ഭ്രാന്ത്

ലീല എം.ചന്ദ്രൻ

ഭ്രാന്താണത്രെയെനിക്ക്  ,യെന്‍
ചിന്തയില്‍ പുളയ്ക്കുന്നു പുഴുക്കള്‍.
തെരുവിലൂ ടലയുവാന്‍ വയ്യ,
കാണികള്‍ ആര്‍ത്തു ചിരിക്കുന്നു;
ഭ്രാന്തിയെന്നുച്ചത്തില്‍ കൂവുന്നു,
കൈയാട്ടി .യാട്ടിയകറ്റുന്നു,
എറിയുവാന്‍ കല്ലെടുക്കുന്നു.
ചുറ്റിലും വേതാള രൂപികള്‍,
നിഴല്‍ക്കൂത്ത് മുറുകുന്നു,
ഇരുള്‍ ഭൂതങ്ങളു ണരുന്നു,
ഗതിയില്ലാ പ്രേതങ്ങളലയുന്നു.

കൂരകള്‍ തകര്‍ത്തെത്തും  കശ്മലര്‍ ,
ഉടയാട ത്തുമ്പില്‍ കൈമുറുക്കും
വിടന്മാര്‍;

മുമ്പില്‍ ,
പാല്‍ മണം മാറാക്കുഞ്ഞു പൈതങ്ങള്‍ ,
അസ്ഥികള്‍ക്കുള്ളില്‍ വെറും സ്പന്ദനം മാത്രം
പേറും  വൃദ്ധകള്‍ ;
അമ്മ പെങ്ങന്മാര്‍ ,
കോലില്‍ തുണി ചുറ്റിയ പോല്‍ പെണ്‍ രൂപം

ഭേദം തിരിയാതെ ,പകല്‍ മാന്യന്മാര്‍
അന്ധര്‍ ,
കാമം പെയ്തു തീര്‍ക്കുന്നു ...
കാമം പെയ്തുതീര്‍ക്കുന്നു....

പെരുവഴിയില്‍ വെടിയൊച്ച
വടിവാളിന്‍  തിളക്കം ,
കുരുതിക്കളങ്ങള്‍ .....രുധിരപ്പുഴകള്‍ ...
ഹൃദയം  തകര്‍ക്കും പ്രാണരോദനങ്ങള്‍ ....

തെരുവില്‍ കാത്തിരിക്കും കഴുകന്മാര്‍
അറിയാതെത്തും പാവമിരകള്‍,
കൊത്തിയരിഞ്ഞു  പകതീര്‍ത്ത്
ധനാര്‍ത്തി പൂണ്ട  കശാപ്പുകാര്‍,

കൈകഴുകാന്‍ പീലാത്തോസ് ...
കൂടെ മ്ലേച്ച പ്രഭുതികള്‍ ...

വാക്ശരങ്ങള്‍ .....ചെളിയേറുകള്‍
വീഴ്ച്ചകള്‍ ....ഉരുള്‍ നേര്‍ച്ചകള്‍ .
 കാഴ്ച്ച കള്‍  അങ്ങനെ തുടരുന്നു.

ചുറ്റും കാണികള്‍ ,
അപ്പോഴും  വിളിച്ചാര്‍ക്കുന്നു ..
ഭ്രാന്താണത്രെയെനിക്ക്...കൊടും
ഭ്രാന്താണത്രെയെനിക്ക്....

അതെ ,
ഞാന്‍  ഭ്രാന്തി .

ഞാനൊരു ഭ്രാന്തി ,ബുദ്ധി-
ഭ്രമമുള്ളവള്‍ ,ചുറ്റും
നടക്കും നടിപ്പുകള്‍
കണ്ടു രസിക്കുന്നവള്‍.

എങ്കിലും പുഴുക്കളി -
ല്ലെന്റെ ചിന്തയിലിപ്പോള്‍
ഉള്ളതോ ,ജ്വലിക്കുന്ന
പ്രതികാരാഗ്നി മാത്രം .

വാളെടുത്തവന്‍ വാളാല്‍
എന്നോതിയോനും പേടി-
ച്ചൊളിക്കാന്‍ കുരിശ്ശിന്റെ
മറവു തേടീടുമ്പോള്‍ ,

സ്ഥാനമാനത്തിന്‍  പിടി -
മുറുക്കാന്‍ നാണം കെട്ട്
ഒത്തു തീര്‍പ്പിനായ്  രാജ്യം
പതിച്ചു കൊടുക്കുമ്പോള്‍,

ഭ്രാന്തുമായ് ചിരിച്ചാര്‍ത്തു
നടക്കാനല്ല എന്റെ -
ജന്മമെന്നറി ഞ്ഞു ഞാന്‍
നില്‍ക്കുന്നീ  രണഭൂവില്‍ .

കുത്തിയവനെ  കുത്തി
ക്കൊല്ലുവാന്‍ തരിക്കുന്ന
കത്തിയുമായ്‌ തെരുവി -
ലെത്തിയതാണീ  ഭ്രാന്തി !

രക്തത്തില്‍ പങ്കില്ലെന്ന്
കൈ കഴുകുന്നവന്റെ
ശിരസ്സ്‌ തകര്‍ക്കുവാന്‍
ഉറച്ചെ ത്തിയീ ഭ്രാന്തി !

കുരുതിക്കളം തീര്‍ക്കാന്‍
അടവ് പയറ്റുന്ന
ശകുനികള്‍ തന്‍ നാശം
കാത്തിരിപ്പിവള്‍ ഭ്രാന്തി...!

അരുതെന്ന് കേഴുന്നോ-
രബലകള്‍ തന്‍ മാനം
കാത്തു രക്ഷിക്കാന്‍ മാര്‍ഗ്ഗം
കാട്ടുവോളിവള്‍  ഭ്രാന്തി ...!

ശാവഭോഗത്തി ന്നായി -
ട്ടെത്തിടും കാട്ടാളരെ
ഷണ്ഡരാക്കുവാന്‍ വരം
നേടിയോളിവള്‍  ഭ്രാന്തി...!

ഒറ്റുവാന്‍ ഒതുക്കുവാന്‍
പണം എന്നാര്‍ക്കുന്നോന്റെ
പണി തീര്‍ക്കുവാന്‍ തക്കം
പാര്‍ത്തിരിപ്പിവള്‍  ഭ്രാന്തി...!

ഭ്രാന്തിയാണ് ഞാന്‍ -എന്റെ
ചിന്തകള്‍ക്കെല്ലാം ഭ്രാന്തിന്‍
പിന്‍ബലം ,നിയമത്തിന്‍
പരിരക്ഷയും ,പോരെ ....?!!

ഇനിയും അത്യുച്ചത്തില്‍
ആര്‍ത്തു വിളിക്കൂ ,ഭ്രാന്തിന്‍
വിത്തുകള്‍ എന്‍ സിരയില്‍
ഊര്‍ജ്ജമായ് ഒഴുകട്ടെ.

ഇനിയും അത്യുച്ചത്തില്‍
ആര്‍ത്തു വിളിക്കൂ ,ഭ്രാന്തിന്‍
വിത്തുകള്‍ എന്‍ സിരയില്‍
ഊര്‍ജ്ജമായ് ഒഴുകട്ടെ.
        

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ