17 Jun 2012

കേര സംരക്ഷണത്തിന്റെ ഉണർത്തു പാട്ടായി തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതി


ഫാ. മൈക്കിൾ വെട്ടിക്കാട്ട്‌

കൃഷിയുടെയും കാർഷിക സംസ്ക്കാരത്തിന്റെയും ഈറ്റില്ലമായ കേരളത്തിൽ നാനാവിധമായ സാഹചര്യങ്ങളാൽ ഇന്ന്‌ കൃഷിയും കാർഷികമേഖലയും മുഖ്യധാരയിൽ നിന്നും വേർപെട്ട്‌ പൊയ്ക്കൊണ്ടരിക്കുകയാണ്‌.

നാടിന്റെ പുരോഗതിയുടെ നട്ടെല്ലായ കാർഷിക മേഖല ഇന്ന്‌ പലവിധ പ്രതിസന്ധികൾ
നേരിട്ടു കൊണ്ടിരിക്കുന്നു. കാർഷിക മേഖലയുടെയും കാർഷിക ഉൽപന്നങ്ങളുടെയും
വളർച്ചയും വ്യാപനവും അത്യന്താപേക്ഷിതമായിരിക്കുന്നു.
കാർഷിക മേഖലക്ക്‌ കൂടുതൽ കരുത്തും ഊർജ്ജവും പകരുന്നതോടൊപ്പം കേരളത്തിന്റെ
സംസ്ഥാന വൃക്ഷമായ തെങ്ങിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നാളികേര വികസന
ബോർഡ്‌ നടപ്പിലാക്കുന്ന തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതി കേര
കർഷകർക്കും കാർഷിക മേഖലക്കും പുത്തൻ ഉണർവും ഉണർത്തു പാട്ടുമായി മാറി.
തെങ്ങിനെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ വളർത്തി കേരകൃഷിയുടെ അനന്ത
സാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ പദ്ധതി വഴിയൊരുക്കും എന്നതിൽ സംശയമില്ല.
നാളികേര വികസന ബോർഡിന്റെ ഈ വികസന പദ്ധതിയിൽ പങ്കാളിയാവുക വഴി കോട്ടയം
അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ്‌ സോസൈറ്റി
(കെഎസ്‌എസ്‌എസ്‌) കാർഷിക വികസന സംസ്കാരത്തിന്റെ മറ്റൊരു അദ്ധ്യായത്തിനു
തുടക്കം കുറിയ്ക്കുകയായിരുന്നു. ജാതി, മത, വർണ്ണ, വർഗ്ഗ വിവേചനമില്ലാതെ
എല്ലാ വിഭാഗത്തിൽ പെട്ടവരേയും ഉൾപ്പെടുത്തികൊണ്ട്‌ കോട്ടയം, ഇടുക്കി,
ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ പ്രവർത്തിക്കുന്ന
കെ.എസ്‌.എസ്‌.എസ്‌ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതി വഴി സമൂഹത്തിൽ
വികസനത്തിന്റെ ഒരു പുത്തൻ തിരി തെളിയ്ക്കുകയായിരുന്നു.


നാളികേര വികസന ബോർഡിന്റെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതി
നടപ്പിലാക്കുന്ന കോട്ടയം ജില്ലയിലെ ഏക സന്നദ്ധ സംഘടനയാണ്‌
കെ.എസ്‌.എസ്‌.എസ്‌ എന്നതും അഭിമാനകരം തന്നെ. കെഎസ്‌എസ്‌ഏശിന്റെ
നേതൃത്വത്തിൽ ഇതിനോടകം തന്നെ ഏഴ്‌ ബാച്ചുകളിൽ നിന്നായി 143 പേർ
തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കി.
പരിശീലനം പൂർത്തിയാക്കിയവരിൽ 26 വനിതകളും ഉണ്ട്‌ എന്നതും ഏറെ ശ്രദ്ധേയം.
കൃഷി, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ
കാഴ്ച വച്ചു കൊണ്ടിരിക്കുന്ന    കെഎസ്‌എസ്‌എസ്‌ നാളികേര വികസന ബോർഡുമായി
സഹകരിച്ച്‌ തെങ്ങിന്റെ ചങ്ങാതിമാരെ സംഘടിപ്പിച്ചുകൊണ്ട്‌ നടപ്പിലാക്കുന്ന
പരിപാടിയോടനുബന്ധിച്ച്‌ പരിശീലനാർത്ഥികൾക്കായി പ്രാഥമിക അവബോധ ക്ലാസ്സ്‌
സംഘടിപ്പിച്ചതിനു ശേഷമാണ്‌ താൽപര്യമുള്ളവർക്കായി ആറ്‌ ദിവസത്തെ വിദഗ്ദ്ധ
പരിശീലനം നൽകുന്നത്‌. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്‌
സർട്ടിഫിക്കറ്റും ദിനബത്തയും തെങ്ങ്‌ കയറ്റ ഉപകരണവും സൗജന്യമായി
നൽകുന്നു. കൂടാതെ പദ്ധതി തുടർന്നു കൊണ്ട്‌ പോകുന്നവർക്കായി ഒരു ലക്ഷം
രൂപയുടെ ഇൻഷുറൻസ്‌ പരിരക്ഷയും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നു.
നാളികേര കൃഷി രംഗത്ത്‌ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന
തൊഴിലാളിക്ഷാമത്തിന്‌ പരിഹാരം കാണുന്നതോടൊപ്പം നൂതന തൊഴിൽ സാധ്യതകൾക്ക്‌
വഴിയൊരുക്കുവാനും തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതി വഴിയൊരുക്കി.
പരിശീലനം പൂർത്തിയാക്കിയവരിൽ പലരും 20000 ലേറെ രൂപ മാസവരുമാനം
നേടുന്നുണ്ട്‌ എന്നതും ഏറെ അഭിമാനകരമാണ്‌.

വിവിധ ബാച്ചുകൾക്കായി തെള്ളകം ചൈതന്യ പാസ്റ്ററൽ സംഘടിപ്പിച്ച
പരിശീലനത്തോടനുബന്ധിച്ച്‌ തെങ്ങ്‌ കയറ്റ പരിശീലനം തെങ്ങ്‌ കയറ്റ മേഷീൻ,
ഉപയോഗ രീതി, കേരസംരക്ഷണത്തിന്റെ ആവശ്യകതയും അനന്ത സാധ്യതകളും, മൂല്യ
വർദ്ധിത ഉൽപന്നങ്ങളും വിപണന സാധ്യതകളും തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ
ക്ലാസ്സുകൾ നയിച്ചു. പരിശീലനത്തോടനുബന്ധിച്ച്‌ നാളികേര വികസന ബോർഡ്‌
ചെയർമാൻ ടി.കെ ജോസ്‌ ഐഎഎസ്‌ പരിശീലനാർത്ഥികളെ സന്ദർശിക്കുകയും
സംവദിക്കുകയും ചെയ്തത്‌ പുത്തൻ അനുഭവമായി തെങ്ങിന്റെ ചങ്ങാതിമാർക്ക്‌.
എല്ലാറ്റിനുമുപരി സ്വന്തം ഭവനത്തിൽ നിന്ന്‌ 6 ദിവസം മാറിതാമസിച്ച്‌
വിജയകരമായി പരിശീലനം പൂർത്തിയാക്കി വീട്ടിലേക്ക്‌ മടങ്ങുമ്പോൾ ഓരോ
തെങ്ങിന്റെ ചങ്ങാതിയുടെയും മുഖത്ത്‌ തെളിയുന്ന ആത്മവിശ്വാസം നാളികേര
വികസന ബോർഡിനും കെഎസ്‌എസ്‌ഏശിനും പ്രതീക്ഷ  പകരുന്നതാണ്‌. ജീവിതത്തിൽ
ഇന്നേവരെ സർട്ടിഫിക്കറ്റ്‌ ലഭിക്കാത്തവർക്ക്‌,  സ്റ്റേജിൽ കയറാത്തവർക്കും
സദസ്സിനു മുൻപിൽ രണ്ട്‌ വാക്ക്‌ സംസാരിക്കാത്തവർക്കും അതിനുള്ള അവസരം
തുറന്നു കൊടുത്തു തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതി.

പുരുഷൻമാർ മാത്രം കൈയടക്കിയിരുന്ന മേഖല വനിതകൾക്ക്‌ കൂടി
പ്രാപ്യമാക്കുവാൻ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതി അവസരമൊരുക്കി
എന്നതാണ്‌ പരിശീലനത്തിൽ പങ്കെടുത്ത വനിതകളുടെ അഭിപ്രായം, ഒപ്പം ഒരു
പുത്തൻ തൊഴിൽ സാധ്യതയും ഉയർന്നുവന്നു. കാർഷിക മേഖലയ്ക്കും
നാളികേരസംരക്ഷണത്തിനും കൂടുതൽ കരുത്ത്‌ പകരുവാൻ പദ്ധതി
വഴിയൊരുക്കിയെന്ന്‌ പുരുഷ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
നാളികേര സംരക്ഷണം മുൻനിർത്തി നാളികേര വികസന ബോർഡും കെഎസ്‌എസ്‌എസും
നടപ്പിലാക്കുന്ന തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതിക്ക്‌ മാധ്യമങ്ങൾ
നൽകുന്ന സഹകരണവും വളരെ നിസ്തുലമാണ്‌. വിവിധ ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ
പദ്ധതിയെ ജനങ്ങളിൽ എത്തിക്കുവാൻ സഹായകമായി. ഒപ്പം കെഎസ്‌എസ്‌എസ്‌
സംഘടിപ്പിച്ച ഹൈറേഞ്ച്‌ കാർഷിക മേളയോടനുബന്ധിച്ച്‌ നടത്തിയ റോഡ്‌ ഷോ
വാഹനവും പദ്ധതിക്ക്‌ കൂടുതൽ പ്രചാരം നൽകി.


പരിശീലനം പൂർത്തിയാക്കിയ അംഗങ്ങളെ തുടർ പരിശീലനത്തിനായി
കെഎസ്‌എസ്‌ഏശിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു കൊണ്ട്‌ തുടർ പ്രവർത്തന
സാധ്യതകളും ഒരുക്കുന്നുണ്ട്‌. പരിശീലനം പൂർത്തിയാക്കിയ 143 അംഗങ്ങളുടെ
അടുത്ത മീറ്റിംഗ്‌ മെയ്‌ മാസം 22-​‍ാം തീയതി ചൈതന്യയിൽ നടത്തപ്പെടും.
പരിശീലനാർത്ഥികൾക്ക്‌ അനായാസം ഗ്രാഹ്യമാക്കാവുന്ന പാഠ്യരീതിയാണ്‌
പരിശീലനത്തോടനുബന്ധിച്ച്‌ വിഭാവനം ചെയ്തിരിക്കുന്നത്‌ എന്നതും
ശ്രദ്ധേയമാണ്‌. പരിശീലനം പൂർത്തിയാക്കിയ തെങ്ങിന്റെ ചങ്ങാതിമാർ മികച്ച
രീതിയിൽ തൊഴിൽ കണ്ടെത്തുന്നതോടൊപ്പം നല്ല വരുമാനവും നേടുന്നുണ്ട്‌
എന്നത്‌ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതിയുടെ വിജയത്തെ
സൂചിപ്പിക്കുന്നു.
തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതിയിൽ പങ്കാളികളാകുവാൻ ധാരാളം ആളുകൾ
മുൻപോട്ട്‌ വരുന്നത്‌ കേരവികസന ബോർഡിനും കേര കൃഷി വികസനത്തിനും ഏറെ
പ്രതീക്ഷ നൽകുന്നുണ്ട്‌.
തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതിയുടെ തുടർച്ചയായി നാളികേര വികസന
ബോർഡിന്റെ കീഴിൽ കേരകർഷകരെ സംഘടിപ്പിച്ചു കൊണ്ട്‌ നാളികേര ഉത്പാദക
സംഘങ്ങൾ രൂപികരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും കെഎസ്‌എസ്‌എസ്‌ ശ്രദ്ധ
കേന്ദ്രീകരിക്കുന്നുണ്ട്‌. നാളികേര ഉത്പാദക സംഘങ്ങളിലൂടെ കേരകൃഷിയുടെ
സമഗ്ര വളർച്ച ഉറപ്പാക്കുവാനും നാളികേര കൃഷിയുടെ അനന്ത സാധ്യതകൾ
കർഷകർക്ക്‌ പ്രയോജനപ്പെടുത്തുവാനും സാധിക്കും.
കൂടാതെ ചൈതന്യ കേന്ദ്രമാക്കി വിദഗ്ധ പരിശീലനം പൂർത്തിയാക്കിയ തെങ്ങിന്റെ
ചങ്ങാതിമാരെ സംഘടിപ്പിച്ചുകൊണ്ട്‌ മൊബെയിൽ കോക്കനട്ട്‌ ക്ലിനിക്ക്‌
തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങളും കെ.എസ്‌.എസ്‌.എസ്‌ ആരംഭിച്ചു കഴിഞ്ഞു.
പദ്ധതിയുടെ ഉദ്ഘാടനം ലോക പരിസ്ഥിതി ദിനത്തിനു മുന്നോടിയായി ജൂൺ 3 ന്‌
തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടത്തുന്നതാണ്‌.
സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ കേരകൃഷി പ്രോത്സാഹനത്തിനും
കേരകർഷകർക്കുമായി വിഭാവനം ചെയ്തിരിക്കുന്ന ക്ഷേമ പ്രവർത്തനങ്ങൾ
പ്രയോജനപ്പെടുത്തുവാനുള്ള ഒരുക്കത്തിലാണ്‌ നാളികേര വികസന ബോർഡും കോട്ടയം
സോഷ്യൽ സർവ്വീസ്‌ സോസൈറ്റിയും. സമീപ ഭാവിയിൽ സംസ്ഥാന സർക്കാരിന്റെ
സബ്സിഡിയോടു കൂടി സ്കൂട്ടർ വാങ്ങിച്ച്‌ വീടുകൾ തോറും എത്തിച്ചേർന്ന്‌
തേങ്ങയിടുകയും നാളികേര സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന
തെങ്ങിന്റെ ചങ്ങാതിമാരെ നമുക്ക്‌ കാണുവാൻ സാധിക്കും.
നാളികേര സംരക്ഷണത്തോടൊപ്പം സ്വയം തൊഴിൽ സാധ്യതകൾക്കും തെങ്ങിന്റെ
ചങ്ങാതിക്കൂട്ടം പദ്ധതി വഴിയൊരുക്കി എന്നതിൽ സംശയമില്ല. ഏതു തൊഴിലിനും
അതിന്റേതായ മഹിമയും മാന്യതയുമുണ്ട്‌ എന്ന്‌ തിരിച്ചറിയുന്നവർക്ക്‌ ഒരു
പുത്തൻ വെളിച്ചമായി മാറിയിരിക്കുന്നു തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതി.
താൽപര്യവും കഠിനാദ്ധ്വാനത്തിനുള്ള മനസ്സുമുള്ള 18 നും 40 നും ഇടയ്ക്ക്‌
പ്രായമുള്ള പൂർണ്ണ ആരോഗ്യമുള്ള ആർക്കും പ്രയോജനപ്പെടുത്താവുന്ന ഒന്നാണ്‌
തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതി. കൃഷി-പരിസ്ഥിതി സംരക്ഷണ രംഗത്ത്‌
ക്രിയാത്മക പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചിട്ടുള്ള കെഎസ്‌എസ്‌എസ്‌
നാളികേര വികസന ബോർഡുമായി കൈകോർത്തപ്പോൾ അത്‌ കേര കർഷകർക്കും കേരകൃഷിക്കും
ഉണർത്തു പാട്ടായി എന്നതിൽ രണ്ട്‌ പക്ഷമില്ല.
സെക്രട്ടറി, കെഎസ്‌എസ്‌എസ്‌, തെള്ളകം, കോട്ടയം
 ഫോൺ: 9447365180

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...