ടി. എസ്. വിശ്വൻ
അഞ്ച് ചെറുപ്പക്കാർ മൂന്ന് മോട്ടോർ ബൈക്കുകളിൽ ഇരുമ്പുകമ്പികളും
വളയങ്ങളും കത്തിയും കയറുമൊക്കെയായി നാൽക്കവലകൾ പിന്നിട്ടപ്പോൾ പലരും
സൂക്ഷിച്ചു നോക്കി. അക്രമികളാണോ ഇവർ എന്നും സംശയിച്ചു. പിന്നീടാണ്
എല്ലാവർക്കും ബോദ്ധ്യമായത് ഇവർ അക്രമകാരികളല്ല, ചങ്ങാതിമാരാണ്,
തെങ്ങിന്റെ ചങ്ങാതിമാർ! തെങ്ങ് കയറുന്ന യന്ത്രങ്ങളും മറ്റ്
ഉപകരണങ്ങളുമായി ഒരുമിച്ചാണിവർ കൃഷിയിടങ്ങളിലെത്തുന്നത്. യഥാർത്ഥത്തിൽ
തെങ്ങിന്റെ ചങ്ങാതിമാർ മാത്രമല്ല തെങ്ങുടമയുടെയും ചങ്ങാതിമാരാണിവർ!
നാളികേര വികസന ബോർഡിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയിൽ
പങ്കെടുത്ത് പരിശീലനം നേടിയ യുവാക്കളാണ് ഇവർ അഞ്ച് പേരും. ചേർത്തല
താലൂക്കിന്റെ തെക്കു-പടിഞ്ഞാറൻ കടലോര ഗ്രാമമായ അർത്തുങ്കൽ പ്രദേശത്താണ്
ഇവരുടെ വീടുകൾ. മുപ്പതിനും നാൽപ്പതിനും മദ്ധ്യേ പ്രായമുള്ളവർ. പൊന്നപ്പൻ,
പ്രസാദ്, ഷാജി, ആന്റണി, പ്രദീപ് എന്നിവരാണ് അഞ്ചംഗ സംഘത്തിലെ അംഗങ്ങൾ.
ആരുംതന്നെ തെങ്ങെന്നല്ല ഒരു മരത്തിലും കയറി മുൻപരിചയമുള്ളവരല്ല. ഓരോ
തൊഴിലുകളിലും ഏർപ്പെട്ട് കുടുംബം പുലർത്തിയവരായിരുന്നു ഈ ഐവർ സംഘം.
എങ്ങനെയാണ് ഇവർ ചങ്ങാതിക്കൂട്ടം പരിശീലനത്തിനും തുടർന്ന് തെങ്ങുകയറ്റം
തൊഴിലായി സ്വീകരിച്ച് മുന്നോട്ട് പോകാനും തയ്യാറായതെന്ന് നമ്മുടെ
സമൂഹം കണ്ണ് തുറന്ന് കാണേണ്ടതാണ്.
ഈ സംഘത്തിന്റെ ലീഡർ നാൽപ്പതുകാരനായ പൊന്നപ്പനാണ്. വിദ്യാർത്ഥികളായ
രണ്ട് മക്കളും ഭാര്യയുമടങ്ങിയ കുടുംബം പുലർത്താൻ കെട്ടിട നിർമ്മാണ
തൊഴിലിൽ ഏർപ്പെട്ട് കഴിയുകയായിരുന്നു. യാദൃച്ഛികമായാണ് ഒരു ദിവസം
കണിച്ചുകുളങ്ങരയിൽ വീടുപണി നടന്നുകൊണ്ടിരുന്ന പുരയിടത്തിൽ തെങ്ങു കയറ്റ
യന്ത്രങ്ങളുമായി രണ്ട് പേർ എത്തിയത് ഈ യുവാവ് കാണുന്നത്. തെങ്ങിന്റെ
ഇരുവശങ്ങളിലും ഉപകരണങ്ങൾ ബന്ധിച്ച് അനായാസമായി തെങ്ങിൽ കയറുന്ന കാഴ്ച
കൗതുകത്തോടെ നോക്കി നിന്നു. മുകളിൽ ചെന്ന് യന്ത്രം ലോക്ക് ചെയ്ത ശേഷം
പിൻ ഭാഗത്ത് തൂക്കിയിട്ടിരുന്ന കത്തി എടുത്ത് വിളഞ്ഞ നാളികേര കുലകൾ
കൊത്തിയിടുന്നതും, പിന്നീട് മെല്ലെ യന്ത്രത്തിലൂടെ താഴേക്ക് വരുന്നതും
താൽപര്യപൂർവ്വം വീക്ഷിച്ചു. നാൽപ്പതോളം തെങ്ങുകളിൽ വിളവെടുത്തതിന്
ലഭിച്ച പ്രതിഫലവും പൊന്നപ്പൻ കണ്ടു; ആയിരം രൂപ. ഈ തുക അവർ രണ്ടുപേരും
വീതിച്ചെടുത്തു. രണ്ട് മണിക്കൂർ നേരത്തെ ജോലിയാണിവർ ചെയ്തത്. ഇനിയും
രണ്ട് മണിക്കൂർ ജോലി ചെയ്താൽ അഞ്ഞൂറ് രൂപ വീതം നേടാം. ഈ അനുഭവ
സാക്ഷ്യമാണ് പൊന്നപ്പനെ ചങ്ങാതിക്കൂട്ടം പരിശീലനത്തിലേയ്ക്ക്
ആകൃഷ്ടനാക്കിയത്. ഇതിനകം മറ്റൊരു നിർമ്മാണ തൊഴിലാളിയും പൊന്നപ്പന്റെ
ആത്മ സുഹൃത്തുമായ പ്രസാദും തെങ്ങുകയറ്റ പരിശീലനത്തിന് താൽപര്യമെടുത്ത്
മുന്നോട്ടുവന്നു. മേസ്തിരി ജോലിക്ക് നാട്ടിൽ പ്രിയമാണെങ്കിലും
മുപ്പത്തിയാറുകാരനായ പ്രസാദിന് ഇഷ്ടം പുതിയ ഒരു തൊഴിൽ
അഭ്യസിക്കുന്നതിന്റെ ?'ത്രിൽ' ആയിരുന്നു.
ആലപ്പുഴ ജില്ലയിൽ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടി സംഘടിപ്പിച്ച കലവൂർ
സർവ്വോദയപുരം സോഷ്യോ ഇക്കണോമിക്ക് യൂണിറ്റിലാണ് പ്രസാദും പൊന്നപ്പനും
രണ്ടും മൂന്നും ബാച്ചുകളിലായി പരിശീലനം നേടിയത്. പരിശീലനത്തിൽ
സ്ത്രീകളടക്കം ഇരുപതും മുപ്പതും പേർ ഒത്തുചേർന്ന് ഒരാഴ്ചക്കാലം
പിന്നിട്ടതും ഒരു പുത്തൻ അനുഭവമായിരുന്നു. തെങ്ങിന്റെ കീട രോഗങ്ങൾ
തിരിച്ചറിയുന്നതും മരുന്ന് ചെയ്യുന്നതും മാത്രമല്ല പ്രാഥമിക ആരോഗ്യ
സംരക്ഷണം, സാമ്പത്തിക ആസുത്രണം, യോഗാഭ്യാസം തുടങ്ങിയ ക്ലാസ്സുകളും ഈ
യുവാക്കളിൽ ഉണർവ്വ്വ് പകർന്നു. പരിശീലനം പൂർത്തിയായ ശേഷം പൊന്നപ്പന്റെ
വീട്ടിലിരുന്ന് ഇരുവരും പുതിയ തൊഴിലിലേയ്ക്ക് പ്രവേശിക്കുവാൻ
തീരുമാനിച്ചു. ഇന്നലെ വരെ ചെയ്ത തൊഴിൽ മേഖലയിൽ ആളുകൾ ഏറെയുണ്ടാവും. പക്ഷെ
തെങ്ങിലെ വിളവെടുക്കാനും തെങ്ങിനെ സംരക്ഷിക്കുവാനുമാണ് ഇന്ന്
ആളില്ലാത്തത്. ദിവസേന ആയിരം രൂപ സമ്പാദിക്കാൻ കഴിയുന്ന മറ്റൊരു തൊഴിലും
തങ്ങളുടെ മുമ്പിലില്ലെന്നും അവർ തിരിച്ചറിഞ്ഞു.
പുതിയ യന്ത്രവുമായി പ്രസാദും പൊന്നപ്പനും ചുറ്റുവട്ടത്തെ തെങ്ങുടമകളെ
സമീപിച്ച് തെങ്ങുകൾ കയറി തുടങ്ങി. കുടുംബാംഗങ്ങൾക്കും ഇത് കണ്ട്
അത്ഭുതമായി. ഒരു മരത്തിൽ പോലും കയറി വശമില്ലാത്തവർ ഇരുപതടിക്കു മേൽ
ഉയരമുള്ള തെങ്ങിൽ കയറി തേങ്ങ ചെത്തി ഇടുമ്പോൾ പലരും ശ്വാസം
അടക്കിപ്പിടിച്ചാണ് നിന്നത്. അടുത്ത ദിവസങ്ങളിൽ നാട്ടുകാരായ തെങ്ങുടമകൾ
ഇവരെ സമീപിച്ച് തുടങ്ങി. അഞ്ചും, പത്തും, അമ്പതും അതിനുമേലും
തെങ്ങുള്ളവർക്കെല്ലാം ഇവരുടെ സേവനം അത്യാവശ്യമായി തോന്നി.
ആവശ്യപ്പെടുന്നിടത്തെല്ലാം ചെന്നെത്താനുള്ള വിഷമവും ഇവർ നേരിട്ടു.
അപ്പോഴേക്കും പൊന്നപ്പന്റെ വീടുനു ചുറ്റുമുള്ള യുവാക്കളായ ഷാജിയും,
ആന്റണിയും, പ്രദീപും തെങ്ങുകയറ്റം പരിശീലിപ്പിക്കുന്ന ക്ലാസ്സിൽ പോകാൻ
തയ്യാറായി മുന്നോട്ടുവന്നു. നാളികേര ബോർഡും പരിശീലന കേന്ദ്രവുമായി
ബന്ധപ്പെട്ട് മൂവരും പരിശീലനത്തിൽ പങ്കാളികളായി. ഷാജിയ്ക്ക് തൊഴിൽ
സൈക്കിൾ റിപ്പയറിംഗ് ആയിരുന്നു. രാത്രി ഇരുളും വരെ ജോലി ചെയ്താൽ ഒരു
ദിവസം ഇരുന്നൂറോ മുന്നൂറോ രൂപ ലഭിക്കും. കേര ചങ്ങാതിയായതോടെ ഭേദപ്പെട്ട
ഒരു വരുമാനം കൈവന്നു. സൗകര്യം കിട്ടിയാൽ വീട്ടിലിരുന്ന് സൈക്കിൾ
റിപ്പയറിംഗും നടത്തും.
ആന്റണി കടലിൽ പോകുന്ന ഒരു മത്സ്യത്തൊഴിലാളി ആയിരുന്നു. എല്ലാ ദിവസവും
ജോലി ഉണ്ടാവില്ല. പോകുന്ന ദിവസങ്ങളിൽ ആയിരം രൂപ വരെ ലഭിച്ചിരുന്നു.
ചങ്ങാതിക്കൂട്ടം അംഗമായതോടെ എല്ലാ ദിവസവും വരുമാനമുണ്ടായി. കാറ്റും
കോളുമൊന്നും ഭയക്കേണ്ട. കൂടുതൽ സുരക്ഷിതത്വത്തിന് യന്ത്രവും ദേഹവുമായി
ബെൽറ്റിട്ട് ഉറപ്പിച്ചാണ് ആന്റണി തെങ്ങിൽ കയറുന്നത്. സംഘത്തിലെ
ജൂനിയറായ പ്രദീപിന് പ്രായം മുപ്പത്. പ്ലസ് ടു വിദ്യാഭ്യാസം
നേടിയിട്ടുണ്ട്. പി. എസ്. സി. പരീക്ഷകൾ എഴുതി സർക്കാർ ജോലി
പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ചങ്ങാതിക്കൂട്ടം പരിശീലനം കഴിഞ്ഞതോടെ
സംഘാംഗമായി പ്രവർത്തിക്കുന്നു. ഇതിനകം ആയിരത്തോളം തെങ്ങുകളിൽ
കയറിയിട്ടുള്ള പ്രദീപിന് ലഭിച്ച വരുമാനം കണക്കുകൂട്ടുമ്പോൾ തികഞ്ഞ
സംതൃപ്തി. ജോലി കിട്ടിയാലും ഒരു ഉപതൊഴിലായി ചങ്ങാതിക്കൂട്ടത്തിൽ
ഉണ്ടാകുമെന്നും ഈ യുവാവ് പറയുന്നു.
അഞ്ച് പേരടങ്ങുന്ന നിങ്ങളുടെ ചങ്ങാതിക്കൂട്ടത്തിന് ദിവസേന ജോലി
ലഭിക്കുന്നുണ്ടോ? തൊഴിൽ ഇല്ലാത്ത ദിവസങ്ങളും ഉണ്ടാകാറില്ലേ?
ജനുവരി മാസം മുതലാണ് ഞാനും പ്രസാദും യന്ത്രമുപയോഗിച്ച് തെങ്ങുകയറ്റം
തുടങ്ങുന്നത്. ഒരു പുരയിടത്തിൽ ജോലി ചെയ്യുമ്പോൾ തൊട്ടടുത്ത വീട്ടിലെ
ആള് വന്ന് ആവശ്യപ്പെടും. ഓരോ ദിവസവും കഴിയുന്തോറും ഞങ്ങളെ തേടി
വരുന്നവരുടെ എണ്ണം കൂടി. എല്ലാ സ്ഥലത്തും കൃത്യ സമയത്തു ചെല്ലാൻ പറ്റാത്ത
അവസ്ഥയായി. അപ്പോഴാണ് മറ്റ് മൂന്നു പേർ കൂടി പരിശീലിച്ച് വന്നത്.
ഇപ്പോഴും ദിവസവും ഞങ്ങൾക്ക് പണിയുണ്ട്. മഴ, കല്യാണം, മരണം, വീട്ടു
ചടങ്ങുകൾ, പണിമുടക്ക് ഒക്കെ വരുമ്പോൾ മാത്രം മുടങ്ങും. അപ്പോൾ
ഞായറാഴ്ചയും പണിചെയ്ത് ആവശ്യക്കാരെ പരമാവധി സഹായിക്കും.
ഒരു തെങ്ങിൽ യന്ത്രം ഉപയോഗിച്ച് വിളവെടുക്കുന്നതിന്റെ പ്രതിഫലം
എങ്ങനെയാണ് നിശ്ചയിക്കുന്നത്. കർഷകരുമായി വിലപേശൽ നടക്കാറുണ്ടോ?
തെങ്ങോന്നിന് ഇരുപത്തഞ്ച് രൂപയാണ് ഫീസ്. കൂടുതൽ തെങ്ങുള്ള സ്ഥലത്ത്
അൽപം കുറവും വാങ്ങാറുണ്ട്. ഇപ്പോൾ ഇരുപത്തഞ്ച് രൂപ കൂലി തരാൻ
കർഷകർക്ക് ഒരു മടിയുമില്ല. മുകളിൽ കയറി രോഗം വന്ന ഭാഗങ്ങൾ നീക്കം
ചെയ്യുന്നതിനും മരുന്ന് ചെയ്യുന്നതിനുമൊക്കെ ഫീസ് അധികം വാങ്ങും.
മരുന്ന് തെങ്ങുടമകൾ തന്നെ വാങ്ങിത്തരണം.
സമൂഹം എങ്ങനെയാണ് ചങ്ങാതിക്കൂട്ടത്തെ കാണുന്നത്?
ഇപ്പോൾ കൃത്യമായി രണ്ടാം മാസം തേങ്ങ ഇടാൻ ചെല്ലുമ്പോൾ സന്തോഷത്തോടെയാണ്
വീട്ടുകാർ ഞങ്ങളെ സ്വീകരിക്കുന്നത്. മുമ്പ് ആറും എട്ടും മാസം
കഴിഞ്ഞാണ് ഒരിടീൽ. ചങ്ങാതിക്കൂട്ടത്തിൽ പ്രവർത്തിക്കുന്നതുമൂലം
ഞങ്ങൾക്ക് അഭിമാനമുണ്ട്. ഒരാൾക്കേ നേരത്തെ ബൈക്ക് ഉണ്ടായിരുന്നുള്ളൂ.
ചങ്ങാതിക്കൂട്ടത്തിൽ പ്രവർത്തിച്ചുതുടങ്ങിയ ശേഷം രണ്ട് പേർ കൂടി
സെക്കന്റ് ഹാൻഡ് ബൈക്കുകൾ വാങ്ങി. എവിടെയായാലും ഞങ്ങൾക്ക് ഇപ്പോൾ
ചെന്നെത്താൻ പ്രയാസമില്ല. മൊബെയിൽ ഫോണിൽ വിളിച്ചാൽ മതി ആ സ്ഥലത്ത് ഞങ്ങൾ
എത്തിച്ചേരും.
തൊഴിലുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ടോ?
ഞങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന യന്ത്രത്തിന് കേട് പറ്റിയാൽ
നന്നാക്കാനും പകരം ഒരു യന്ത്രം ലഭിക്കാനും ഒരു വഴിയുമില്ല. ദിവസവും
ഉപയോഗിക്കുന്നതുമൂലം യന്ത്രത്തിന് കേടു വരും. കമ്പിയും ബെൽറ്റുമെല്ലാം
ഇളകിവരും. ഈ തൊഴിലിൽ ഏർപ്പെടുന്നവർക്ക് സബ്സിഡിയായിട്ടാണെങ്കിലും പുതിയ
യന്ത്രം കിട്ടാൻ സഹായിക്കണം. പിന്നെ കടന്നലിന്റെ കുത്ത്, തേനീച്ച ശല്യം,
കീടനാശിനി മൂലമുള്ള ദോഷങ്ങൾ ഇവയ്ക്കൊക്കെ വൈദ്യ സഹായവും, ഇൻഷുറൻസ്
പരിരക്ഷയും ലഭിക്കണം.
ജീവിക്കാൻ ഏതു തൊഴിലും മാന്യമെന്ന് കരുതുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ
ജീവിതാനുഭവങ്ങളാണ് മുകളിൽ വിവരിച്ചതു. പരമ്പരാഗത തൊഴിലാളികൾ പോലും
തെങ്ങു കയറ്റം ഉപേക്ഷിച്ചു വരുന്ന സ്ഥിതിയാണ് ഇന്ന്. ഇത് മാന്യത
കുറഞ്ഞ തൊഴിലായി വിചാരിക്കുന്നവരും ധാരാളമുണ്ട്. സാധാരണ ഗതിയിൽ
കായ്ഫലമുള്ള ഒരു തെങ്ങിൽ എട്ടു തവണ വരെ വിളവെടുക്കാൻ കയറാം.
കോടിക്കണക്കിന് തെങ്ങുകളുള്ള കേരളത്തിൽ ഈ മേഖലയിൽ ഉണ്ടാകാവുന്ന
തൊഴിലവസരങ്ങൾ എത്രയോ വമ്പിച്ചതാണ്! മിടുക്കന്മാരായ നമ്മുടെ യുവാക്കൾ
മനസ്സു വെച്ചാൽ ഇപ്പോൾ ഉള്ളതും കൂടുതൽ സൗകര്യങ്ങളോടെ ഭാവിയിൽ
ഉണ്ടാകാവുന്നതുമായ ഉപകരണങ്ങളുടെ സഹായത്തോടെ നാളികേരത്തിന്റെ സംരക്ഷകരായി
മാറാം. പ്രധാന നാണ്യവിളയായ തെങ്ങിൽ നിന്നും സാമ്പത്തിക വികസനത്തിന്റെ
പുതിയ അദ്ധ്യായങ്ങൾ തുറക്കാം. തെങ്ങിനെ സംബന്ധിച്ചിടത്തോളം വിളവെടുപ്പ്
ഏറ്റവും പ്രധാന വിഷയമാണ്. വിളവെടുപ്പിന് മുമ്പും പിമ്പുമുള്ള
പ്രവർത്തനങ്ങൾ നിലത്തുനിന്നും നിർവ്വഹിക്കാം. യഥാസമയങ്ങളിൽ
വിളവെടുത്തെങ്കിൽ മാത്രമേ അവയുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ സാദ്ധ്യത
തെളിയൂ. ഇളനീരും, കയറും, കൊപ്രയും, വെളിച്ചെണ്ണയും, ചിപ്സും, പാനീയവും
തുടങ്ങി ഒട്ടേറെ വർദ്ധിത മൂല്യങ്ങൾക്ക് വഴിയൊരുക്കാനും വേണ്ടത് ഇത്തരം
ചങ്ങാതിക്കൂട്ടങ്ങളുടെ ആത്മാർത്ഥമായ പ്രവർത്തനം കൂടിയാണ്.
ചങ്ങാതിക്കൂട്ടം അംഗങ്ങളുടെ ഫോൺ നമ്പറുകൾ, പൊന്നപ്പൻ:9645029698,
പ്രസാദ്: 9048602922, ഷാജി: 9048124092, ആന്റണി സിൽവസ്റ്റർ :9249385566,
പ്രദീപ്: 9048855023.