ബാബു കുഴിമറ്റം
ഇതാ കേൾക്കൂ-
ദിഗന്തങ്ങൾ ഭേദിക്കുമാറുച്ചത്തിൽ യൂദാസിന്റെ ചിരി മുഴങ്ങുന്നു.
അമർഷത്തിന്റെയും രോഷത്തിന്റെയും പുച്ഛത്തിന്റെയും അഗ്നി ചിതറുന്നു.
പിതാവേ,
പത്രോസും തോമായും നിന്നോടൊപ്പം പറുദീസയിലിരിക്കുന്നു; വലതു ഭാഗത്തെ
പെരുങ്കള്ളൻപോലും. ഒരുവൻ ചഞ്ചലചിത്തനും അവിശ്വാസിയും. അപരനോ മൂന്നുതവണയും
നിന്നെ തള്ളിപ്പറഞ്ഞവൻ. ഒടുക്കത്തെ അത്താഴത്തിനുശേഷം അന്ത്യയാമങ്ങളോളം
നിന്നോടൊപ്പം ഉറക്കമണച്ചു പ്രാർത്ഥിക്കുവാൻ സെബദിപുത്രന്മാർക്കും
കഴിഞ്ഞിരുന്നില്ല.
ഇതാ കേൾക്കൂ...
യൂദാസിന്റെ ചിരി മുഴങ്ങുന്നു.
പറുദീസയുടെ നീതികവാടങ്ങളിൽ ചിരിയുടെ മൂർച്ചകൾ തുളച്ചുകയറുന്നു.
പിതാവും പുത്രനും പരിശുദ്ധറൂഹായുമായവനെ പരീശന്മാരുടെ ഇരുമ്പാണികൾക്കു
മൂന്നു ദിവസങ്ങൾക്കുമേൽ തളച്ചിടാനാവില്ലായെന്നും തൃക്കൈകളാൽ മൂന്നു
ദിനങ്ങൾകൊണ്ടു മന്ദിരത്തെ പൊളിച്ചുപണിയുമെന്നുള്ള തിരുവെഴുത്തിൽ ഉറച്ചു
വിശ്വസിച്ചവനാണിവൻ. ഇവനു സ്വന്തം വിശ്വാസത്തെ ബലപ്പെടുത്തുവാൻ അവിടുത്തെ
ആണിപ്പുഴുതുകളുടെ സ്പർശനം വേണ്ടിവന്നിരുന്നില്ല. പിന്നെയോ-തിരുവെഴുത്തു
നിവൃത്തിയാകപ്പെടേണ്ടതിന് യൂദാസ് ഒരു
നിമിത്തമാകേണ്ടതുണ്ടായിരുന്നു
കൊഴിയുന്നതുപോലും അവിടുത്തെ അറിവോടും സമ്മതത്തോടുംകൂടി മാത്രമാണെന്ന്
ഇവൻ പഠിച്ചിരുന്നു.
ഇതാ കേൾക്കൂ-
യൂദാസ് സ്വന്തം ദുർവ്വിധിയുടെ പാനപാത്രത്തിൽ കണ്ണീർ നിറയ്ക്കുന്നു. ഇവൻ
ബലിത്തറയിൽ ഉച്ചത്തിൽ നിലവിളിക്കുന്നു. ഇവൻ തിരുവെഴുത്തുകളിൽ നീതി
തേടുന്നു.
റബ്ബീ!
ഗുഡ് ഫ്രൈഡേ ഏറ്റവും വിലപ്പെട്ട പിതൃദാനമായിരുന്നു. എങ്കിലും ബലഹീനനും
പാപിയുമെന്ന കുറ്റബോധത്താൽ ഇവന്റെ ഹൃദയം നീറിപ്പുകയുന്നു. മുപ്പതു
വെള്ളിക്കാശും ഒന്നൊഴിയാതെ ഇവൻ വലിച്ചെറിയുന്നു. പരദേശികൾക്കുവേണ്ടി
കുശവനോടു വാങ്ങപ്പെട്ട രക്തനിലം പശ്ചാത്താപവിവശന് ചിരകാലസ്മാരകമാകുന്നു.
കുറ്റബോധത്താൽ കരിഞ്ഞുണങ്ങിയ അത്തിമരത്തിൽ ഇവൻ ജീവിതമൊടുക്കുന്നു.
ഇതാ കേൾക്കൂ-
കുശവന്റെ മണ്ണിൽ പച്ചയായ മനുഷ്യന്റെ ചോര തിളയ്ക്കുന്നു.
പിതാവേ!
കള്ളന്മാരായിരുന്നവർക്കും ആത്മവഞ്ചകരായിരുന്നവർക്കും
ചഞ്ചലചിത്തന്മാരായിരുന്നവർക്കും ഇന്ന് അങ്ങയോടൊപ്പം പറുദീസയിൽ
സിംഹാസനങ്ങളുണ്ട്.
ഇതാ കേൾക്കൂ-
വരിഞ്ഞുകെട്ടപ്പെട്ട ആത്മാവു നിലവിളിക്കുന്നു.
ദൗർഭാഗ്യത്തിന്റെ തലവിധിയേകിയ നറുക്കുമായി അവൻ ചിരിക്കുന്നു. അവന്റെ
ചിരിയിൽ അഗ്നി ചിതറുന്നു. അവന്റെ നിലവിളി നീതി തേടുന്നു. അവന്റെ ചിരി
മുഴങ്ങുന്ന ചെമ്പും ചിലമ്പുന്ന കൈത്താളവുമാകുന്നു. ആ ചിരിയുടെ മൂർച്ചകൾ
പറുദീസയുടെ നീതികവാടങ്ങളിൽ തുളച്ചുകയറുന്നു.