19 Jul 2012

ഉത്തര ഉത്തരാധുനികത - സാഹിത്യത്തിൽ ഒരു പുതിയ ഭൂതം


അരുൺകുമാർ
pho. 9645094001


എം.കെ.ഹരികുമാറിന്റെ ഉത്തര- ഉത്തരാധുനികതയെക്കുറിച്ച്


പരമഭക്തനായ ഒരു പട്ടരുടെ കയ്യിൽ പെരിയോർ രാമസ്വാമിനായ്കരുടെ കൃതികൾ
വന്നുപെടുമ്പോഴുണ്ടാകുന്ന ഞെട്ടലുണ്ടല്ലോ, ആ ഞെട്ടലായിരിക്കും
സാമ്പ്രദായിക സാഹിത്യസിദ്ധാന്തങ്ങളിൽ ജീവിച്ചുരമിക്കുന്ന
ഒരെഴുത്തുകാരന്റെ കൈകളിലേക്ക്‌ ശ്രീ.എം.കെ.ഹരികുമാറിന്റെ
ഉത്തര-ഉത്തരാധുനികത എന്ന പുസ്തകം ലഭിക്കുമ്പോൾ ഉണ്ടാകുന്നതും.
എഴുത്തുകാരന്റെ കർതൃനഷ്ടത്തെക്കുറിച്ച്‌ ഹരികുമാർ സംസാരിക്കുമ്പോൾ
ഏതൊരെഴുത്തുകാരന്റെയുള്ളിലും ഒരു വെള്ളിടിവെട്ടും. തന്റെ അപ്രമാദിത്വം
നഷ്ടപ്പെടുന്നത്‌ ഏതൊരുവനാണ്‌ ആഗ്രഹിക്കുക?
ഇതുവരെ നാം കല, സാഹിത്യം എന്നൊക്കെ ധരിച്ചുവച്ചിരിക്കുന്ന സംഗതികൾക്ക്‌
സ്ഥാനചലനം സംഭവിച്ചുവേന്നും ജീവിതത്തിന്റെ കേന്ദ്രത്തിലേക്ക്‌
ജനാധിപത്യവത്കരിക്കപ്പെട്ട പുതിയ കലകൾ രംഗപ്രവേശം
ചെയ്തിരിക്കുന്നുവേന്നും ഈ പുസ്തകം ഉദ്ഘോഷിക്കുന്നു. സാഹിത്യവിരുദ്ധമായ
ഒരു സാഹിത്യസംരഭമെന്ന്‌ പ്രത്യക്ഷാർത്ഥത്തിൽ തോന്നുമ്പോഴും മൃതമായ
നമ്മുടെ പഴയ സാഹിത്യത്തെ മറികടന്ന്‌ പുതിയ ഒരു സാഹിത്യത്തിന്റെ
ആവശ്യകതയെക്കുറിച്ചുള്ള ബോധം ലേഖകൻ വായനക്കാരുമായി പങ്കുവയ്ക്കുന്നു.
സംസ്കാരം എന്നതുകൊണ്ട്‌ എന്താണർത്ഥമാക്കുന്നത്‌? മാന്യമായ രൂപം മാന്യമായ
വസ്ത്രം, മാനമായ ഭാഷണം, മാന്യമായ രീതികൾ ഇങ്ങനെയൊക്കെയാണ്‌ നാം
ധരിച്ചുവച്ചിരിക്കുന്നത്‌. എങ്കിൽ അവയിൽ നിന്നൊക്കെ ഭിന്നമായ പുതിയൊരു
'സാംസ്കാരികത' നമ്മെ ഗ്രസിച്ചിരിക്കുന്നു. ആധുനികസാങ്കേതിക വിദ്യയുടെ
ആരംഭത്തോടെ മാനവജീവിതരംഗങ്ങളിലാകെ പ്രവചനാതീതമായ ഒരുമാറ്റം
ഭവിച്ചിരിക്കുന്നു. ഒരു കൾച്ചറൽ ഷിഫ്റ്റ്‌. നിറയെ അറിവ്‌ ശേഖരിക്കുക,
അത്‌ വിതരണം ചെയ്യുക എന്ന കർതൃത്വപരമായ ഒരവസ്ഥയിൽ നിന്ന്‌ അറിവിന്റെ
കാണിയാകുക, അതിനെ തന്നിലൂടെ കടന്നുപോകാനനുവദിക്കുന്ന എന്ന
ഒരകൃർതൃവ്യവസ്ഥയിലൂടെ നാമേവരും കടന്നുപോകുന്നു. നവദൃശ്യമാധ്യമങ്ങളും
ഇന്റർനെറ്റിന്റെ അനന്തസാധ്യതകളും പഴയലോകത്തിന്റെ സാംസ്കാരികതലങ്ങളെ
മുച്ചൂടും നശിപ്പിച്ചു കളഞ്ഞിരിക്കുന്നു.


സൃഷ്ടികർത്താവായിരുന്ന എഴുത്തുകാരൻ തിരശ്ശീലയ്ക്ക്‌ പിന്നിലേക്ക്‌
മറഞ്ഞ്‌ പുതിയവേഷത്തിൽ തിരികെയെത്തുന്നു. ഒരവതാരകന്റെ അല്ലെങ്കിൽ ഒരു
സംഘാടകന്റെ റോളിൽ അയാൾ അരങ്ങുതകർക്കുന്നു. ഉത്തരാധുനികതയുടെ ശ്മശാനഭൂവിൽ
ഉത്തര-ഉത്തരാധുനികത അതിന്റെ ബീജാവാപം നടത്തിക്കഴിഞ്ഞിരിക്കുന്നു.
കടലാസിലെ കലയ്ക്കുമേൽ സാങ്കേതികവിദ്യയുടെ പ്രതലത്തിൽ കലകളുടെ വിപ്ലവം
സംഭവിക്കുന്നു. എഴുത്തുകാരന്റെ അപ്രമാദിത്വത്തിനു നേർക്കുള്ള
സാങ്കേതികവിദഗ്ധരുടെ ഗൂഢാലോചനയാണോ 'ഉത്തര-ഉത്തരാധുനികത' എന്നുതോന്നും
വിധം അത്രദയാരഹിതമായാണ്‌ സാമ്പ്രദായിക ദർശനങ്ങളോട്‌ ഈ പുസ്തകം
കലഹിക്കുന്നത്‌. ഒ.വി.വിജയൻ സി.ഐ.എ ചാരണാണെന്ന്‌ ചിലർ പറഞ്ഞുനടന്നതുപോലെ
ബുദ്ധിശൂന്യമായ ഒരു നടപടിയായിരിക്കും എം.കെ.ഹരികുമാർ സാങ്കേതിക
വിദഗ്ധരുടെ ചാരണെന്നു മുദ്രകുത്തുന്നതും. അടിസ്ഥാനപരമായ എഴുത്തുകാരനായ
സ്ഥിതിക്ക്‌ എം.കെ.യും എഴുത്തുകാരന്റെ പക്ഷത്തായിരിക്കും എന്നു
വിശ്വസിക്കാനേ തരമുള്ളൂ.
ഉത്തര-ഉത്തരാധുനികത മുന്നോട്ടുവയ്ക്കുന്ന പാഠങ്ങൾ അഥവാ പാഠഭേദങ്ങളിൽ
പ്രധാനം ഇനിമുതൽ പാഠം എന്ന ഒന്നില്ല എന്നാണ്‌. നിരന്തരരൂപം മാറുന്ന ഒരു
പ്രതിഭാസമെന്ന നിലയിൽ വസ്തുനിങ്ങൾക്ക്‌ മുന്നിലിരിക്കുന്നു. സ്വയം
പോരടിച്ചും സ്വയം പ്രതിരോധിച്ചുമുള്ള വസ്തുവിന്റെ നിലനിൽപിൽ നിന്നുമാണ്‌
പുതിയ കല പിറക്കുന്നത്‌. സമകാലികമാകാൻ അതിന്‌ ഉൽപാദനവ്യവസ്ഥകളോട്‌
ഒത്തുപോകേണ്ടിവരുന്നു. നിരക്ഷരരെ സാക്ഷരരാക്കാനോ സാക്ഷരരെ
സാംസ്കാരികരാക്കാനോ ഇനി ഒരെഴുത്തുകാരന്റെ ആവശ്യമില്ല. അറിവിന്റെ കുത്തക
മത-വർഗ്ഗ-ദേശ-ഭാഷാ-രൂപങ്ങൾക്ക്‌ ഇനിമേൽ അവകാശപ്പെടാനാവില്ല. സർവ്വവും
കച്ചവടവത്കരിക്കപ്പെടുന്ന ഒരു സമൂഹത്തിൽ രണ്ടേ രണ്ടു വിഭാഗങ്ങൾ
മാത്രമാണുള്ളത്‌. സേവനദാക്കളും ഉപഭോക്താക്കളും.
നവജീവിതത്തെ സാഹിത്യത്തിന്റെ തലത്തിൽ നിന്നുകൊണ്ടുമാത്രം
വീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്നും അതിനെ അപഗ്രഥിക്കാൻ നവമാധ്യമങ്ങളുടെ
സഹായം തീർത്തും ആവശ്യമെന്നും ഉറപ്പിക്കുന്നതിലൂടെ
സാംസ്കാരികവിമർശനത്തിന്‌ പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തുക കൂടിയാണ്‌
ലേഖകൻ ചെയ്യുന്നത്‌, ഒരുലക്ഷം കവികളും അരലക്ഷം കഥാകൃത്തുക്കളുമുള്ള ഒരു
നാട്ടിൽ സാഹിത്യം എന്തുകൊണ്ടിത്രമേൽ മൃതമായിരിക്കുന്നു എന്നു
ചിന്തിക്കുന്നതിൽ കാര്യമില്ല. കേന്ദ്രീകൃതമായ ഒരു യുഗചേതനയ്ക്ക്‌ ഇനി
സാധ്യതയില്ല. സകലതും ശിഥിലീകൃതമായിരിക്കുന്നു. വിഭവങ്ങളുടെ
ജനാധിപത്യവത്ക്കരണം നടന്നതുപോലെ ആശയങ്ങളുടെ തലത്തിലും ഒരു അഴിച്ചുപണി
സംഭവിച്ചിരിക്കുന്നു. നമ്മുടെ ജീവിതത്തിന്റെ സകലവശങ്ങളെയും
ബന്ധിപ്പിക്കുന്ന ഒരു കല ഇനിയും പിറക്കേണ്ടിയിരിക്കുന്നു. നൃത്തമാടുന്ന
വാക്കുകൾകൊണ്ട്‌ അനുവാചകനിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന പ്രവാചകതുല്യരായ
എഴുത്തുകാരുടെ കാലം അസ്തമിച്ചോ? അവരുടെ സാംഗത്യം ഇനി എന്താണ്‌? എഴുത്തിനെ
സംബന്ധിച്ച പ്രാചീനഭയങ്ങളെയും ഉത്കണ്ഠകളെയും ഈ പുസ്തകം ഉണർത്തിവിടുന്നു.
നിങ്ങൾ ഇപ്പോൾ ഷേക്സ്പിയർ കൃതികൾ വായിച്ചില്ലെന്ന്‌ കരുതി ഒരത്യാഹിതവും
സംഭവിക്കാൻ പോകുന്നില്ല. നിങ്ങളുടെ കൈവശമിരിക്കുന്ന മൗനം
അതിനുമപ്പുറമുള്ള ലോകങ്ങൾ നിങ്ങൾക്ക്‌ കാട്ടിത്തരും. അക്ഷരങ്ങളുടെ സ്ഥാനം
 ദൃശ്യങ്ങൾ കൈക്കലാക്കിയിരിക്കുന്നു. ദൃശ്യങ്ങളുടെ ഒരു പുതുഭാഷ
സംജാതമായിരിക്കുന്നു.
അലൻകിർബി, നിക്കോളാസ്‌ ബോറിയാദ്‌, റയോൾ ഇഷൽമാൻ തുടങ്ങിയവരുമായി
എം.കെ.നടത്തിയിട്ടുള്ള ഇ-മെയിൽ സംഭാഷണങ്ങൾ വിഷയത്തെ സംബന്ധിച്ച്‌ കൂടുതൽ
ഉൾക്കാഴ്ചകൾ നമുക്ക്‌ പ്രദാനം ചെയ്യുന്നു.

അലൻ കിർബി
        ഡിജിറ്റൽ മോഡേണിസത്തിന്റെ ആവിർഭാവത്തോടെ സർഗ്ഗാത്മകത ശിഥിലീകൃതമായെന്നും
ഒറ്റപ്പെട്ട വ്യക്തിയുടെ സ്ഥാനം പലവിധപ്രവാഹങ്ങൾ കൈയടക്കിയെന്നും
അലൻകിർബി പ്രസ്താവിക്കുന്നു. ഭൗതികമെന്നും യാഥാർത്ഥ്യമെന്നും നാം
വിശ്വസിക്കുന്ന ഒരു ലോകത്തിനു സമാന്തരമായ, ആധുനിക സാങ്കേതികവിദ്യയുടെ
കണ്ടുപിടിത്തത്തോടെ ഒരു അപരലോകം സാധ്യമായിരിക്കുന്നു. അവതാരകനേക്കാൾ
പ്രേക്ഷകന്‌ പ്രാധാന്യം കൈവരുന്ന അവസ്ഥ. ഉൽപന്നങ്ങളുടെ നിലനിൽപ്‌ ക്ഷണികം
മാത്രം. അവയെ സംബന്ധിച്ച സ്മരണകൾക്ക്‌ പ്രസക്തിയില്ല. അവ
ആവർത്തനയോഗ്യങ്ങളല്ല. ഉത്തര-ഉത്തരാധുനികത നമ്മുടെ സാഹിത്യത്തിൽമാത്രം
സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമല്ലെന്നും നാമറിയാതെ നമ്മുടെ
ദൈനംദിനങ്ങളെ സ്വാധീനിക്കുന്ന ഒരബോധസാന്നിദ്ധ്യമായിട്ടുണ്ടെന്
നും സൂചിപ്പിക്കുക വഴി ഉത്തരാധുനികതയുടെ എല്ലാ അടിത്തറയും ഇളകിയിരിക്കുന്നു
എന്ന വസ്തുതയാണ്‌ കിർബി സമർത്ഥിക്കുന്നത്‌.

മനുഷ്യന്റെ തീരാദുരിതങ്ങളായ രോഗം, ദാരിദ്ര്യം, മരണം തുടങ്ങിവയ്ക്ക്‌
വ്യാഖ്യാനം ചമയ്ക്കാനോ, ഉത്തരം നൽകാനോ 'ഉത്തര-ഉത്തരാധുനികത'
ശ്രമിച്ചിട്ടില്ല. അത്‌ അതിന്റെ ലക്ഷ്യവുമല്ല. സാഹിത്യ ബാഹ്യമെന്ന്‌
വിശേഷിപ്പിക്കപ്പെടുന്ന പുതുസാങ്കേതികബോധം നമ്മുടെ സാംസ്കാരിക അടിത്തറയെ
എങ്ങനെ തച്ചുതകർത്തു എന്നു വിശദീകരിക്കുന്നതിൽ ഈ പുസ്തകം ഒരു വിജയമാണ്‌.
എഴുത്തുകാരനെ അവനിരിക്കുന്ന ദന്തഗോപുരത്തിൽ നിന്ന്‌ ആട്ടിയിറക്കുകയും
അവനെ വെറും വഴിയാധാരമാക്കിത്തീർക്കുകയും ചെയ്യുന്നു ഈകൃതി. ഏതൊരു
എഴുത്തുകാരനെ സംബന്ധിച്ചും ഇത്‌ ചങ്കുപൊട്ടുന്ന ഒരനുഭവമാണ്‌.
അതിനാലായിരിക്കാം പ്രാകൃതവിശ്വാസങ്ങളിലഭിരമിക്കുന്ന നമ്മുടെ സാഹിത്യരംഗം
ഈ കൃതിയെ അവരുടെ 'ഉത്തമശ്രദ്ധയ്ക്ക്‌' പാത്രീഭൂതമാക്കാതെ
കടത്തിവിടുന്നത്‌. ട്രിക്കുകളിൽ വിശ്വസിച്ചുകൊണ്ട്‌ സ്വന്തം സ്ഥാനമാണങ്ങൾ
നഷ്ടമാകാതെ കാക്കുന്ന ദുഷ്കാവ്യചക്രവർത്തികളുടെയും നോവലെഴുത്തിന്റെ
കച്ചവടച്ചന്തകളിൽ വിൽപനക്ക്‌ സ്വയം നിരന്നു നിൽക്കുന്ന സാഹിത്യ
ദുരയന്മാരുടെയും 'ഉജ്വലഭാസുരനേത്രങ്ങൾ' ഈ കൃതിയിലേക്ക്‌ പതിഞ്ഞെങ്കിൽ !

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...