17 Jun 2012

നമുക്ക്‌ മനുഷ്യരാവാം ...

ധനലക്ഷ്മി പി. വി.

കാലദേശങ്ങള്‍ പിന്നിട്ട്  ദിക്കുകള്‍തോറും
സ്നേഹത്തിന്‍റെ കഥകള്‍ പറഞ്ഞുനടന്ന കാറ്റ്‌
കറുത്ത രക്തം നിറഞ്ഞ ഹൃദയങ്ങള്‍
കണ്ടു കണ്ടു ചകിതയായ്, മനുഷ്യരെ തേടി
കരയ്ക്കും കടലിനും മീതെ അലയുകയാണ്

സൌഹൃദത്തിന്റെ അയല്‍പ്പക്കങ്ങള്‍പോലെ
അതിരുകളില്ലാത്ത കരകള്‍ ഏതു വെറുപ്പിന്‍റെ
കുടഞ്ഞെറിയലിലാവാം ചിതറിത്തെറിച്ചത്?
കാലമൊഴുക്കിയ കണ്ണീര്‍ സമുദ്രങ്ങളായോ?

ഭൂഖണ്ഡങ്ങളില്‍ നിന്നും ഭൂഖണ്ഡങ്ങളിലേയ്ക്ക്
യാത്രയാകുമ്പോള്‍ ചരിത്രത്തിന്‍റെ
അവകാശികള്‍ മതങ്ങളാണെന്നു കേട്ട്
കടലും കരയും ഒരുപോലെ ചിരിച്ചു

അന്നത്തിനും അധിനിവേശങ്ങള്‍ക്കും
മണ്ണിനെയും പെണ്ണിനെയും കീഴടക്കി
ഉയിര്‍പ്പിന്റെ അടയാളങ്ങള്‍ ബാക്കിയിട്ടു
മനുഷ്യര്‍  നടന്നുതീര്‍ത്ത വഴികളൊക്കെ
ജലമറ്റ്, കനിവറ്റ്‌, തണലറ്റ്, തരിശായി

പ്രാണന്‍ എടുത്തും, കൊടുത്തും
അതിരുകള്‍ നാം കാത്തു വെച്ചാലും
ഇനി ഏതു ഉല്‍ക്കയിലാവാം
കരകള്‍ വീണ്ടും കഷണങ്ങളാവുക ?
അതുവരേയ്ക്കും നമുക്കു ചുവന്ന
ഹൃദയമുള്ള മനുഷ്യരാവാം

ഇടവേളയുടെ ഇത്തിരി നിമിഷം
ഭൂമിയുടെ കനിവില്‍ നട്ടുവളര്‍ത്തി
ഇല്ലാത്തവന്റെയും വിശപ്പാറ്റി
സ്നേഹത്തിന്റെ വെള്ളിനിലാവില്‍
കലഹത്തിന്റെ കറുപ്പ് മായ്ച്ചു
നമുക്ക്‌ വെൺപ്രാവുകളെ സ്വപ്നം കാണാം

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...