തുരുത്തുകൾ


ബെസ്സി കടവിൽ

വിടചൊല്ലിയകലുന്ന നിമിഷങ്ങളോരോന്നും
വിരഹാർദ്രരാഗത്തിൽ വിതുമ്പിയമരുന്നു
വിളിപ്പാടകലെനിന്നതുനോക്കി നാം സ്വയം
വിധിയുടെ കോലങ്ങൾക്കഭയമൊരുക്കുന്നു.

ജീവിതപന്ഥാവിലുരുകിടും കണികകൾ
ദംശിച്ചുപോകുന്ന ദാർശനിക ഭാവങ്ങ-
ളോരോരോ തുരുത്തുകളേറ്റു വാങ്ങി സ്വയ-
മൊടുങ്ങാത്ത സ്വപ്നങ്ങൾ തടവറയിലാക്കുന്നു

എങ്ങുനിന്നോ വന്ന സംഗീതധോരണി-
യെൻ കാതുകൾക്കാനന്ദവർഷം ചൊരിയവേ
അക്ഷയമോഹങ്ങളൊരുപിടിപ്പൂക്കളാ-
യക്ഷാന്തം പിറക്കയായീ മൗനഭൂമിയിൽ.

ഇനിയുണരില്ലെന്നു തീർപ്പുകൽപിച്ചയെൻ
ഇനിയുമുറങ്ങാത്തോർമ്മകൾ പുണരുമ്പോ-
ളിമകളിലായിരമഗ്നിസ്ഫുലിംഗങ്ങ-
ളിടതടവില്ലാതെ വർഷിച്ചു മറയുന്നു.

ആശകൾക്കർത്ഥം കൊടുത്തോരുനാളിലെ-
ന്നാത്മബലത്തിന്റെ വറ്റിയനീർക്കര
ആ ധ്വനിമൂളാനായെത്രയോരാവുക-
ളാത്മരോദനത്തിന്റെ തന്ത്രിമുറുക്കി

പൊലിയാത്ത മോഹങ്ങൾ നറുമുത്തു പാകിയ
നവരാത്രികളൊന്നായ്‌ മാടിവിളിക്കുന്നു
നഖക്ഷതമേൽക്കാത്ത പൂങ്കനിയേതുണ്ടോയീ
നവഭാവനയുടെ പൂന്തിടമ്പേറനായ്‌?

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?