ലിമിറ്റഡ് സ്റ്റോപ്പ്


സ്മിത പി.കുമാർ

ചില കണ്ണുകളില്‍ നോക്കിയാലറിയാം
 തടവറയുടെ ഉള്ളളവുകള്‍,അവയ്ക്കുള്ളിലെ ഉരുകുന്ന  ചൂട്‌ .
അല്ലെങ്കില്‍, ഒരു കല്ലറയിലെ മരവിച്ച ആറടി തണുപ്പിനെ .
ആര്‍ദ്രമായൊന്നു  നോക്കി മന്ദഹസിച്ചാല്‍,കാണാം
മണ്ണിനടിയില്‍ നിന്ന്  പച്ചക്ക്  കത്തുന്ന  വേരുകള്‍
 ആ കണ്ണുകളിലേക്കു പടര്‍ന്നു കയറുന്നത് .
ഒരു ഞൊടിയിട മാത്രം ....!
തിരിച്ചെടുത്ത നോട്ടം ,വേരോടെ പിഴുതെറിയുന്നൊരു
കള പോലെ ദൂരേക്ക് വലിച്ചെറിഞ്ഞു കളഞ്ഞിരിക്കും.

ചിലരുടെ അടുത്തിരിക്കുമ്പോള്‍
ഓര്‍ത്തു പോവാതിരിക്കില്ല  ഒരു പ്രെഷര്‍ കുക്കറിനെ.
നിറഞ്ഞു കുമിയുന്ന ആവി കലമ്പി ചിതറികൊണ്ടിരിക്കും 
ഉള്ളിലുള്ളതിന്റെ  വേവല്‍  അറിയാം ,അങ്ങിനെ ഉള്ളിന്‍റെ  പാകവും.
ഇടക്ക് സൂചിമുനത്തുമ്പിലെന്ന പോല്‍
കോര്‍ത്തെടുത്തു നീളുന്ന ചില ചുഴലി കൊടുംങ്കാറ്റുകള്‍.
അതും ഒരു ഞൊടിയിട മാത്രം ...
തിരിച്ചെടുക്കാത്തൊരു   നോട്ടം നമ്മുടെ  കണ്ണിനു  മുന്‍പില്‍
ഘനീഭവിച്ചു നില്‍ക്കും ഏറെ നേരം ,പിന്നെയതു
താഴേക്ക്‌ അടര്‍ന്നു വീഴും അത്രമേല്‍ നിരാശയോടെ .

പുറത്തെ കാഴ്ച കണ്ടിരിക്കുന്നവരുടെ ഉള്ളില്‍ എന്തായിരിക്കും ?
അടുത്തിരിക്കുന്നവന്റെ തോളില്‍ തലവെച്ചുറങ്ങുന്നവന്റെ
ശാന്തമായ അടഞ്ഞ  കണ്‍പോളകള്‍ക്കുള്ളില്‍ ?
നിര്‍ത്താതെ ഫോണിലൂടെ   കുറുകുന്ന ആ സുന്ദരിയുടെ
ചുണ്ടിലെ മായാത്ത ചിരിയില്‍  ?
ഇടക്കിടെ സമയം നോക്കി അസ്വസ്തമാവുന്നവരുടെ
മുഖത്തെ വലിഞ്ഞു മുറികിയ ഞരമ്പുകളില്‍ ?
ലക്ഷ്യമെത്തുന്നത് വരെ ഒരു ഇരിപ്പിടം പരതുന്ന
മിഴികളോടെ നില്‍ക്കുന്നവരുടെയുള്ളില്‍ ?
  
ഇറങ്ങേണ്ട സ്റ്റോപ്പ്‌ അടുത്ത് കൊണ്ടിരിക്കുന്നു .
അല്ല ... ,
ഇനി എനിക്ക് നേരെ നീളുന്ന ഏതെങ്കിലും
ഒരു കണ്മുന വായിച്ചെടുക്കുന്നുണ്ടാവുമോ എന്നെ ?
ഇനിയുള്ള  നേരം കണ്ണടച്ചിരിക്കാം .


ചക്രങ്ങളില്‍ നിന്ന്   അക്ഷമയുടെ  മുരള്‍ച്ചകള്‍ കേള്‍ക്കുന്നു  .
 ഒരു തെറി നീട്ടി വിളിക്കുന്ന ഹോണ്‍.
ബസ്സ്‌  ഇപ്പോള്‍ ഗ്രീന്‍ സിഗ്നല്‍ കാത്ത് കിടക്കുകയാവും . 
 ജീവിതങ്ങളും   !

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?