17 Jun 2012

എന്റെ ഹിമാലയൻ യാത്രാനുഭവങ്ങൾ /5


പ്രഫുല്ലൻ തൃപ്പൂണിത്തുറ
ഗംഗോത്രി
ശ്രീഗംഗാദേവിയുടെ ഉത്ഭവസ്ഥാനമായ ഗോമുഖ്‌ എന്ന പ്രസിദ്ധമായ സ്ഥലം ഗംഗോത്രി
ക്ഷേത്രത്തിൽ നിന്നു 28 കീ.മീ അകലെയാണു സ്ഥിതിചെയ്യുന്നത്‌. ഭഗീരഥൻ
പരമേശ്വരനെ ധ്യാനിച്ച്‌ കഠിന തപസുചെയ്തിട്ടാണ്‌ ഗംഗാദേവിയെ വരുത്തിയത്‌.
ഭഗവാൻ ശിവൻ പാർവ്വതിയോട്‌ ഇങ്ങിനെ പ്രസ്താവിച്ചത്രെ "ആരാണോ ഗംഗാജലത്തിൽ
സ്നാനദർശന ജലപാനങ്ങൾ ചെയ്യുന്നത്‌ അവർ എല്ലാ പാപത്തേയും ഇല്ലാതാക്കുകയും
അവസാനം വൈകുണ്ഠത്തെ പ്രാപിയ്ക്കുകയും ചെയ്യുന്നു."
       യമുനോത്രിയിൽ നിന്നും ഗംഗോത്രിയിലേയ്ക്കുള്ള ദൂരം 228 കി.മീയാണ്‌.
ഋഷികേശിൽ നിന്നും 248 കി.മീ സമുദ്രനിരപ്പിൽ നിന്നും 10300 അടി
ഉയരത്തിലുമാണ്‌.

യമുനോത്രി

       യമുനോത്രിയിൽ നിന്ന്‌ ഏഴു കി.മീ അകലെയുള്ള കാളിന്ദി പർവ്വതത്തിൽ
നിന്നാണ്‌ യമുനാനദി ഉത്ഭവിയ്ക്കുന്നത്‌. യമുനോത്രിയുടെ അടുത്തുള്ള
യമുനാനദിയിലെ ജലം ശുദ്ധവും ശീതളവുമായ തീർത്ഥമാണ്‌. യമുനോത്രിയുടെ
ചുറ്റുമുള്ള വനങ്ങളും മാമലകളും തീർത്ഥാടകരെ വിസ്മയിപ്പിക്കുന്നു.
യമുനോത്രിയുടെ വളരെ അടുത്തുകൂടിത്തന്നെയാണ്‌ യമുനാനദി
വടക്കുദിശയിലേയ്ക്ക്‌ ഒഴുകുന്നത്‌. ദർശനവും സ്നാനവും കഴിഞ്ഞ്‌
മൂന്നുരാത്രി ഇവിടെ താമസിയ്ക്കുമ്പോൾ മനുഷ്യന്റെ എല്ലാ പാപങ്ങളും
കത്തിയെരിഞ്ഞ്‌ ഭസ്മമായിത്തീരുന്നു. ഇവിടെ കലിംഭ ശൈലത്തിൽ നിന്നും
ജലധാരയുടെ രൂപത്തിൽ കടുംനീലനിറത്തിൽ കലിംഭജാ നദിയൊഴുകുന്നത്‌. ഇവിടെ
ഒരിടത്തുകൂടി തണുത്തവെള്ളം ഒഴുകുമ്പോൾ മറ്റൊരിടത്ത്‌ ചൂടുവെള്ളത്തിന്റെ
ശ്രോതസ്സും കാണാം. ഇവിടത്തെ പ്രകൃതി സൗന്ദര്യത്തെ ഇന്ദ്രലോകത്തിലെ
പൂന്തോട്ടത്തോടു കവികൾ ഉപമിക്കാറുണ്ട്‌. ശ്വേതപർവ്വതത്തിന്റെ
വടക്കുഭാഗത്തായി സർവ്വപാപസംഹാരിണിയായ യമുനാനദി ഒഴുകുന്നു. ഏതൊരാളാണോ
ഇവിടെ തപ്തകുണ്ഡം എന്ന ജലാശയത്തിൽ സ്നാനം ചെയ്യുന്നത്‌. അവൻ ജന്മകൃത്യം
ബന്ധനത്തിൽ നിന്നും മോചിതനാകുന്നുവത്രെ! യമുനോത്രിക്ഷേത്രദർശനം
ചെയ്യുന്നവർക്ക്‌ യമരാജാവിന്റെ (മൃത്യുദേവതയുടെ)ഭയം ഇല്ലാതാകുകയും
മോക്ഷപ്രാപ്തിയുണ്ടാവുകയും ചെയ്യണം എന്നാണ്‌ ഭക്തരുടെ വിശ്വാസം.

       ഋഷികേശിൽ നിന്നും യമുനോത്രിയ്ക്കുള്ള ദൂരം 222 കി.മീറ്ററാണ്‌.
സമുദ്രനിരപ്പിൽ നിന്നും യമുനോത്രിയുടെ ഉയരം 10500 അടിയാണ്‌.
       ഹിമാലയയാത്രയിൽ മനസ്സിൽ തങ്ങിനിന്ന ചില ചിത്രങ്ങളും സംഭവങ്ങളും,
ഓർമ്മകളും മനസ്സിൽ നിന്നും വായനക്കാർക്കായി ഇവിടെ പുറത്തെടുക്കുന്നു.
28-09-2011 ഉച്ചയ്ക്ക്‌ രണ്ടരയ്ക്കു ബദരീനാഥിൽ എത്തിയപ്പോൾ തണുപ്പിനെതിരെ
സാധ്യമായ എല്ലാ സജ്ജീകരണങ്ങളും ധരിച്ചിട്ടും തണുപ്പുകൊണ്ടുകോച്ചി
വിറച്ചു. കൈവിരലുകളിലെ ചർമ്മം ചുളുങ്ങി തുടങ്ങി. അത്‌ ഒരു ഭയമുണ്ടാക്കി.
       കേദാർനാഥിലേയ്ക്കും ഗംഗോത്രിയിലേക്കുമുള്ള കയറ്റത്തിൽ നല്ല ആരോഗ്യവും
മനോധൈര്യവുമുള്ളവർ കാൽനടയായും, കുറേപ്പേർ കുതിരപ്പുറത്തും, കുറേയാളുകൾ
നാലാൾ ചുമക്കുന്ന ട്രോളിയിലും ചുരുക്കം ചിലർ ഒരാൾ മുതുകിൽ ചുമക്കുന്ന
കുട്ടയിലുമാണ്‌ പര്യടനം നടത്തിയത്‌. കേദാർനാഥിലേയ്ക്കുള്ള യാത്രയിൽ
ഞാനുൾപ്പെടെ ചുരുക്കം ചിലയാളുകൾ ഹെലികോപ്റ്ററിലാണ്‌ യാത്ര ചെയ്തത്‌.
       ഹിമാലയസാനുക്കളിലേയ്ക്കെത്തിയപ്പോൾ പലേടത്തും രാത്രി താമസിച്ച ഹോട്ടലുകളിൽ പുതപ്പിനു പകരം കമ്പിളിക്കിടക്കതന്നെയാണ്‌ മൂടിപുതയ്ക്കാനായി തരുന്നത്‌.


       യമുനോത്രിയിൽ ഹിമവാന്റെ വിവിധ കൊടുമുടികളിൽ നിന്നും ഉത്ഭവിക്കുന്ന
നീരുറവകൾ ഒന്നിച്ചുചേർന്ന്‌ തോടായി പിന്നെ വലിയ തോടായി പിന്നെ
ചെറുപുഴയായി ഒഴുകിത്തുടങ്ങുന്നു; ഒരു നദിയുടെ രൂപീകരണത്തിന്റെ
പ്രകൃതിദത്തമായ പ്രക്രിയയുടെ പ്രവർത്തനാരംഭമെന്നോണം. യമുനോത്രിയിൽ
ക്ഷേത്രത്തോടുചേർന്ന്‌ നിർമ്മിച്ചിട്ടുള്ള അമ്പതോ അറുപതോ പേർക്ക്‌ ഒരേ
സമയം സ്നാനം ചെയ്യാവുന്ന ബാത്ത്‌ ടബ്ബിലേക്ക്‌ കുതിച്ചു ചാടുന്ന
പ്രകൃതിദത്ത ചൂടുവെള്ളത്തിൽ ഞങ്ങൾ സ്നാനം ചെയ്തു.
       ഭൂമിയ്ക്കടിയിൽ നിന്നും ഉത്ഭവിക്കുന്ന തിളച്ച വെള്ളത്തിന്റെ
പ്രഭവസ്ഥാനത്തു തുണിയിൽ കെട്ടി പച്ചരിയും ഉരുളക്കിഴങ്ങും വേവിച്ചെടുത്തു
ഭക്ഷിക്കുന്ന ഭക്തരേയും ഞങ്ങൾ കണ്ടു.
       വഴിയിൽ ഇടയ്ക്കിടെ കരിങ്കൽ മലകളും പച്ചക്കുന്നുകളും ഒന്നാകെ
ഇടിഞ്ഞുവീണ്‌ യാത്ര മുടങ്ങുന്ന ദുരനുഭവങ്ങളും നേരിൽ കണ്ടു.
       പലേടത്തും ചെമ്മരിയാടുകളേയും കുതിരകളേയും കഴുതകളേയും തെളിയ്ക്കുന്ന
ഇടയന്മാരും, ബസ്സും ട്രക്കും ഓടിയ്ക്കുന്ന ഡ്രൈവർമാരും ഒരേപോലത്തെ
പാന്റും കോട്ടും ധരിച്ചതു കണ്ടു.
       ഉത്തരേന്ത്യയിലെല്ലായിടത്തും തന്നെ പ്രത്യേകിച്ച്‌ ഹിമാലസാനുക്കളിൽ നല്ല
ചൂടും കടുപ്പവുമുള്ള ചായതന്നെ ലഭിച്ചു. നമ്മുടെ നാട്ടിൽ അടുക്കളകളിൽ
മാത്രം കാണുന്ന ചായക്കടകളിൽ പതിവല്ലാത്ത അലൂമിനിയം പിടിപ്പാത്രങ്ങളിലാണ്‌
അവിടെ എല്ലായിടത്തും ചായ ഉണ്ടാക്കുന്നത്‌. അപ്പപ്പോൾ ഓർഡർ അനുസരിച്ച്‌
ഒന്നോ രണ്ടോ മൂന്നോ എത്രയെന്നു വെച്ചാൽ അത്രയും ചായമാത്രം അപ്പപ്പോൾ
ഉണ്ടാക്കുന്നു. ഒരുമിച്ച്‌ ചായ ഉണ്ടാക്കുന്ന രീതി വലിയ ക്ലബ്ബുകളിലല്ലാതെ
മറ്റൊരിടത്തും കണ്ടില്ല. മൂന്നു രൂപ മുതൽ ഏഴു രൂപ വരെ അതാതിടങ്ങളിൽ
റോഡരുകിൽ നിന്നും നല്ല ചൂടുള്ള ചായ ലഭിച്ചു.
       മലമ്പാതകളിലൂടെ ചെമ്മരിയാട്ടിൻ കൂട്ടങ്ങളെ തെളിയ്ക്കുന്ന ഇറക്കം കുറഞ്ഞ
പാവാടയും കടുത്ത നിറത്തിലുള്ള ബ്ലൗസും ധരിച്ച ചെറിയ പെൺകുട്ടികളെ
കാണാമായിരുന്നു. അവരുടെ മുതുകിൽ മാറാപ്പുൽ കെട്ടിത്തൂക്കിയ സ്വന്തം
കുഞ്ഞുങ്ങളെ കണ്ടപ്പോൾ മാത്രമാണ്‌ ഇവർ പ്രായപൂർത്തിയായവരും
അമ്മമാരുമാണെന്നു മനസ്സിലായത്‌. വീതികുറഞ്ഞ പാതകളിലൂടെ വലിയ ടൂറിസ്റ്റു
ബസുകൾ വരുമ്പോൾ അവർ ആട്ടിൻ പറ്റങ്ങളെ ഒരരുകിലേയ്ക്ക്‌ മാറ്റാൻ
തത്രപ്പെടുന്നതു കണ്ടു.
       അലഹബാദിൽ താമസിച്ച സ്ഥലത്തു പ്ലാസ്റ്റിക്‌ കവറിൽ ചായ കൊണ്ടുവന്നു വിതരണം
ചെയ്തു. ഓരോ ഗ്ലാസ്സുകളിലേക്കും പകർന്നപ്പോഴും നല്ല ചൂടുണ്ടായിരുന്നു.
       യാത്രയിൽ പലേടത്തും എതിരെവരുന്ന പല യാത്രക്കാരും എന്നോടു മലയാളത്തിൽരണ്ടോ മൂന്നോ ഉപചാരവാചകങ്ങൾ ഉരുവിട്ടുകൊണ്ടുകടന്നുപോയി. അവരെ കണ്ടാൽമലയാളികളെന്നു തോന്നുമായിരുന്നില്ല. അവരെങ്ങനെ എന്നെ തിരിച്ചറിഞ്ഞു.ഒടുവിൽ എനിയ്ക്ക്‌ ഉത്തരം കിട്ടി. ഞാൻ മാത്രം മുണ്ടും ഷർട്ടുമാണ്‌
ധരിച്ചിരുന്നത്‌. അതുകൊണ്ടുതന്നെ എനിയ്ക്കവരെ മനസ്സിലായില്ലെങ്കിലും
അവർക്കെന്നെ തിരിച്ചറിയാനായി.
   വഴിയിൽ രാവിലെ ഒമ്പതിനും തുറക്കാത്ത ക്ഷേത്രങ്ങൾ കണ്ടു (കേരളത്തിൽവെളുപ്പിനു നാലിനു  മിക്കവാറും ക്ഷേത്രങ്ങൾ തുറക്കു ഹിമാലയസാനുക്കളിലൂടെയുള്ള യാത്രയിൽ ഇടയ്ക്കിടെ ഓരോ ഒറ്റപ്പെട്ട  മരങ്ങളുള്ള പ്രദേശങ്ങളും വഴിത്താരകളും കണ്ടു. വിശാലമായ ഹിമശൈലങ്ങളുടെ പശ്ചാത്തലഭംഗിയിൽ! ചിലതു പച്ചനിറമുള്ള വേഞ്ചാമരങ്ങൾപോലെ ചിലതുവള്ളിച്ചെടികൾ വൻമരങ്ങളായതുപോലെ! ചിലതുവൻ പുളിമരംപോലെ. മറ്റു ചിലത്‌ മാവുപോലെ.
       നിറയെ പൂത്തുനിൽക്കുന്ന മഞ്ഞക്കോളാമ്പിപ്പൂക്കൾ
അതിരിട്ടുസൂക്ഷിയ്ക്കുന്ന വലിയ വഴികൾ കണ്ടു.കൂടെ സമാന്തരമായി കൽക്കട്ട
ലക്ഷ്യമാക്കിപ്പായുന്ന എക്സ്പ്രസ്സ്‌ തീവണ്ടികളും.
       പ്രസിദ്ധമായ പുരിയിലേക്ക്‌ എത്തുന്നതിനുമുമ്പുള്ള
റയിൽവേസ്റ്റേഷനുകളിലെത്തിയപ്പോൾ തെങ്ങും വാഴകളും നെൽപ്പാടങ്ങളും
നിറഞ്ഞുനിൽക്കുന്ന കേരളമോഡൽ ഗ്രാമങ്ങൾ കണ്ടു. അവിടെ അഞ്ചു മുതൽ 10 രൂപവരെ മാത്രമാണ്‌ നല്ല കരിക്കിന്റെ വില. അപ്പോൾ കേരളത്തിൽ നമ്മുടെ എറണാകുളത്ത്‌കരിക്കൊന്നിനു 20 രൂപ.
       യാത്രയ്ക്കിടയിൽ (Excavated Apsidal Jaina Shine) എന്നു രേഖപ്പെടുത്തിയ
ബി.സി-രണ്ടാം ശതകത്തിൽ സ്ഥാപിച്ച ഒരു ശിലാളിഖിതവും കണ്ടു. ഞാൻ കണ്ടതിൽ
വച്ച്‌ ഏറ്റവും പഴക്കമുള്ള ഒന്ന്‌.
       പേര്‌ അച്ചടിച്ച ചുട്ട ഇഷ്ടികക്കട്ടകൾ നൂറിൽ കൂടുതൽ ഒറ്റക്കെട്ടായി
മുതുകിൽ ചുമന്നുനീങ്ങുന്ന മനുഷ്യരേയും കോവർകഴുതകളേയും വഴിയിൽ കാണുമ്പോൾ
തളർന്നുപോകുന്നത്‌ നാം തീർത്ഥാടകരാണ്‌.
തുടരും

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...