ആദ്യമഴയെ വാരിപ്പുണര്‍ന്ന്

ഗംഗാധരൻ മക്കന്നേരി

സന്ധ്യയുടെ മുഖം മാറി;
പതിവില്ലാതെ ഒരു കിനാവെളിച്ചം
ഒഴുകിപ്പരന്നപോലെ.
ഇലച്ചാര്‍ത്തുകളുടെ
വക്കുകള്‍ എഴുന്നു നിന്നു.
സുഖദമായ നവ്യാനുഭൂതിക്കായി
പ്രിഥ്വി അണിയാന്‍ വെമ്പി,
പ്രഥമാര്‍ത്തവയെപ്പോലെ
തുടുത്തു നിന്നു ചിണുങ്ങി.
ഒരു നിമിഷം…
സര്‍വത്ര നിശ്ശബ്ദത-
തിര്യക്കുകള്‍ നെടുവീര്‍പ്പിട്ടു
തിരക്കൊഴിവാക്കി കാത്തിരുന്നു …
അനിവാര്യമായ, എന്നാല്‍ ഗംഭീരമായ
ഭാവപ്പകര്‍ച്ചക്കായി ഒട്ടും തൃപ്തിവരാതെ
പ്രകൃതി രംഗപടങ്ങള്‍
വീണ്ടും വീണ്ടും കുടഞ്ഞണിഞ്ഞു…
അതാ… അങ്ങ് ദൂരെദൂരെ
വനംകരയുന്ന* ശബ്ദം.
ആലിംഗനബദ്ധയായ
പുതുപ്പെണ്ണിന്‍റെ ശീല്‍ക്കാരംപോലെ,
തണുത്ത, എന്നാല്‍ ഉശിരുള്ള
ഒരു കാറ്റ് ഉള്‍ക്കുളിരോടെ
തഴുകിത്തലോടിപ്പോയി.
അമൃതം പോലെയുള്ള
ആദ്യത്തെ തുള്ളി
ഞാന്‍ എന്റെ ചുണ്ടിലൊതുക്കി
പിന്നെ ഒന്ന്, രണ്ടു,, മൂന്നു ,,,
ഹിമം പോലെ പൊള്ളുന്ന
അരുമയായ മഴത്തുള്ളികള്‍ …
താളത്തില്‍ വീശിയടിച്ച
ഹുന്കാരങ്ങള്‍ …
കുറുകിയും കനത്തും,
വെപ്രാളത്തോടെ വാരിപ്പിടിച്ചും,
ഇടയ്ക്കൊന്നു മാറി-
ചെരിഞ്ഞു കണ്ണിലേക്ക് നോക്കിയും,
മര്‍മ്മത്തില്‍ കടിച്ചും,
ചെവിക്കുള്ളിലേക്ക് ഊതിയും,
നെടുവീര്‍പ്പുകള്‍ വീഴ്ത്തിയും,
ഹൃദയത്തില്‍ പെരുമ്പറ കൊട്ടിയും,
കളിയായി കിന്നരിച്ചും,
അങ്ങനെയങ്ങനെ….
താളം മുറുകി .. രൌദ്രം …
നെഞ്ചിലെ പടപടപ്പുകള്‍
ദിഗന്തങ്ങളില്‍ പ്രതിദ്ധ്വനിക്കുന്നുവോ
ആഞ്ഞുപെയ്ത അവസാന തുള്ളിയും
ഭൂമിയില്‍ ലയിച്ചമര്‍ന്നു.
താംബൂല ചര്‍വണത്തിന്‍റെ
ബാക്കിപത്രം പോലെ
ചുവന്ന വെള്ളം ഒഴുകിപ്പരന്നു
എങ്ങും കസ്തൂരി ഗന്ധം…
അവസാനം
അലയടങ്ങുമ്പോള്‍
ആലസ്യത്തില്‍ വിടരുന്ന
ചുണ്ടിലെ നേര്‍ത്ത രോമങ്ങളെ
തഴുകുന്ന തപ്തനിശ്വാസമായി
ഒരു ചൂടന്‍ ചെറുകാറ്റ്
തത്തിത്തത്തിപ്പറന്നുപോയി..
(വനംകരയല്‍ : മഴ ഇരച്ചു വരുന്ന ശബ്ദത്തിനു
ചിലയിടങ്ങളില്‍ പറയുന്നത് )

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ