19 May 2012

എം.ആർ.രാജേശ്വരിയുടെ കാവ്യപ്രപഞ്ചം


നിലയ്ക്കലേത്ത്‌ രവീന്ദ്രൻനായർ




  പ്രവാസി മലയാള കവയിത്രി എം.ആർ.രാജേശ്വരിയുടെ കാവ്യപ്രപഞ്ചത്തിലേക്ക്‌
ഒന്നു കണ്ണോടിച്ചാൽ ലാളിത്യത്തിന്റെ സമൃദ്ധിയിൽ സാന്ദ്രമായിത്തീരുന്ന
അനുഭവാവിഷ്ക്കാരമാണ്‌ മിക്കതിലും. വിചാരത്തിന്റെയും വികാരത്തിന്റെയും
വേലിയേറ്റങ്ങളില്ലാതെ സൃഷ്ടിച്ചിട്ടുള്ള ഈ കാവ്യപ്രപഞ്ചത്തിൽ ഭാവനയുടെ
ഉജ്വലപ്രകാശം ദർശിക്കാം. കവിത കവിയുടെ മാനസിക ജീവിതത്തിന്റെ സന്തതിയാണ്‌.
ഈ കവയിത്രി മനസ്സുകൊണ്ട്‌ നിസ്വവർഗ്ഗത്തിന്റെകൂടെ ജീവിക്കുന്നു. അവരുടെ
നെടുവീർപ്പുകൾ വാക്കുകൾ പകർത്തുമ്പോൾ കവിതയിൽ നിവർത്തിക്കുന്ന
വ്യക്തിതാൻതന്നെയായി മാറുന്നു

എം.ആർ.രാജേശ്വരി
.





       എം.ആർ.രാജേശ്വരിയുടെ നാലാമത്തെ ഗ്രന്ഥമാണ്‌ കാവ്യതീർത്ഥം. അപ്പോൾ മറ്റു
മൂന്നു ഗ്രന്ഥങ്ങളേയും സ്പർശിച്ചില്ലെങ്കിൽ ഈ വിശകലനം പൂർണ്ണമാവുകയില്ല.
       ആദ്യ കവിതാസമാഹാരം സ്നേഹലത പ്രസിദ്ധീകരിച്ചതു 2004-ൽ ആണ്‌.
ആത്മഗതങ്ങളാണ്‌ ഇതിലെ കവിതകളിലധികവും. സ്നേഹത്തെയും ജാതിയെയും
വാർദ്ധക്യത്തെയുമൊക്കെക്കുറിച്ചുള്ള ഇതിലെ കവിതകൾ വായിക്കുമ്പോൾ ആ
വരികളിലെ തുടിപ്പ്‌ നമ്മുടെ ഹൃദയസ്പന്ദനമായി മാറുന്നു. സൗന്ദര്യവും
സുഗന്ധവും മറ്റുള്ളവർക്കു നൽകി മുള്ളുകൾ ആത്മാവിൽ അമർത്താനുള്ള അഭിവാഞ്ഛ
കവിയിത്രിയുടെ വരികളിൽ തുടിക്കുന്നു. ഗൃഹാതുരതയുണർത്തുന്ന കവിതകളും
ഇതിലുണ്ട്‌. ആത്മാവിന്റെ മധുരനിവേദ്യമാണ്‌ എം.ആർ.രാജേശ്വരിക്ക്‌
കവിതയെന്ന്‌ ഈ ഒറ്റഗ്രന്ഥംകൊണ്ട്‌ മലയാള കവിതാസ്വാദകർ മനസ്സിലാക്കി.
       രണ്ടാമത്തെ ഗ്രന്ഥം ദേശാടനക്കിളികൾ പ്രസിദ്ധീകരിച്ചതും 2004-ൽ
തന്നെയാണ്‌. ആറുമാസത്തിനു ശേഷം. രവീന്ദ്രനാഥ ടാഗോറിന്റെ ......... എന്ന
കൃതിയുടെ മലയാള വിവർത്തനം. മലയാള സാഹിത്യാസ്വാദകർ രണ്ടു കൈയും നീട്ടി ഈ
ഗ്രന്ഥം സ്വീകരിച്ചു എന്നതാണ്‌ പെൻ ബുക്സിന്റെ വിൽപനക്കണക്കുകൾ
കാണിക്കുന്നത്‌.
       മൂന്നാമത്തെ ഗ്രന്ഥമാണ്‌ സീതാ വിചാരസരിത. 2006-ൽ ആണ്‌ ഇതു
പ്രസിദ്ധീകരിച്ചതു. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ ഹിന്ദി
വിവർത്തനമാണ്‌ സീതാവിചാരസരിത. ഈ ഗ്രന്ഥത്തിന്‌ പ്രതീക്ഷിച്ചതിലും വലിയ
സ്വീകരണമാണ്‌ കേരളത്തിൽ ലഭിച്ചതു. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പതിനാറു
ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കേരള സാഹിത്യ അക്കാദമിയുടെ
പ്രസിദ്ധീകരണമായ സാഹിത്യചക്രവാളത്തിലും പ്രാധാന്യത്തോടെ ഈ ഗ്രന്ഥത്തിന്റെ
വാർത്ത കൊടുക്കുകയുണ്ടായി. തൃശ്ശൂരിൽ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന
വിജ്ഞാനവീഥി മാസികയിൽ ഡോ.കെ.ജി.പ്രഭാകരൻ സീതാവിചാരസരിതയുടെ നിരൂപണം
എഴുതുകയുണ്ടായി. മൂലകൃതിയോട്‌ ഒത്തുപോകാൻ എം.ആർ.രാജേശ്വരി ആത്മാർത്ഥമായി
ശ്രമിച്ചിട്ടുണ്ടെന്നും കുമാരനാശാന്റെ സ്ത്രീസങ്കൽപത്തെ
പരിചയപ്പെടുത്തുന്നതിലൂടെ 1920കളിൽ മലയാളകവിതയും കേരളസമൂഹവും കൈവരിച്ച
നേട്ടങ്ങളെക്കുറിച്ച്‌ ഹിന്ദിവായനക്കാരിൽ അവബോധം ഉളവാക്കാൻ ഈ പരിഭാഷ
സഹായകമാകുമെന്നും എം.ആർ.രാജേശ്വരിയുടെ ഈ ഉദ്യമം പ്രശംസനീയമാണെന്നും
ഡോ.കെ.ജി.പ്രഭാകരൻ തന്റെ നിരൂപണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്‌. സൂര്യ
ടി.വിയിലെ അക്ഷരം പരിപാടിയിൽ കവി കുരീപ്പുഴ ശ്രീകുമാർ പ്രവാസി
സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്ന കൂട്ടത്തിൽ ഭിലായിലെ
എം.ആർ.രാജേശ്വരിയെയും അവർ വിവർത്തനം  ചെയ്ത സീതാവിചാരസരിത എന്ന
ഗ്രന്ഥത്തെയും പരിചയപ്പെടുത്തുകയുണ്ടായി. കുമാരനാശാന്റെ 'ചിന്താവിഷ്ടയായ
സീത'യുടെ ആശയം ചോർന്നുപോകാതെ വിവർത്തനം നിർവഹിച്ചതിന്‌ കുരീപ്പുഴ
ശ്രീകുമാർ എം.ആർ.രാജേശ്വരിയെ അനുമോദിക്കുകയുണ്ടായി. അങ്ങനെ
ചിന്താവിഷ്ടയായ സീത പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത പല പണ്ഡിതരാലും
ശ്ലാഘിക്കപ്പെട്ടതുകൊണ്ട്‌ സീതാവിചാരസരിത ചിന്താവിഷ്ടയായ സീതയുമായി
താദാത്മ്യം പ്രാപിക്കുന്നു എന്ന്‌ തെളിഞ്ഞിരിക്കുന്നു. രാഷ്ട്രീയ ഹിന്ദി
സാഹിത്യസമ്മേളന്റെ 2010-ലെ വിവർത്തനസാഹിത്യത്തിനുള്ള അവാർഡ്‌
സീതാവിചാരസരിതയ്ക്ക്‌ മന്ത്രി.എം.വിജയകുമാർ സമ്മാനിക്കുകയുണ്ടായി.

       നാലാമത്തെ ഗ്രന്ഥമാണ്‌ കാവ്യതീർത്ഥമെന്ന കവിതാസമാഹാരം. ഇതു
പ്രസിദ്ധീകരിച്ചതു ഡിസംബർ 2006ലാണ്‌. എം.ആർ.രാജേശ്വരിയുടെ
മറ്റുകവിതകളെപ്പോലെ കാവ്യതീർത്ഥം എന്ന സമാഹാരത്തിലെ കവിതകളും നമ്മുടെ
സൗന്ദര്യബോധത്തെ ഉണർത്തുകയും നമ്മെ തിരിച്ചറിവിന്റെ വെളിച്ചത്തിലേക്ക്‌
കൈപിടിച്ചു നടത്തുകയും ചെയ്യുന്നു. സാഹിത്യത്തിന്റെ സൗന്ദര്യം
സമ്പൂർണ്ണമായും കാവ്യതീർത്ഥത്തിൽ ആസ്വദിക്കാം.
സംഗീതമപി സാഹിത്യം
സരസ്വത്യാ സ്തദ്വയം
ഏകമാപാത മധുരം
അന്യതാലോചനാമൃതം
       അങ്ങനെ ആപാതമധുരങ്ങളും ആലോചനാമൃതങ്ങളുമായ ധാരാളം കവിതകളെക്കൊണ്ട്‌
സമ്പൂർണ്ണമാണ്‌ കാവ്യതീർത്ഥം. ശ്രവണമാത്രയിൽതന്നെ ആസ്വാദ്യമായത്‌ അഥവാ
ഈണമിട്ടു പാടിപ്പോകാവുന്നത്‌. ഭാവാർത്ഥങ്ങൾ കുറവായിരിക്കും അതിൽ .എന്നാൽ
ശ്രവണസുന്ദരങ്ങളാണ്‌. ശൃംഗാരരസത്തിന്റെ വിവിധഭാവങ്ങൾ വ്യംഗ്യത്മകമായി
പ്രകൃതിയുടെ വിവിധമുഖങ്ങളിലൂടെ വർണ്ണിക്കുന്നതാണ്‌ രാഗിണി,
തളിരിലക്കുമ്പിളിൽ, മഴവില്ലും കാത്ത്‌, മധുമാലിനി,
അടുത്താരുമില്ലാത്തപ്പോൾ, ആകാശമുറത്തെ...അധരത്തിൽ...എന്നീ കവിതകൾ
ആപാതമധുരങ്ങളാണ്‌. അഥവാ ഗാനങ്ങളാണ്‌. ലളിതഗാനങ്ങളായും ക്ലാസിക്കലുകളായും
പാടി ആസ്വദിക്കാവുന്നവയാണ്‌. ബാക്കിയുള്ള കവിതകൾ ആലോചനാമൃതങ്ങളാണ്‌.
ഇവയിലെല്ലാം ശ്രേഷ്ഠമാണ്‌ ചൈതന്യചക്രം. ഉദാത്തവും ഗംഭീരവുമായ വിഷയം
നതോന്നത വൃത്തത്തിൽ ഏതു മലയാളിക്കും ആസ്വദിക്കാവുന്ന രീതിയിൽ എഴുതിയ
ചൈതന്യചക്രം ഹൈന്ദവവിശ്വാസങ്ങളിലൂന്നി ആദ്ധ്യാത്മികതയുടെ
ആത്മാവിലെത്തുന്നതാണ്‌. ജാതിമത ഭേദമില്ലാതെ സകലപ്രാണികൾക്കും ശിരസു മുതൽ
പദതലംവരെ ചലിക്കുന്ന അശോകചക്രമാണത്രേ ചൈതന്യചക്രം. ഉദാത്തമായ
തപസ്സിൽക്കൂടി മാത്രം അനുഭവൈകവേദ്യമായ ജ്ഞാനവും തരംഗാതീതമായ
തലത്തിലെത്തിയ ആത്മസാക്ഷാത്ക്കാരവും കേവലം ബുദ്ധികൊണ്ടുമാത്രം
മനസ്സിലാക്കാൻ സാധിക്കാത്തതുമായ ഈ ഈശ്വരജ്ഞാനത്തെയാണ്‌ ചൈതന്യചക്രത്തിൽ
വിവരിച്ചിരിക്കുന്നത്‌.
       ഉപഹാരം എന്ന ചെറിയ തുള്ളൽക്കവിതയിൽ എഴുതിയിരിക്കുന്നത്‌ കൂർത്ത
നർമ്മമാണ്‌. അച്ഛന്‌ കളിത്തോക്കാണ്‌ അച്ഛന്റെയച്ഛൻ
വാങ്ങിക്കൊടുത്തതെങ്കിൽ മകൻ ഇന്ന്‌ കുട്ടിമിസെയിലും കളിബോംബും
ആവശ്യപ്പെടുന്നു. കാലഗതിയുടെ തീവ്രത അതിന്റെ എല്ലാ ദുഃഖങ്ങളോടും കൂടി
ഉപഹാരം എന്ന ചെറിയ കവിതയിൽ പറഞ്ഞ്‌ നമ്മെ ഭയപ്പെടുത്തുന്നു.
       ഒരു ചെറിയ പൂവിനും ഈ ഭൂമിയിൽ അതിന്റേതായ സ്ഥാനവും സൗന്ദര്യവും ഉണ്ട്‌.
കൊടുങ്കാറ്റിലല്ല മന്ദമാരുതനിലാണ്‌ ഈശ്വരൻ തന്റെ മാഹാത്മ്യത്തെ
വെളിവാക്കുന്നതെന്ന്‌ സുമനം എന്ന കവിതയിലെ ചെറിയ സന്ദർഭത്തിൽ
വിവരിക്കുന്നു.
       ക്യാൻസർ രോഗിയുടെ അന്ത്യം എന്ന കവിതയിൽ പറയുന്നത്‌ ദാർശനികതയാണ്‌.
       ഏതു ദുഃഖവുമാർക്കുമെപ്പോഴും
       വാതിലിലെന്നറിഞ്ഞീല-
       ഇലയില്ലാത്ത ചില്ലയിൽ ഇരുന്നു കേഴുന്ന ചെല്ലക്കിളിയുടെ ചിത്രം ക്യാൻസർ
രോഗിയുടെ അന്ത്യത്തിൽ കാണാം. ആ ചെല്ലക്കിളി കേഴുന്നതോ
അല്ലലല്ലാമൊഴിഞ്ഞെല്ലാർക്കും
നല്ലതുമാത്രം തോന്നട്ടേ-
       വലിയൊരുകാര്യമാണ്‌ കവയിത്രി ചെറിയവാക്കുകളിൽ ഒതുക്കിയിരിക്കുന്നത്‌.
അതാണ്‌ ഈ കവിതയുടെ അന്തസത്ത.
       അമ്പലത്തിലെ വലിയ ഓട്ടുരുളിയിൽ ചില്ലറയിട്ട്‌ തൻകാര്യം സാധിക്കണമെന്ന്‌
പ്രാർത്ഥിച്ച്‌ വെളിയിലിറങ്ങയപ്പോഴാണ്‌ കുഞ്ഞുങ്ങൾക്കാഹാരം കൊടുക്കാൻ
ചട്ടി നീട്ടി നിവർത്തുന്ന പിച്ചക്കാരിയെ കാണുന്നതും കൈയ്യിൽ
ചില്ലറയില്ലെന്നു പറയുന്നതും. അവർ പറഞ്ഞ മറുപടിയിലെ പുലഭ്യം അതിലും
ശക്തമായ ഭക്തിഗാനം മൂലം കേൾക്കാൻ കഴിഞ്ഞില്ലത്രേ! സമൂഹത്തിലെ ദുഷിപ്പുകളെ
തുറന്നുകാട്ടുന്ന തൂലിക നമുക്കു ഈ കൊച്ചുകവിതയിൽ ദർശിക്കാം.
       സ്ത്രീകൾക്കു നീതി ലഭിക്കാത്തതിൽ പ്രതിഷേധിക്കുന്ന കവിതകളാണ്‌ 'കാലം
മറയ്ക്കട്ടെ നാണം , ഉണരടി പെണ്ണേ' മദ്യക്കുപ്പിയുടച്ച്‌ ദുഷിച്ച
സമൂഹത്തിന്റെ കുംഭകുത്തിക്കീറൽ ആഹ്വാനം ചെയ്യുന്നു. ഇത്രയും കാലം
കരഞ്ഞുതീർത്ത കണ്ണുനീരെല്ലാം പന്തങ്ങളിൽ എണ്ണയായി ശക്തി പകർന്ന്‌
ഉണർന്നെഴുന്നേൽക്കുവാനുള്ള ആഹ്വാനമാണ്‌ സ്ത്രീകളോട്‌ ചെയ്യുന്നത്‌.
       ഒരു സമകാലിക പ്രശ്നത്തെ താർക്കിക ബുദ്ധിയോടെ വീക്ഷിക്കുന്ന 'സന്നിധാനം
സ്ത്രീകൾക്കും ' എന്ന കവിത ഈശ്വരവിശ്വാസികളേയും ചിന്തിപ്പിക്കും. ഈ
കവിതകളിൽ ഫെമിനിസത്തിന്റെ വ്യക്താവാകുന്നു കവയിത്രി.
       തന്റെ തുടിയിലെ ഉയിരായിരുന്ന ഭാര്യമരിച്ചപ്പോൾ ഇനി പാടുകയില്ലായെന്ന്‌
കണ്ണീരൊഴുക്കുന്ന പാട്ടുകാരനെ കാട്ടിത്തരുന്ന പാണാത്തി ഹൃദയസ്പർശിയാണ്‌.
       നമ്മളിൽ തന്നെ ഉള്ളവരുടെ കവിതയാണ്‌ 'ശ്രേയ'. പൊങ്ങച്ചങ്ങളുടെ
ഭാണ്ഡക്കെട്ടുംപേറി അശാന്തി നാം തന്നെ നമ്മുടെ മനസ്സിൽ
കുത്തിനിറയ്ക്കുകയാണെന്ന്‌ ഈ കവിത നമ്മെ ഓർമ്മിപ്പിക്കുന്നു.
       വളരെച്ചുരുക്കി ശ്രീകൃഷ്ണാവതാരം പ്രതിപാദിച്ചിരിക്കുന്നു ഗീതയിൽ. വെറുതെ
വായിച്ചാൽപ്പോരാ അത്‌ ജീവിതത്തിൽ പകർത്തുകകൂടി ചെയ്യണമെന്ന ധ്വനിയാണ്‌ ഈ
കവിതയ്ക്ക്‌ കൂടുതൽ സൗന്ദര്യം നൽകുന്നത്‌.
       സംസ്കൃത ശബ്ദങ്ങൾ കോർത്തിണക്കിയ ഒരു പ്രഭാത വർണ്ണനയായ 'കിഴക്കമ്പലം'
വായനാസുഖം നൽകുന്നു.
       ലളിതമായ പദങ്ങൾ കോർത്തിണക്കി വധൂവരന്മാർക്ക്‌ മംഗളമേകുകയാണ്‌ വിവാഹമംഗളാശംസയിൽ.
       കുറുങ്കവിതകളിലെ കവിതകളെല്ലാം പലപല ആശയങ്ങളെക്കൊണ്ട്‌ സമ്പുഷ്ടമാണ്‌.
       വർത്തമാനകാലത്തെയും ജീവിതത്തെയും ഉചിതപ്രതീകത്താൽ നിർവ്വചിക്കുകയാണ്‌
ബോൺസായിയിൽ. ഭയം ജനിപ്പിക്കുന്ന ദുരനുഭവങ്ങളെ ബോൺസായി നമ്മുടെ
മനസ്സിലേക്കു കടത്തിവിടുന്നു. ബോൺസായി ഒരു പ്രതീകമാണ്‌ അതു മനുഷ്യനോ മരമോ
ആകാം.
       മാനത്തു മുട്ടേണ്ട മാമരം വാമനം
       ജ്ഞാനത്തിൻ തായ്‌വേരറുക്കുന്ന വിജ്ഞാനം
സാംസ്ക്കാരികമായി തായ്‌വേരറുക്കപ്പെട്ട ഒരു ജനതയുടെ വിഭ്രാന്ത
ദർശനങ്ങളിലേക്ക്‌ കവിത നമ്മെ നയിക്കുന്നു. ചട്ടി നമ്മുടെ
സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന, നമ്മെ വളരാൻ അനുവദിക്കാത്ത
പരിതസ്ഥിതിയായി കാണുമ്പോൾ ബോൺസായി ഒന്നിലേറെ മാനങ്ങളുള്ള പ്രതീകമായി
മാറുന്നു.
       ബാഹ്യസംഭവമോ വ്യക്തിയോ പരിസ്ഥിതിയോ അല്ല നമ്മുടെ ദുഃഖത്തിനു കാരണമെന്നും
മനുഷ്യമനസ്സിലുണ്ടാകുന്ന വികാരവിക്ഷോഭങ്ങളാണ്‌ ദുഃഖഹേതുവേന്നുമുള്ള
പരമമായ സത്യം വിളിച്ചോതുന്നു അന്തസത്യത്തിലൂടെ. വിചാരങ്ങൾ ദോഷമുക്തമായാൽ
വാണിയും പ്രവൃത്തിയും ദോഷമുക്തമാകുമെന്നും തദ്വാരാ ഭാവി ഭാസുരമാകുമെന്നും
നമ്മെ ഓർമ്മിപ്പിക്കുന്നു. ആദ്ധ്യാത്മിക ദാർശനികതയാണ്‌ ഈ കവിതയുടെ കാതൽ.
       എഴുതിത്തഴമ്പിച്ചതും ഭാവനാസമ്പുഷ്ടവുമായ തൂലികയിൽ നിന്നുമാത്രമേ
ആശപോലുള്ള കവിതകൾ ഉരുത്തിരിയുകയുള്ളൂ. ഏത്‌ ഇരുട്ടിലും ആശയുടെ
പൊൻകിരണമാണ്‌.
       അതിമലിനചലപിലകളനവരതമെങ്കിലും
       ശ്രുതിവിമലപ്രണവമൊന്നുയരുമെന്നോ
       മൊത്തത്തിലുള്ള വീക്ഷണത്തിലും ഇതുതന്നെയാണ്‌ പലകുറി മനസ്സിൽ തെളിയുന്നത്‌.
       സ്വന്തം ദുര്യോഗത്തിൽ പരിതപിക്കുന്ന, കാക്കാലന്റെ കൂട്ടിലകപ്പെട്ട ഒരു
കിളിയെപ്പോലെയാണ്‌ ഭാരത്തെ കാക്കാലന്റെ പൈങ്കിളിയിൽ അവതരിപ്പിക്കുന്നത്‌.
രാഷ്ട്രീയക്കാരുടെ ലക്ഷ്യമില്ലാത്ത പ്രയാണത്തിലേക്ക്‌ വിരൽചൂണ്ടുന്നു.
അധികാരത്തിനുവേണ്ടി ആദർശങ്ങൾ ബലിയർപ്പിക്കപ്പെടുന്നതിലൂടെ
അസ്വാതന്ത്ര്യത്തിലേക്കാണ്‌ നാം നീങ്ങുന്നതെന്ന ധ്വനി ഇതിൽ
വ്യഞ്ജിപ്പിച്ചിക്കുന്നു.
       ഗൃഹാതുരസ്മരണകളുണർത്തുന്ന കവിതയാണ്‌ 'വീണ്ടും ജനിച്ചോട്ടെ'. മഹാകവി
പി.യുടെ കവിതകളെ ഓർമ്മിപ്പിക്കുന്നു ഈ കവിത.
       ഈ സമാഹാരത്തിലെ കവിതകളിലുള്ള കുറ്റങ്ങളിലേക്കു കണ്ണോടിച്ചാൽ
കളിപ്പാട്ടം, സുമനം എന്നീ കവിതകൾക്ക്‌ ഒരു ചിന്തേരിടീൽ ആവശ്യമാണെന്നു
തോന്നി.
       രണ്ടു കവിതകൾ വിവർത്തനമായതുകൊണ്ട്‌ ഒരു വിലയിരുത്തൽ ആവശ്യമില്ല.
മൂലപദ്യവുമായി വിവർത്തനം താദാത്മ്യം പ്രാപിച്ചിട്ടുണ്ട്‌.
       ഭാവനാസമ്പുഷ്ടതയാണ്‌ ഈ കവയിത്രിയെന്ന ഈ സമാഹാരത്തിലെ കവിതകൾ
വിളിച്ചോതുന്നു. സരളമായ പദാവലികൾ തൊടുത്ത്‌ കാവ്യാസ്വാദനത്തിന്‌ പുതിയ
ഒരു മാനം തീർക്കുന്നുണ്ട്‌ ഈ സമാഹാരത്തിൽ. കുരീപ്പുഴ ശ്രീകുമാർ സൂര്യാ
ടിവിയിൽ പറഞ്ഞതുപോലെ പ്രവാസി മലയാള സാഹിത്യകാരന്മാരുടെ കൂട്ടത്തിൽ ഒരു
പ്രത്യേക കസേര ശ്രീമതി. എം.ആർ രാജേശ്വരിക്കുണ്ടെന്ന്‌ ഈ കവിതകൾ
വായിക്കുന്ന ഏതൊരാൾക്കും നിസ്സംശയം പറയാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...