മഴേ.. ഐ ലവ് യു..

സജീവ്കുമാർ

മഴ ആര്‍ത്തലച്ചു
ചാഞ്ഞു പെയ്യുമ്പോള്‍
പ്രകൃതിക്ക് വെള്ള
നിറമായിരിന്നു അന്നും.
ഓരോ ഇലകളെയും
ഓലത്തലപ്പുകളെയും
പുല്‍നാമ്പുകളെയും
തഴുകി തുള്ളിതുള്ളിയായി
താഴേക്ക്‌ വീണു
മണ്ണില്‍ അലിഞ്ഞു
ചേരുന്ന മഴ.
നനവ്‌ തട്ടാതിരിക്കാന്‍
മാറത്തു അടക്കി പിടിച്ച
കണക്ക് പുസ്തകത്തിന്‍റെ
പുറന്താളിലേക്ക്
ഈറനടിച്ചു കയറുന്ന മഴ.
സുതാര്യമായ,
പ്ലാസ്റ്റിക്‌ കൈപ്പിടിക്കുള്ളില്‍
നൃത്തം വെക്കുന്ന
രാജകുമാരി ഉള്ള,
എന്‍റെ കറുത്ത
ശീലക്കുടയുടെ
മുകളില്‍ വീണു
എട്ടു കമ്പികളുടെ
അഗ്രത്തിലൂടെ താഴേക്ക്‌
പെയ്യുന്ന മഴ.
എന്റെ ഓടു മേഞ്ഞ
വീടിന്‍റെ ഇറയത്ത്
നിന്ന് ഒഴുകി വീഴുന്ന
വളഞ്ഞ ജലദണ്ഡ്.
അത് തോളിലും പുറത്തും
തട്ടി സുഖമുള്ള
ഒരു വേദനയോടെ
ചിതറി തെറിക്കുന്ന മഴ.
നടന്നു പോകുന്ന വഴികളില്‍
പഞ്ചാര മണലിന്‍റെയും
കളിമണ്ണിന്‍റെയും മുകളിലൂടെ
സുന്ദരരൂപങ്ങള്‍ വിരിയിച്ചു
മഴ ഒഴുകുമ്പോള്‍
ആ ഒഴുക്കില്‍ കാല്‍ വെച്ച്
കാല്‍പാദത്തിനടിയിലെ
മണ്ണ് ഊര്‍ന്നു പോകുന്ന
സുഖം എന്‍റെ കണ്ണുകളിലെ
തിളക്കം ആയിരിന്നു.
രാത്രിയില്‍ ഓടിന്‍റെ
മുകളില്‍ വീഴുന്ന
ആദ്യതുള്ളി മുതല്‍
വിളംബിതകാലത്തില്‍ തുടങ്ങി
ദൃതകാലത്തിലേക്ക് കടന്നു
പേമാരിയായി
പെയ്തിറങ്ങുമ്പോള്‍
എന്‍റെ മുകളിലേക്ക് വീണ
പുതപ്പിന്‍റെ നനുത്ത സ്പര്‍ശം
അര്‍ദ്ധബോധാവസ്ഥയിലും
ഞാന്‍ അറിഞ്ഞിരിന്നു.
രാത്രി മുഴുവന്‍ മഴ
പെയ്തു നിന്നതിനു ശേഷം
വന്ന ഒരു നനഞ്ഞ പ്രഭാതത്തില്‍
രാധചേച്ചിയുടെ
കുടിപള്ളിക്കുടത്തില്‍ പോകാന്‍
മടി പിടിച്ചു നിന്ന എന്നെ,
പച്ച വിരിച്ച പാടത്തിന്‍റെ
നടുവിലൂടെ,
നെല്ലോലകള്‍ എന്‍റെ ട്രൌസറില്‍
നനവ്‌ പടര്‍ത്തുന്നതോടൊപ്പം
എന്‍റെ കണ്ണുകള്‍ കണ്‍പീലികളെ
നനക്കുന്നതോടൊപ്പം
ഒരു കുടയും പിടിച്ചു
എന്നോടൊപ്പം വന്ന
എന്‍റെ അച്ഛനെ ആ മഴയില്‍
ഞാന്‍ ഇപ്പോഴും
കാണുകയാണ്.
ഒഴുകി വരുന്ന മഴയുടെ
ഒരു കുഞ്ഞരുവിയില്‍
കടലാവണക്കും കായില്‍
ഓലകഷണങ്ങള്‍ തിരുകി
ഈര്‍ക്കില്‍ കോര്‍ത്തുണ്ടാക്കിയ
ജലച്ചക്ക്രത്തിന്‍റെ
തിരിയലിനോപ്പം കേട്ടത്
“മഴയത്ത് നിന്ന് കേറി പോടാ “
എന്ന വലിയച്ഛന്‍റെ
സുഗ്രീവാജ്ഞ ആയിരിന്നു.
ഇന്ന്,
ഇപ്പോള്‍ എന്‍റെ ചിന്ത
നാളെ എന്‍റെ മകള്‍
അവളുടെ മഴയെ പറ്റി
എങ്ങനെ പറയും എന്നാണ്.
മഴക്കോട്ടില്‍ പൊതിഞ്ഞു അച്ഛന്‍റെ
ബജാജ് ഡിസ്കവര്‍ ബൈക്കില്‍
L. K. G യില്‍ കൊണ്ട് പോയെന്നോ ?
നാശം പിടിച്ച മഴ കാരണം
അച്ഛന്‍ എ. സി യുടെ
റിമോട്ട് കണ്‍ട്രോളറില്‍
25⁰C സെറ്റ്‌ ചെയ്തു എന്നോ ?
പോപി കുട പിടിച്ചു നടന്നിട്ടും
RAIN DROPS വീണു
കോള്‍ഡ്‌ പിടിച്ചു എന്നോ ?
നനഞ്ഞ മണ്ണില്‍ ചവിട്ടി
കാല്‍പാദത്തിനടിയില്‍
ഇന്‍ഫെക്ഷന്‍ ആയി എന്നോ?
പുസ്തകം നനയാതിരിക്കാന്‍
സ്കൂബി ഡേ ബാഗ്‌
പ്ലാസ്റ്റിക്‌ കവറില്‍ പൊതിഞ്ഞു
കൊണ്ട് പോയി എന്നോ ?
അറിയില്ല….
എങ്കിലും ഒന്നറിയാം..
അവള്‍ക്കും മഴ ഇഷ്ടമാണ്.
അല്ലെങ്കില്‍
വാതില്‍പ്പടിയില്‍ നിന്ന്
മഴത്തുള്ളികള്‍ അവള്‍
കൈകളില്‍
ഏറ്റു വാങ്ങില്ലല്ലോ…

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ