ശരത്ത്
When pleasant thoughts
Bring sad thoughts to the mind
Keats- Written in early spring
വിട പറയാൻ തുടങ്ങും
ഈശിശരർത്തുവിൽ
പതിവിനുംമുന്നേ
വന്നണയും യാമിനിയുടെ
ശ്യാമവർണ്ണമാർന്നഉടയാടയിൽ
പുളകത്തിൻ ഓളങ്ങളിളക്കും
കാറ്റിൻ ചിറകടികൾക്കൊപ്പം
അകലെയുള്ള അലകടലിൽ
രൗദ്ര സംഗീതവും
കാതോർത്താൽ കേൾക്കാമെനിക്ക്
ആകാശമാംമേലാപ്പിൽ
നിശാസങ്കീർത്തനങ്ങൾ
മൗനമായാലപിക്കും
താരകങ്ങളുടെ വിസ്മയക്കണ്ണുചിമ്മൽ
സ്നേഹക്കുളിരുമായൊഴുകും
കുഞ്ഞരവിയുടെ ഓരത്തെ
അകിൽമരക്കൂട്ടങ്ങളിലെങ്ങോനിന്നു
രാപ്പാടിയുടെ ഗീതിക ശ്രവിക്കേ,
സ്വർഗ്ഗദൂതനാം 'കീറ്റ്സി*'ൽ
ആത്മനൊമ്പരത്തിൻ തേങ്ങലുകൾ
ഏറെദശകങ്ങളുടെ വിദൂരതയിൽനിന്ന്
സ്വപ്നത്തിലെന്നപോൽ
പ്രയാണം ചെയ്തെത്തി
എന്റെ ഏകാന്തത്തയിൽ
അലൗകികസംഗീതത്തിൻ
ലയമായ്നിഴഞ്ഞൊഴുകുന്നു
* ജോൺ കീറ്റ്സ്