അക്ഷരരേഖ

 ആർ ശ്രീലതാവർമ്മ


സാഹിത്യപഠനത്തിലെ സർഗാത്മകത
                            
     
സാഹിത്യപഠനവും സർഗാത്മകതയും സമന്വയിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാൻ എളുപ്പമുള്ള സംഗതികളല്ല.പഠനം ചില വ്യവസ്ഥകളെ പിന്തുടരുന്നു,എല്ലായ്പ്പോഴും.അതിന് നിശ്ചിതമായ പാഠ്യപദ്ധതികളും പഠനക്രമങ്ങളും പരീക്ഷകളടക്കമുള്ള സമയബന്ധിതങ്ങളായ നടപടിക്രമങ്ങളുമുണ്ട്.സാഹിത്യമാകട്ടെ,ഒരിക്കലും വ്യവസ്ഥാപിതമായ ചട്ടക്കൂടുകളിൽ ഒതുക്കിനിർത്തി ഗ്രഹിക്കാൻ കഴിയുന്ന ഒന്നല്ല.പക്ഷേ പഠനത്തിനായി സാഹിത്യം തിരഞ്ഞെടുക്കുമ്പോൾ പഠനസമ്പ്രദായങ്ങൾ മുന്നോട്ടുവയ്ക്കുന്ന പരിമിതികൾ മനസ്സിലാക്കി ആ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടു മാത്രമേ ക്രിയാത്മകമാകാൻ കഴിയൂ.
                      കാലത്തെ അതിജീവിക്കുന്ന രചനകളെ നാം ക്ലാസ്സിക്കുകൾ എന്നു വിളിക്കും.രാമായണം,മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ കാളിദാസ കാവ്യനാടകങ്ങൾ ഇവയെല്ലാം ക്ലാസ്സിക്കുകളാണ്.ക്ലാസ്സിക്കുകൾ പഠിക്കാൻ ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിച്ചെടുത്തില്ലെങ്കിൽ പഴയ തത്ത്വങ്ങൾ ആവർത്തിച്ച് പുതിയ ചിന്തകളൊന്നും സംഭാവന ചെയ്യാതെ പഠനം വളരെ വരണ്ടതായിത്തീരും.എഴുത്തച്ഛൻ കൃതികളെ ഇതിഹാസസങ്കല്പനത്തിന്റെ പരിധിയിൽ നിന്നു മാത്രം നോക്കിക്കണ്ടാൽ അത് എത്രയോ പരിഹാസ്യമായിത്തീരും എന്ന് പ്രത്യേകം പറയേണ്ടതില്ല.ചരിത്രം,സംസ്കാരം,സാമൂഹികസ്വത്വനിർമ്മിതി എന്നീ സംവർഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുമാത്രമേ ഇന്ന് ക്ലാസ്സിക്കുകളെ സർഗാത്മകമായി അപഗ്രഥിക്കാൻ കഴിയുകയുള്ളൂ.മഹാകാവ്യലക്ഷണങ്ങൾ കാളിദാസകാവ്യങ്ങളിൽ എത്രത്തോളം ഉൾച്ചേർന്നുവരുന്നു എന്ന് കണ്ടെത്തുന്നത് സർഗാത്മകമായ സാഹിത്യപഠനമാകുന്നില്ല.മറിച്ച് സൈദ്ധാന്തികമായ സ്ഥിതിവിവരണമോ കണക്കെടുപ്പോ ആകുന്നു.
                        സി.വി.രാമൻ പിള്ളയുടെ നോവൽത്രയത്തിൽ ഒന്നു മാത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക സൗകര്യം കണക്കിലെടുത്താണെന്നതിന് സംശയമില്ല.പക്ഷേ, 'രാമരാജാബഹദൂർ'പാഠ്യവസ്തുവായി മുന്നിൽ കിട്ടുന്ന വിദ്യാർഥികളും അധ്യാപകരും എങ്ങനെയാണ് 'രാമരാജാബഹ്ദൂറി'ലെ ജീവിതഗാംഭീര്യത്തെ ചോർച്ച കൂടാതെ പിന്തുടരുന്നത്?ഇത് വളരെ ദുഷ്കരമാണ്.പക്ഷേ സൂക്ഷ്മമായ പരിശ്രമത്തിലൂടെ സാധ്യമാകുന്നതുമാണ്.സി.വിയുടെ ചരിത്രസങ്കല്പനം,രാഷ്ട്രീയദർശനം ഏന്നിവ വേർതിരിച്ചറിയുകയും 'മാർത്താണ്ഡവർമ്മ'യിൽ തുടങ്ങി 'രാമരാജാബഹദൂറി'ലെത്തുമ്പോൾ സി.വി.യുടെ ദാർശനികചക്രവാളത്തിന് സംഭവിക്കുന്ന വികാസപരിണാമങ്ങൾ മനസ്സിലാക്കുകയുമാണ് ഇവിടെ വേണ്ടത്.സി.വി.യുടെ നോവൽത്രയം ഉദാഹരിച്ചു എന്നേയുള്ളൂ.മറ്റേതൊരു എഴുത്തുകാരന്റെ കൃതി പഠിക്കുമ്പോഴും ഇതേ സമീപനമാണ് സ്വീകാര്യം.'ചിന്താവിഷ്ടയായ സീത' പഠിക്കുമ്പോൾ ആശാന്റെ മറ്റ് കൃതികളും അവയിലൂടെ ഉരുത്തിരിഞ്ഞുകിട്ടുന്ന ആശാന്റെ കാവ്യ-ജീവിതദർശനങ്ങളും
 സ്വാംശീകരിച്ചില്ലെങ്കിൽ പഠനം ഫലശൂന്യമാകുമെന്ന കാര്യത്തിൽ തർക്കമില്ല.
                    നമ്മുടെ സർവകലാശാലകളിൽ ഭാഷയും സാഹിത്യവും പഠനത്തിന് തിരഞ്ഞെടുക്കുന്നവരുടെ എന്നം കുറഞ്ഞു വരികയാണ്.മറ്റ് വിഷയങ്ങൾക്ക് സീറ്റ് ലഭിക്കാത്തവരാണ് മലയാളം പോലുള്ള വിഷയങ്ങൾ പഠിക്കാനെത്തുന്നത് എന്നൊരു പൊതുവിശ്വാസമുണ്ട്.ഇതിൽ കുറെ മുൻവിധിയും അടച്ചാക്ഷേപവുമുണ്ടെങ്കിലും താത്പര്യത്തെ കരുതി ഭാഷാ,സാഹിത്യപഠനങ്ങൾ നിർവഹിക്കാൻ തയ്യാറാകുന്നവർ നന്നേ ചുരുക്കമാണ് എന്നുള്ളത് സമ്മതിക്കേണ്ടി വരും.പഠനകർത്താക്കളിൽ താത്പര്യം വളർത്തുന്നതിലേക്ക് നമ്മുടെ ഭാഷാ സാഹിത്യ പഠനപദ്ധതികൾ നവീകരിക്കപ്പെടേണ്ടതുണ്ട്.ഇതൊന്നും ഒറ്റ പ്രഭാതത്തിൽ യാഥാർത്ഥ്യമാകുന്ന കാര്യങ്ങളല്ല.മാത്രമല്ല,സംഘടിതമായും സമയബന്ധിതമായും ചർച്ച ചെയ്തും പഠനവിധേയമാക്കിയും മാത്രം പ്രയോഗത്തിൽ കൊണ്ടുവരേണ്ടവയുമാണ്.ഉപരിപ്ലവമായോ മേൽത്തട്ടിനെ മുൻനിർത്തിയോ ഉള്ള നവീകരണങ്ങൾക്കു പകരം അടിത്തട്ട് മുതൽ- അതായത് സാഹിത്യപഠനത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ,സങ്കല്പനങ്ങൾ,ലക്ഷ്യങ്ങൾ ഇവയെല്ലാം- കാലോചിതമായി നവീകരിക്കുകയും പുതിയചിന്തകളുമായി സംയോജിപ്പിക്കുകയും ചെയ്യുന്നത് ഏറെ അഭിലഷണീയമാകും.വരുംകാലങ്ങളിൽ ഭാഷാ സാഹിത്യപഠനങ്ങളെ ക്രിയാത്മകമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇത്തരം പ്രായോഗികസമീപനങ്ങൾ കൈക്കൊള്ളുക അനിവാര്യമാണ്.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ