17 Jun 2012

വിമതർ


സണ്ണി തായങ്കരി

ദൃശ്യം ഒന്ന്‌
പാർട്ടി ഓഫീസ്‌.
  ഭിത്തിയിൽ മാർക്ക്സ്‌, എംഗൽസ്‌, ലെനിൻ തുടങ്ങിയ മഹാരഥന്മാരുടെ വലിയ
ഫ്രെയിമുകളോടുകൂടിയ ചിത്രങ്ങൾ. കടുംചുവപ്പ്‌ നിറമുള്ള പ്ലാസ്റ്റിക്ക്‌
മാലകൾ ചിത്രങ്ങളെ അലങ്കരിക്കുന്നു. ആധുനിക ഫർണീച്ചറുകൾ മുറികളെ
മനോഹരമാക്കുന്നു. ശീതീകരണയന്ത്രത്തിന്റെ നേർത്ത മുഴക്കം കേൾക്കാം.
ഭിത്തിയിൽ ചാരിവച്ച ചെങ്കൊടികൾക്ക്‌ അരണ്ടവെളിച്ചത്തിൽ ദുഷിച്ച
രക്തത്തിന്റെ നിറം.
  അതീവ രഹസ്യയോഗമാണത്‌. ഏതോ പ്രമാദമായ വിഷയമാണ്‌ അവിടെ ചർച്ച
ചെയ്യുവാനുള്ളത്‌. വാദങ്ങൾക്കും പ്രതിവാദങ്ങൾക്കും പതിഞ്ഞ സ്വരം.
നീണ്ടുനിന്ന തർക്കങ്ങൾ കൂടാതെ അവസാനം തീരുമാനം.
  യോഗം അവസാനിച്ചപ്പോൾ നേതാക്കളുടെ ശ്രദ്ധ ഭിത്തിയിലെ ചിത്രങ്ങളിലേക്ക്‌
തിരിഞ്ഞു. അത്ഭുതം! മാർക്ക്സിന്റെയും എംഗൽസിന്റെയും ലെനിന്റെയും
ചിത്രങ്ങളുടെ സ്ഥാനം ശൂന്യത കൈവശപ്പെടുത്തിയിരിക്കുന്നു!! ശൂന്യമായ ആ
ഫ്രെയിമുകളിലേക്ക്‌ നോക്കി അവർ മിഴിച്ചുനിന്നു.
ദൃശ്യം രണ്ട്‌
  അർദ്ധരാത്രി. സേൻട്രൽ ജയിൽ. എണ്ണയിടാത്ത പൽച്ചക്രങ്ങൾ
തിരിയുമ്പോഴുണ്ടാകുന്ന അസുഖകരമായ സ്വരം പുറപ്പെടുവിച്ച്‌
അപരാധികൾക്കൊപ്പം നിരപരാധികളും ഒരേ വായു ശ്വസിക്കുകയും ഉച്ഛ്വസിക്കുകയും
ചെയ്യുന്നു. വിശാലമായ ജയിലും പരിസരവും കൂർക്കം വലിയൊഴിച്ചാൽ മൂകം.
  മറ്റ്‌ സെല്ലുകളിൽനിന്ന്‌ വ്യത്യസ്തമായി  കുപ്രസിദ്ധമായ 263-​‍ാം
നമ്പർ സെൽ ഇരുട്ടിലാണ്‌. അവിടേയ്ക്ക്‌ കടന്നുകയറാൻ അറച്ചറച്ച്‌
നിൽക്കുകയാണ്‌ നീണ്ട ഇടനാഴിയുടെ മധ്യത്തിലുള്ള മഞ്ഞപ്പ്‌ കലർന്ന വെട്ടം.
ബലമേറിയ ഇരുമ്പ്‌ വാതിൽ അടഞ്ഞുകിടന്നിരുന്നെങ്കിലും രാത്രീഞ്ചരനായ
കുറ്റവാളിയുടെ അസാന്നിധ്യം സെല്ലിനെ ശൂന്യമാക്കി.
ദൃശ്യം മൂന്ന്‌
   രാഷ്ട്രീയ പ്രതിയോഗികളുടെ വെട്ടും കുത്തുമേറ്റ്‌ അസ്ഥിയും മാംസവും
വേർപെട്ട ശരീരം തുന്നിക്കൂട്ടി വെള്ള പുതപ്പിച്ച്‌ പരേതന്റെ പണിതീരാത്ത
വീടിന്റെ ഉമ്മറത്ത്‌ കിടത്തിയിരിക്കുന്നു. തലയ്ക്കൽ കത്തുന്ന നിലവിളക്കും
ചന്ദനത്തിരികളും. മരണത്തിന്റെ മണവും നിറവും ദുഃഖാർത്തരുടെ ചേതനയിലേക്ക്‌
പടർന്നുകയറി. വിതുമ്പൽ അടക്കാൻ ക്ലേശിക്കുന്ന പരേതന്റെ വിധവയും
പറക്കമുറ്റാത്ത മക്കളും ഏകാശ്രയം നഷ്ടപ്പെട്ട വൃദ്ധരായ മാതാപിതാക്കളും
അപരിഹാര്യമായ നഷ്ടങ്ങളുടെ പട്ടികയിലേക്ക്‌ വേദനയുടെ കറുത്ത മഷികൊണ്ട്‌
അക്കങ്ങൾ എഴുതിച്ചേർത്തു. ചിതയറ്റംമാത്രം സഞ്ചരിക്കാൻ കഴിയുന്ന അനുചരർ
ഹൃദയശിലയിൽ തേച്ച്‌ പ്രതികാരത്തിന്റെ കത്തിക്ക്‌ മൂർച്ചകൂട്ടി.
  മുഖത്ത്‌ കൃത്രിമ വേദനയുടെ ഭാവരസങ്ങൾ ചാർത്തിയ രാഷ്ട്രീയക്കാർ പുറമെ
ഉടയാത്ത ഖദറും അകമെ കാപട്യത്തിന്റെ കറുപ്പുമായി, മനുഷ്യബന്ധങ്ങളുടെ
കാണാച്ചരടിനെ എന്നേക്കുമായി അറുത്തുമുറിക്കുന്ന റീത്തുകളുമായിനിന്ന്‌
ഫോട്ടോയ്ക്കും വീഡിയോയ്ക്കും പോശ്ചെയ്തു. തങ്ങൾക്കും പ്രസ്ഥാനത്തിനും
നാടിനും ഉണ്ടായ നികത്താനാവാത്ത വിടവിനെപ്പറ്റി അവർ മൈക്കിനു മുമ്പിൽ
വാചാലരും ഗദ്ഗദകണ്ഠരുമായി. ഗ്ലിസറിന്റെ അഭാവത്തിലും ചിലരുടെ കണ്ണുകൾ
നിറഞ്ഞു. കണ്ണുനിറയാത്തവർ മുണ്ടിന്റെ കോന്തലകൊണ്ട്‌ ആ കൃത്യം നിറവേറ്റി.
ദൃശ്യം നാല്‌.
പാർട്ടി ഓഫീസ്‌.
  എതിർ കക്ഷിയിലുള്ള കൊല്ലപ്പെട്ട നേതാവിന്റെ അനുശോചനയോഗം കഴിഞ്ഞെത്തിയ
നേതാക്കൾ പാർട്ടി ഓഫീസിലെ ഭിത്തിയിൽ തൂങ്ങുന്ന മഹാത്മാഗാന്ധിയുടെയും
നെഹ്രുവിന്റെയും ലാൽ ബഹദൂർ ശാസ്ത്രിയുടെയും ചില്ലിട്ട ചിത്രത്തിന്‌ താഴെ
സെന്ററൈസ്ഡ്‌ എ.സി.യുടെ ശീതളതയിൽ സ്ഥാനമുറപ്പിച്ചു. ഹൈക്കമാന്റിന്റെ
നിർദേശപ്രകാരം ബുദ്ധിരാക്ഷസരായ രണ്ട്‌ നേതാക്കളുമായി ഓഫീസ്‌ സെക്രട്ടറി
ഫോണിൽ ബന്ധപ്പെട്ടു. ഏത്‌ സാഹചര്യത്തിലും പ്രതികൂലഘടകങ്ങളെ അനുകൂലമാക്കാൻ
കഴിവുള്ളവ രാണിവർ. അവരുടെ കാലൊച്ച വാതിൽപ്പടിയിൽ പ്രതീക്ഷിച്ച്‌ നേതാക്കൾ
ഇരുന്നു. അപ്പോഴേയ്ക്കും സ്റ്റാർ ഹോട്ടലിൽനിന്ന്‌ വിഭവസമൃദ്ധമായ
അത്താഴമെത്തി. മോന്തുന്നവർക്ക്‌(രഹസ്യമായി) അതിനുള്ള ഏർപ്പാടുമുണ്ട്‌.
  ദാരുണമായി കൊലചെയ്തപ്പെട്ട നേതാവിന്റെ മരണം എങ്ങനെ ഉപതെരഞ്ഞെടുപ്പിൽ
വോട്ടാക്കി മാറ്റാം എന്നതായിരുന്നു അടഞ്ഞ വാതിലിനു പിന്നിലെ ചർച്ച.
  രഹസ്യപദ്ധതികളുടെ ആവിഷ്കാരം എന്നും അരണ്ട വെളിച്ചത്തിലാണ്‌
സാർത്ഥകമാകുക. പ്രകാശത്തിന്‌ അപ്പോൾ അവിടെയും ഇരുണ്ട നിറമായിരുന്നു.
കൊലപാതകം തങ്ങൾക്ക്‌ അനുകൂലമാക്കി മാറ്റുന്ന പദ്ധതിയുടെ രൂപരേഖ
ബുദ്ധിരാക്ഷസന്റെ തലച്ചോറിൽനിന്ന്‌ വിഗിരണം ചെയ്യപ്പെട്ടപ്പോൾ
മരണത്തിന്റെ മരവിപ്പ്‌ അവിടെ പ്രസരിപ്പായി മാറി. പതിഞ്ഞ സ്വരങ്ങളിൽ അവർ
തങ്ങളുടെ പെട്ടിയിലേക്ക്‌ കുത്തനെ മറിയുന്ന വോട്ടുകളുടെ എണ്ണം
കണക്കുകൂട്ടി.
  ചർച്ച അന്തിമ ഘട്ടത്തിൽ എത്തിയപ്പോഴേയ്ക്കും നേതാക്കളെ
ഞെട്ടിച്ചുകൊണ്ട്‌ ഭിത്തിയിലെ ഫ്രെയിമുകളിൽ തളച്ചിട്ട മഹാത്മജിയും
നെഹ്രുവും ശാസ്ത്രിയും ഝടുതിയിൽ ഇറങ്ങിപ്പോയി.
ദൃശ്യം അഞ്ച്‌
ബിഷപ്പിന്റെ അരമന.
  ബിഷപ്പ്‌ അടിയന്തിരമായി വിളിച്ചുചേർത്ത രഹസ്യസമ്മേളനം. കുരിശിൽ
തൂങ്ങി, ചോരവാർന്ന്‌ അർധനഗ്നനായി കിടക്കുന്ന ക്രിസ്തുവിന്റെ വലിയ
പങ്കപ്പാട്‌ രൂപത്തിനു താഴെ സഭയിലെ പ്രധാനികളായ ഏതാനും പേർ
ഉപവിഷ്ഠരായിരിക്കുന്നു. അവിടെയും പ്രകാശത്തിന്‌ ചാരനിറമായിരുന്നു.
ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന മണ്ഡലത്തിലെ ഭൂരിപക്ഷമുള്ള കുഞ്ഞാടുകളുടെ
വോട്ട്‌ ആർക്കെന്നതാണ്‌ പ്രശ്നം. വോട്ടു കൊടുക്കാം. തർക്കത്തിലായ
പള്ളിയും സ്വത്തുക്കളും വിട്ടുകിട്ടണം. അതായിരുന്നു തീരുമാനം.
ബിഷപ്പിന്റെ സെക്രട്ടറി ഏതോ രഹസ്യനമ്പറിലേക്ക്‌ ഡയൽ ചെയ്തു. യോഗം
അവസാനിക്കുംമുമ്പ്‌ ഴേയ്ക്കും ക്രിസ്തു കുരിശിൽനിന്നിറങ്ങി പൊടുന്നേ
അപ്രത്യക്ഷണായി. ശൂന്യമായ കുരിശിലേക്കും ആണിപ്പാടുകളിലേക്കും
ബിഷപ്പിനൊപ്പം കുഞ്ഞാടുകളും തുറിച്ചുനോക്കി.
ദൃശ്യം ആറ്‌
  വിജനമായ തെരുവോരത്ത്‌ മുനിഞ്ഞ്‌ കത്തുന്ന സ്ട്രീറ്റ്‌ ലൈറ്റിനു
ചുറ്റിലും പാർട്ടി ഓഫീസുകളിൽ നിന്ന്‌ ഇറങ്ങിവന്ന മഹാരഥന്മാർ ഇരുന്നു.
കാറൽ മാർക്ക്സ്‌, എംഗൽസ്‌, ലെനിൻ എന്നിവർ ഒരുവശത്ത്‌. മഹാത്മാഗാന്ധി,
നെഹ്രു, ശാസ്ത്രി എന്നിവർ മറുവശത്തും.
  "അദ്ധ്വാനവർഗത്തിന്റെ ഉയർത്തെഴുന്നേൽപ്പിനുവേണ്ടി ഞാൻ മനനം ചെയ്തെടുത്ത മൂലധന
സിദ്ധാന്തം തെറ്റായിരുന്നോ സഖാക്കളേ..." നിരുദ്ധകണ്ഠനായി തന്റെ പാതിനരച്ച
സമൃദ്ധമായ താടി തടവി മാർക്ക്സ്‌ വിലപിച്ചു.
  "എന്റെ ജനത്തിന്റെ മോചനത്തിനുവേണ്ടി ബ്രിട്ടീഷുകാരന്റെ ഷൂസുകൊണ്ടുള്ള
ചവിട്ടേറ്റതും ഗോഡ്‌ സെയുടെ വെടിയുണ്ട ശരീരത്തിൽ ഏറ്റുവാങ്ങിയതും
വിഫലമായി... ഞാൻ കെട്ടുകെട്ടിച്ച വിദേശരാക്ഷസന്മാരുടെ പിൻഗാമികൾ ഇപ്പോൾ ഈ
മണ്ണിൽ പടയോട്ടം നടത്തുന്നു..." മാർക്ക്സിന്റെ കരങ്ങളിൽ സ്പർശിച്ച്‌
മഹാത്മാവ്‌ കേണു.
  അവർക്കിടയിലേക്ക്‌ ആശ്വാസത്തിന്റെ കുളിർതെന്നലെന്നപോലെ ക്രിസ്തു നടന്നടുത്തു.
  "അതാ, ക്രിസ്തുവും പരിത്യക്തനായി നമുക്കിടയിലേക്ക്‌..." മാർക്ക്സും
മഹാത്മാവും ഒരേ സ്വരത്തിൽ വിലപിച്ചു.
  അവരുടെ മദ്ധ്യത്തിലേക്ക്‌ കടന്നുവന്ന ക്രിസ്തുവിനെ അവർ വരവേറ്റു. ആ
കൃശഗാത്രത്തിലെ മുറിപ്പാടുകൾ അവരോട്‌  സ്നേഹമന്ത്രമോതി.
  "ക്രിസ്തുവേ, അങ്ങും പരാജയപ്പെട്ടോ...?" മാർക്ക്സിന്റെ സ്വരം
വിറകൊണ്ടിരുന്നു. മഹാത്മാവ്‌ ക്രൂശിതന്റെ കരസ്പർശത്തിനായി ദാഹിച്ചു.
ക്രിസ്തു സ്നേഹവായ്പോടെ ആ കരത്തിൽ സ്പർശിച്ചു.
  "ക്രിസ്തുവേ, അങ്ങ്‌ പറഞ്ഞതാണ്‌ ഞാൻ ആവർത്തിച്ചതു. എന്നിട്ടും..."
മാർക്ക്സ്‌ പരാജിതനെപ്പോലെ വിലപിച്ചു. ക്രിസ്തു വലതുകരമുയർത്തി
മാർക്ക്സിന്‌ സാന്ത്വനസ്പർശമേകി.
   അവരുടെ ചോദ്യങ്ങൾക്കൊന്നും ക്രിസ്തു മറുപടി പറഞ്ഞില്ല. എങ്കിലും ആ
മുഖത്ത്‌ വിരിഞ്ഞ ഗോ‍ൂഢസ്മിതം പുതിയൊരു ലോകക്രമത്തിന്റെ അരുണോദയമായി
അവർക്ക്‌ തോന്നി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...