അനീഷ് ഗോപാൽ
അരയാകുളങ്ങര അമ്പലമുക്കിനുള്ള ഗാന്ധി സ്മാരക ഗ്രന്ഥശാല ലക്ഷ്യമാക്കി നടക്കുമ്പോള്‍ സി. കെ. അച്യുതന്‍ എന്ന അച്ചുവേട്ടന്റെ പുസ്തകം മാത്രമായിരുന്നു ലക്ഷ്യം. മെമ്പര്‍ഷിപ് ഉണ്ടെങ്കിലും വല്ലപ്പോഴും മാത്രമായിരുന്നു എന്റെ സന്ദര്‍ശനം . ലൈബ്രേറിയന്‍ മോഹനേട്ടന് എല്ലാ പുസ്തകങ്ങളെയും പറ്റി നല്ല ധാരണയായിരുന്നു. എന്റെ ആവശ്യം അറിയിച്ചപ്പോള്‍ അദ്ദേഹം തന്നെ അച്ചുവേട്ടന്റെ നല്ലൊരു കഥ എടുത്തു തന്നു ‘ വേഷങ്ങള്‍ ‘ . എന്നോടായി പറയുകയും ചെയ്തു ‘ ഈ കഥയില്‍ കഥാകൃത്തിന്റെ ആന്മാംശം ഉള്ള ഒരു കഥാപാത്രമുണ്ട് , നല്ലപുസ്തകം വായിക്കൂ…’. സന്തോഷത്തോടെ ഞാനത് വാങ്ങി , വായിച്ചു തീര്‍ക്കാനുള്ള ആവേശത്തോടെ വീട്ടിലേക്കു നടന്നു.
ആമുഖം വായിച്ചപ്പോള്‍ തന്നെ കഥയിലൂടെ സഞ്ചരിക്കാന്‍ വല്ലാത്തൊരാവേശം തോന്നി , ഓരോ അധ്യായങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും അത് അച്ചുവേട്ടന്റെ കഥയാണ് എന്ന് തോന്നിപ്പോയി. അദ്ദേഹം മരിച്ചതിനു ശേഷം കേട്ട കഥകള്‍ പലതും ഒരുപക്ഷെ ഈ കഥ വായിച്ചവര്‍ പ്രച്ചരിപ്പിച്ചതാവം .കഥയുടെ പകുതിയിലെത്തുമ്പോള്‍ മനസ്സിലാകും ആ മനുഷ്യന്‍ ജീവിതത്തില്‍ എത്രത്തോളം ഒറ്റപ്പെട്ടിരുന്നു എന്ന്. ഒരു പക്ഷെ ഈ കഥ മാത്രമാവും ഇത്ര ശ്രദ്ധയോടെ ഒറ്റ ഇരുപ്പില്‍ ഞാന്‍ വായിച്ചു തീര്‍ത്തത്. പുസ്തകം മടക്കി വച്ച് ഉമ്മറത്തെ തിണ്ണയില്‍ ഇരിക്കുമ്പോഴും പല കഥാ സന്ദര്‍ഭങ്ങളും മനസ്സിലൂടെ കടന്നു വരുന്നു. ചില വരികള്‍ വലിയ വലുപ്പത്തില്‍ തെളിഞ്ഞു നില്‍ക്കുന്നു.
ആ കഥയുടെ അവസാന ഭാഗം അച്ചുവേട്ടന്‍ ഇങ്ങനെ എഴുതി തീര്‍ത്തിരിക്കുന്നു ‘ വേഷങ്ങള്‍ വേണമെന്നില്ല ഇനി ആടാന്‍ പക്ഷെ എന്നിലെ ജീവന്‍ എന്ന ശത്രു വേഷങ്ങള്‍ തന്നുകൊണ്ടേയിരുന്നു . ഓടിയോളിച്ചിട്ടും നിഴല്ക്കൂത്തായി നീയെന്നെ വെട്ടയാടികൊണ്ടേയിരുന്നു. ചാരുകസാലയിലിരുന്ന എന്റെ ചിന്തകള്‍ തിരിച്ചറിഞ്ഞ തെക്കേ പറമ്പിലെ മൂവാണ്ടന്‍ മാവ് അരുതേ എന്ന് കൈകൂപ്പി നിന്നു ‘ .