ഗോപി മംഗലത്ത്
ഒരു തോട്ടിക്കെത്താവുന്ന
ദൂരത്താണെന്റെ
സ്വപ്‌നമെന്നമ്മയ്ക്കറിയാം
മുറ്റത്തെ മുള വെട്ടി
തോട്ടി തീര്‍ക്കുമ്പോളമ്മ
എന്നെയോര്‍ത്താകാം
ഒത്തിരി ഏച്ചുകെട്ടലോടെ
തോട്ടിക്ക് നീളം കൂട്ടാറുണ്ട്
നടുക്കല്ലിലുപേക്ഷിച്ച
വിണ്ടുകീറിയ വള്ളിച്ചെരുപ്പ്
ഉമ്മറത്തിരുന്നമ്മയെ നോക്കി
നെടുതായൊന്ന് മൂളുമ്പോള്‍...
തോട്ടിക്കൊത്ത മുള കിട്ടാനില്ലെന്ന്
അമ്മ പരിഭവം പറയും
സ്വപ്‌നം തൊടാവുന്ന തോട്ടി
മഴവില്ലുകൊണ്ടാണ്
ഉണ്ടാക്കേണ്ടതെന്ന്
അമ്മയ്ക്കറിയില്ലല്ലോ