എന്റെ ഗ്രാമം .

പവിത്രൻ കണ്ണപുരം


വിടപറയുന്ന ഓരോസന്ധ്യയും
ഭീതിയുടെ നിഴല്‍വിരിച്ചുകൊണ്ടാണ്
ഇന്നെന്റെ ഗ്രാമത്തിലൂടെ കടന്നുപോകുന്നത് !
കാവുകളിലെ അന്തിവിളക്കുകള്‍
കരിന്തിരി കത്തുന്നതും ,
പാതിരാത്രിയില്‍ പട്ടികള്‍ ഓലിയിടുന്നതും,
കന്നിമൂലയില്‍നിന്ന്
കാലന്‍കോഴികള്‍ കൂകുന്നതും,
പതിയിരിക്കുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പായി -
ഗ്രാമവാസികള്‍ കരുതുന്നു !
നിശയുടെ നിശ്ശബ്ദതയില്‍
സഹയാത്രികരെ വെട്ടിനുറുക്കി ;
കടന്നുകളയുന്ന കാപാലികരെ 
നാട്ടുവെട്ടത്തില്‍  ജനംതിരിച്ചറിയുന്നു !
ഗ്രാമം ഉയര്‍ത്തിപ്പറപ്പിച്ച
രാഷ്ട്രീയക്കൊടി ക്കൂറകള്‍ -
ചുകപ്പും,വെള്ളയും,മഞ്ഞയും,പച്ചയുമെല്ലാം ;
കാലവര്‍ഷത്തില്‍ കുതിര്‍ന്ന്‌ -
പിന്നിത്തുടങ്ങിയിരിക്കുന്നു !
കാപാലികരുടെ നിശാസങ്കേതങ്ങളില്‍
ഈ വര്‍ണ്ണക്കൊടികള്‍ക്കെല്ലാം ,
ഒരേ നിറവും,ഒരേ വികാരവും,ഒരേ ലക്ഷ്യവുമാണെന്ന് -
ജനം വിളിച്ചുപറയുന്നു !
കൊലപാതകരാഷ്ട്രീയത്തെ
ഘോര ഘോരം അപലപിക്കുന്ന -
രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കൊന്നിനെങ്കിലും 
അരുംകൊലകള്‍ ചെയ്യാത്തവരാണ് ,തങ്ങളെന്ന് -
ജനമധ്യത്തില്‍ വിളിച്ചുപറയുവാന്‍ കഴിയുമോ ?
ഇല്ല;
അവരുടെ യോരോരുത്തരുടെയും -
കൊടിക്കീഴില്‍ത്തന്നെയാണല്ലൊ
കാപാലികര്‍ താവളമടിച്ചിരിക്കുന്നത് !
വിമോചനത്തിന്റെ പ്രത്യയശാസ്ത്രവും ,
വിയര്‍പ്പൊഴുക്കുന്നവന്റെ ഇച്ഛാശക്തിയും
ചൂതാട്ടക്കാര്‍ എന്നേ -
പണയപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു !
കടംകൊണ്ടജീവിതത്തിന്റെ
ഗതിയറ്റ പ്രയാണത്തില്‍ ,
മനക്കരുത്തിന്റെ പ്രതിഷേധവുമായി 
വര്‍ണ്ണക്കൊടികള്‍ നിരാകരിക്കപ്പെടുമ്പോള്‍ ;
എവിടെനിന്നെപ്പോഴാണ്
നിലവിളിക ളുയരുന്നതെന്ന് ;
രാത്രിയുടെ അന്ത്യയാമത്തിലും
കണ്ണില്‍ പന്തംകൊളുത്തി
ഗ്രാമം കാതോര്‍ത്തിരിക്കുന്നു !
മനസ്സാക്ഷി പണയം വെക്കാത്തവര്‍ -
കാത്തുസൂക്ഷിക്കുന്ന മാനവീയതയില്‍നിന്നും ,
ജീവകാരുണ്യ ത്തിന്റെ ദീപശിഖയുമായി
നാളത്തെ പ്രഭാതം
പൊട്ടിവിടരു മെന്നുതന്നെ -
ഗ്രാമം വിശ്വസിക്കുന്നു !

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ