുകാരനും കൂടിയായിരുന്നു. ഇളയച്ഛനെ
എനിക്കിഷ്ടമായി. ഒരു ദുർവിധിപോലെ പിന്നീടാണ്‌ എല്ലാം തകിടം മറിഞ്ഞത്‌.
വിവാഹം വേണ്ടെന്നു പറഞ്ഞ്‌ നടന്നിരുന്ന നിന്റെ അച്ഛന്‌ എന്നോടാവേശമായി.
ചെറിയച്ഛൻ ഒരു പാവമാണ്‌. ചേട്ടനുവേണ്ടി അനിയൻ വഴിമാറിക്കൊടുത്തു. അതൊക്കെ
എന്റെ തലവിധി. പിന്നീട്‌ ഞാനനുഭവിച്ചതും ഈശ്വരനിശ്ചയം.
അച്ഛന്റെ താലി കഴുത്തിൽ വീണതുമുതൽ ചെറിയച്ഛൻ എന്നോടപമര്യാദയായി
പെരുമാറിയിട്ടില്ല. പക്ഷെ, നിന്റച്ഛനെപ്പോഴും ചെറിയച്ഛനെ സംശയമായിരുന്നു.
ബിസിനസ്സിൽ നിന്ന്‌ ചേട്ടനും, അനിയനും വേർപിരിഞ്ഞു.
ചെറിയച്ഛന്റെ ജീവിതം ഏകാന്തമായി തീർന്നതിന്റെ യാഥാർത്ഥ്യം അപ്പോൾ മനസ്സിലാക്കി.
മോൻ വണ്ടികയറിയ അന്ന്‌ രാത്രി അച്ഛൻ ഷാപ്പിൽ നിന്നു വരുമ്പോൾ കവലയിൽ
വച്ച്‌ ചെറിയച്ഛനെക്കണ്ടു. അച്ഛൻ സ്വബോധത്തിലായിരുന്നില്ല. രണ്ടാളും
തമ്മിൽ അടിപിടി നടന്നു. അച്ഛൻ കാലുതെറ്റി വീണ്‌ കരിങ്കല്ലിൽ
തലയിടിച്ച്‌...
ചെറിയച്ഛൻ ഇരുട്ടിന്റെ മറപറ്റി എന്റരികിൽ വന്ന്‌ എല്ലാം പറഞ്ഞു.
ചെറിയച്ഛൻ പാവമായിരുന്നു എന്നും...
വടക്കോട്ടുള്ള വണ്ടി സ്റ്റേഷനിൽ വന്നു കിതച്ചു. വണ്ടി നീങ്ങുമ്പോൾ കണ്ണിൽ
നിന്നു മറയുന്നതുവരെ കൈപ്പടമാട്ടക്കൊണ്ടിരുന്നു ചെറിയച്ഛൻ.
നഗരത്തിൽ കൊഴിഞ്ഞുതീർന്ന വർഷങ്ങൾ. അമ്മ ഇടയ്ക്കെപ്പോഴൊ എഴുതി.
ചെറിയച്ഛന്‌ വയ്യാണ്ടായിരിക്കണു...വൈദ്യശാലേല്‌ കുറച്ചുനാൾ ഉഴിച്ചിലും
പിഴിച്ചിലുമായി കിടന്നു. അച്ചമ്മ മരിച്ചതോടെ തികച്ചും ഒറ്റപ്പെട്ടു. ഞാൻ
കുറച്ചുനാള്‌ ആശുപത്രീൽ ചെന്നു നിന്നു. അല്ലാണ്ടാരാ നോക്കാൻ.
മറുപടിക്കത്തിൽ അതിനെക്കുറിച്ച്‌ കൂടുതലൊരക്ഷരം ചോദിച്ചില്ല. കമ്പനിയുടെ
നാട്ടിലുള്ള ബ്രാഞ്ചിൽ  സ്ഥലം മാറ്റംകിട്ടി വന്നപ്പോൾ സ്വന്തം വീട്ടിൽ
താമസിച്ചില്ല. പകരം ഒരുവീട്‌ വാടകയ്ക്കെടുത്തു.
ചെറിയച്ചനിപ്പോൾ അമ്മയുടെ കൂടെയാണ്‌. വാതത്തിന്റെ അസുഖം കുറവുണ്ട്‌.
രണ്ടുദിവസം മുമ്പ്‌ അമ്മ വന്നിരുന്നു. അമ്മയ്ക്കു പിന്നിൽ
ചെറിയച്ഛനുമുണ്ടായിരുന്നു. നരച്ചുതുടങ്ങുന്നതാടിയും, കുറ്റിത്തലമുടിയും.
കണ്ണുകൾ കുഴിയിലാണ്ട്‌ നിർവികാരമായിരിക്കുന്നു. ഇറയത്തിരുന്ന്‌ വിശേഷങ്ങൾ
പറയുമ്പോൾ അമ്മ സൂചിപ്പിച്ചു.
എനിക്കാരൊ‍ാളിയാ എന്നു പറഞ്ഞുവന്നപ്പോൾ സഹതാപം തോന്നി. അതോണ്ട്‌
കൂടെകൂടി... നാട്ടുകാര്‌ പലതും പറയണുണ്ട്‌. പക്ഷെ, അമ്മ അതൊന്നും
കാര്യമാക്കണില്ല...
മിണ്ടാതിരിക്കുമ്പോൾ ചെറിയച്ഛന്റെ വിറളിയ മുഖം തന്നിലുടക്കി നിൽക്കുന്നതു
കണ്ടു. ആ കണ്ണുകളിൽ കുറ്റബോധത്തിന്റെ മഹാമൗനമുണ്ടായിരുന്നു.
ഇറങ്ങുന്നതിനു മുമ്പ്‌ അമ്മ പറഞ്ഞു.
ഗോപീ, നിനക്കും ഒരുപാട്‌ വയസ്സായില്ലേ...ണല്ലോരു ജോലിയും ഉണ്ട്‌. ഇനി
എന്റെ മോന്‌ ഒരു കൂട്ടുവേണം. അമ്മ ആലോചിക്കട്ടെ.
അമ്മയ്ക്കു പിന്നിലിരുന്ന വയസ്സന്റെ കണ്ണുകളിൽ നേരിയൊരു പ്രകാശം
മിന്നുന്നതു കണ്ടു.
വരട്ടെ. സമയമാവട്ടെ.
ഇഷ്ടമില്ലാത്ത വിഷയം കേട്ടപോലെ മുഖം വെട്ടിച്ചു. അമ്മ
ഒതുക്കുകല്ലുകളിറങ്ങി. ഒരു നിഴൽ പോലെ ഇളയച്ഛനും. പടിക്കൽ
കാത്തുകിടന്നിരുന്ന വാടകയ്ക്കു വിളിച്ച കാറിലേക്ക്‌ കയറുമ്പോൾ
ചെറിയച്ഛന്റെ വിറയാർന്ന വാക്കുകൾ മനസ്സിൽ വന്നുമുട്ടി.
ഗോപിക്കുട്ടാ, നീ എന്നെപോലാവരുത്ത്‌...വയസ്സാവുമ്പോ, ആരുംല്യാണ്ട്‌
അന്യന്റെ പെണ്ണിന്റെ സഹതാപത്തിനു കൈനീട്ടി...
എന്താ ഇദ്‌. അവനോടെന്തൊക്ക്യാ പറയണെ...
അമ്മ ശാസിക്കുന്നതുപോലെ പറയുന്നു. ചെറിയച്ഛനെ കാറിൽക്കയറാൻ അമ്മ
സഹായിക്കുന്നു. മനസ്സ്‌ ചോദിച്ചു. ഇവരല്ലേ ശരിക്കും
യോജിക്കേണ്ടിയിരുന്നത്‌. ഇവരല്ലേ എനിക്കു ജന്മം തരേണ്ടിയിരുന്നത്‌.
പൂമുഖത്തുനിന്നും എഴുന്നേറ്റ്‌ പോരുന്നതിനുമുമ്പ്‌ അയാൾ വെറുതെ
റോഡിനപ്പുറത്തേക്കു നോക്കി.
സിമന്റ്‌ പൈപ്പിനുള്ളിൽ ഏട്ടനും, അനുജനും കെട്ടിപ്പിടിച്ചുറങ്ങുകയാണ്‌.
ദേഷ്യം തീർന്നപ്പോൾ ഏട്ടൻ കടയിൽ പോയി അനിയന്‌ മസാല ദോശയോ, ഓംബ്ലേറ്റോ
വാങ്ങിക്കൊടുത്തിരിക്കും. ഏട്ടന്റെയും അനിയന്റെയും വഴക്ക്‌ അതോടെ
തീരുന്നു.
ആ രാത്രി അയാളെ ഉറക്കം അനുഗ്രഹിച്ചില്ല. ജീവിതം അനുഭവിക്കാതെ
വ്യർത്ഥമാക്കിക്കളഞ്ഞ ഒരച്ഛനും, ഏട്ടനുവേണ്ടി വഴിമാറിയ ചെറിയച്ഛനും
അയാളുടെ മനസ്സിൽക്കിടന്ന്‌ കലഹിച്ചുകൊണ്ടിരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...