മണമ്പൂർ രാജൻബാബു
അകം പുൽകുമാനന്ദത്തിൻ
അലൗകിക പ്രഭാപൂരം...
അന്തരാത്മാവിൻ ജ്ഞാന-
സ്വേദഗ്രന്ഥി സ്രവിക്കവേ
മനസ്സിൻ കൈകൾ കഴുകി
തൊടേണ്ടുന്ന വെണ്മയെ,
വെളിച്ചത്തിൻ മകൾ പെറ്റ
പുകൾ പെറ്റ പെണ്മയെ,
ഹൃദയത്തിൻ തൊട്ടിലാട്ടുന്ന
വിശുദ്ധിതൻ പ്രഘോഷത്തെ
പ്രണയംകൊണ്ടു പ്രണമിക്കാൻ
പ്രാണന്റെ പൂ വിടർന്നെങ്കിൽ!...