അകത്തെ ഭൂതങ്ങളെ കുടിയിറക്കാം !


സി.രാധാകൃഷ്ണൻ

സാധാരണക്കാരായ നമുക്ക്‌ സങ്കടമൊഴിഞ്ഞ നേരമില്ല. ജീവിതത്തിന്റെ പ്രധാന
സംഭാവന സങ്കടമാണെന്ന്‌ പറയാറുള്ളത്‌ ഇതിനാലാണല്ലോ. എന്താണ്‌ നമ്മുടെ ഈ
സങ്കരമഹാസാഗരത്തിന്‌ കാരണം? ഇതറിയാൻ സ്കാനിങ്ങോ ലബോറട്ടറി പരീക്ഷണങ്ങളോ
ഒന്നും വേണമെന്നില്ല. സ്വയം ഒരു വിചാരണ നടത്തിയാൽ മതി.
ഉദ്ദേശിച്ചിടത്ത്‌ കാര്യങ്ങൾ എത്തുന്നില്ല എന്നതാണ്‌ സങ്കടത്തിന്‌
പൊതുവായ കാരണം. ആരാണ്‌ ഉദ്ദേശിച്ചതു? നാം തന്നെ. ഉദ്ദേശിച്ചതു എന്തിന്റെ
അടിസ്ഥാനത്തിലാണ്‌? ഭാവനയുടെ അടിസ്ഥാനത്തിൽ. അപ്പോൾ ഭാവനയാണോ
കുഴപ്പക്കാരൻ? ആണെന്നും അല്ലെന്നും പറയാം. സന്തോഷം കണ്ടെത്തണം എന്ന
ലക്ഷ്യത്തോടെയാണ്‌ ഭാവന അന്വേഷണം തുടങ്ങുന്നത്‌. എവിടെയോവച്ച്‌ അത്‌
കാടുകയറുകയാണ്‌. ഭാവനാശാലികൾക്കാണ്‌ സങ്കടം കൂടുതൽ വരിക. മാനസികമായ
അനാരോഗ്യത്തിലും ആത്മഹത്യയിൽപ്പോലും ഇപ്പോൾ ഇന്ത്യാരാജ്യത്ത്‌ ഒന്നാമത്‌
കേരളമായില്ലേ? നാം കൂടുതൽ ഭാവനാശേഷി ഉള്ളവരായതുതന്നെ കാരണം. ഉർവ്വശീ ശാപം
ഉപകാരമല്ലേ ആകേണ്ടത്‌?
എവിടെയാണ്‌ പിഴയ്ക്കുന്നത്‌? ഒരു സങ്കൽപ്പം മെനയുന്നു. ഞാൻ
എന്തായിത്തീരണം എന്ന സങ്കൽപ്പം. അത്‌ എന്തായിരുന്നാലും മറ്റുള്ളവരുടെ
കണ്ണിൽ ഞാൻ എന്തായിരിക്കണം എന്ന സങ്കൽപം. ഇങ്ങനെ മൂന്നുതരം സങ്കൽപ്പങ്ങൾ.
ഈ മൂന്നിൽ ഏതെങ്കിലും ഒരിനമെങ്കിലും സ്ഥിരമായി ഇരിക്കുമോ? അതൊട്ടില്ല
താനും! പോരേ പൂരം!
ഞാൻ എന്താകണമെന്ന എന്റെ സങ്കൽപ്പം കാലന്തോറും മാറിവരും. സ്വന്തം കൂരയിൽ
തല ചായ്ക്കുന്നവൻ എന്ന സങ്കൽപ്പത്തിൽ നിന്ന്‌ ആയിരക്കണക്കിനേക്കറിന്റെ
ഉടമസ്ഥൻ എന്ന സങ്കൽപ്പത്തിലേക്ക്‌ മാറുന്നത്‌ തുടക്കത്തിലേ ഒരു
കുടുക്കുമസാലയാണ്‌. വികൃതിക്കൂട്ടുകാരുടെ ഇടയിൽ തനിക്കുള്ള
പ്രതിച്ഛായയല്ല ഒരു കുട്ടിയും തന്റെ രക്ഷിതാക്കളിൽ തനിക്ക്‌
ഉണ്ടായിക്കാണാൻ ആശിക്കുക. ഒരാൾക്ക്‌ തന്റെ ഭാര്യയുടെ മനസ്സിൽ
തന്നെപ്പറ്റിയുണ്ടാകേണ്ട പ്രതിച്ഛായയല്ല ഒരു കാമുകിയുണ്ടെങ്കിൽ അവരുടെ
മനസ്സിൽ ഉണ്ടായിക്കാണേണ്ടത്‌. കടം നൽകുന്ന ബാങ്കിനുള്ള പ്രതിച്ഛായയല്ല
തന്നെപ്പറ്റി ഒരു വ്യവസായിക്കും ആദായനികുതി വകുപ്പിന്‌
ഉണ്ടായിക്കിട്ടേണ്ടത്‌. വാദിയായി ചെല്ലുമ്പോഴുള്ള പ്രതിച്ഛായയല്ല ഞാൻ
പ്രതിയായി ചെല്ലുമ്പോൾ എന്നെപ്പറ്റി ഒരു കോടതിയിലും ഉണ്ടായിക്കാണാൻ ഞാൻ
ആശിക്കുന്നത്‌.
മറ്റുള്ളവർ എന്താകണമെന്ന എന്റെ സ്വപ്നവും മഹാഗുലുമാലാണ്‌. ഭാര്യ എങ്ങനെ
ഇരിക്കണമെന്ന പ്രതിച്ഛായയുമായി അവരുടെ ഇരിപ്പ്‌ ഒരിക്കലും
പൊരുത്തപ്പെടണമെന്നില്ല. തിരിച്ചും ഇങ്ങനെ തന്നെ. ഏറ്റവും കുഴപ്പം
കുട്ടികളെക്കുറിച്ചുള്ള സങ്കൽപ്പമാണ്‌. എന്റെ സങ്കൽപ്പത്തിലെ മനുഷ്യരായി
എന്റെ കുട്ടികൾ വളരണമെന്ന്‌ ഞാൻ ആഗ്രഹിക്കുന്നു. ഒരിക്കലും നടപ്പുള്ള
സംഗതിയല്ല ഇത്‌. കുട്ടികളിൽ മിക്കവരും ഇതേതരം സങ്കൽപ്പരോഗികളായാണല്ലോ
ഇക്കാലത്ത്‌ വളരുന്നത്‌. അവർ അച്ഛൻ അവരുടെ സങ്കൽപ്പത്തിലെ അച്ഛനായി
വളരണമെന്ന്‌ ആശിക്കുന്നു! പിന്നെ പൊടിപൂരം!
ഇത്തരത്തിലുള്ള ഓരോ സങ്കൽപവും ഓരോ ഭൂതമാണ്‌. അത്‌ നമ്മെ ആവേശിക്കുന്നു.
ഇവ തമ്മിൽ വികാരങ്ങൾ ജനിപ്പിക്കുന്നു. പ്രതീക്ഷ, ആശ, ഉത്കണ്ഠ, ഉദ്വോഗം,
ഭയം, കാമം, ക്രോധം എന്നിങ്ങനെ. ഭൂതാവേശിതരായ നാം ഏതെങ്കിലും ഒരു ഭൂതം
ജനിപ്പിക്കുന്ന ഏതെങ്കിലും ശക്തിയായ വികാരത്തിന്റെ പിടിയിലായിരിക്കും.
എപ്പോഴും. എല്ലാ ഭൂതങ്ങളും സങ്കടങ്ങളേ തരികയുള്ളു. ചിലപ്പോൾ ഈ ഭൂതങ്ങൾ
മഹാ ആപത്കാരികളുമാണ്‌.
ഒരു ഉദാഹരണം നോക്കൂ. ജീവിതത്തിൽ വിജയിച്ച ആൾ എന്ന പ്രതിച്ഛായ ഇക്കാലത്ത്‌
പണക്കാർക്കാണല്ലോ ഉള്ളത്‌. അതിനാൽ അതാവാൻ ഞാൻ ആഗ്രഹിക്കുന്നു.
ഒത്തില്ലെങ്കിൽ ദുഃഖമായി. ഇനി അഥവാ അൽപം ഒത്താലോ? അപ്പോഴും ദുഃഖം തന്നെ.
പത്തു കിട്ടിയാൽ പിന്നെ ദുഃഖം എവ്വിധം വളരുന്നു എന്ന്‌ പൂന്താനം
പറഞ്ഞിരിക്കുന്നു. നൂറുണ്ടാക്കാൻ തീവ്രപ്രയത്നമാണ്‌ പിന്നെ. കൂടുതൽ
ഉണ്ടാക്കാനുള്ള ബദ്ധപ്പാടിൽ അരുതാത്തത്‌ ചെയ്യുന്നതുകൊണ്ടുള്ള
കുറ്റബോധവും സങ്കടവും ഒരുവക. ഉള്ളതിലേറെ ഉണ്ടെന്നു ഭാവിക്കാനുള്ള
ശ്രമത്തിന്റെ ദുരിതം വേറൊരു വക. വാങ്ങിക്കൂട്ടുന്ന കടം തിരികെ
കൊടുക്കാനാവാതെ വരുമ്പോൾ പരമനരകം. അവസാനം ജപ്തിയാവുമ്പോൾ ഞാൻ അന്നേവരെ
വളർത്തിയ എന്റെ പ്രതിച്ഛായ എന്നോട്‌ പറയുന്നു, ഇനി നീ
ജീവിച്ചിരുന്നിട്ട്‌ കാര്യമില്ല!
മിക്ക ആത്മഹത്യയുടെയും കാരണം ഈ പ്രതിച്ഛായയുടെ വിധിയും വിധിന്യായവും
ആണ്‌. മറ്റു പ്രതിച്ഛായകൾ ചെറുക്കാതിരിക്കുന്നില്ല. ഈ ചെറുത്തുനിൽപ്പും
ഒട്ടും സന്തോഷകരമല്ല.
ചുരുക്കത്തിൽ ജീവിതത്തിലെ ഓരോ നിമിഷവും അനേകം പ്രതിച്ഛായാഭൂതങ്ങൾ പരസ്പരം
പൊരുതുന്ന അങ്കക്കളമാണ്‌ നമ്മുടെ അന്തരംഗം. ആധുനിക മനഃശ്ശാസ്ത്രം ഇപ്പോൾ
ഈ അവസ്ഥയുടെ ആഴങ്ങൾ കണ്ട്‌ അന്തംവിട്ട്‌ നിൽപ്പാണ്‌. ഓരോ
പ്രതിച്ഛായയ്ക്കും ചികിത്സയ്ക്ക്‌ ഓരോ തരം സ്പേഷ്യാലിറ്റി
ഉരുത്തിരിയുന്നുമുണ്ട്‌. പണ്ടേ ഇതിന്‌ ഓരോ കോമ്പ്ലക്സ്‌ എന്നു
പേരിടാറുണ്ട്‌. കൗൺസലിങ്‌ എന്ന മന്ത്രോപദേശ വിദ്യയാണ്‌ പ്രധാന പരിഹാരം.
മന്ത്രവാദികളുടെയും മാന്ത്രിക ഏലസ്സുകാരുടെയും വളക്കൂറുള്ള കൃഷിയിടവും
ഇങ്ങനെ ഗതികെട്ട മനുഷ്യമനസ്സാണ്‌. ഉഴിഞ്ഞുവാങ്ങിയോ ഹോമം നടത്തിയോ
ഉറുക്കും ഏലസ്സും കെട്ടിയോ ഈ ഭൂതങ്ങളെ അകറ്റാമെന്നാണ്‌ ഇവർ ഉന്നയിക്കുന്ന
അവകാശവാദം. അതുന്നയിക്കുമ്പോഴും അവർ കൂടി അവരുടെ മനസ്സിലെ ഭൂതങ്ങളെ
പരിരക്ഷിക്കാനുള്ള ബദ്ധപ്പാടിലുമാണ്‌. തൊട്ടപ്പുറത്തെ കടയിലേക്ക്‌
വഴിമാറി പോകാതിരിക്കാൻ നടവരമ്പിന്റെ ഭൂപടം വരെ വച്ച്‌ പരസ്യം ചെയ്യുന്നു!
സത്യാവസ്ഥ സരളമാണ്‌. ഈ ഭൂതങ്ങളിൽ നിന്നെല്ലാം രക്ഷപ്പെടാനുള്ള ഒരേ ഒരു
വഴി ആ സത്യാവസ്ഥ അറിയുകയാണ്‌. നമ്മുടെ ഉള്ളിലുള്ള യഥാർത്ഥ നാം എന്താണ്‌
എന്ന അറിവാണത്‌. പ്രപഞ്ചത്തിന്റെ അടിസ്ഥാനബലമായ ഈശ്വരനാണ്‌ നമ്മിലെ
യഥാർത്ഥ നാം. മറ്റുള്ളതെല്ലാം ഓരോ അറിവില്ലായ്മയുടെ ഫലമാണ്‌. അതായത്‌,
ഓരോ അറിവില്ലായ്മ നീങ്ങുമ്പോഴും ഓരോ ഭൂതം ഒഴിഞ്ഞുപോകും. ആ ഭൂതത്തിന്റെ
മുഖത്തുനോക്കി നമുക്കപ്പോൾ ചിരിക്കാൻ കഴിയും.
ശാരീരിക വേദന പോലും അറിവില്ലായ്മയാണെന്ന്‌ യോഗി മതം (വേദം - അറിവ്‌,
ന-ഇല്ല, വേദനം-അറിവില്ലായ്മ) അനസ്തേഷ്യ കൂടാതെ ശസ്ത്രക്രിയ
സാധിക്കാമെന്ന്‌ അവർ പറയും. അത്‌ ചെയ്ത്‌ കാണിച്ചവരും ഉണ്ട്‌.
അതിരിക്കട്ടെ, അത്രയുമൊന്നും പെട്ടെന്ന്‌ സാധിച്ചെന്നു വരില്ല.
സാധാരണക്കാരായ നാം അത്രേടം തൽക്കാലം ആശിക്കേണ്ട. മനസ്സിലെ വേദന ശമിച്ചു
കിട്ടിയാൽ മതി. അതിന്‌, സ്വയം തിരിച്ചറിയുക മാത്രമേ വേണ്ടു
എന്നറിയുമ്പോഴാണ്‌ ഇത്രയും കാലം നാം സഹിച്ചതൊക്കെ വെറുതെ ആയിരുന്നു
എന്നറിയുക. പിന്നെ സുഖം!
എന്തു കാര്യത്തിനായാലും വൈകാരികമായ ആവേശം തോന്നുമ്പോൾ ഒരു നിമിഷം
ആലോചിക്കുക. ഇപ്പോൾ എന്നെ മൂക്കുകയറിട്ട്‌ നയിക്കാൻ ശ്രമിക്കുന്നത്‌ ഏത്‌
ഭൂതമാണ്‌? എന്നിലെ യഥാർത്ഥ ഞാൻ ആണോ അത്‌? അല്ലെങ്കിൽ അതിനെ നേർക്കുനേരെ
നിർത്തി അതിന്റെ മുഖത്തു നോക്കി നന്നായി ഒരു ചിരി ചിരിക്കുക. വേല
കൈയിലിരിക്കട്ടെ ആശാനേ എന്നുതന്നെ അർഥം വരുന്ന ഒരു ചിരിയായിരിക്കട്ടെ
അത്‌. അല്ല, എന്നിലെ യഥാർത്ഥമായ ഞാൻ തന്നെയാണ്‌ പ്രചോദനം എങ്കിൽ, നല്ല
ഉറപ്പുണ്ടെങ്കിൽ ഏതറ്റം വരെയും പോകാം. പോകണം. ആ പോക്കിൽ സംഭവിക്കുന്ന
ജീവഹാനിപോലും നമുക്ക്‌ സങ്കടകരമാവില്ല. സ്വധർമ്മമാണോ അനുഷ്ഠിക്കാൻ
പോകുന്നത്‌ എന്നതുതന്നെ പ്രധാന ചോദ്യം. അതെങ്ങനെ അറിയാമെന്നാണെങ്കിൽ അത്‌
ഉള്ളിൽ നിന്ന്‌ വരുന്നതായിരിക്കും. ഒരു നേതാവും പറയുന്നതാവില്ല എന്ന
സാമാന്യ നിയമമേനിയാമകമായി ഉള്ളൂ. ആകെ ഒരു ജീവിതമേ തൽക്കാലം ഉള്ളൂ എന്ന
ധാരണ മുഖ്യരക്ഷാധികാരിയായിരിക്കട്ടെ.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ