രാക്ഷസീയം

ഷൈൻ ടി തങ്കൻ

ചിലപ്പോഴെല്ലാം എന്റെ
ഏകാന്തതകളില്‍ ചില
രാക്ഷസ ചിന്തകള്‍
വന്നു നിറയാറുണ്ട്
ജപനാമങ്ങള്‍ തേടുന്ന
വനമനസ്സുകളെ ജഡയിളക്കി
പായിക്കുന്ന അട്ടഹാസങ്ങള്‍
മുഴക്കുന്ന കരുത്തുറ്റ
രാക്ഷസ സ്വപ്‌നങ്ങള്‍
എന്റെ തലയില്‍
ചവിട്ടി തിമിര്‍ക്കാറുണ്ട്
കൌശല ന്യായങ്ങളുടെ
തല തല്ലി പൊളിക്കുന്ന
കൂറ്റന്‍ ഗദയുമായി
ആകാശങ്ങളിലെ ഇന്ദ്രീയ
വേശ്യ പുരകളെ ഇടവേളകളില്‍
കിടിലം കൊള്ളിച്ചു
രസിക്കാറുണ്ട്‌ ഞാന്‍
എന്റെ രാക്ഷസ മോഹങ്ങളില്‍
ഉച്ചയൂണിന്റെ മയക്കം കഴിഞ്ഞു
രോമങ്ങള്‍ നിറഞ്ഞു ;
വീതിയേറിയ നെഞ്ചുയര്‍ത്തി
കാട്ടുപൂക്കള്‍ പൊഴിഞ്ഞ
വനവീഥികളില്‍ നായാടി
വംശ പെരുമ വളര്‍ത്തണം
സന്ധ്യാ വന്ദനത്തിന്‍ മുന്‍പേ
മുലകച്ചയും ,ചേലയുമില്ലാതെ
കാട്ടരുവികളില്‍ അരക്കെട്ടിളക്കി
മറിഞ്ഞു രസിക്കും
കാമ കൊതിച്ചികളാം
മനുഷ്യ പെണ്ണുങ്ങളുടെ
നിതംബ കിലുക്കങ്ങള്‍ തേടണം
സദാചാര മതില്‍കെട്ടില്‍
നീട്ടി വളര്‍ത്തിയ താടിയുമായി
എല്ലൊട്ടിയ ദേഹത്ത്
അടക്കാനാവാത്ത കാമവുമായി
പെണ്ണുങ്ങളെ തടവിലാക്കുന്ന
മുനി കാപട്യങ്ങളെ തല്ലിയോടിച്ച്‌
അധികാര ഗര്‍വ്വിനാല്‍
പെണ്ണിന്റെ മാനത്തെ തീപെടുത്തി
കാട്ടിലെറിഞ്ഞ ദേവന്യായങ്ങളെ
പത്തു തലകളുമായി
നേരിന്റെ ചന്ദ്രഹാസത്താല്‍
വെട്ടി വീഴ്ത്തീടണം
ഭോഗിച്ചതിന്‍ ശേഷമുലയരിയുന്നവന്റെ
ചോരയില്‍ ലങ്കാപുരികള്‍
പണിതുയര്‍ത്തീടണം
രക്ഷസനാണ് ഞാനും ചിലപ്പോഴെല്ലാം
നിന്റെ ദേവ ന്യായങ്ങളെ കണ്ടിടുമ്പോള്‍
പൂക്കളെ സ്നേഹിച്ച ,പെണ്ണിനെ മോഹിച്ച
രാക്ഷസ രാവണനാണെന്റെ ദേവന്‍

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ