ചൂളമടിക്കാരന്‍

പദ്മ ബാബു

ഉപ്പുകടലുകളില്‍ നിന്നു
അവധിക്കു വരുന്ന നീ,
മദ്ധ്യമാസസമയങ്ങളില്‍
തുട്ടുകള്‍ കൈ പറ്റാന്‍ വരും
ഗൂര്‍ഖയെ പോലെ
എന്റെ സ്‌നേഹത്തെ
ഒരുളുപ്പുമില്ലാതെ വാങ്ങി വിഴുങ്ങുന്നു

നീ എനിക്കു നേരെ
ആസക്തികളുടെ ചൂളമടിക്കുന്നു..
ഞാന്‍ അത് കേട്ടു
പുതിയൊരധീനതയുടെ വരാന്തയിലേയ്‌ക്കോടുന്നു..
ഈ ദേശം മുഴുവന്‍ കാത്തുരക്ഷിക്കുന്ന,
ഞാന്‍ മഹാനാണെന്ന ഭാവത്തില്‍
രാത്രിയോടും,
മഴയോടും,
മല്ലിടുന്ന നീ
കിട്ടുന്നതെന്തും വാങ്ങിയേ പോകൂ
എന്ന മട്ടില്‍
എന്റെ കാതല്‍സത്തയുടെ അഴിഗേറ്റിനു
മുന്നില്‍ ഉലാത്തുന്നു..
വീരസ്യത്തില്‍ കുതിര്‍ത്ത ഹിന്ദിപ്പാട്ടു മൂളുന്നു..

നീ തിരിച്ചു പോകുമെന്നു എനിക്കറിയാം,
തിരിച്ചു വരുമെന്നും,
എന്നാലും ഞാന്‍
നിന്നെ വേദനയില്‍ തുള്ളിക്കാന്‍
കപട വഴക്കിന്റെ ശീലുകള്‍ പറഞ്ഞു തുലയ്ക്കും..

ഇടയ്ക്കിടയ്ക്കു
നിന്റെ ചുണ്ടുകളില്‍ കൊട്ടി
ചോര പൊടിപ്പിക്കും..
മീശരോമങ്ങള്‍ കിള്ളിയെടുക്കും,
നിനക്കു തരിക്കുമ്പോള്‍, എനിക്കു ചിരി..
ഞാന്‍ എന്തൊരു ക്രൂരയാണ്…
എന്റെ നഷ്ടനിമിഷങ്ങള്‍ക്കു
വേണ്ടിയാണതെന്നു നിനക്കുമറിയാം..

വെളിച്ചം മെഴുകിയ വീടിനെയും,
ഇംഗ്‌ളീഷ് പറയുന്ന സ്‌കൂളിനെയും,
ഒരുനാളതില്‍ പഠിക്കും മകനെയും,
മാസക്കടങ്ങളെ പറ്റിയും പറഞ്ഞു
നീ എന്നെ വെട്ടിലാക്കും..
എന്നാലും,
നിനക്കു ഞാന്‍
പൊരിച്ച മീനുകള്‍ തന്നു സന്തോഷിപ്പിക്കും..
നീ ബാക്കിയിട്ട മുള്ളുകള്‍
നീ കാണാതെ നാക്കിലിട്ടിറുക്കും,
എന്റെ വേദന ഞാന്‍ മാത്രമറിയും..

അതറിയാതെ
പിന്നേയും പിന്നേയും
രാത്രികളില്‍ നമ്മുടെ ചുണ്ടുകള്‍ ഒന്നിച്ചു നനയും,
നാവുകള്‍ വായടച്ചു കടലുപ്പ് രുചിക്കും..

എന്റെ സ്‌നേഹം മുഴുവന്‍ വാങ്ങി,
പണക്കാരനെ പോലെ,
ഭൂഗര്‍ഭയെണ്ണഖനികളിലേയ്ക്കു നീ പോകും..
എല്ലാം എരിച്ചു കളയാന്‍ തക്ക തീഹൃദയമുണ്ട്,
എങ്കിലും എന്റെ കാടത്തം ഉള്ളിട്ട്,
ഞാന്‍ നിന്റെ ചൂളമടിക്കു വേണ്ടി ചെവി നീട്ടുന്നു..

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ