ശ്രീപാർവ്വതി
പുഴ കടന്ന് മരങ്ങളുടെ അരികു ചേര്‍ന്ന്
അല്ലെങ്കിലും ചില തീരുമാനങ്ങള്‍ അങ്ങനെയാണ്, വളരെ പെട്ടെന്ന് എടുക്കേണ്ടി വരിക, ശരിയോ തെറ്റോ എന്ന് ആലോചിക്കാന്‍ പോലും ഇട നല്‍കാതെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ പ്രവൃത്തിയുടെ അവസാനം പൂര്‍ണത കൊണ്ടു വരിക..... അതായിരുന്നു ആ യാത്ര.
പിറ്റേന്ന് അതിരാവിലെ തൃശ്ശിലേരി ശിവക്ഷേത്രത്തിലും തൊഴുത്( തിരുനെല്ലിയില്‍ ചിതാഭസ്മം സമര്‍പ്പിക്കാന്‍ വരുന്നവര്‍ ആദ്യം തൃശ്ശിലേരിയില്‍ കുളിച്ചു തൊഴുതതിനു ശേഷമേ തിരുനെല്ലിയില്‍ ഭസ്മം സമര്‍പ്പികകവൂ എന്നാണ്, വിശ്വാസം, ഞങ്ങളുടെ ലക്ഷ്യം മറ്റൊന്നായിരുന്നതു കൊണ്ട് യാത്രയ്ക്കിടയില്‍ അതിനും ഭാഗ്യമുണ്ടായി എന്നു മാത്രം.) കാട്ടിക്കുളം വഴി നേരെ മൈസൂരിലേയ്ക്ക്. ഇരു വശവും കാടുകള്‍ വീണ്ടും മോഹിപ്പിക്കുന്നു. ഇടയ്ക്ക് മനോഹമായ വയലുകളും ചെറിയ ചെറിയ വീടുകളും.
ആ കാട്ടുവഴികളില്‍ മുഴുവന്‍ ഞങ്ങള്‍ തിരഞ്ഞ ഒന്നുണ്ടായിരുന്നു, ഏതൊരു വനയാത്രികന്‍റേയും മനസ്സിലെ സ്വപ്നമായ ആനദര്‍ശനം. കാട്ടാനയെ ദൂരെ നിന്നെങ്കിലും കാണുക ഒരു സാഹസികതയെ കുറിച്ച് പറയുമ്പോലെയാണ്. എന്നാല്‍ ആ മൂന്നു ദിവസവും ഞങ്ങള്‍ക്ക് അതിനുള്ള ഭാഗ്യം ഉണ്ടായില്ല, പക്ഷേ ആ കാടു കടന്ന് മൈസൂരിലേയ്ക്ക് തിരികുമ്പോള്‍ ഞങ്ങള്‍ അറിഞ്ഞിരുന്നില്ല , ഞങ്ങളെ കാത്ത് വലിയൊരു നിധി തിരികെ വഴിയില്‍ കാത്തു നില്‍ക്കുമെന്ന്.
മൈസൂരിലെ തിരക്കുള്ള വീഥിയിലേയ്ക്ക് കടന്നപ്പോള്‍ തന്നെ അതുവരെ ഉണ്ടായിരുന്ന ഉടലിനേയും ആത്മാവിനെ തന്നെയും ഗ്രസിച്ചിരുന്ന ആ തണുപ്പ് നഷ്ടപ്പെട്ട പോലെ...
ആദ്യം കണ്ണില്‍ പെട്ടത് പാലസ് തന്നെയെങ്കിലും. വന്ന വഴി റോഡു പണി കാരണം മാറിപ്പോയതിനാലും എത്തിയപ്പോള്‍ ഉച്ചയായതിനാലും ഒരു വെജിറ്റേറിയന്‍ ഹോട്ടല്‍ ആണ്, ആദ്യം തേടിയത്. ഭാഷയറിയാത്ത നാട്ടിലാണെങ്കിലും അവശ്യകാര്യങ്ങള്‍ നടക്കുമെന്ന് ആംഗ്യഭാഷയും മുറി ഇംഗ്ലീഷും മനസ്സിലാക്കിത്തന്നു. (വഴി ചോദിച്ച ഒരു വഴിവാണിഭക്കാരനും മുറിയിംഗ്ലീഷ് കാച്ചി). ചേരയെ തിന്നുന്ന നാട്ടിലെത്തിയാല്‍ നടുക്കഷ്ണം തിന്നണം എന്നു പറയുമ്പോലെ, അവിടുത്തെ സ്പെഷ്യല്‍ ഊണു തന്നെ കഴിക്കാന്‍ തീരുമാനിച്ചു. രീതികള്‍ നമ്മുടെ സ്റ്റാര്‍ ഹേട്ടലിലെ പോലെ തന്നെ, ഇവിടെ ചപ്പാത്തിയ്ക്കു പകരം ആദ്യം രണ്ടു പൂരി മസാല, പിന്നീട് നാടന്‍ പൊന്നിയരിച്ചോറ്. പറയാനറിയാത്ത ഒരു കൂട്ടം കറികളും മധുരമായി പായസത്തിനു പകരം കേസരിയും.
ഭക്ഷണത്തിനു ശേഷം നേരെ മൈസൂര്‍ പാലസിലേയ്ക്ക്. വഴിയില്‍ നിന്നു തന്നെ കാണാം പഴയകാലത്തിന്‍റെ പ്രൌഡി വിളിച്ചോതുന്ന ശില്‍പ്പചാരുത.
ഉയര്‍ന്നു നില്‍ക്കുന്ന അകത്തളങ്ങള്‍ വലിയൊരു ഗുഹാമുഖത്തെ ഓര്‍മ്മിപ്പിച്ചു. ഭിത്തിയില്‍ സ്പര്‍ശിച്ചപ്പോള്‍ ഒരു കാലഘട്ടം ഉള്ളില്‍ ഉണര്‍ന്നെണീറ്റ പോലെ, പരസ്പരം പോരടിക്കുന്ന യോദ്ധാക്കളുടെ ഒച്ച, ചോരയൊലിച്ച വാള്‍ത്തലപ്പുകള്‍..... നിറയെ കാഴ്ച്ചക്കാരുണ്ടായിരുന്നെങ്കി
അടുത്ത യാത്ര ശ്രീരംഗപട്ടണത്തിലേയ്ക്ക്. ഒരുകാലത്ത് മൈസൂര്‍ കൊട്ടാരം അടക്കി വാണ ടിപ്പുവിന്‍റെ സ്വന്തം സാമ്രാജ്യം. ഇടിഞ്ഞു പൊളിഞ്ഞ പഴയ കോട്ടകള്‍ വല്ലാതെ കൌതുകമുണര്‍ത്തി. വളരെ ഭംഗിയുള്ള വിഗ്രഹങ്ങളുള്ള രംഗനാഥക്ഷേത്രം, അനന്തശായിയാണ്, ഭഗവാന്‍ അവിടെ നല്ല വലിപ്പമുള്ള വിഗ്രഹം. ഫോട്ടോ എടുക്കാനുള്ള ആവേശത്തോടെയാണ്, ശില്‍പ്പഭംഗിയുള്ല ആ അമ്പലത്തില്‍ കയറിയതെങ്കിലും മുറിയാതെ കേട്ട മന്ത്രജപം എന്തോ ഉള്ളില്‍ തട്ടിയ പോലെ. റ്റിപ്പുവിന്‍റെ ഖബറിലെയ്ക്ക് അവിടുന്ന് വലിയ ദൂരമില്ല. ഭൂമിയ്ക്കടിയിലെ ജെയില്‍, ടിപ്പുവിന്‍റെ വേനല്‍ക്കാല വസതി എല്ലാം അടുത്തടുത്താണ്. ഒരുകാലത്ത് നാടിനെ വിറപ്പിച്ച ഒരു ചരിതപുരുഷനാണ്, മുന്നിലെ പച്ച പട്ടു വിരിച്ച ഖബറിനുള്ലിലെന്നോര്‍ത്തപ്പോള്‍ രോമാഞ്ചം തോന്നി. അദ്ദേഹത്തിന്‍റെ വേനല്‍ക്കാല വസതിയിലെ ആയുധശേഖരം കണ്ട് അതിശയിച്ചു പ്പോയി. എത്രമാത്രം രക്തം വീണിട്ടുണ്ടാഅകും ആ ആയുധങ്ങളില്‍, ഒരുപക്ഷേ ഞങ്ങളുടെ കാലടിപതിഞ്ഞ സ്ഥലങ്ങളില്‍ എത്രയോ മനുഷ്യ ജീവനുകള്‍ അടര്‍ന്നു പോയിരിക്കാം. അതിലേതെങ്കിലും ഒരു വരാന്തയില്‍ എന്നെങ്കിലും ഞാന്‍ ആരെയെങ്കിലും കാത്തിരുന്നിരുന്നുവോ.. ഏതെങ്കിലും ജന്‍മത്തില്‍... അറിയില്ല, പോയ ജന്‍മങ്ങളില്‍ ഈ കൊട്ടാരം എനിക്കന്യമായിരുന്നോ സ്വന്തമായിരുന്നോ എന്ന്...
ഒരു ദിവസം എത്ര പെട്ടെന്നാണ്, കഴിഞ്ഞു പോയത്. ഏറ്റവുമൊടുവില്‍ അന്നത്തെ സന്ധ്യയെ മനോഹരിയാക്കിയത് വൃന്ദാവന്‍ ഗാര്‍ഡന്‍. മനോഹരമായ പൂക്കളുള്ള , ജലസമൃദ്ധമായ ഉദ്യാനം.
ജലത്തിന്‍റെ കൌതുകകരമായ നൃത്തം, കാണികളുടെ ആവേശം ഓരോ ജലത്തുള്ളിയിലേയ്ക്കും കത്തിപ്പടര്‍ന്ന പോലെ, നിറപ്പൊലിമയില്‍ കൂട്ടം കൂട്ടമായി സ്വദേശികളും വിദേശികളും. ആള്‍ക്കൂട്ടത്തില്‍ ഒന്നായി ഒഴുകുമ്പോള്‍ ഗുജരാത്തിയും ആഫ്രിക്കനും മലയാളിയും ഒരേ താളം. പാട്ടിനൊത്ത് നൃത്തം കളിക്കുന്ന ജലത്തുള്ളികളേപ്പോലെ.
പിറ്റേന്ന് രാവിലെ ഒരു ജന്‍മത്തിന്‍റെ പുണ്യവും പേറി ചാമുണ്ടേശ്വരി മലകളിലേയ്ക്ക്. മലകയറ്റത്തിന്‍റെ ഇടവേളകളിലൊക്കെ ചാമുണ്ടേശ്വരിയുടെ ഭക്തരെ ആകര്‍ഷിക്കാനായി പച്ച നിറത്തില്‍ വലിയ ബോര്‍ഡുകള്‍, സ്ഥലം വ്യക്തമാക്കുന്നവയും ചില അറിയിപ്പുകളും. ആ മലമുകളില്‍ ഇത്ര വിശാലമായ ഒരു മൈതാനം താഴെ നിന്നപ്പോള്‍ സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ചുറ്റും ചെറുകിട കച്ചവടക്കാര്‍, മസാല വില്‍പ്പനക്കാര്‍, കൌതുക വസ്തുക്കളുടെ വില്‍പ്പന എല്ലാമുണ്ട്. എല്ലാറ്റിന്‍റേയും നടുവില്‍ വലിയൊരു ഗോപുരത്തിന്‍റെ പകിട്ട് സ്വര്‍ണ്ണ നിറത്തില്‍ ജ്വലിച്ചു നില്‍ക്കുകയാണ്, ചാമുണ്ടേശ്വരി ദേവിയുടെ ക്ഷേത്രം.
മനസ്സു നിറഞ്ഞ് തൊഴുതു, ഇത്ര മനോഹരമായൊരു യാത്രയുടെ അവസാനം അവസാനം നിന്നില്‍ തന്നെ എന്ന് മൌനമായി പറഞ്ഞ് അവിടെ നിന്ന് ഉച്ചയോടെ തിരികെ നാട്ടിലേയ്ക്ക്.
ഇങ്ങോട്ടുള്ള യാത്ര പോലെ തിരികെയും മറ്റൊരു കാടു വഴി. ഗുണ്ടല്‍പ്പേട്ട്- ബന്ദിപ്പൂര്‍ - മുത്തങ്ങ വഴി. ഗുണ്ടല്‍പ്പേട്ടിലെ ഗ്രാമപ്പകിട്ടില്‍ നിറയെ കൃഷിയിടങ്ങള്‍, കാബേജു തോട്ടങ്ങള്‍, ചെറിയ ചെറിയ പച്ചക്കറിക്കറ്റകള്‍, പലയിടങ്ങളില്‍ നിന്നും വാഹനങ്ങളില്‍ ആളുകള്‍ വന്ന് പച്ചക്കറി വാങ്ങി പോകുന്നു. ഒരിടത്ത് നിര്‍ത്തിയാലോ, വില അറിയാല്ലോ എന്ന ഉദ്ദേശത്തോടെ ഒരു നാട്ടുകടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. ഓരോന്നിന്‍റേയും വില കേട്ട് കോരിത്തരിച്ചു പോയി. നാട്ടില്‍ 350 രൂപയ്ക്കു വാങ്ങുന്ന പച്ചക്കറി വാങ്ങിയിട്ടും പിന്നെയും 100 രൂപയ്ക്ക് 10 രൂപ കുറവ്. കഴിവിന്‍റെ പരമാവധി നോക്കിയിട്ടും 100 തികയ്ക്കാന്‍ പറ്റാത്തതിന്‍റെ സങ്കടത്തോടെ ചേച്ചിയോട് യാത്ര പറഞ്ഞ് ഞങ്ങള്‍ വണ്ടിയില്‍ കയറി. ഈ വിലയ്ക്ക് വാങ്ങുന്ന പച്ചക്കറിയാനല്ലോ ദൈവമേ നമ്മുടെ മാര്‍ക്കറ്റുകളില്‍ അഞ്ച് ഇരട്ടി വിലയില്‍ വില്‍ക്കുന്നത് എന്നോര്‍ത്തപ്പോള്‍ അറിയാതെ കൈതിരുമ്മിപ്പോയി.
തിരികെ ബന്ദിപ്പൂര്‍ ചെക്ക് പോസ്റ്റു കടന്ന് നീണ്ട മനോഹരമായ ഹൈവേയില്‍ കടന്നപ്പോള്‍ വിന്‍ഡോ ഗ്ലാസ്സ് താഴ്ത്തി കാടിന്‍റെ ഉള്ളില്‍ എവിടെയെങ്കിലും ഒരു മാന്‍ അനക്കമോ, പോത്തനക്കമോ ഉണ്ടോ എന്ന് നോക്കിയായിരുന്നു യാത്ര. പക്ഷേ വളരെ അപ്രതീക്ഷിതമായിട്ടാണ്, അങ്ങു ദൂരെ റോഡിന്‍റെ വലതു വശത്ത് താഴെ ഒരു കറുത്ത പാറ. വണ്ടിയിലിരുന്ന ഒരാള്‍ കൂവി, ദേ........ ആന..............
ആ വശത്തേയ്ക്കായിരുന്നു എല്ലാവരിടേയും കണ്ണുകള്‍, അടുത്തെത്തിയപ്പോഴാണ്, ഒരു പിടിയാനയാണ്, ചെറിയ കണ്ണുകളുള്ള സുന്ദരി. പിടിയെ കണ്ട ആഹ്ലാദത്തില്‍ ഒരു ഫോട്ടോയ്ക്ക് തയ്യാറെടുക്കുമ്പോഴാണ്, റോഡിന്‍റെ ഇടതു വശത്തു നിന്ന് ഒരു കുട്ടിക്കൊമ്പന്‍ കുറുമ്പന്‍ മെല്ലെ വരുന്നു. അവന്‍ ഞ്ങ്ങളുടെ വളരെ അടുത്ത്. നാട്ടാനയുടെ അടുത്തുള്ള ഭയമില്ലായ്മ എന്തോ ഉള്ളില്‍ കിടക്കുന്നതു കൊണ്ടാവാം അവന്‍ ഞങ്ങളില്‍ ഭയമുണ്ടാക്കിയില്ല, ആവേശമായിരുന്നു. ദൂരെ മാറി കൊമ്പനെക്കണ്ട് ഒതുക്കിയിട്ടിരുന്ന കര്‍ണാടക ആര്‍ ടി സി ബസ് ഡ്രൈവര്‍ ഇവരെന്താ ഇക്കാണിക്കുന്നത് എന്ന മട്ടില്‍ തല പുരത്തേയ്ക്കിട്ട് എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.
പെട്ടെന്നാണ്, അവന്, ദേഷ്യം പിടിച്ചത്. ഫോട്ടോ എടുക്കാന്‍ നിര്‍ത്തിയത് അവന്, ഇഷ്ടമായില്ലെന്നു തോന്നുന്നു.( വഴിയരികിലെല്ലാം വാഹനങ്ങള്‍ സ്ലോ പോലും ചെയ്യരുത് എന്ന ബോര്‍ഡ് ആവേശത്തില്‍ ഞങ്ങള്‍ മറന്നിരുന്നു). മസ്തകം കുലുക്കി കൊമ്പന്‍ ഒന്ന് ആഞ്ഞു. പിന്നെ ഒറ്റ അലര്‍ച്ച , തുമ്പിക്കൈ ഉയര്‍ത്തി ഒരു ചാട്ടവും. എങ്ങനെയാണ്, വണ്ടി വെട്ടിച്ചു മാറിയതെന്ന് ചോദിച്ചാല്‍ ഇപ്പോഴും വ്യക്തമല്ല, ഒരു സെക്കന്‍റിന്‍റെ വ്യത്യാസത്തില്‍ രക്ഷപെട്ടു എന്നു പറയുന്നതാകും ശരി.
വണ്ടിയെടുത്ത് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴാണ്, സ്ഥലകാല ബോധം തിരിച്ചു വന്നത്. അതുവരെ നിര്‍വ്വികാരമായൊരു അവസ്ഥയിലൂടെയാണു ഞങ്ങള്‍ കടന്നു പോയത്. ഉണ്ടാകുമായിരുന്നോരു വലിയ അപകടം എന്തൊക്കെയോ പുണ്യങ്ങളുടെ തുക കിഴിച്ചപ്പോള്‍ ഒഴിവായിപ്പോയി എന്നു തന്നെ വിശ്വസിക്കാനാണ്, ഇപ്പോഴും തോന്നുന്നത്.
ആ ഓര്‍മയിലായിരുന്നു തിരികെയുള്ള ഓരോ മിനിറ്റും. മുത്തങ്ങ കാടുകളൊന്നും മനസ്സില്‍ ഒന്നും പതിപ്പിച്ചില്ല, പച്ച പിടിച്ച കുറച്ച് മരങ്ങളല്ലാതെ.
തിരികെ പോരുന്ന വഴി ഗാന്ധിഗ്രാമില്‍ നിന്ന് കുറച്ച് ഗ്രീന്‍ ടീയും, കാപ്പിപ്പൊടിയും, തെയിലയും വാങ്ങി, വയനാട് പോയതിന്, ബാക്കിയുള്ളവരേയും ശിക്ഷിക്കണമല്ലോ. ചുരമിരങ്ങുമ്പോള്‍ വയനാടിനോട് യാത്ര പറയവേ അറിയാതെ ചുണ്ട് ഒന്ന് വിതുമ്പി. ഒരിക്കലും മറക്കാത്ത ഒരു യാത്ര ബാക്കി വച്ച കുറച്ച് സന്തൊഷങ്ങള്‍ ഞങ്ങളില്‍ നിറയുന്നുണ്ടായിരുന്നു, മനസ്സറിഞ്ഞിട്ടെന്ന പോലെ, യാത്രയുടെ പുണ്യം പോലെ ഒരു ചാറ്റല്‍ മഴ ഞങ്ങള്‍ക്ക് ആശംസകള്‍ നേരാനെത്തി. യാത്ര അവസാനിക്കുമ്പോള്‍ കാണാനാവാതെ ബാക്കി വച്ച ഒരു തുരുത്തു കൂടി നഷ്റ്റബോധമായി ഞങ്ങളില്‍ ഉണ്ട്, എടയ്ക്കല്‍ ഗുഹ. സമയത്തിന്‍റെ പ്രശ്നം കാരണം നഷ്ടപ്പെട്ടു പോയ ആ ആഴമുള്ള സൌന്ദര്യം. ഇനി മറ്റൊരു യാത്രയിലാകാം. എന്തെങ്കിലും ബാക്കി വച്ചാലല്ലേ യാത്രയുടെ സൌന്ദര്യം മായാതെ കിടക്കൂ. പിന്നെയും ആ വഴികളേ ഓര്‍ത്ത് കൊതിക്കാന്‍ പറ്റൂ.