17 Jun 2012

ആഭിജാത്യം/നോവല്‍


ശ്രീദേവിനായര്‍

2 
ശബ്ദകോലാഹലങ്ങളുടെ ഓരോദിനവും അടര്‍ന്നുവീണുകൊണ്ടേയിരുന്നു.
യാന്ത്രികമായി തമ്മില്‍ കണ്ടുമുട്ടുന്നവരും,ഊണുമേശയുടെ മുന്നില്‍മാത്രം
പുഞ്ചിരിക്കുന്നവരും!പ്രഭാതം മുതല്‍ ജോലിത്തിരക്കിന്റെ ഭാവമായിരുന്നു
ഭര്‍ത്താവിന്.ഇടയ്ക്ക് വീട്ടില്‍ നിന്നും അമ്മയും അച്ഛനും വന്നുപോയി.മകളുടെ
സമ്പന്നതയില്‍ സന്തോഷിച്ചായിരിക്കാം അവര്‍ പോയത്.അറിയില്ലാ...
നാട്ടിലെ കുബേരകുടുംബത്തിലെ ഏക ആണ്‍ തരിയുടെ വധു തങ്ങളുടെ
മകള്‍ ആയതില്‍ അവര്‍  വളരെ സന്തോഷിക്കുന്നുണ്ടാകണം!

ഭര്‍ത്താവിന്റെ അമ്മയെന്ന കുടുംബനാഥയെ ക്കാണാന്‍ ദിവസത്തില്‍
ഒരു തവണ മാത്രമേ ഭാഗ്യംകിട്ടിയിരുന്നുള്ളു.രാവിലെ പൂജമുറിയില്‍
നില്‍ക്കുമ്പോള്‍ മാത്രം.ഒന്നു പുഞ്ചിരിക്കും  ഒരു കുശലം  അത്രതന്നെ.
ഒരു ദിവസം പൂജ കഴിഞ്ഞു പോകും വഴി തിരിഞ്ഞു നിന്നുമുഖത്തുനോക്കി
പിന്നെ പുഞ്ചിരിച്ചു . അടുത്തുവന്നു താടിയില്‍ പിടിച്ചു സന്തോഷത്തോടെ
പറഞ്ഞു.നീഒരു കൊച്ചുസുന്ദരിയാ,ദേവി   നിനക്കു ഇവിടെ  സുഖം തന്നെയല്ലേ?
എന്തെങ്കിലും വേണമെങ്കില്‍  പറയണം കേട്ടോ?നീഭാഗ്യവതിയാ....
അതിശയം തോന്നി.എന്താ അമ്മായി അങ്ങനെ പറഞ്ഞത്?തനിയ്ക്ക്
ഇതൊരു ഭാഗ്യമായി  തോന്നിയില്ല.പതിനാറിന്റെ നിറവില്‍ തനിയ്ക്ക്
ഭാഗ്യ നിര്‍ഭാഗ്യങ്ങളെ തിരിച്ചറിയാന്‍ കഴിയുന്നുമില്ല.

രാവിലെ മുതല്‍ കാര്യസ്ഥന്‍ കുറുപ്പ് സ്റ്റോര്‍  മുറിയില്‍ ഒരേനില്‍പ്പാണ്.
ഓട്ടുരുളി മുതല്‍ പലതരം പാത്രങ്ങളും അടുക്കി പ്പെറുക്കി വയ്ക്കാന്‍ സഹായിച്ച്
കൂട്ടത്തില്‍ ഒരു യുവതിയും.തന്റെ ഏതോ ഒരു നാത്തൂനാണ് അത് എന്നറിയാം.
 വിവാഹത്തിന് ഒപ്പം നിന്ന് ഫോട്ടോയെടുത്തപ്പോള്‍ താന്‍
മനസ്സിലാക്കിയതാണ്.ഒന്‍പത് നാത്തൂന്‍ മാരും ഒപ്പം തന്റെ ഭര്‍ത്താവെന്ന
ഏക പുരുഷപ്രജ രവിമേനോന്‍ എന്ന സഹോദരനും!തന്നെ കണ്ട് നാത്തൂന്‍
ഒന്നു ചിരിച്ചു സ്വന്തം പണിതുടര്‍ന്നു കൊണ്ടേയിരുന്നു. കാര്യസ്ഥന്‍ ഒന്ന്
അമ്പരന്നു.പിന്നെ പറഞ്ഞു തുടങ്ങി കുഞ്ഞേ ഇതൊക്കെ അങ്ങു മാവേലിക്കരയിലേയ്ക്ക്
കൊടുത്തു വിടാനാ. ഇവിടെക്കിടന്ന് വെറുതേ  പാഴാകേണ്ടല്ലോ?
ഞാനും ഒന്നു ചിരിച്ചു. എനിയ്ക്കെന്താ ഇതിലൊക്കെ അവരുടെ സ്വത്ത്.
അവര്‍ എന്തുവേണമെങ്കിലും ചെയ്യട്ടെ..എന്ന മട്ടില്‍ നോക്കി നിന്നു.അന്നാണ് ആചേച്ചി
മാവേലിക്കരയിലാണു താമസമെന്ന് മനസ്സിലായത്.വല്ലപ്പോഴുമൊന്നു
അടുക്കളയില്‍ കയറാന്‍ അവസരം കിട്ടുമായിരുന്നു.അതും രവിയേട്ടന്റെ
നിര്‍ബന്ധപ്രകാരം. പക്ഷേ തന്റെ  സാന്നിദ്ധ്യം അവിടെ ആരും ആഗ്രഹിക്കുന്നില്ല.
ഇഷ്ടം പോലെ പണിക്കാരുള്ള ആവീട്ടില്‍ ചെറിയൊരു പെണ്‍കുട്ടി എന്തുചെയ്യാനാ?
വരുന്നതായിരം പോകുന്നതായിരം എന്ന കണക്കില്‍ സകലതും നടന്നുപോകുന്ന
ആ വീട്ടില്‍ എപ്പോഴും എല്ലാപേരും അറിയാത്ത എന്തിന്റെയോ ധൃതികളില്‍
ആയിരുന്നു .ജന്മികുടുംബങ്ങളില്‍ ഇങ്ങനെയായിരിക്കുമോ?അതിശയം തോന്നി.
രാത്രിമാത്രം രവിയേട്ടനെ കണ്ടു.(അതും സമപ്രായക്കാരി നാത്തൂന്‍ പറഞ്ഞുതന്ന
തനുസരിച്ചതാണ്..ദേവിയേച്ചി യിനി ഏട്ടനെ രവിയേട്ടാ എന്ന് വിളിച്ചാല്‍ മതി)
അല്ലെങ്കിലും താനുമായി അത്ര അടുത്ത ബന്ധമൊന്നു മില്ലല്ലോ അദ്ദേഹത്തിന്,
പിന്നെതാലികെട്ടിയ പുരുഷന്‍ ഭര്‍ത്താവാണെന്ന് ആരും പറഞ്ഞില്ലെങ്കിലും
തനിയ്ക്കറിയാം.അതിരാവിലെ പുറത്തുപോയാല്‍ രാത്രി വളരെ വൈകി വന്ന്  തന്നെ
ശല്യപ്പെടുത്താതെ ഉറങ്ങുന്ന  പാവം രവിയേട്ടന്‍.ബഹുമാനം തോന്നി തന്നെക്കാളും
ഒരുപാടു വയസ്സ് മൂപ്പുള്ള ഇദ്ദേഹത്തെ എങ്ങനെ ഏട്ടനെന്ന് വിളിക്കും?എങ്കിലും
ഒന്നിനും തന്നെ ഒപ്പംകൂട്ടാതെ ഒറ്റയ്ക്ക് സ്വന്തം കാര്യങ്ങള്‍ നോക്കുന്ന ഒരു പാകത
വന്ന മനുഷ്യനോട് താന്‍ എന്താണ് പറയുക?സ്വയം ആശ്വസിച്ചു.

ഇതാണോ വിവാഹ ജീവിതം?ആയിരിക്കാം ആരോട് ചോദിക്കണം.ആരുമില്ല.
പേടി തോന്നി എന്തുണ്ടെങ്കിലും സ്വയം നിയന്ത്രിക്കുക..അതല്ലേ...അച്ഛന്‍ പറഞ്ഞുതന്നത്.
ജാതകത്തില്‍ “അഷ്ടലക്ഷ്മിയോഗംഉള്ള ദേവി “  അതാണല്ലോ അച്ഛന്റെ മനസ്സില്‍
തന്നെപ്പറ്റിയുള്ള ചിന്തകള്‍ .അത് ഒരിക്കലും നിര്‍ഭാഗ്യമാവില്ല..അച്ഛന്‍ എപ്പോഴും
ഉരുവിടാറുള്ള മന്ത്രം.(അല്ലെങ്കില്‍ ഇത്ര ചെറുപ്പത്തിലേ ഇങ്ങനെയൊരു വിവാഹം..)
പലജന്മികുടുംബങ്ങളിലെയും യുവതികള്‍ മോഹിച്ച സ്ഥാനം മകളെത്തേടിയെത്തുമ്പോള്‍
ആരായാലും സന്തോഷിച്ചില്ലെങ്കിലേ അതിശയമുള്ളു.)

ഒന്നിനും ഒരു കുറവില്ല,എന്നാല്‍ എവിടെയോ എന്തോ ഒരു കുറവ്.പണിക്കാരി ജാനുവമ്മ
മിക്കപ്പോഴും പറയുക ഇതിനെയാണോ എന്ന് ഓര്‍ത്തപ്പോള്‍ ചിരിവന്നു.പാചകക്കാരി
പാറുവമ്മയ്ക്ക് ദിവസവും കിട്ടുന്ന സര്‍ട്ടിഫിക്കറ്റാണിത്.വയര്‍ നിറഞ്ഞ് കഴിഞ്ഞെന്തെങ്കിലും
പറയാതെ നാണിയമ്മ പോകാറില്ല.എല്ലാം കൊള്ളാം കേട്ടോ പാറുവമ്മേ പക്ഷെ
എന്തോ ഒരു കുറവ്  ഏതോ  ഒന്നിലുണ്ട് കേട്ടോ?നിത്യവും കേട്ട് കേട്ട് പാറുവമ്മ  ഇപ്പോള്‍
ഒന്നും പറയാറേയില്ല.പാറുവമ്മ പിറുപിറുക്കും പുറത്ത് കാട്ടാറേയില്ല.

തനിയ്ക്കു ഇഷ്ടം പോലെ സമയം,പക്ഷേ എന്തുചെയ്യണമെന്നറിയില്ല.ഒന്നിനും തോന്നാറുമില്ല.
കളിക്കോപ്പു ദൂരെയെറിഞ്ഞ് നിലത്തുകിടന്നുരുളുന്ന കുട്ടിയെപ്പോലെ മനസ്സ്
പ്രതികരിക്കാന്‍ വയ്യാതെ കരയുന്നതുപോലെ,എന്തൊക്കെയോ പറയണമെന്നുണ്ട്.
പക്ഷേ,ആരോട് പറയണം?കേള്‍ക്കാന്‍ ആരുണ്ട്?അമ്മ...അച്ഛന്‍..ഏട്ടന്‍    ...ആരുമില്ല.
വൈകുന്നേരത്തെ കുളികഴിഞ്ഞു സന്ധ്യാസമയത്തെ നാമജപത്തിനുള്ള  ഒരുക്കങ്ങള്‍
ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് കൈയ്യില്‍ തേച്ചു മിനുക്കിയ  നിലവിളക്കുകളുമായി
നാണിയമ്മ കോവണികയറി വരുന്നത് കണ്ടത്.പടികള്‍ കയറിയതിനാലാവണം അവര്‍  നല്ലപോലെ
കിതയ്ക്കുന്നുണ്ടായിരുന്നു.ഓടിച്ചെന്ന് വിളക്കുകള്‍ കൈയ്യില്‍ വാങ്ങുമ്പോള്‍ പാവം തോന്നി.
നാണിയമ്മ അവിടെയിരുന്നോളു.ഞാന്‍ വിളക്കൊരുക്കാം.തന്റെ വാക്കുകള്‍ കേട്ട് അവര്‍ ഒന്നു
ചിരിച്ചു .ബഹുമാനത്തോടെ തന്നെനോക്കി പടിയില്‍ തന്നെ നിന്നു.താന്‍ ചെയ്യുന്ന ഓരോ
കാര്യങ്ങളും ശ്രദ്ധയോടെ നോക്കി നിന്ന അവരെ താന്‍ തിരിഞ്ഞു നോക്കുമ്പോള്‍ കണ്ടു,
തന്നെക്കണ്ടിട്ടാകണം അവര്‍ ഒന്നു പരുങ്ങി വീണ്ടും ചിരിച്ചു,മോളെ  എന്തോരു ഐശ്വര്യമുള്ള
മുടിയാ ഇത്.തന്റെ മുട്ടറ്റം നീണ്ടു കിടക്കുന്ന തലമുടി തൊട്ട് തലോടി അവര്‍ പറഞ്ഞു.
ഞാന്‍ ചീകിത്തരാം .ഒരുങ്ങിയില്ലെങ്കിലും മോള്‍ സുന്ദരിയാ, പക്ഷേ തലമുടി പിന്നിയിടണം
കേട്ടോ?മുറ്റത്ത് നോക്കിയേ എത്രയാ പിച്ചിപൂത്തു നില്‍ക്കുന്നേ..നാണിയമ്മ കെട്ടിത്തരാം.
ആവാക്കുകള്‍ മനസ്സില്‍ തട്ടുന്നവയായിരുന്നു.ഈ വീട്ടില്‍ തന്നെസ്നേഹിക്കാന്‍ ഒരു അമ്മൂമ്മ
സന്തോഷം തോന്നി.മനസ്സു തുറന്നു കാട്ടാന്‍ ഇതുമതി.ആത്മാര്‍ത്ഥമായി ത്തന്നെ വിളിച്ചു.
നാണിയമ്മൂമ്മേ...(പണിക്കാരി നാണിയമ്മ അങ്ങനെ തന്റെ മനസ്സില്‍ അമ്മൂമ്മയായി)
തലമുടിയില്‍ വിരലോടിച്ചു നില്‍ക്കുന്ന അവരോട്  ചോദിച്ചു നാണിയമ്മൂമ്മേ,അമ്മൂമ്മയ്ക്ക്
സ്വന്തക്കാര്‍ അരുമില്ലേ?മക്കള്‍?..പക്ഷേ..മറുചോദ്യം കൊണ്ട് അമ്മൂമ്മ തന്റെ ചോദ്യനുത്തരം
തന്നു.മക്കളേ  നിങ്ങളൊക്കെത്തന്നെയല്ലേ  നാണിയമ്മയുടെ സ്വന്തക്കാര്‍!പിന്നെ യെന്തിനാ
വേറെ....പിന്നെ ഒന്നും ചോദിക്കാന്‍ തോന്നിയതുമില്ല,അമ്മൂമ്മ പറഞ്ഞതുമില്ല.
ഒന്നു മനസ്സിലായി  ഈ  ധനിക  കുടുംബത്തിലെ  ഓരോരുത്തരും അവരവരുടെ  രഹസ്യങ്ങള്‍
സൂക്ഷിക്കുന്നു.ഒന്നും പുറത്ത് അറിയിക്കാതെ സുഖമായി ജീവിക്കുന്നു...(അല്ലെങ്കില്‍ അഭിനയിക്കുന്നു)
പിന്നെ സ്വയം ആശ്വസിച്ചു തന്റെ തോന്നലാവണം പണക്കാരൊക്കെ ഇങ്ങനെയാവാം.
മനസ്സിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു ഒപ്പം പാവങ്ങളുടെ ഒരു പഴം ചൊല്ലിനെ ഓര്‍മ്മിച്ചെടുക്കാന്‍
ഒരു വൃഥാ ശ്രമം നടത്തി...അപ്പം തിന്നാല്‍ പോരെ,കുഴിയെണ്ണണോ?

സന്ധ്യാനാമത്തിന് ഇനിയും സമയമേറെ.രണ്ടാം നിലയിലെ ചെറിയ കല്‍ച്ചുവരിലിരുന്നു അങ്ങ്
അകലെ വളഞ്ഞു പുളഞ്ഞു പോകുന്ന പാതയിലോട്ട് നോക്കി.രവിയേട്ടന്‍ വരുന്നുണ്ടോ?
വരാന്‍ വൈകുമെന്നറിയാമെങ്കിലും,അടുത്തുണ്ടെങ്കില്‍ ഒരു സമാധാനം.രക്ഷകന്റെ ഭാവത്തിലുള്ള
ആ ഇരുപ്പില്‍ താന്‍ അദ്ദേഹത്തില്‍ ഒരു കാരണവരുടെ സാന്ത്വനം അനുഭവിക്കുന്നതുപോലെ!
ഒരു വാക്കില്‍,നോക്കില്‍  സ്പര്‍ശനത്തില്‍ താന്‍  സമാധാനം കണ്ടെത്തുന്നതുപോലെ!
സൂര്യന്‍ ഉദിക്കുന്നതും,ചന്ദ്രന്‍ ചിരിക്കുന്നതും കണ്ടു.രാത്രികള്‍ മിക്കവയും കണ്ണുനീരിന്റെ നനവ്
അറിഞ്ഞവയായിരുന്നു.കാരണമറിയാത്ത നോവിന്റെ വിങ്ങലില്‍താന്‍ തലയണയില്‍ മുഖമൊളിച്ച്
വിറങ്ങലിച്ച്കിടന്നു.പുലര്‍കാലത്തിന്റെ ഇളം കാറ്റ് തന്നെത്തേടിയെത്തിയത് ദൈന്യതയുടെ രൂപത്തിലാ
യിരുന്നു.എങ്കിലും അവയിലൊക്കെ പ്രതീക്ഷയുടെ മോഹങ്ങളുണ്ടായിരുന്നുവെന്ന് മനസ്സ് പറയുന്നതുപോലെ!
കണ്ണുതുറന്നു കിടന്ന് അരികെക്കിടക്കുന്ന രവിയേട്ടനെ ഉണര്‍ത്താതെ ആകാശത്തുനോക്കി സ്വപ്നങ്ങള്‍
മെനഞ്ഞു.നടക്കാത്ത സ്വപ്നങ്ങളുടെ ചില്ലുകൊട്ടാരങ്ങള്‍  !
സ്നേഹത്തിന്റെ നറും പാല്‍ നുകരാന്‍ തൊഴുത്തിലെ പശുക്കുട്ടികള്‍ കാത്തുനില്‍ക്കുന്നത് അവയുടെ
വിളികളില്‍ ക്കൂടെതാന്‍ മനസ്സിലാക്കുന്നുണ്ടായിരുന്നു.അങ്ങനെ തന്റെ ഒരു ദിവസംകൂടി ആരംഭിച്ചിരിക്കുന്നു!
----------------------------------------തുടരും...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...