സൈനുദ്ദീന്‍ ഖുറൈഷി
കണ്ണീര്‍ തുടയ്ക്കുക, ഹൃത്തടം
കത്തിയാളുമാ കനല്‍ചൂട്
കെടാതെ കാത്ത് വെക്കുക.
മരണവിത്തുകളുണ്ട് മുളക്കാന്‍
ചോര കുതിര്‍ത്ത മണ്ണിനടിയില്‍.
മണ്ടകത്തൊരു കയറിന്‍ ബലത്തി-
ലണ്ഡകടാഹങ്ങളെ കണ്ടാര്‍ത്ത നാദ-
ത്താലൊരു ചോരപ്പെയ്ത്തിലറുത്ത്
മാറ്റിയ പൊക്കിള്‍കൊടിയാണ് ഞാന്‍.
ചങ്ക് പൊട്ടിക്കാണുമീ കാഴ്ചയില്‍ നിന്ന്
നിര്‍മ്മലമാ കണ്ണുകളെടുത്തേക്കുക.
അമ്മച്ചൊല്ലിന് കാത് നല്‍കാതെ
സമത്വവായ്താരിയുടെ ചെമ്പട്ടുടുത്ത്
കോമരമായ് തുള്ളിയുറഞ്ഞവന്‍ ഞാന്‍.
ഭഗോതിപ്പൊരുള്‍ വെളിപ്പെട്ട് ഭ്രാന്തിന്‍
ചിലമ്പുമരമണിയുമണിഞ്ഞരുളപ്പാടില്‍
പരിക്രിയകള്‍ക്ക് ചുടുചോര ചോദിക്കും
തിരുവാളിന്‍ മൂര്‍ച്ചയിലൊതുങ്ങിയവന്‍.
സഖേ.., മിഴിയിണയടയ്ക്കുക, മനക്കണ്ണില്‍
തിരക്കില്‍ മറന്ന് വെച്ചൊരാ പ്രണയവും
ചിരികളും ഓര്‍ത്തോര്‍ത്തെടുക്കുക, ഇമ-
തുറക്കാതങ്ങിനിരിക്കുക, നിണമെഴുതിയ
വികൃതമാം ചുവരെഴുത്തുകളിന്ന് ഞാന്‍.
മകനേ..വിതുമ്പാതിരിക്കുക, പതുക്കെയെന്‍
വിരല്‍ തുമ്പില്‍ പിടിക്കുക,യറ്റു പോയതിന്‍
ബാക്കിയില്‍ ജീവന്‍റെ ചെറുകണികയുണ്ടെ-
ങ്കിലുണര്‍ന്ന് നടക്കാം നിനക്കൊപ്പമൊന്ന് കൂടി.
ഭയമില്ലിനി നിരാശയും; ശവം തീനികളാം
ഭരണ-മാധ്യമാരണ്യകങ്ങളിലുഗ്ര മൂര്‍ത്തിയാം
യൂദാസിന് കുരുതിയായാലു,മാകാതിരിക്കുക
മറ്റൊരു യൂദാസ്, കുരിശേറുക കൃസ്തുവായ്.
സമരഭൂവിലുയിരറ്റവരുണരട്ടെ, തീതെയ്യങ്ങളായ്
പടര്‍ന്നാടട്ടെ, കപട തീപന്തങ്ങള്‍ വിഴുങ്ങട്ടെ
കിനാവിലെ വിപ്ലവമെത്രയോ അകലെയെങ്കിലു-
മകലമേയില്ല ഗാന്ധിയില്‍ നിന്ന് ഗോഡ്സെയിലേക്ക്,
സഖാവില്‍ നിന്ന് ഒറ്റുകാരനാം യൂദാസിലേക്ക്.
*************************************