കൊള്ളിയെ കൊന്നു, ഒന്നാം പ്രതി കപ്പ!

രാം മോഹൻ പാലിയത്ത്

ആഗോളവത്ക്കരണം പോലെ തന്നെ ബോറാണ് പലപ്പോഴും കേരളീയവത്കരണവും. കേരളീയവത്കരണമുണ്ടായതിനു പിന്നിലെ ഒരു റീസണ്‍ ഗള്‍ഫ് കുടിയേറ്റം. കേരളത്തില്‍ അടുത്ത കാലം വരെ കേരളീയര്‍ ഉണ്ടായിരുന്നില്ല - ചാവക്കാട്ടുകാരും വര്‍ക്കലക്കാരും തിരുവല്ലക്കാരുമൊക്കെയായിരുന്നു കേരളത്തില്‍ ജീവിച്ചിരുന്നത്. മദ്രാസ്, ബോംബെ തുടങ്ങിയ ചെറുവക കുടിയേറ്റങ്ങള്‍ കേരളീയന്റെ ബീജവാപം നടത്തിയപ്പോള്‍ ഗള്‍ഫ് കുടിയേറ്റമാണ് കേരളീയന്റെ സൃഷ്ടി പൂര്‍ണമാക്കിയത്.

കൊച്ചിക്കാരന്‍ കാസര്‍കോട്ടുകാരെയും വടകരക്കാരെയും കുന്നംകുളത്തുകാരെയും അഞ്ചല്‍കാരെയുമെല്ലാം കണ്ടതും കൊണ്ടതും ഗള്‍ഫില്‍ വെച്ച്. ഒരു ഫലമോ - നിങ്ങളെന്റെ മരക്കിഴങ്ങിനെ ചുട്ടു തിന്നില്ലെ? ഞങ്ങള്‍ ചില കൊച്ചിക്കാര്‍ ട്ടപ്പിയോക്കയെ മരക്കിഴങ്ങ് എന്നും കെഴങ്ങ് എന്നുമൊക്കെയാണ് വിളിച്ചിരുന്നത്. കണ്ടാണശ്ശേരിക്കാര്‍ കൊള്ളി എന്നും. അങ്ങനെ എത്ര നാട്ടുവിളിപ്പേരുകള്‍ ചത്തുകൊണ്ടിരിക്കുന്നു. കേരളീയവത്കരണം തെക്കു നിന്ന് കപ്പയെ കൊണ്ടുവന്ന് കൊള്ളിയെ കൊല്ലിച്ചു. കേരളം മലയാളത്തെ കൊല്ലുമോ?

ചേന്ദമംഗലത്തെ സവര്‍ണബാല്യകാലത്ത് [പുഴുക്കുത്തിയ റേഷനരീടെ ചോറുണ്ട്, റേഷന്തുണി യൂണിഫോമിട്ട്, ഏറ്റവും നല്ല നിക്കറിന് ബട്ടന്‍സില്ലാതിരുന്നതുകൊണ്ട് അതിന്റെ പട്ട എടുത്തുകുത്തി... ബട്ട് സവര്‍ണം, സവര്‍ണം, അത് മറക്കല്ലേ] റേഷന്‍ പച്ചരികൊണ്ടുണ്ടാക്കിയ പുട്ടിനെ പൂട്ട് എന്നാണ് വിളിച്ചിരുന്നത്. പറവൂക്കാരി ചോത്തിപ്പെണ്ണിനെ കെട്ടിയപ്പോള്‍ അത് പുട്ടായി. എങ്കിലും അമ്മവീട്ടിലെ പിട്ടു തന്നെയായിരുന്നു എനിക്കിഷ്ടം. പിട്ടിലെ രാജാവ് കൊള്ളിപ്പിട്ടു തന്നെ. ചെരട്ടയില്‍ ചുടണം. വേണമെങ്കില്‍ ചക്ക മാവിലും കായ്ക്കും. കണ്ണഞ്ചിരട്ട തുളച്ച് അതിനെ പ്രഷര്‍ കുക്കറിന്റെ മൂക്കില്‍ മലര്‍ത്തിക്കിടത്തി ചുടാം. അതിന്റെ സെക്സി ഷേപ്പ്, സ്വര്‍ണനിറം, പ്രാന്താക്കണ മണം... ഇതെല്ലാം തോല്‍ക്കണത് അതിന്റെ കിടിലന്‍ സ്വാദിനോടുമാത്രം.

ആളുകള് ഓരോരോ ഫണ്ടമെന്റലിസങ്ങള്‍ക്കുവേണ്ടി ചാവണതും കൊല്ലണതും കാണുമ്പൊ ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട് ഞാനേതിനു വേണ്ടിയാ ചാവാന്ന്. കൊള്ളിപ്പിട്ടിനെ കൊള്ളിപ്പിട്ടെന്ന് വിളിക്കാനും തിന്നാനും വേണ്ടി. കപ്പ എന്നു വിളിച്ച് ശീലിച്ചോര് അങ്ങനെ തന്നെ വിളിക്കണം. പക്ഷേങ്കില് കൊള്ളീന്ന് വിളിക്കണോര് അങ്ങനെ വിളിച്ചോട്ടെ. വാടാനപ്പിള്ളീലെ തട്ടുകടക്കാര് 'കപ്പ ഇറച്ചി' എന്ന് ബോര്‍ഡ് വെയ്ക്കുമ്പൊ ഓക്കാനിക്കാന് ള്ള അവകാശേങ്കിലും തരണേന്റെ ദൈവേ. ഇന്ത്യക്ക് മാത്രല്ല കേരളത്തിന്നൂണ്ട് വൈവിധ്യം. അത് ഉടയെടുത്ത്, വരിയുടച്ച്, കപ്പാവിട്ട് കളയല്ലെ പ്ലീസ്.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ