20 May 2012

നിലാവിന്റെ വഴി



ശ്രീപാർവ്വതി


വേനല്‍മഴയില്‍ നനഞ്ഞു നടക്കുന്നവര്‍ .
വേനല്‍മഴയ്ക്ക് വല്ലാത്തൊരു സൌന്ദര്യമുണ്ടെന്ന് ആരും സമ്മതിക്കും. ഉച്ച വെയിലില്‍ ഉരുകി തീര്‍ന്ന് വൈകുന്നേരം ഇടിമിന്നലില്‍ മഴ തകര്‍ക്കുമ്പോള്‍ ഒരു വേഴാമ്പലിനെ പോലെ അയിപ്പോകില്ലേ മനസ്സ്, ആഹ്ലാദം കൊണ്ട് അത്യുച്ചത്തില്‍ ചിരിച്ചു കൊണ്ട് ആകാശത്തിന്‍റെ ബഹളം വക വയ്ക്കാതെ മഴയിലേയ്ക്കിറങ്ങി നനയുക, അത്ര നേരം ശരീരം അനുഭവിച്ച കൊടും ചൂട് ഉരുകി മറയുന്നത് എത്ര വേഗം. 
വേനല്‍മഴയെ അവിസ്മരണീയമാക്കുന്നതില്‍ വലിയൊരു പങ്ക് സുഗന്ധത്തിനുണ്ട്, ആദ്യ മഴത്തുള്ളിയെ ഏറ്റുവാങ്ങി ഭൂമി തരളിതയാകുമ്പോള്‍ പ്രണയത്തിന്‍റെ നനുത്ത ചുംബനം ഏറ്റുവാങ്ങിയവലെ പോലെ ഭൂമി സ്വയം അലിയുമ്പോള്‍ ഉയിരു വയ്ക്കുന്ന ഒരു സുഗന്ധം. മണ്ണിന്‍റെ ഗന്ധത്തെ കുറിച്ച് എഴുത്തുകാരെല്ലാം വാചാലരായിട്ടുണ്ട്. ശരീരത്തില്‍ സ്പര്‍ശിക്കാതെ നേരിട്ട് ആത്മാവിനെ തൊടുന്ന മണമായി അത് ഭൂമി മുഴുവന്‍ വ്യാപിക്കും. വേനല്‍ മഴ പെയ്യുമ്പോള്‍ ആ ഗന്ധത്തിനായി മാത്രം ജനല്‍പ്പാളികള്‍ തുറന്ന് ഇടി-മിന്നലിനെ ശ്രദ്ധിക്കാതെ മഴയുടെ നേരെ നോക്കി ഇങ്ങനെ കണ്ണടച്ച് നില്‍ക്കാന്‍ എനിക്കേറെ ഇഷ്ടമായിരുന്നല്ലോ. ഉരുകി തെറിച്ചു വീഴുന്ന മഴത്തുള്ളികള്‍ക്കും മണ്ണിന്‍റെ ഗന്ധത്തിനുമൊപ്പം രോമാന്ചമണിഞ്ഞ് എഴുന്നു നില്‍ക്കുന്ന രോമകൂപങ്ങള്‍ , എത്ര ആര്‍ദ്രമാണെന്നോ മനസ്സ്.

പണ്ട് കാലത്ത് ഒരു മഴയെന്നാല്‍ അകലെക്കാഴ്ച്ച മാത്രമായിരുന്നു, മഴയില്‍ കതകു തുറക്കാനോ, മഴയത്തിറങ്ങാനോ പോയിട്ട് ജനല്‍പ്പാളികള്‍ തുറക്കാന്‍ പോലും അമ്മ സമ്മതിക്കില്ല. അതുകൊണ്ട് മഴ കഴിയുമ്പോള്‍ ഒരു ഓട്ടമാണ്, മുറ്റത്ത് തളം കെട്ടിക്കിടക്കുന്ന വെള്ളത്തിലേയ്ക്ക് കളിവള്ളങ്ങളെ ഒഴുക്കി വിട്ട് മുറ്റം ചീത്തയാക്കിയതിന്, അമ്മ വഴക്കു പറയാത്ത ദിവസമില്ല. എങ്കിലും എങ്ങനെ കളിവള്ളം ഉണ്ടാക്കാതിരിക്കും, അവയ്ക്കുള്ളില്‍ കുഞ്ഞുറുമ്പുകളെ കയറ്റി യാത്രയാക്കാതിരിക്കും. ചെറിയ ഓളങ്ങളുണ്ടാക്കി അവ വലുതാകുന്നതും നോക്കി അങ്ങനെ എത്ര നേരമാണ്, ഇരിക്കാറ്... 
പറമ്പു കഴിഞ്ഞുള്ള തോട്ടിലെ വെള്ളത്തില്‍ മീന്‍ പിടിയ്ക്കാന്‍ പോകുന്നതും ഞാനൊറ്റയ്ക്ക്(എന്‍റെ പ്രായത്തിലുള്ള കൂട്ടുകാരൊന്നും എനിക്കുണ്ടായിരുന്നില്ലല്ലോ....) ചെറിയ തോര്‍ത്തു വിരിച്ച് ഇരുകയ്യും കൂട്ടി വലിച്ചെടുക്കുമ്പോള്‍ ഒരു മീനെങ്കിലും കാണാതിരിക്കില്ല, അവയ്ക്ക് നീന്തിക്കളിക്കാന്‍ ചെറിയൊരു കുപ്പിയില്‍ വെള്ളം. ചേറില്‍ പൊതിഞ്ഞ വയലിലെ ചെറിയ തുമ്പിക്കൂട്ടങ്ങള്‍ , കൈതക്കാടുകള്‍ക്കിടയിലെ കയ്യില്‍ ഇലയുടെ ആകൃതി വരുന്ന ചെറിയ ചെടി. വേനല്‍മഴയ്ക്ക് പറയാന്‍ ഏറെയുണ്ട്.

വേനലും മഴയും ഒന്ന്നും ശ്രദ്ധിക്കാതെ ഞാന്‍ ജീവിച്ചിരിപ്പുണ്ടൊ എന്നു പോലും സംശയത്തിലായിരുന്ന രണ്ടു വര്‍ഷങ്ങള്‍ എന്നിലൂടെ കടന്നു പോയത് ഇപ്പോഴും മറവിയുടെ തുരുത്തിലെവിടെയോ ഒര്‍മ്മയുമായി മത്സരത്തിനുണ്ട്. ഗ്രാമത്തിന്‍റെ മണ്ണിന്‍റെ സുഗന്ധം നാഗരികതയ്ക്കു വഴിമാറിയപ്പോള്‍ എന്നില്‍ നിന്ന് എന്തൊക്കെയാണ്, നഷ്റ്റപ്പെട്ടത്? അക്ഷരങ്ങളും ചിന്തകളും മറന്ന് അതിവേഗം പായുന്ന നഗരത്തിനെ ഭീതിയോടെ നോക്കാനേ കഴിഞ്ഞുള്ളൂ. എണ്ന തേച്ച് മിനുക്കിയ മുടിയും, കണ്ണിനെ കടന്ന് മറഞ്ഞു നില്‍ക്കുന്ന പുരികവും, രാസലേപനങ്ങളിടാത്ത മുഖത്തെ നനുത്ത രോമങ്ങളും കണ്ടപ്പോള്‍ ഒരു ഓഫ്ഫീസില്‍ ഇന്‍റര്‍വ്യൂ ചെയ്ത ഉദ്യോഗസ്ഥയ്ക്ക് താല്‍പ്പര്യമില്ലായ്മ, അവരുടെ കസ്റ്റമെഴ്സിനെ സംസാരത്തില്‍ ആകര്‍ഷിക്കാനുള്ള കഴിവുമില്ലെന്നറിഞ്ഞതോടെ ഔട്ട്. പക്ഷേ ആ ഓട്ടത്തില്‍ ഞാനറിഞ്ഞില്ല, എനിക്കു നഷ്റ്റപ്പെടു പോയ ചില നാട്ടിന്‍പുറനന്‍മകളെ കുറിച്ച്. വേനലും മഴയും മണ്നിന്‍റെ സുഗന്ധവുമൊക്കെ പലപ്പോഴും എന്നെ കറ്റന്നു പോയെങ്കിലും അതൊന്നുമലക്കാനാകാതെ നിര്‍വ്വികാരയായി ഞാന്‍ കഴിച്ചു കൂട്ടിയ ദിനങ്ങള്‍.നഗരം അങ്ങനെയാണ്, നമ്മില്‍ നിന്ന് തന്നെ നമ്മളെ അക്റ്റും.

ഇന്നെനിക്ക് മഴ ഇത്ര നാളില്ലാത്ത അനുഭൂതികളാണ്, സമ്മാനിക്കാറ്. ജനിച്കു വളര്‍ന്ന വീട്ടില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ഈ പുതിയ വീട്ടില്‍ മഴ ഒരു ആഘോഷമാണ്. അകലെ മഴകകറ്, കാണുമ്പോള്‍ ഒരു ചുട്ടിത്തോര്‍ത്തുമുടുത്ത് മഴ നനയാനിറങ്ങുന്ന അച്ഛന്‍. അങ്ങനെ ആവേശം മൂത്ത് ഒരിക്കല്‍ ഞാനും. ആദ്യമായി മഴ നിന്ന് നനഞ്ഞ ദിവസം ഇപ്പോഴും ഓര്‍മ്മയുണ്ട്, മണ്നിന്‍റെ തണുത്ത മണം ലഹരിയായി പടരുമ്പോള്‍ കണ്ണടച്ച് ആത്മാവിലേയ്ക്ക് തണുപ്പേറ്റു വാങ്ങി ഏറെ നേരം നിന്നു, മതിയാവോളം. പിന്നീട് എല്ലാ മഴയിലേയ്ക്കും ഞാനെന്നെ അലിയിക്കാന്‍ തുടങ്ങി. മഴ എന്നില്‍ താളമായി തുടങ്ങി. എനിക്കെന്‍റെ അക്ഷരങ്ങളെ തിരികെ കിട്ടി. മതിവരാതെ ഓര്‍ത്തു വയ്ക്കാന്‍ മഴയുടെ സുഖം പോലെ ഒരു പ്രണയവും. ഞാനിന്നും ഈ വേനല്‍മഴയെ തിരയുകയാണ്. ഉള്ളുരുക്കുന്ന ഈ വേനല്‍ ചൂടിന്‍റെ ആഴത്തില്‍ കാത്തിരിക്കുകയാണ്, വീണ്ടുമൊരു വേനല്‍ മഴയ്ക്കായ്... എന്നെ അലിയിക്കുന്ന മണ്നിന്‍റെ തണുത്ത സുഗന്ധത്തിനായി....

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...