17 Jun 2012

മഷിനോട്ടം


ഫൈസല്‍ ബാവ
 
പിടയുന്ന മനസുകളുടെ മേല്‍വിലാസം

"വീടിനെക്കുറിച്ചുള്ള ഒരു നീണ്ട സ്വപ്നമാണ് പ്രവാസം"   -: വിക്ടര്‍ ഹ്യൂഗോ

ഒട്ടകുഞ്ഞിനെ അതിന്റെ അതിന്റെ അമ്മയില്‍ നിന്നും അകറ്റുന്ന ഹൃദയഭേദകമായ കാഴ്ച മരുഭൂമിയിലെ ഒട്ടക കൂടുകള്‍ക്കരികില്‍ നിന്നും നമുക്ക്‌ കാണാവുന്നതാണ്. അമ്മയുടെ വാല്‍സല്യം തേടി അടുത്തേക്ക് ഓടിയടുക്കുന്ന കുഞ്ഞിനെ അതിന്റെ അരികില്‍ നിന്നും ആട്ടിപ്പായിച്ചുകൊണ്ട് ബന്ധത്തിന്റെ നേര്‍രേഖ മുറിക്കുന്ന പ്രക്രിയ. വേദനയോടെ ഒട്ടകയമ്മ തന്റെ കുഞ്ഞിനെ തിരിഞ്ഞു നോക്കി നടക്കുമ്പോള്‍ സ്വന്തം കുഞ്ഞുമായുള്ള അകലമാണ് വര്‍ദ്ധിക്കുനതെന്ന് ആ പാവം അറിയാതെ പോകുന്നു. നിരവധി തവണ ഈ പ്രക്രിയ തുടരുന്നതോടെ അമ്മയും കുഞ്ഞും അപരിചിതരായി മാറുന്നു. നാലു മാസക്കാലം മാത്രമേ ഒരമ്മയുടെ ലാളന ലഭിക്കാനുള്ള ഭാഗ്യം ഒട്ടകത്തിനു വിധിച്ചിട്ടുള്ളൂ എന്ന് നമുക്കിതിനെ ലളിതവല്‍ക്കരിക്കനാകും. ഇതുപോലൊരു വേരറത്ത് മാറ്റലിന്റെ വേദന പേറിതന്നെയാണ് ഓരോ പ്രവാസിയും വീടുവിട്ടിറങ്ങുന്നത്.


കേരളത്തെ സംബന്ധിച്ച് സാമൂഹിക സാമ്പത്തിക രംഗത്ത്‌ ഏറെ മാറ്റങ്ങള്‍ ഉണ്ടാക്കിയ പ്രതിഭാസമാണ്  ഗള്‍ഫ്‌ കുടിയേറ്റം. പെട്രോ ഡോളറിന്റെ തണലില്‍ കേരളത്തെ ഏതാണ്ട് അമ്പത്‌ കൊല്ലമായി തീട്ടിപോറ്റി കൊണ്ടിരിക്കുന്നതും ഗള്‍ഫ്‌ മേഖലയില്‍ നിന്നും എത്തുന്ന പണമാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ 20 ലക്ഷത്തിലധികം വരുന്ന ഗള്‍ഫ്‌ മലയാളികളെ കുറിച്ചുള്ള ചര്‍ച്ചകളത്രയും നിക്ഷേപമിറക്കുന്നതിനെ കുറിച്ചും അതിനോടു ബന്ധപ്പെട്ടു രൂപപ്പെടുന്ന ഊഹകച്ചവടത്തെ ചുറ്റിപറ്റിയും വോട്ട്‌ ബാങ്ക് രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചു വഴിതെറ്റി സഞ്ചരിക്കുകയാണ്. എത്ര പേര്‍ ഗള്‍ഫ്‌ മേഖലയില്‍ കഴിയുന്നുണ്ട് എന്ന കണക്കുപോലും ശേഖരിക്കാനാവാത്ത ഗവണ്മെന്റിനു മുന്നിലാണ് പ്രവാസികള്‍  വോട്ടവകാശം തേടി കാത്തുകിടക്കുന്നത്. ഇന്നും ഗള്‍ഫ്‌ മലയാളികളുടെ ജീവിത നിലവാരത്തെ വിലയിരുത്തുന്നത് സമ്പന്ന ജീവിതം നയിക്കുന്ന അഞ്ചു ശതാമാനം  വരുന്നവരുടെ ഗണത്തിലാണ്. അതുകൊണ്ട് തന്നെയാണ് പ്രവാസി ചര്‍ച്ചകളത്രയും നിക്ഷേപ സാധ്യതകള്‍ തേടി പോകുന്നത്. ആ വഴിയില്‍ ഏറെ ലാഭങ്ങള്‍ കൊയ്യാനാവുമെന്നതിനാല്‍ ദൃശ്യ ശ്രാവ്യ പത്ര മാധ്യങ്ങള്‍ പലരും ഈ ചര്‍ച്ചകള്‍ മൊത്തം പ്രവാസികളുടെ പ്രശ്നമായി അവതരിപ്പിക്കുന്നത്. കുടിയേറ്റത്തെ കുറിച്ച് സി.ഡി.എസിന്റെ (സെന്റെര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ്) പഠനങ്ങള്‍ ഒഴിച്ചാല്‍ മറ്റു കാര്യക്ഷമായ പഠനങ്ങള്‍ ഒന്നും തന്നെയുണ്ടായിട്ടില്ല. അതും പ്രവാസികളുടെ സാമ്പത്തിക നിലവാരത്തെയും അതിനോട് ബന്ധപ്പെട്ട ജീവിതത്തെയും തൊഴില്‍ രംഗത്തെയും കുറിച്ചായിരുന്നു.


മറ്റുള്ള മേഖലകളില്‍ കഴിയുന്ന പ്രവാസികളില്‍ നിന്നും ഗള്‍ഫ്‌ മേഖലയില്‍ കഴിയുന്ന പ്രവാസികള്‍ നേരിടുന്നത് വെത്യസ്തവും ഏറ്റവും പ്രതികൂലമായ സാഹചര്യ വും ജീവിതത്തോട് കൂട്ടികെട്ടാന്‍ നിര്‍ബന്ധിതാവസ്ഥയില്‍ കഴിയുന്നവരാണ്. അതുകൊണ്ട് തന്നെ അവരുടെ മാനസിക സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും വളരെ അധികമാണ്. എന്നാല്‍ നമ്മുടെ മലയാള സാഹിത്യത്തിലോ സിനിമയിലോ നാടകത്തിലോ ഗള്‍ഫ്‌ മലയാളികളുടെ ഉള്ളറിയുന്ന കഥാപാത്രങ്ങള്‍ വളരെ കുറച്ചേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ പൊങ്ങച്ചക്കാരായും കോമാളികളായും പലതവണ ഗള്‍ഫുകാരന്‍ തിരശ്ശീലയിലും മറ്റും അവതരിക്ക പെട്ടിട്ടുമുണ്ട്. ഗള്‍ഫ്‌ മലയാളികളുടെ മാനസിക പ്രശ്നങ്ങളെ കുറിച്ച് മന:ശാസ്ത്രപരമായ ഒരു പഠനം ഇതുവരെ എന്തുകൊണ്ട് ഉണ്ടായില്ല എന്നത് ചിന്തിക്കേണ്ട വിഷയമാണ്. പൊതു കക്കൂസികളിലും തീവണ്ടിയുടെ കമ്പാര്‍ട്ട്‌മെന്റിലും ബസ്‌ സ്റ്റാന്റിലും മലയാളി എഴുതി വരച്ചു കൂട്ടുന്ന അശ്ലീലങ്ങളും അതെഴുതി വെക്കുന്നവരുടെ മാനസിക വൈകല്യങ്ങളെ കുറിച്ച് വരെ പഠനങ്ങള്‍ നടത്തി മുഖ്യധാരാ മാധ്യമങ്ങളില്‍ തന്നെ അച്ചടിച്ച്‌ വന്നിട്ടുണ്ട് എന്നത് ഇതിനോട ചേര്‍ത്ത്‌ വായിക്കേണ്ടതാണ്. (മലയാളിയുടെ നിരീക്ഷണ പാടവത്തെ ഇവിടെ ചുരുക്കി കാണുന്നില്ല) എന്നാല്‍ ലക്ഷക്കണക്കിന് വരുന്ന ഗള്‍ഫ്‌ മലയാളികള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍ വിലയിരുത്തുവാനോ പഠനങ്ങള്‍ നടത്തുവാനോ മനസിലാകുവാനോ പ്രവാസികളുടെ കുടുംബമോ, സമൂഹമോ, ഭരണകൂടാമോ തയ്യാറാവുന്നില്ല എന്നത് വേദനാജനകമായ കാര്യമാണ്. ഗള്‍ഫ്‌ മലയാളികള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നം അവന്റെ ഒറ്റപെടല്‍ തന്നെയാണ്. ജന്മനാടും ഭാഷയും സ്വത്വവും അകലുന്ന എന്നാല്‍ മറ്റൊരു സംസ്കാരത്തിലേക്ക് ലയിക്കാനുമാകാത്ത അവസ്ഥ. എന്നും നഷ്ടപെടാവുന്ന തൊഴില്‍, അങ്ങനെ സംഭവിച്ചാല്‍ വേരുകള്‍ പറിച്ചു നടാന്‍ പറ്റിയ സാഹചര്യമില്ലാത്ത ജന്മനാട്. ഇതിനിടയില്‍ നൂലുപോട്ടിയ  പട്ടമായി കാറ്റിന്റെ ഗതിക്കനുസരിച്ച് പരന്നുകൊണ്ടിരിക്കുന്ന എപ്പോഴും ചെളികുണ്ടിലേക്ക് മൂക്കുകുത്തി വീഴാന്‍ തയ്യാറായികൊണ്ട് കാത്തിരിക്കുന്ന വല്ലാത്ത ഒരു അവസ്ഥ. ഈ യാഥാര്‍ത്ഥ്യം ഒരു നിഴലായി ഓരോ ഗള്‍ഫ്‌ മലയാളിയും നിരന്തരം പിന്തുടരുന്നു. എന്നാലും ആശയറ്റ തൊഴില്‍രഹിതനായ മലയാളി യുവതീ യുവാക്കലുനെ സ്വപ്ന ഭൂമിയാണിന്നും ഗള്‍ഫ്‌.

ഏറെ ത്യാഗങ്ങള്‍ സഹിച്ചു പ്രതികൂല സാഹചര്യങ്ങളെ തന്റെ ജീവിതവുമായി കൂട്ടികെട്ടി വളരെ കഷ്ടപെട്ട് ഉണ്ടാക്കിയെടുത്ത നേട്ടത്തെ സംശയത്തോടെ വീക്ഷിച്ച ഭരണാധികാരികള്‍ നമുക്കിടയില്‍ ഉണ്ട്. സമൂഹത്തിന്റെ അസന്തുലിതാവസ്തക്ക് കാരണം ഈ പെരും ചൂടില്‍ ജോലി ചെയ്ത്‌ വലിയോരു സമൂഹത്തെ തീറ്റിപ്പോറ്റിയാതിനാലാണ് എന്ന പഴിയും കേള്‍ക്കേണ്ടിവന്നു. ഇങ്ങനെ ഏറെ പഴികള്‍ കേട്ടും പരിഹസിക്കപെട്ടും തെട്ടിദ്ധരിക്കപെട്ട ഗള്‍ഫ്‌ മലയാളികളുടെ ജീവിത പശ്ചാത്തലം കൃത്യമായി വായിച്ചെടുക്കാന്‍ കേരളം മറന്നു പോയി എന്നതാണ് സത്യം. വളരെ വ്യത്യസ്തമായ ജീവിതാനുഭവങ്ങളിലൂടെയാണ്  ഓരോ ഗള്‍ഫ്‌ മലയാളിയും സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ അവസ്ഥയെ അതിന്റെ ആഴത്തിലും തീഷ്ണതയിലും നിര്‍വചിക്കുക ഏറെ പ്രയാസമാണ്. തന്റെ വേദനകള്‍ പങ്കിടാന്‍, അത് മനസിലാക്കാന്‍ തന്റെ ചുറ്റുവട്ടത്‌ ആരും തന്നെയില്ല എന്ന അവസ്ഥയാണ് ഒട്ടുമിക്കവരും അനുഭവിക്കുന്നത്. പലര്‍ക്കും മനസ് തുറക്കാന്‍ ഒരു നല്ല കൂട്ടുകാരനോ കൂട്ടുകാരിയോ ഇല്ല, ഇരുപതു വര്‍ഷം ഗള്‍ഫില്‍ കഴിഞ്ഞ ഒരാള്‍ താനെ കുടുംബവുമായി ആകെ കഴിഞ്ഞത് രണ്ടു വര്‍ഷത്തില്‍ താഴെ മാത്രമായിരിക്കും. ബാക്കി വരുന്ന 18 കൊല്ലവും മേല്‍പറഞ്ഞ എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി കഴിയുന്നു. അങ്ങനെ ഒരാളുടെ ഏറ്റവും യൌവ്വന തീഷ്ണമായ കാലങ്ങള്‍ മരുഭൂമിയോട്‌ മല്ലിട്ട് ഉരുകി തീര്‍ക്കുന്നു. സ്വന്തം മക്കളുടെ കൊച്ചു കുസൃതികള്‍ കാണാനാവാതെ അവന്‍ അതിനെ മനസ്സിലിട്ട് താലോലിക്കുന്നു. രണ്ടു വര്‍ഷത്തിലോ മറ്റോ കുടുംബത്തിലെത്തി ഒന്നോ രണ്ടോ മാസം മാത്രം നിന്ന് തിരിച്ചു പോകുന്ന പിതാവ് പലപ്പോഴും കൊച്ചു മക്കള്‍ക്ക്‌ ഒരപരിചിതന്‍ മാത്രമായി മാറുന്നു.

മുതലാളിത്തം പടച്ചുവിട്ട ലോകക്രമത്തോടൊപ്പം ഓടിയെത്താന്‍ വെമ്പുന്നവരാണ് ഭൂരിപക്ഷം വരുന്ന ഗള്‍ഫ്‌ മലയാളികളും. മധ്യവര്‍ഗത്തോടൊപ്പമോ അതിനു മീതെയോ സഞ്ചരിക്കാനാണ് എന്നും ഗള്‍ഫ്‌ മലയാളികള്‍ ശ്രമിച്ചിട്ടുള്ളത്‌. മധ്യവര്‍ഗ്ഗത്തിലേക്കടുക്കാന്‍ വെമ്പുന്ന മനസ്സ് പ്രവാസികളില്‍ തങ്ങി കിടക്കുന്നതിനാലാണ് ഒട്ടേറെ വ്യവഹാരിക സമ്മര്‍ദ്ദങ്ങള്‍ക്ക് ഇട നല്‍കുന്നത്. ജീവിത നിലവാരം കൂടുതല്‍ മെച്ചപ്പെടുത്താനായി കൂടുതല്‍ കൂടുതല്‍ കടക്കെണിയിലേക്ക് വഴുതിപോകാനുള്ള വ്യഗ്രത ഗള്‍ഫ്‌ മലയാളികളില്‍ പറ്റിച്ചേര്‍ന്നു നില്‍ക്കിന്നു. മുതലാളിത്തത്തിന്റെ സാമ്പത്തിക സാങ്കേതിക തന്ത്രങ്ങളില്‍ ഒന്നായ ക്രെഡിറ്റ്കാര്‍ഡ് വലയില്‍ ഇരയാകുന്നവരില്‍ ഏറെയും വിദ്യാസമ്പന്നരായ പുതുതലമുറയിലെ ഗള്‍ഫ്‌ മലയാളികളാണ്. കടം പെരുകി ആത്മഹത്യയിലേക്ക് വഴി തെറ്റുന്ന പ്രവണത ഗള്‍ഫ്‌ മലയാളികളില്‍ ഏറി വരികയാണ്. സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ കഴിയാതെ ക്രെഡിറ്റ്കാര്‍ഡ് വിളമ്പുന്ന പ്രലോഭനങ്ങളില്‍ വീഴുന്നതിന്റെ ഫലമാണ് ഇത്. ഈ മാനസിക വൈകല്യത്തെ തടുത്തു നിര്‍ത്താനുള്ള സാമൂഹിക ബോധം ഗള്‍ഫ്‌ മലയാളികളില്‍ നിന്നും അകലുകയാണോ? ലോകത്ത്‌ തന്നെ ഏറ്റവും വലിയ ബാച്ചലര്‍ സമൂഹം താമസിക്കുന്ന ഇടം ചിലപ്പോള്‍ ഗള്‍ഫ്‌ മേഖല ആയിരിക്കും.


ഈ ഒറ്റപെടലിനിടയില്‍ അവന് / അവള്‍ക്ക് നഷടമാകുന്ന ഒന്നുണ്ട് അത് അവരുടെ ദാമ്പത്യ ജീവിതമാണ്. മനുഷ്യന്റെ ആരോഗ്യത്തിനേയും, ആയുസ്സിനേയും, വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് ആരോഗ്യകരമായ ലൈംഗികത. എന്നാല്‍ കുടുംബമുണ്ടാകുംപോലും അവരില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന അവസ്ഥ അഭിമുഖീകരിക്കുന്നവര്‍ അവന്റെ / അവളുടെ ലൈംഗികതയെ അടിച്ചമര്‍ത്തുകയാണ്. ബാഹ്യമായി ഇത് പ്രകടമാകുന്നില്ല എങ്കിലും മാനസികമായി ഒരുപാട് പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ട്. (ചിലര്‍ ആരോഗ്യകരമല്ലാത്ത രീതിയിലൂടെ ഇതിനെ മറികടക്കാന്‍ ശ്രമിക്കുന്നുണ്ട് എങ്കിലും ബന്ധത്തിന്റെ മൂല്യവും സദാചാര ബോധവും പവിത്രമായ കുടുംബ സങ്കല്‍പ്പവും ഉള്ള ഭൂരിപക്ഷം പേരും ഇത്തരം വളഞ്ഞ വഴി സ്വീകരിക്കാറില്ല. മാത്രമല്ല ഇത്തരം ബന്ധങ്ങള്‍ ഒക്കെ തന്നെ പലപ്പോഴും തകര്‍ച്ചയിലേക്കാണ് എത്തിച്ചേരുന്നത്) ഇതേ ഒറ്റപെടലിന്റെ അവസ്ഥ തന്നെ ഇവരുടെ ജീവിത പങ്കാളിയും അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് ഗള്‍ഫ്‌ മേഖലകളില്‍ ഭൂരിപക്ഷവും പുരുഷന്മാരാണ് ജോലി തേടി എത്തിയിട്ടുള്ളത്‌. ഇവരുടെ ഭാര്യമാര്‍ നിരവധി മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. സാധാരണ കുടുംബത്തില്‍ കഴിയുന്ന സ്ത്രീക്ക് കുടുംബം നോക്കി നടത്തുകയും അതിനോട് ബന്ധപ്പെട്ട് വരുന്ന പ്രശ്നങ്ങള്‍, കടങ്ങള്‍ എല്ലാം തരണം ചെയ്തു വേണം ജീവിതം മുന്നോട്ട് നീക്കാന്‍. അതിനിടയില്‍ അവര്‍ അടിച്ചമര്‍ത്തിവെക്കുന്ന ലൈംഗികത അവരറിയാതെ തന്നെ മനസ്സിനെയും ബാധിക്കുന്നുണ്ട്. അതിന്റെ ഫലമായി വിവിധ രോഗങ്ങള്‍ക്ക് അവര്‍ അടിമപ്പെടുന്നു. മുപ്പത്‌ നാല്‍പ്പത്‌ വയസ്സ് ആകുംപോഴേക്കും ഒട്ടുമിക്ക സ്ത്രീകള്‍ക്കും പുറം വേദന ശരീര തളര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ നിരന്തരം കണ്ടു വരുന്നു. മാനസികമായ അടിച്ചമര്‍ത്തലിന്റെ ഫലമാകാം ഇത്. ഈ വിഷയത്തെ പറ്റി ശാസ്ത്രീയമായ ഒരു പഠനം തന്നെ നടത്തേണ്ടിയിരിക്കുന്നു.


ഗള്‍ഫ്‌ മലയാളികള്‍ വിവര സാങ്കേതിക രംഗത്തെ കുറിച്ച് ഏറെ വിശാല മനസ്സ്‌ കാണിക്കുമ്പോള്‍ തന്നെ മാനവിക വിഷയങ്ങളില്‍ എത്തുമ്പോള്‍ ഇടറാറുള്ളതായി കാണാം. ഇത് അരാഷ്ട്രീയ വല്ക്കരണത്തിന് വഴി തുറക്കുന്നു ഇത്തരം മനസുകള്‍ ചെന്നെത്തിപ്പെടുന്നത് അരാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും വര്‍ഗ്ഗീയ ചേരികളിലുമാണ്  ഗള്‍ഫ്‌ മലയാളികളുടെ ഈ രാഷ്ട്രീയ നിസ്സംഗത മുതലാളിത്തം വളരെ നന്നായി ഉപയോഗിക്കുന്നുണ്ട്. വര്‍ഗ്ഗീയതയുടെ വേരുകള്‍ അറേബ്യന്‍ മണ്ണില്‍ വസിക്കുന്ന മലയാളികള്‍ക്കിടയില്‍ എങ്ങിനെയെങ്കിലും വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പക്ഷങ്ങള്‍ എന്നും നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ട്. മാറിവരുന്ന ലോക സാഹചര്യങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടായികൊണ്ടിരിക്കുന്ന രാഷ്ട്രീയ വ്യതിയാനങ്ങളും ഇത്തരക്കാരെ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഈയടുത്ത കാലത്തായി പത്രങ്ങളിലും, പൊതു ഇടങ്ങളിലും കാണുന്ന  താമസിക്കാന്‍ മുറികള്‍ ഒഴിമുകള്‍ ഉണ്ടെന്ന പരസ്യം നിരീക്ഷിച്ചാല്‍ ഈ വ്യത്യാസം മനസിലാകാം. മുസ്ലീം മാത്രം ഹിന്ദു മാത്രം, ക്രിസ്ത്യന്‍ മാത്രം എന്നിങ്ങനെ വേര്‍തിരിച്ചു പരസ്യപ്പെടുത്തുന്നു. ഗള്‍ഫ്‌ മലയാളികള്‍ക്കിടയില്‍ ഈ മാനസികാന്തരം എങ്ങനെ രൂപപെട്ടു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ സങ്കുചിതാവസ്തയുടെ പ്രത്യാഖാതങ്ങള്‍ വരും നാളുകളില്‍ കൂടുതല്‍ പ്രകടമാകും.

കുളങ്ങളും അരുവികളും പച്ചവിരിച്ച പാടങ്ങളും ചെറു നീരുറവയും ഒഴുകുന്ന ചോലകളും അടങ്ങിയ ഗ്രാമീണ ദൃശ്യങ്ങള്‍ ഗള്‍ഫ്‌ മലയാളിയുടെ ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്നുണ്ട് എങ്കിലും ഇവരുടെ യഥാര്‍ത്ഥ ജീവിതത്തില്‍ പകര്‍ത്തുവാനും പ്രകൃതിയെ നിലനിര്‍ത്തുവാനും ഉള്ള ശ്രമം വളരെ കുറവാണ് എന്നത് മനസിലാക്കുവാന്‍ കേരളത്തിലെ ഗള്‍ഫ്‌ ഭവനങ്ങളും പരിസരവും വീക്ഷിച്ചാല്‍ മനസിലാകും. പ്രകൃതിയെ കുറിച്ച് ഏറെ വാചാലമാകുകയും പ്രകൃതിയെ ഗുരുതരമായി ബാധിക്കുന്ന വികസന പദ്ധതികളെ നിര്‍ലോഭം പിന്തുണക്കുകയും ചെയ്യുന്ന ചാഞ്ചാടുന്ന മനസ്സ്‌ പെരുന്നവരാന് ഇന്നത്തെ ഒട്ടുമിക്ക ഗള്‍ഫ്‌ മലയാളികളും. അതുകൊണ്ടാണ് അതിസമ്പന്നതയില്‍ കഴിയുന്ന അറേബ്യന്‍ നഗരങ്ങളെ താരതമ്യപ്പെടുത്തി അത്തരത്തിലുള്ള വികസനമാണ് നമുക്കും വേണ്ടത് എന്ന ചിന്ത വളരുന്നത്.

കുടുംബവുമായി അകന്നു കഴിയുന്ന ഗള്‍ഫ്‌ മലയാളികളുടെ മാനസികാവസ്ഥയെ കുറിച്ച് വിശദമായ ഒരു പഠനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആത്മഹത്യയിലേക്കും, അരാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്കും, വര്‍ഗ്ഗീയ ചെരികളിലേക്കും മറ്റും ചെന്നെത്തിപ്പെടാതെ കൃത്യമായ രാഷ്ട്രീയ ബോധമുള്ള ഒരു സമൂഹമായി നിലനില്‍ക്കേണ്ടത് കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സുസ്ഥിരതയ്ക്കും ഭദ്രതയ്ക്കും അനിവാര്യമാണെന്ന ബോധം ഗള്‍ഫ്‌ മലയാളികളിലും ഒപ്പം കേരളത്തില്‍ ഉള്ളവരിലും ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനു കണ്ണില്‍ പൊടിയിടുന്ന പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമല്ല വേണ്ടത്‌, ഗള്‍ഫ്‌ മലയാളികളുടെ യഥാര്‍ത്ഥ പ്രശ്നത്തെ മനസ്സിലാക്കി അതിനുള്ള പരിഹാരമാണ്. കേരളത്തില്‍ നിക്ഷേപമിറക്കാന്‍ അവസരമില്ലാത്തതല്ല ഗള്‍ഫ്‌ മലയാളിയുടെ യഥാര്‍ത്ഥ പ്രശ്നം മറിച്ച് അവന്റെ ജീവിതം തന്നെയാണ് എന്ന തിരിച്ചറിവാണ് ഓരോരുത്തര്‍ക്കും, ഒപ്പം കുടുംബങ്ങള്‍ക്കും, ഭരണകൂടങ്ങള്‍ക്കും ഉണ്ടാവേണ്ടത്. മാനസിക പിന്തുണയാണ് അത്യാവശ്യം, നിര്‍ഭാഗ്യവശാല്‍ ഗള്‍ഫ്‌ മലയാളികള്‍ക്ക്‌ എവിടെയും ലഭിക്കാതെ പോകുന്നതും അതാണ്‌

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...